This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചവറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചവറ

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിത്താലൂക്കിലുള്ള ഒരു സമുദ്രതീര വില്ലേജ്. ഒരു സ്പെഷല്‍ ഗ്രേഡ് പഞ്ചായത്തും വികസന ബ്ലോക്കുമാണിത്. ലോഹമണല്‍ നിക്ഷേപത്തിന് ലോകപ്രശസ്തി നേടിയിട്ടുള്ള ഇവിടെ മൂന്ന് മണല്‍ ഫാക്റ്ററികള്‍ പ്രവര്‍ത്തിക്കുന്നു. 56 ശ.മാ. ടൈറ്റാനിയമുള്ള ഇല്‍മനൈറ്റ് ശേഖരമാണ് ചവറ കടലോരത്തുള്ളത്. ദേശീയ പാതയില്‍ ചവറപ്പാലം മുതല്‍ ശങ്കരമംഗലം വരെ നീണ്ടുകിടക്കുന്ന ചവറ, കാര്‍ഷികമായും വ്യാവസായികമായും അഭിവൃദ്ധി നേടിയിട്ടുള്ള വില്ലേജാണ്. കൊല്ലത്തിന് 15 കി.മീ. വ. പടിഞ്ഞാറാണ് സ്ഥാനം. 8o 55' അക്ഷാംശം; 76o 30' കി. രേഖാംശം. ജനസംഖ്യ: 38,309 (2001). സാക്ഷരത: 91.62 ശ.മാ. (2001)

കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ സ്ത്രീവേഷം ധരിച്ച് ചമയവിളക്കെടുക്കുന്ന പുരുഷന്‍മാര്‍

ചവറ, കൊറ്റംകുളങ്ങര, പുതുക്കാട്, മേനാമ്പള്ളി, പട്ടത്താനം വെസ്റ്റ്, പട്ടത്താനം ഈസ്റ്റ്, മുകുന്ദപുരം, മടപ്പള്ളി, തോട്ടിനു വടക്ക്, കോട്ടയ്ക്കകം, ചെറുശ്ശേരിഭാഗം, കുളങ്ങരഭാഗം, കോവില്‍ത്തോട്ടം, കരിത്തറ തുടങ്ങിയ 23 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ചവറ സ്പെഷല്‍ ഗ്രേഡ് പഞ്ചായത്ത്. വിസ്തീര്‍ണം: 11.89 ച.കി.മീ; പ. അറബിക്കടല്‍, തെ. അഷ്ടമുടിക്കായല്‍, കി. മുകുന്ദപുരം തോട്, വ. കാമന്‍കുളങ്ങര-കോയിവിളറോഡ് എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകള്‍.

ലോകത്താകമാനം ആവശ്യമുള്ള ഇല്‍മനൈറ്റിന്റെ 90 ശ.മാനവും ചവറയില്‍ നിന്നാണ് മുന്‍പ് കയറ്റി അയച്ചിരുന്നത്. ഇല്‍മനൈറ്റ്, റൂട്ടൈല്‍, ലൂകോക്സില്‍, സിലിമനൈറ്റ്, സിര്‍ക്കണ്‍, മോണോസൈറ്റ് എന്നിവയാണ് ചവറ തീരത്തെ മുഖ്യധാതുക്കള്‍. ഇവയില്‍ ആദ്യത്തെ മൂന്നു ധാതുക്കളില്‍ ടൈറ്റാനിയം അടങ്ങിയിട്ടുണ്ട്. 1922 മുതല്‍ ഇവിടെനിന്ന് മണല്‍ കയറ്റുമതി തുടങ്ങി.

വ്യവസായ പ്രമുഖനായിരുന്ന ജെ.ഇ.എ. പെരേരയാണ് 1932-ല്‍ ചവറയില്‍ ആദ്യത്തെ മണല്‍ക്കമ്പനി-എഫ്. എക്സ്. പെരേര & സണ്‍സ് (ട്രാവന്‍കൂര്‍) പ്രൈവറ്റ് ലിമിറ്റഡ്-സ്ഥാപിച്ചത്. 1930-കളുടെ അവസാനത്തോടുകൂടി ചവറ തീരത്ത് ഏഴു കി.മീറ്ററിനുള്ളില്‍ മൂന്നു മണല്‍ക്കമ്പനികള്‍ കൂടി നിലവില്‍വന്നു; ട്രാവന്‍കൂര്‍ മിനറല്‍ കമ്പനി ലിമിറ്റഡ്, അസോസ്യേറ്റഡ് മിനറല്‍ കമ്പനി ലിമിറ്റഡ്, ഹോപ്കിന്‍ ആന്‍ഡ് വില്യംസ് കമ്പനി ലിമിറ്റഡ്. വിദേശങ്ങളിലേക്ക് ധാതുമണല്‍ കയറ്റി അയയ്ക്കുന്നതില്‍ ഒതുങ്ങിനിന്നു മേല്പറഞ്ഞ നാലുകമ്പനികളുടെയും പ്രവര്‍ത്തനം.

