This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരക്കുഗതാഗതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരക്കുഗതാഗതം

Freight traffic

സാധനങ്ങള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു എത്തിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നത് പൊതുവേ ചരക്കുഗതാഗതം എന്ന സംവിധാനമായി പരിഗണിക്കപ്പെടുന്നു. ഒരു സമൂഹത്തില്‍ സാമ്പത്തികാഭിവൃദ്ധി ത്വരിതപ്പെടുത്തുന്നതിനാവശ്യമായ വിവിധ ഘടകങ്ങളില്‍ ഒന്ന്. പക്ഷേ, മിക്ക സന്ദര്‍ഭങ്ങളിലും അതു പ്രധാനമായ ഒരു പങ്കു വഹിക്കുന്നു. ലോകത്തിന്റെ ഒരു കോണില്‍നിന്ന് മറ്റൊരിടത്തേക്ക് മനുഷ്യരെയും സാധനങ്ങളെയും എത്തിക്കുന്നതുകൂടാതെ മേഖലകളെ തമ്മിലും ജനങ്ങളെ തമ്മിലും കൂട്ടിയിണക്കുവാനും ഗതാഗതത്തിനു കഴിയുന്നു. ഗതാഗതത്തെ ഒരു സര്‍വവ്യാപി വ്യവസായം (all pervading industry) എന്നാണ് പറയാറുള്ളത്. കാരണം ചരക്കുകളുടെ ഉത്പാദനത്തെയും വിതരണത്തെയും സംബന്ധിച്ച എല്ലാ മേഖലകളിലും ചരക്കുഗതാഗതം കാര്യമായ പങ്കുവഹിക്കുന്നു. ഗതാഗത മേഖല അതിന്റെ പ്രവര്‍ത്തനംകൊണ്ടുതന്നെ ദേശീയവരുമാനമുണ്ടാക്കുമ്പോള്‍, വ്യാവസായിക-കാര്‍ഷിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകകൂടി ചെയ്യുന്നു. ഗതാഗതാവശ്യങ്ങളിലുള്ള വളര്‍ച്ച പ്രധാനമായും വ്യവസായം, കൃഷി മുതലായ പ്രമുഖ മേഖലകളുടെ അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. ഇത് മറ്റു മേഖലകളിലെ വളര്‍ച്ചയുടെ പ്രധാന ഘടകമായും വര്‍ത്തിക്കുന്നു.

കാര്‍ഷിക-വ്യാവസായികമേഖലകളിലെ സന്തുലിതമായ വളര്‍ച്ച വെളിപ്പെടുത്തുന്നത് ദേശീയവരുമാനത്തിലെ വളര്‍ച്ചാനിരക്കിലെ വര്‍ധനയും, തത്ഫലമായുള്ള ചരക്കുഗതാഗതത്തിലെ വര്‍ധനയുമാണ്. ഇന്ത്യയില്‍ ദേശീയവരുമാന വര്‍ധനയുടെ പ്രധാനഘടകം കാര്‍ഷികോത്പന്നമാണ്. എന്നാല്‍ വ്യവസായശാലകള്‍, ഖനികള്‍ എന്നിവിടങ്ങളിലെ ഉത്പാദനം ചരക്കുഗതാഗതത്തിന്റെ പ്രവണത നിര്‍ണയിക്കുന്നതായി കാണാം. കാര്‍ഷികാഭിവൃദ്ധിയുടെ വര്‍ധനനിരക്ക് അത്രത്തോളം ചരക്കുഗതാഗത്തിനു കാരണമാകുന്നില്ല. കാളവണ്ടി മുതലായ പരമ്പരാഗത ഗതാഗതഉപാധികള്‍ ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇതിനുകാരണം. ആധുനിക ഗതാഗതരീതികളുടെ വളര്‍ച്ച ഈ അവസ്ഥയ്ക്കു കുറച്ചൊരു മാറ്റം വരുത്തിയിട്ടുണ്ട്. വ്യാവസായികാഭിവൃദ്ധിയുടെ വര്‍ധനവ് അവശ്യമായും ഗതാഗതസൗകര്യങ്ങളുടെ വമ്പിച്ച വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്. വന്‍തോതിലുള്ള വ്യവസായ വികസനത്തെ പ്രബലമാക്കിത്തീര്‍ക്കുന്നത് വിതരണ സമ്പ്രദായങ്ങളിലുള്ള വികാസവും ശക്തമായ പ്രാദേശിക ബന്ധങ്ങളുമായതുകൊണ്ട് അതു നിശ്ചയമായും ഗതാഗത സൗകര്യങ്ങളിലുള്ള വിശ്വാസം അനിവാര്യമാക്കിത്തീര്‍ക്കും.

