This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ച് ഒഫ് ക്രൈസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചര്‍ച്ച് ഒഫ് ക്രൈസ്റ്റ്

1906-ല്‍ യു.എസ്സില്‍ രൂപംകൊണ്ട ഒരു ക്രൈസ്തവസമൂഹം. ഇപ്പോള്‍ ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ ഈ സമൂഹത്തിലുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. യു.എസ്സിലെ ഇന്‍ഡ്യാന മുതല്‍ ടെക്സാസ് വരെയുള്ള സ്റ്റേറ്റുകളില്‍ ഈ സമൂഹം വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ആദിമ ദശകങ്ങളില്‍ ക്രൈസ്തവസഭയില്‍ നിലനിന്നിരുന്ന ലാളിത്യവും ആധ്യാത്മിക പരിശുദ്ധിയും തങ്ങളുടെ സഭയില്‍ ഇപ്പോഴും ഉണ്ടെന്ന് ഈ വിഭാഗക്കാര്‍ അവകാശപ്പെടുന്നു. സംഘടിതസ്വഭാവവും സാര്‍വലൗകികത്വവും ആഡംബരഭ്രമവും കടന്നുകൂടിയതോടുകൂടി കത്തോലിക്കാസഭ, ലൂഥറന്‍ സഭ തുടങ്ങിയ മറ്റു ക്രൈസ്തവ സമൂഹങ്ങളില്‍ ആദിമ ദശകങ്ങളിലെ ക്രൈസ്തവ പരിശുദ്ധി നഷ്ടപ്പെട്ടുവെന്ന് ചര്‍ച്ച് ഒഫ് ക്രൈസ്റ്റ് ആരോപിക്കുന്നു. സാധാരണ മറ്റു ക്രൈസ്തവ വിഭാഗങ്ങളിലുള്ളതുപോലെ ഒരു പൊതുതലവന്റെ നേതൃത്വത്തിലുള്ള സംഘടിതസ്വഭാവം ചര്‍ച്ച് ഒഫ് ക്രൈസ്റ്റിന് ഇല്ല. ദേവാലയങ്ങളില്‍ പരസ്യമായി കൂദാശകള്‍ നല്കുക, പുരോഹിതന്മാരെ ബഹുമാനപ്പെട്ട അഥവാ റവറന്റ് എന്ന് അഭിസംബോധന ചെയ്യുക തുടങ്ങിയ കാര്യങ്ങളെ ഈ വിഭാഗക്കാര്‍ എതിര്‍ക്കുന്നു. വ്യക്തികളെ ജലത്തില്‍ പൂര്‍ണമായി മുക്കി മാമ്മോദീസ നല്കുകയെന്നതാണ് അവരുടെ ആചാരം. വിശ്വാസത്തെ പ്രചരിപ്പിക്കുക, ചെയ്തുപോയ പാപങ്ങളെക്കുറിച്ചു മനസ്തപിക്കുക എന്നീ കാര്യങ്ങള്‍ അനുഷ്ഠിക്കത്തക്കവിധം പക്വത കൈവരിച്ചിട്ടുള്ള പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമേ മാമ്മോദീസ നല്കാവൂ എന്നാണ് ഇവരുടെ നിയമം. ക്രിസ്തുവിനെ ദൈവപുത്രനായി വിശ്വസിക്കുകയും അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ചര്‍ച്ച് ഒഫ് ക്രൈസ്റ്റില്‍ അംഗത്വം സ്വീകരിക്കാവുന്നതാണ്. ക്രൈസ്തവ വിശ്വാസങ്ങളെല്ലാം ബൈബിളിലെ പഠനങ്ങളെ മാത്രം ആശ്രയിച്ചുള്ളവയായിരിക്കണം എന്നതാണ് അവരുടെ നിലപാട്. ക്രിസ്തുമതത്തിലെ മറ്റു വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇക്കൂട്ടര്‍ക്കു വലിയ താത്പര്യമില്ല. ചര്‍ച്ച് ഒഫ് ക്രൈസ്റ്റിന് സംഘടിത സ്വഭാവം ഇല്ലാത്തതിനാല്‍ ഓരോ പ്രദേശത്തെയും ദേവാലയത്തിന് ഏറെക്കുറെ പൂര്‍ണമായ പ്രവര്‍ത്തനസ്വാതന്ത്യ്രമുണ്ട്. പൊതുവായ സഭാഭരണകൂടത്തിന്റെകീഴില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഏതൊരു ക്രൈസ്തവവിഭാഗവും യഥാര്‍ഥതലവനായ ക്രിസ്തുവിനെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ് അവരുടെ ആരോപണം. 'സ്വര്‍ഗത്തിലും ഭൂമിയിലും സര്‍വ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു' (Mathew 28:20) എന്നു ക്രിസ്തുപ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് ഈ അധികാരം മനുഷ്യരാരും കൈയടക്കുവാന്‍ പാടില്ല എന്നൊരു നിലപാട് ചര്‍ച്ച് ഒഫ് ക്രൈസ്റ്റ് കൈക്കൊണ്ടിട്ടുണ്ട്. ഓരോ പ്രാദേശിക ഘടകത്തിനും പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളതുകൊണ്ട്, ചര്‍ച്ച് ഒഫ് ക്രൈസ്റ്റ് എന്നുപറഞ്ഞാല്‍ അനേകം പ്രാദേശികസഭകളുടെ ഒരു ഫെഡറേഷന്‍ ആണെന്നു വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ദേവാലയങ്ങളില്‍ ആരാധനയുടെ ഭാഗമായി സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ത്തിരുന്നു. ചര്‍ച്ച് ഒഫ് ക്രൈസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഗോസ്പല്‍ അഡ്വക്കേറ്റ് (Gospal Advocate) എന്ന വാരിക യു.എസ്സില്‍ വളരെ പ്രസിദ്ധമാണ്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