ട്രാവന്‍കൂര്‍ മിനറല്‍ കമ്പനിയും അസോസ്യേറ്റഡ് മിനറല്‍ കമ്പനിയും തമ്മില്‍ യോജിച്ച് ട്രാവന്‍കൂര്‍ മിനറല്‍സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കോര്‍പ്പറേഷനായി. ഇതിന്റെ 51 ശ.മാ. ഓഹരി ഇന്ത്യാ ഗവണ്‍മെന്റും 44 ശ.മാ. ഓഹരി കേരളസര്‍ക്കാരും എടുത്തു. ഹോപ്കിന്‍ ആന്‍ഡ് വില്യംസ് കമ്പനി 1960-ല്‍ പ്രവര്‍ത്തനം നിര്‍ത്തി. 1950-കളുടെ മധ്യത്തോടെ പെരേരയുടെ കമ്പനി സാമ്പത്തികമായി തകര്‍ന്നു. തുടര്‍ന്ന് 1956 ജനു.-യില്‍ കമ്പനിയുടെ മാനേജ്മെന്റ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. 1972 വരെ എഫ്.എക്സ്.പി. മിനറല്‍സ് എന്ന പേരില്‍ സര്‍ക്കാര്‍വ്യവസായവകുപ്പിന്‍കീഴില്‍ ഈ കമ്പനി പ്രവര്‍ത്തിച്ചു. പെരേരയുടെ മരണത്തെത്തുടര്‍ന്ന് (1956), 1971 ഏപ്രിലില്‍ കമ്പനിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു.

ഇന്ത്യാഗവണ്‍മെന്റിന്റെ ആറ്റോമിക് എനര്‍ജി വകുപ്പിന്‍ കീഴിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്സ് എന്ന കമ്പനി 1965-ല്‍ ട്രാവന്‍കൂര്‍ മിനറല്‍സ് ലിമിറ്റിഡിന്റെ ആസ്തികള്‍ ഏറ്റെടുത്തു.

ചവറയിലെ ധാതു നിക്ഷേപം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയും 1972 ഫെ.-യില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എഫ്.എക്സ്.പി. മിനറല്‍സിന്റെ ആസ്തികളും ബാധ്യതകളും ഈ പുതിയ കമ്പനി ഏറ്റെടുത്തു. കമ്പനിയുടെ രജിസ്ട്രേഡ് ആഫീസ് കൊല്ലത്തും ഫാക്ടറി ചവറയിലും പ്രവര്‍ത്തിക്കുന്നു. 30 കോടി രൂപയുടെ അധികൃത മൂലധനമുള്ള ഈ കമ്പനിയില്‍ 1200-ലേറെ ജീവനക്കാരുണ്ട്. പ്രതിവര്‍ഷം 25,000 ടണ്‍ ഇല്‍മനൈറ്റും മറ്റ് ധാതുക്കളും ഇവിടെ ഉത്പാദിപ്പിക്കുന്നു.