ചരക്കുഗതാഗതത്തിന് വിവിധ രീതിയിലുള്ള ഗതാഗത മാര്‍ഗങ്ങളെയാണ് ഉപയോഗിച്ചുവരുന്നത്. കരമാര്‍ഗമായുള്ള ചരക്കുഗതാഗതത്തില്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് മോട്ടോര്‍ വാഹനങ്ങള്‍, റെയില്‍വേ എന്നിവയാണ്. 19-ാം ശ.-ത്തിലാരംഭിച്ച റെയില്‍ഗതാഗതം ഇന്ന് കരമാര്‍ഗമായുള്ള ചരക്കുഗതാഗതത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ ഒഴികെയുള്ള ചരക്കു ഗതാഗതത്തിനു പ്രാധാന്യം വര്‍ധിച്ചത് 20-ാം ശ.-ത്തിലാണ്. റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍, കപ്പല്‍ഗതാഗതം, വ്യോമഗതാഗതം എന്നിവ ഉള്‍പ്പെടുന്ന ഗതാഗതമേഖലയില്‍ പൊതുമേഖലയാണ് ആധിപത്യം പുലര്‍ത്തുന്നത്. അറുപതുകളുടെ ആരംഭത്തില്‍ ഇന്ത്യയുടെ ഗതാഗതമേഖലയില്‍ പൊതുമേഖലയുടെ നിക്ഷേപം 23 ശ.മാ. ആയിരുന്നു. ആറാം പഞ്ചവത്സരപദ്ധതി ആയപ്പോഴേക്കും ഇത് 12 ശ.മാ. ആയി കുറഞ്ഞു. കൂടുതല്‍ പദ്ധതിവിഹിതം മാറ്റിവയ്ക്കാന്‍ കഴിയാത്തതുമൂലം വിവിധരീതികളിലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖലയുടെ പുരോഗതി മന്ദഗതിയിലാണ് നടക്കുന്നത്.

റെയില്‍വേ. റെയില്‍മാര്‍ഗമുള്ള ചരക്കുഗതാഗതത്തിന് അനുയോജ്യമായ കൂലിനിരക്കുകളെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ നല്കാനായി എ. രാമസ്വാമി മുതലിയാര്‍ അധ്യക്ഷനായുള്ള ഒരു കമ്മിറ്റി ഏര്‍പ്പെടുത്തുകയും ഈ കമ്മിറ്റി അതിന്റെ നിര്‍ദേശങ്ങള്‍ 1957-ല്‍ നല്കുകയും ചെയ്തു. ചില വ്യതിയാനങ്ങള്‍ വരുത്തിയശേഷം ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ഗവണ്‍മെന്റ് അംഗീകാരം നല്കി. ഇപ്പോള്‍ രണ്ടു അടിസ്ഥാന നിരക്കാണുള്ളത്. ഇതിലൊന്ന് ഭക്ഷ്യസാധനങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയ്ക്കു ബാധകമായതും മറ്റൊന്ന് ഇതര ചരക്കുകള്‍ക്കു ബാധകമായതുമാണ്. നിരക്കുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ചരക്കുകളില്‍ ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറി, മണ്ണെണ്ണ, ഉപ്പ്, കൈത്തറി വസ്ത്രങ്ങള്‍, ഖാദിത്തുണി എന്നിവ ഉള്‍പ്പെടുന്നു. 1962-നുശേഷം പല പ്രാവശ്യം റെയില്‍മാര്‍ഗം കൊണ്ടുപോകുന്ന ചരക്കുകളുടെ റെയില്‍വേ ഗതാഗതനിരക്കുകള്‍ വര്‍ധിപ്പിക്കുകയുണ്ടായി. റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും കൊണ്ടുപോകുന്ന ചരക്കുകള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കുന്നവിധം നിരക്കുകള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. ചരക്കു ഗതാഗത രംഗത്ത് ഏറ്റവും പ്രധാന ഉപാധിയെന്ന നിലവിലുള്ള സ്ഥാനം റെയില്‍ ഗതാഗതത്തിന് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെങ്കിലും കല്‍ക്കരി, സിമന്റ് മുതലായ വലുപ്പമേറിയ ചരക്കുകളെ ദീര്‍ഘദൂരം കൊണ്ടുപോകുന്നതിന് ഇതുതന്നെയാണ് ഏറ്റവും അനുയോജ്യമായ ഉപാധി. ഇന്ത്യന്‍ റെയില്‍വേ പ്രതിവര്‍ഷം ഉദ്ദേശം 300 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. 1978-79-ല്‍ ഭൂതലത്തിലൂടെയുള്ള രാജ്യത്തെ ചരക്കുഗതാഗതത്തിന്റെ 68 ശ.മാ. റെയില്‍മാര്‍ഗമായിരുന്നു. 1986-87-ല്‍ ഇത് 56 ശ.മാ. ആയി കുറഞ്ഞു. 1950-51-ല്‍ വെറും 73 ദശലക്ഷം ടണ്‍ ചരക്കുമാത്രം കൈകാര്യം ചെയ്തിരുന്ന ഇന്ത്യന്‍ റെയില്‍വേ 2007-ല്‍ 2 മില്യണ്‍ ടണ്‍ ചരക്ക് കൈകാര്യം ചെയ്തു.

