This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചവിട്ടുനാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചവിട്ടുനാടകം

കേരളത്തിലെ ഒരു രംഗകല. പോര്‍ച്ചുഗീസ് ആധിപത്യകാലത്ത് ലത്തീന്‍ കത്തോലിക്കരുടെയിടയിലാണ് ആവിര്‍ഭവിച്ചത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തനതായ നാടകം എന്ന നിലയില്‍ പ്രചാരം നേടി. പാട്ടും ചുവടും പയറ്റും നൃത്തനൃത്യാഭിനയങ്ങളും ഇണങ്ങിച്ചേര്‍ന്ന വൈവിധ്യമാര്‍ന്നൊരു നാടകരൂപമാണിത്.

17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ചിന്നത്തമ്പിപ്പിള്ള, വേദനായകംപിള്ള എന്നിവരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്നുകരുതപ്പെടുന്നു. ഉത്പത്തിയെക്കുറിച്ചുള്ള പ്രബലമായ ഐതിഹ്യം ഇങ്ങനെയാണ്-മട്ടാഞ്ചേരിയിലുള്ള കൂനന്‍കുരിശിനുചുറ്റും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ക്രൈസ്തവര്‍ ഒത്തുകൂടി പാട്ടുപാടുകയും മറ്റും ചെയ്യുമായിരുന്നു. ക്രിസ്തീയ ഗാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ചിലര്‍ കഥകളിപ്പദങ്ങള്‍ പാടി അഭിനയിക്കുകയും പതിവായിരുന്നു. ഈ രീതിക്കുമാറ്റം വരുത്താനായി, ചിന്നത്തമ്പിപ്പിള്ള എന്ന ക്രൈസ്തവപണ്ഡിതകവി വൈദികരുടെ സഹായത്തോടെ ചവിട്ടുനാടകം ചിട്ടപ്പെടുത്തി. തെങ്കാശിയില്‍നിന്നുവന്നു കൊച്ചിയില്‍ താമസമാക്കിയിരുന്ന ആളാണ് ചിന്നത്തമ്പിപ്പിള്ള. ഇദ്ദേഹം തുടങ്ങിവച്ച നാടകസമ്പ്രദായത്തെ വേദനായകംപിള്ള പരിഷ്കരിച്ചുവെന്നും വിശ്വസിച്ചുപോന്നു.

ചവിട്ടുനാടകം

മതപരവും സാമൂഹികവും സൈനികവുമായ നിരവധി കാരണങ്ങള്‍ ഇതിന്റെ ഉത്പത്തിക്കു പിന്നിലുണ്ട്. കേരളീയ രംഗകലകള്‍ പൊതുവേ ക്ഷേത്രകലകള്‍ ആയിരുന്നുവെന്നതും ഇതിവൃത്തപരമായി അവ ഹൈന്ദവമായിരുന്നുവെന്നതുമാണ് പ്രധാന കാരണമെന്ന് അഭിപ്രായമുണ്ട്. ആദ്യംമുതല്‍തന്നെ ചവിട്ടുനാടകത്തില്‍ ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് അവതരിപ്പിച്ചിരുന്നത്. അവതരണത്തില്‍ പാശ്ചാത്യദൃശ്യകലയായ ഓപ്പറയുടെയും മധ്യകാലചരിത്രനാടകങ്ങളുടെയും കേരളത്തിലെ കളരിപ്പയറ്റ്, കഥകളി തുടങ്ങിയവയുടെയും നിരവധി ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒരു രീതിയാണ് സ്വീകരിച്ചത്. അത് ചുവടിനു (ചവിട്ടിനു) പ്രാധാന്യം നല്കുന്ന ഒന്നായിരുന്നു. ഇക്കാരണത്താലാണ് ഈ നാടകസമ്പ്രദായം ചവിട്ടുനാടകം എന്നറിയപ്പെട്ടത്.

കഥകളില്‍ ഹസ്തമുദ്രകള്‍ക്കുള്ളത്ര പ്രാധാന്യം ചുവടിന് ചവിട്ടുനാടകത്തിലുണ്ട്. ഇവ അടിസ്ഥാനപരമായി 12 എണ്ണമാണ്. അടിസ്ഥാനച്ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. സല്‍ക്കഥാപാത്രങ്ങള്‍ക്കും നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണുള്ളത്. സ്ത്രീവേഷക്കാര്‍ക്ക് ലാസ്യമട്ടിലുള്ള പതിഞ്ഞ ചുവടുകളുണ്ട്.

