This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാം
Cham
ഒരു ഇന്തോ-ചീന ജനവര്‍ഗം. വിയറ്റ്നാമിന്റെ ദക്ഷിണഭാഗങ്ങളില്‍ കണ്ടുവരുന്ന ചാം ജനതയുടെ ജീവിതരീതിയിലും മതാനുഷ്ഠാനങ്ങളിലും ഭാരതീയ സംസ്കാരത്തിന്റെ ഗണ്യമായ സ്വാധീനമുണ്ട്. എ.ഡി. 192-ല്‍ മധ്യവിയറ്റ്നാമില് സ്ഥാപിതമായ 'ചമ്പാ' (Champa) എന്ന രാജ്യത്തിലെ ജനതയുടെ പിന്തുടര്ച്ചക്കാരാണ് ഇവര്‍. 3-ാം ശ.-ത്തിലെ ചില ചൈനീസ് ചരിത്രരേഖകളില്‍ ചമ്പാരാജ്യത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ചൈനീസ് അധീനതയിലായിരുന്ന വിയറ്റ്നാമിന്റെ ചില ഭാഗങ്ങള്‍ ആക്രമിച്ചു കീഴടക്കിയതിനാല്‍ ഇവരെ ചീനക്കാര്‍ അന്നാം (Annam) എന്നു വിളിച്ചു. അധിനിവേശസ്വഭാവമുള്ള വര്‍ഗം എന്ന അര്‍ഥത്തിലാണ് അന്നാം എന്നു പ്രയോഗിച്ചത്. വിയറ്റ്നാം ചക്രവര്‍ത്തി ലീ താന്‍ ടോങ് (Le Thanh Tong) 1471-ല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി ചമ്പാരാജ്യം നാമാവശേഷമായി. ക്രമേണ അത് വിയറ്റ്നാമിന്റെ ഭാഗമാവുകയും ചെയ്തു.
ഇന്തോ-ചൈനീസ് ശരീരലക്ഷണങ്ങളുള്ള ഇവരുടെ നിറം ഇരുണ്ടതാണ്. ഇന്നവശേഷിക്കുന്ന ചാമുകളില് ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാണ്. ഹൈന്ദവ വിശ്വാസികളുമുണ്ട്. പക്ഷേ, ഹിന്ദു-മുസ്ലിം സംസ്കാരം ഇടകലര്‍ന്ന ജീവിതരീതിയാണ് ഇവരുടേത്. ഹിന്ദുക്കള്‍ ശിവനെ ആരാധിക്കുന്നു. ക്ഷേത്രങ്ങള്‍ ഭാരതീയ വാസ്തുശില്പരീതിയില് നിര്‍മിച്ചവയാണ്. ചാം സമൂഹത്തില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം. ഇഷ്ടമുള്ള വരനെ തെരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ട്. വിവാഹത്തിനുമുന്‍പുതന്നെ വധൂവരന്മാര് ഒന്നിച്ചുതാമസിക്കും. വധുവിന്റെ മാതൃത്വശേഷി തെളിയിക്കാനാണ് ഈ ആചാരം. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. വിവാഹമോചനം സാധാരണമാണ്. പക്ഷേ, വ്യഭിചാരം കടുത്ത കുറ്റമാണ്. ചാം സമൂഹം മാതൃദായക്രമം പിന്തുടരുന്നു.