റോഡുകള്‍. റോഡുകളിലൂടെയുള്ള ചരക്കുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയാണ് നടത്തുന്നത്. ഈ രംഗത്ത് ഏറ്റവും കൂടുതല്‍ കാണുന്നത് ഗതാഗതത്തിനായി ഒരു ട്രക്ക് മാത്രം സ്വന്തമായുള്ള പ്രവര്‍ത്തകരെയാണ്. ചരക്കുഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകളുടെയും മറ്റും പ്രവര്‍ത്തനരംഗത്ത് ഒട്ടനവധി നിയന്ത്രണങ്ങളേര്‍പ്പെടുത്തപ്പെട്ടിരുന്നു. ഗവണ്‍മെന്റ് ആവിഷ്കരിച്ച ഇരുപതിന സാമ്പത്തിക പരിപാടിയില്‍ അടങ്ങിയിട്ടുള്ള ഒരു പ്രധാന നിര്‍ദേശം ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രഗവണ്‍മെന്റ് ഒരു നാഷണല്‍ പെര്‍മിറ്റ് സ്കീം നടപ്പിലാക്കി. ആദ്യം 5300 നാഷണല്‍ പെര്‍മിറ്റുകളാണ് നല്കിയത്. ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്ത് ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള പ്രയാസങ്ങള്‍ ഒട്ടൊക്കെ പരിഹരിക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. ഇന്ത്യയില്‍ റോഡുമാര്‍ഗമുള്ള ചരക്കുഗതാഗതത്തിന്റെ വിഹിതം 1978-79-ല്‍ ആകെ ചരക്കുഗതാഗതത്തിന്റെ 32 ശ.മാ. ആയിരുന്നു. 2007-08 ല്‍ ഈ വിഹിതം 65 ശ.മാ. ആയി ഉയര്‍ന്നു.

ജലമാര്‍ഗങ്ങള്‍. ജലഗതാഗതം ചരക്കുഗതാഗതത്തില്‍ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. ചുരുങ്ങിയ ചെലവില്‍ ചരക്കുകള്‍ ദൂരസ്ഥലത്തേക്കു കൊണ്ടുപോകുവാന്‍ ജലഗതാഗതം സഹായിക്കുന്നു. ബി.സി. ഒന്നാം സഹസ്രാബ്ദത്തോടുകൂടി ഫിനിഷ്യര്‍ പായ്ക്കപ്പലുകള്‍ നിര്‍മിച്ചു മധ്യധരണ്യാഴിയില്‍ വാണിജ്യ മേധാവിത്വം സ്ഥാപിച്ചു. യാനപാത്രങ്ങള്‍ക്കു സഞ്ചരിക്കത്തക്ക രീതിയില്‍ കനാലുകള്‍ ആദ്യമായി നിര്‍മിച്ചത് ഈജിപ്തുകാരാണ്. വേഗത താരതമ്യേന കുറവാണെങ്കിലും വലുപ്പമേറിയ ചരക്കുകള്‍ കയറ്റി അയയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ജലമാര്‍ഗത്തിനാണ്. ജലമാര്‍ഗമുള്ള ചരക്കുഗതാഗതത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് കപ്പലുകളാണ്.