തട്ട് എന്നറിയപ്പെടുന്ന സവിശേഷമായ അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ഇത് വീതികുറഞ്ഞതും നീളംകൂടിയതുമാണ്. സാധാരണയായി 16 കോല്‍ വീതി 50-60 കോല്‍ നീളം എന്നാണ് കണക്ക്. തറയില്‍ നിന്നു 1 1/2 കോല്‍ ഉയരമുണ്ടായിരിക്കും. ചവിട്ടിയാല്‍ ചെണ്ടപ്പുറത്തെന്നപോലെ ശബ്ദം കേള്‍ക്കത്തക്കവിധത്തില്‍ പലകകള്‍ നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന്റെ രണ്ടറ്റത്തും 6-8 അടി ഉയരത്തില്‍ മേടകള്‍ കെട്ടിയുണ്ടാക്കും. കളിത്തട്ടില്‍നിന്നു മേടയിലേക്ക് കയറാന്‍ ഗോവണിയുണ്ടാകും. യുദ്ധരംഗങ്ങളില്‍ രാജാക്കന്മാര്‍ ഈ മേടകളിലാണിരിക്കുക. പിന്‍വശത്തെ തിരശ്ശീലയില്‍ ഒത്തനടുവില്‍ പിന്നണിക്കാരുടെ മുഖം കാണുന്നതിനായുള്ള കിളിവാതിലുണ്ട്. അരങ്ങത്ത് നിലവിളക്കുണ്ടാകും. അതിനടുത്തായിട്ടാണ് സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നില്‍ക്കുക. ചെമ്പുകുടത്തില്‍ വായ്വണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കുകളായിരുന്നു ആദ്യകാലത്ത് ദീപവിതാനത്തിനുപയോഗിച്ചിരുന്നത്. തട്ടിന്റെ മുകളില്‍ നിന്നും ചവിട്ടിത്തകര്‍ക്കുന്ന ഒന്നായതിനാല്‍ ചവിട്ടുനാടകത്തിനു 'തട്ടുപൊളിപ്പന്‍' എന്ന പരിഹാസപ്പേരും ഉണ്ടായിട്ടുണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങള്‍ വീരരൌദ്രാദിഭാവങ്ങള്‍ക്കുവേണ്ടിയും തബല, ഫിഡില്‍, ഫ്ളൂട്ട്, ബുള്‍ബുള്‍ എന്നിവ പതിഞ്ഞാട്ടങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നു.

കഥനടക്കുന്ന കാലത്തിനനുസൃതമായ വേഷസമ്പ്രദായമാണ് ഇതിലുള്ളത്. അതുകൊണ്ട് പൊതുവേ പുരാതനഗ്രീക്-റോമന്‍ ഭടന്മാരെയും യൂറോപ്യന്‍ രാജാക്കന്മാരെയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് ഉണ്ടാവുക. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കടലാസുകളും സില്‍ക്ക്, കസവ്, വെല്‍വറ്റ് തുടങ്ങിയ തുണികളുംകൊണ്ടാണ് വേഷങ്ങള്‍ നിര്‍മിക്കുക. പോര്‍ച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോല്‍, കൈയുറ തുടങ്ങിയവ അനിവാര്യമായ വേഷവിധാനങ്ങളാണ്. വെളുത്ത കൊക്കിന്റെ തൂവലുകള്‍ നിരത്തിക്കുത്തിയ 'പേനാച്ചി' പടത്തൊപ്പിയുടെ സവിശേഷതയാണ്. അരങ്ങേറ്റദിവസം ചമയങ്ങള്‍ ഉണ്ടാക്കിയവരെ ആദരിക്കുക പതിവായിരുന്നു.

രാത്രിയിലാണ് നാടകം അവതരിപ്പിക്കുക. പള്ളിമുറ്റങ്ങളിലും പൊതുവേദികളിലും തീര്‍ത്ത തട്ടില്‍ സന്ധ്യയോടെ വാദ്യക്കാര്‍ ഒന്നാംകേളി പെരുക്കും. എട്ടുമണിയോടെ രണ്ടാം കേളി പെരുക്കുന്നു. അപ്പോള്‍ വേഷമിട്ടുതുടങ്ങും. 2-3 മണിക്കൂര്‍ നീണ്ടുനില്‍ക്കാറുള്ള പ്രാര്‍ഥനാഗാനത്തിനുശേഷം നാടകം ആരംഭിക്കും. ബാലാപ്പാര്‍ട്ടുകള്‍ അഥവാ സ്തുതിയോഗര്‍ നടത്തുന്ന വിരുത്തം മൂളലാണ് ആദ്യം. തുടര്‍ന്നു മിക്കവാറും ഡര്‍ബാര്‍രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരന്‍ എന്നറിയപ്പെടുന്ന വിദൂഷകന്‍ ഇടയ്ക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യാറുണ്ട്.

