This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചരക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചരക്ക്
Commodity
സമ്പത്തിക പ്രാധാന്യമുള്ള വസ്തു. താരതമ്യേന ദുര്‍ലഭമായതും ഒരാവശ്യം നിറവേറ്റാന്‍ കഴിവുള്ളതുമായിരിക്കണം ഇത്. ഇക്കാരണത്താല്‍ ഇതിനെ ആവശ്യപ്പെടുന്നത് ഒരു വിലയുടെ അടിസ്ഥാനത്തിലായിരിക്കും. ഒരു ചരക്ക് വളരെക്കാലം ഈടുനില്‍ക്കുന്നതോ അല്ലാത്തതോ ആയിരിക്കാം. സാധാരണഗതിയില്‍ ഈടുള്ള ഒരു ചരക്ക് അല്ലെങ്കില്‍ വസ്തു മൂന്നുവര്‍ഷക്കാലമെങ്കിലും നിലനില്ക്കുന്ന ഒന്നായിരിക്കും. 'ചരക്ക്' എന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഏതൊരു ജംഗമ സാധനത്തെയും ഉള്‍പ്പെടുത്താവുന്നതാണ്. പേറ്റന്റുകള്‍, ട്രേഡ്മാര്‍ക്കുകള്‍, വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയവ ജംഗമ വസ്തുക്കളായതുകൊണ്ട് അവയും ചരക്കുകളായി പരിഗണിക്കപ്പെടുന്നു. 'കടം', 'പണം' എന്നിവയെ ഈ നിര്‍വചനത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, പഴയതും ദുര്‍ബലവുമായ ചില നാണയങ്ങള്‍ ചരക്കുകളായി പരിഗണിക്കപ്പെടുന്നു. ഒരാളിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ അധീനതയിലായിരിക്കുന്ന ചരക്കുകളെ മാത്രമേ ക്രയവിക്രയം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആകാശത്തിലെ പറവകളോ, വനത്തിലെ മൃഗങ്ങളോ, നദിയിലെ മത്സ്യമോ, ആരുടെയും സ്വന്തമല്ലാത്തതുകൊണ്ട് അവയെ വില്ക്കാനോ വാങ്ങുവാനോ കഴിയുകയില്ല. എന്നാല്‍ ചില സ്വാഭാവിക വസ്തുക്കളെ (ഉദാ. അടുത്ത സീസണില്‍ ഉണ്ടാകുന്ന പഴങ്ങള്‍, അടുത്ത മഞ്ഞുകാലത്ത് ചെമ്മരിയാടുകളില്‍ ഉണ്ടാകുന്ന രോമം) വേണമെങ്കില്‍ ക്രയവിക്രയത്തിനു വിധേയമാക്കാം.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ചരക്കുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഒരു രാജ്യത്തെ പല സ്ഥാപനങ്ങളും തൊഴിലാളികളും ഏര്‍പ്പെട്ടിരിക്കുന്നു. പണ്ടുകാലത്ത് ഒരു ജനതയ്ക്കാവശ്യമായ ചരക്കുകള്‍ ഉത്പാദിപ്പിച്ചിരുന്നത് കൈവേലക്കാരും മറ്റു ചെറുകിട ഉത്പാദകരുമായിരുന്നു. പിന്നീട് സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന തൊഴില്‍ശാലകളില്‍ ധാരാളം ആളുകള്‍ ചേര്‍ന്ന് ഉത്പാദനമാരംഭിച്ചു. ത്വരിതഗതിയിലുള്ള വ്യവസായവത്കരണത്തിന്റെ ഫലമായി ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള ഉത്പാദനത്തിനുവേണ്ട തൊഴില്‍ശാലകള്‍ രൂപംകൊണ്ടു. ഉപഭോക്താക്കള്‍ക്കാവശ്യമായ എല്ലാ ചരക്കുകളും നല്കാന്‍ ഒരു സമ്പദ്വ്യവസ്ഥയ്ക്കും കഴിയുകയില്ല. ഈ പരിമിതിയില്‍ നിന്നാണ് ചരക്കുകളുടെ അന്താരാഷ്ട്ര വിപണനം ഉദ്ഭവിക്കുന്നത്. ചരക്കുകളുടെ ഉത്പാദനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലും ഏറ്റക്കുറച്ചിലുകളുണ്ട്. അരിയുടെയും മറ്റുപല ഭക്ഷ്യവസ്തുക്കളുടെയും കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത നേടിയിട്ടില്ല. അതിനാല്‍ സംസ്ഥാനത്തിനാവശ്യമായ അരിയുള്‍പ്പെടെയുള്ള നിരവധി ചരക്കുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.
(എസ്. കൃഷ്ണയ്യര്‍)