1978 ഏ. 23-ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവറെഡ്ഡിയാണ് ശങ്കരമംഗലത്തെ ടൈറ്റാനിയം കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അത്യാധുനിക രീതിയിലുള്ള മിനറല്‍ സെപ്പറേഷന്‍ പ്ലാന്റും ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് പ്ലാന്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 48,000 ടണ്‍ റൂട്ടൈല്‍ ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് നിര്‍മിക്കുന്നതിന് ഇന്ത്യാഗണ്‍മെന്റിന്റെ ലെറ്റര്‍ ഒഫ് ഇന്റന്റ് ലഭിച്ചു. കമ്പനി നിര്‍മിക്കുന്ന പിഗ്മെന്റ് കീമോസ് (KEMOS) എന്ന പേരിലാണ് വിപണനം ചെയ്യുന്നത്. പിഗ്മെന്റ് നിര്‍മിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമായ ടൈറ്റാനിയം ടെട്രാക്ലോറൈഡ് ഉപയോഗിച്ച് ടൈറ്റാനിയം സ്പോഞ്ച് ഉണ്ടാക്കാന്‍ വിപുലമായ ഒരു പദ്ധതിക്ക് ഇന്ത്യാഗണ്‍മെന്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 1984-ല്‍ പ്രവര്‍ത്തനമാരംഭിച്ച ടൈറ്റാനിയം പിഗ്മെന്റ് 1992 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. 148 കോടി രൂപയായിരുന്നു കമ്പനിയുടെ കടബാധ്യത. 1995 ജനു. 31-നു മുന്‍പ് ഇതില്‍ 110 കോടി രൂപ തിരിച്ചടച്ചു. ഇപ്പോള്‍ പ്ലാന്റ് നൂറു ശതമാനത്തിലധികം ഉത്പാദനശേഷി കൈവരിച്ചിരിക്കുന്നു. ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉത്പാദനശേഷി പ്രതിവര്‍ഷം 22,000 ടണ്ണില്‍നിന്ന് ഒരു ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യം.

ഇന്ത്യാഗവണ്‍മെന്റിന്റെ ആറ്റോമിക് എനര്‍ജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്സിന്റെ മിനറല്‍സ് ഡിവിഷനാണ് ചവറയില്‍ പ്രവര്‍ത്തിക്കുന്നത്. റെയര്‍ എര്‍ത്സ് ഡിവിഷന്‍ ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ കേന്ദ്രആഫീസ് മുംബൈയിലാണ്. അപൂര്‍വമൃത്തുക്കളും (rare earths)ധാതുക്കളും വേര്‍തിരിച്ച് ശുദ്ധീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചവറ തെക്കുംഭാഗം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖവ്യവസായ സ്ഥാപനമാണ് പ്രിമോ പൈപ്പ് ഫാക്ടറി. ചവറ വില്ലേജിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടെ ചവറത്തോട് കടന്നുപോകുന്നു. ചവറത്തോടിനും കടലിനുമിടയ്ക്കുള്ള പ്രദേശത്താണ് മണല്‍ ഫാക്ടറികളെല്ലാം സ്ഥിതിചെയ്യുന്നത്.

ഹിന്ദുക്കളാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. പ്രസിദ്ധമായ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രം ഈ പഞ്ചായത്തില്‍ ദേശീയ പാതയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. പുരുഷന്മാര്‍ സ്ത്രീവേഷംകെട്ടി നടത്തുന്ന ചമയവിളക്കെടുപ്പാണ് ഇവിടത്തെ ഉത്സവച്ചടങ്ങുകളില്‍ പ്രധാനം. ആണ്ടുതോറും മീനം 10, 11 തീയതികളില്‍ നടക്കുന്ന ചമയവിളക്കെടുപ്പില്‍ പങ്കെടുക്കാന്‍ നേര്‍ച്ചയ്ക്കായും അല്ലാതെയും ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്താറുണ്ട്. കുളത്തിന്റെ കരയില്‍ കുളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടികള്‍ തേങ്ങയുടെ കൊറ്റം (പുഴൂര) കൊണ്ട് ഭക്തിപൂര്‍വം ശിലാപൂജ നടത്തിയ സ്ഥലത്ത് ദേവീചൈതന്യം കണ്ടുവെന്നും പില്ക്കാലത്ത് ഇവിടെ ക്ഷേത്രം നിമിച്ചുവെന്നുമാണ് ഐതിഹ്യം. കുളങ്ങര 'കൊറ്റംക്കുളങ്ങര'യായത് ക്ഷേത്രസ്ഥാപനത്തിനു ശേഷമാവാം.