സംഭാഷണങ്ങള്‍ മുഴുവന്‍ ഗാനരൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വര്‍ണമട്ടുകളിലാണ് അത് രചിച്ചിട്ടുള്ളത്. പനയോലയിലോ കടലാസിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടക സാഹിത്യത്തിനു 'ചുവടി' എന്നാണുപേര്‍. ഭാഷ പഴയ തമിഴാണ്. ആദ്യകാലത്തെ ആശാന്മാര്‍ തമിഴരായതാകാം ഇതിനു കാരണമെന്ന് കരുതപ്പെടുന്നു.

ചവിട്ടുനാടകത്തിന്റെ ആശാന്‍ 'അണ്ണാവി' എന്നാണറിയപ്പെടുന്നത്. നാടകത്തിലെ ആദ്യാവസാനക്കാരന്‍ ഇദ്ദേഹമാണ്. അണ്ണാവി സംഗീതം, സാഹിത്യം, ചുവട് എന്നിവയിലെല്ലാം വിരുതനായിരിക്കും. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് അയാള്‍ നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിന്റെയും സാന്നിധ്യത്തില്‍വച്ച് ദക്ഷിണ നല്കി ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാര്‍ അവിടെ താമസിച്ചു പഠിക്കുകയാണു ചെയ്യുന്നത്. ആദ്യം ചുവടുറപ്പിക്കുകയും പിന്നെ അടവുകളും തടവുകളും പഠിപ്പിക്കുകയും തുടര്‍ന്നു ചുവടി വായിച്ച് ചൊല്ലിയാട്ടം അഭ്യസിക്കുകയുമാണ് ചെയ്യുക. പുരുഷന്മാര്‍ മാത്രമാണ് അഭിനയിക്കാറുള്ളത്. സ്ത്രീവേഷങ്ങളും അവര്‍തന്നെ കെട്ടും.

ബ്രസീന എന്ന പുണ്യവതിയുടെ ജീവിതത്തെ ആധാരമാക്കി ചിന്നത്തമ്പി അണ്ണാവി രചിച്ച നാടകമാണ് ആദ്യത്തേതെന്നു കരുതപ്പെടുന്നു. കാറള്‍മാന്‍ ചരിതം, ജനോവ നാടകം എന്നിവയാണ് പ്രസിദ്ധമായ ആദ്യകാല നാടകങ്ങള്‍. ഇവയിലെന്നപോലെ ക്രൈസ്തവേതിവൃത്തങ്ങള്‍ ഉള്ള മറ്റു നാടകങ്ങളാണ് അല്ലേശുനാടകം, കത്രീനാ നാടകം, ദാവീദു നാടകം, ഇസാക്കു വിജയം, യൌസേപ്പ് നാടകം, യാക്കോബ് നാടകം, സനിക്ലോസ് ചരിതം, ലുസീനചരിതം എന്നിവ. വീരകുമാരന്‍ ചരിതം, നെപ്പോളിയന്‍ ചരിതം എന്നിവപോലെ വീരോദാത്തന്മാരെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള നാടകങ്ങളും ഉണ്ടായിട്ടുണ്ട്. സാമുദായിക പശ്ചാത്തലത്തില്‍ എഴുതിയിട്ടുള്ളവയാണ് ധര്‍മിഷ്ഠന്‍, സത്യപാലന്‍, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നിവ.

ആദ്യകാലത്ത് ക്രിസ്ത്യാനികള്‍ മതപരമായ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചിരുന്നത്. പിന്നീടത് ജനകീയകലയായി വളര്‍ന്നു. ഒരു കാലത്ത് കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി നിലനിന്നിരുന്ന ഈ രംഗകല ഇപ്പോള്‍ മണ്‍മറഞ്ഞുകൊണ്ടിരിക്കുകയാണ്. സംഗീത നാടകങ്ങളുടെ വരവോടെയാണ് ഇതിനു പ്രചാരം കുറഞ്ഞു തുടങ്ങിയത്.

ഈ രംഗകലയെക്കുറിച്ച് മലയാളത്തില്‍ ഉണ്ടായിട്ടുള്ള സമഗ്രപഠനമാണ് മിസിസ് സെബീനാ റാഫിയുടെ ചവിട്ടുനാടകം (1964). ചവിട്ടുനാടകത്തിന്റെ സ്വരൂപം, ചരിത്രം, സാഹിത്യപരവും രംഗപരവുമായ സവിശേഷതകള്‍, ഇതര രംഗകലയോടുള്ള ബന്ധം, പ്രധാന നാടകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