കാമന്‍കുളങ്ങര ശിവക്ഷേത്രം, കൃഷ്ണന്‍നട, മാടന്‍നട, പുതിയ കാവ് ദേവീക്ഷേത്രം, മുടിവച്ചഴകത്തു പരദേവതാക്ഷേത്രം, അരത്തകണ്ട സ്വാമിക്ഷേത്രം, പഴഞ്ഞിക്കാവ്, അമ്മാച്ചന്‍കാവ് തുടങ്ങിയവയാണ് മറ്റു പ്രധാനക്ഷേത്രങ്ങള്‍. മൂന്ന് ക്രൈസ്തവ ദേവാലയങ്ങളും (കോവില്‍ത്തോട്ടം, കരിത്തറ, തലമുകില്‍) രണ്ട് മുസ്ലിം പള്ളികളും പഞ്ചായത്തിലുണ്ട്. കോവില്‍ത്തോട്ടം പള്ളിയിലെ പെരുനാള്‍ പ്രസിദ്ധമാണ്.

കൊറ്റന്‍കുളങ്ങരയാണ് പഞ്ചായത്തിന്റെ ആസ്ഥാനം. പൊലീസ് സ്റ്റേഷന്‍, സബ്രജിസ്റ്റര്‍ കച്ചേരി, ബ്ലോക്കാഫീസ്, വില്ലേജാഫീസ്, ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജ്, എം.എസ്.എന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി, ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, എന്‍.എസ്.എന്‍.എസ്.എം. ഐ.റ്റി.സി. മൂന്ന് ഹൈസ്കൂളുകള്‍ രണ്ട് മിഡില്‍ സ്കൂളുകള്‍ ഏതാനും പ്രൈമറി സ്കൂളുകള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

തെങ്ങിന്‍തോപ്പുകളും ഇരുപ്പൂനെല്‍വയലുകളും ചെറുതോട്ടങ്ങളും ഇടകലര്‍ന്നതാണ് ഭൂമി. തെങ്ങും നെല്ലും എള്ളുമാണ് പ്രധാനകൃഷി. നാളികേര സംസ്കരണ-വിപണന സഹകരണസംഘമുണ്ട്. കായലോരങ്ങളില്‍ കയര്‍ നിര്‍മാണം കൈത്തൊഴിലായിട്ടുള്ളവര്‍ ധാരാളമാണ്. കടലോരത്ത് മത്സ്യബന്ധനം തൊഴിലായിട്ടുള്ളവരും ഉണ്ട്.

ചവറ ഒരു അസംബ്ലി നിയോജകമണ്ഡലമാണ്. ബേബി ജോണിന്റെ സേവനങ്ങള്‍ ഈ നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. നാടകരംഗത്തു പ്രശസ്തരായിരുന്ന പുളിമാന പരമേശ്വരന്‍പിള്ളയും സി.എന്‍. ശ്രീകണ്ഠന്‍ നായരും കഥാപ്രസംഗകലയില്‍ പ്രശസ്തനായ വി. സാംബശിവനും ചവറയില്‍ ജനിച്ചവരാണ്. പ്രസിദ്ധ കവി ഒ.എന്‍.വി. കുറുപ്പിന്റെ ജന്മസ്ഥലവും ചവറയാണ്. വിജയവിലാസം കഥകളിയോഗം വളരെക്കാലം കലാരംഗത്തു പ്രവര്‍ത്തിച്ചിരുന്നു.

'ചാവറ' (ശ്മശാനം) എന്ന നാടന്‍ പദം ചവറയായതാവാം. ചീനക്കാര്‍ കൊല്ലത്തു താമസിച്ചിരുന്നപ്പോള്‍ അവര്‍ ശ്മശാനമായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. 'ചവറ' എന്ന വാക്കിന് ചൈനീസ് ഭാഷയില്‍ ശ്മശാനം എന്നര്‍ഥമുണ്ട്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് സര്‍വാധികാര്യക്കാരായിരുന്ന ശങ്കരന്‍തമ്പിയുടെ കുടുംബമാണ് ശങ്കരമംഗലം. ഈ വീട്ടുപേര് പിന്നീട് നാട്ടുപേരായിത്തീര്‍ന്നു.

ചവറയ്ക്ക് ഏതാനും നാഴിക വടക്കുള്ള പന്മനയിലാണ് ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞത് (1924 മേയ് 5). സമാധിപീഠവും പരമഭട്ടാരക ക്ഷേത്രവും മറ്റും ചേര്‍ന്ന പന്മന ആശ്രമം ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തെക്കുറിച്ച് 14-ാം ശ.-ത്തില്‍ വിരചിതമായ ഉണ്ണുനീലിസന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B5%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