സ്വാതന്ത്യ്രലബ്ധിക്കുശേഷം മാത്രമാണ് കപ്പല്‍ഗതാഗതത്തിന് ഇന്ത്യയില്‍ കൂടുതല്‍ പ്രാധാന്യമുണ്ടായത്. അക്കാലത്ത് കപ്പല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന്റെ രണ്ടുശതമാനം പങ്കുമാത്രമാണ് ഇന്ത്യന്‍ കപ്പലുകള്‍ നിര്‍വഹിച്ചിരുന്നത്. പഞ്ചവത്സരപദ്ധതികളുടെ ആവിര്‍ഭാവത്തോടെ കപ്പല്‍ ഗതാഗതത്തിന് കൂടുതല്‍ ഊന്നല്‍ നല്കുകയും പൊതുമേഖലയില്‍ രണ്ടു കപ്പല്‍ ഗതാഗത കോര്‍പ്പറേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ 1952-ലും വെസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ 1956-ലും സ്ഥാപിതമായി. ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷനില്‍ 1919-ല്‍ സ്വകാര്യമേഖലയില്‍ രൂപീകരിച്ച സിന്ധ്യാ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ മൂലധനം കൂടി ലയിപ്പിച്ചു. 1961-ല്‍, പൊതുമേഖലയില്‍ സ്ഥാപിച്ച രണ്ടു കോര്‍പ്പറേഷനുകളെയും സംയോജിപ്പിച്ച് 'ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ' രൂപവത്കരിച്ചു. ഇന്ത്യയിലെ വിദേശവ്യാപാര രംഗത്ത് ചരക്കുകപ്പലുകള്‍ പ്രധാനമായി ഇന്ത്യ-ആസ്റ്റ്രേലിയ, ഇന്ത്യ-വിദൂര പൌരസ്ത്യദേശം ജപ്പാന്‍, ഇന്ത്യ-കരിങ്കടല്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം-പടിഞ്ഞാറെ പാകിസ്താന്‍-ജപ്പാന്‍, ഇന്ത്യ-പാകിസ്താന്‍, യു.കെ.-യൂറോപ്പ്, ഇന്ത്യ-പോളണ്ട്, ഇന്ത്യ-യു.എ.ആര്‍, ഇന്ത്യ-യു.എസ്. എന്നീ മാര്‍ഗങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. സ്വാതന്ത്യ്രലബ്ധിക്കുശേഷം 1988 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കപ്പലുകളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച 27 മടങ്ങായിരുന്നു. 1992 ഡി. അവസാനം ഇന്ത്യയ്ക്കു മൊത്തം 6.275 ദശലക്ഷം ടണ്‍ ഭാരശേഷിയുള്ള 430 കപ്പലുകളുണ്ടായിരുന്നു. ഇന്ത്യന്‍ കപ്പല്‍ വ്യവസായത്തെ പരിപോഷിപ്പിക്കാനായി 1988-നുശേഷം ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ കപ്പല്‍ശേഖരത്തിന്റെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുമ്പോള്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തന ശേഷിയുള്ള കപ്പലുകള്‍ മാത്രമേ വാങ്ങാവൂ എന്ന തീരുമാനം ഗവണ്‍മെന്റ് എടുത്തു. രാജ്യത്ത് നിലവില്‍ 872 വെസ്സലുക(7.89 മില്യണ്‍ ടണ്‍ ഭാരശേഷിയുള്ള 289 വെസ്സലുകളും 0.5 മില്യണ്‍ മുതല്‍ 0.99 മില്യണ്‍ ഭാരശേഷിയുള്ള 590 തീരദേശ വെസ്സലുകളും)മുണ്ട്.

വിവിധ തുറമുഖങ്ങളിലായി 2006-07 കാലവര്‍ഷത്തില്‍ 464 മെട്രിക്ടണ്‍ ചരക്കിന്റെ ഗതാഗതം സാധ്യമായതായി കണക്കാക്കുന്നു. ഇതില്‍ 12.2 ശതമാനം പെട്രോളിയം ഉത്പന്നങ്ങളാണ്.

ആഭ്യന്തര ജലഗതാഗതമാര്‍ഗം ഉപയോഗിച്ച് ചരക്കുഗതാഗതം നടത്തുന്ന സംസ്ഥാനങ്ങളില്‍ അസം, പ. ബംഗാള്‍, ബിഹാര്‍ എന്നിവ മുന്നിട്ടുനില്ക്കുന്നു. കേരളം, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജലപാതകളും ചരക്കു ഗതാഗത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ആഭ്യന്തര ജലഗതാഗത അതോറിറ്റി അതിന്റെ നാല് വര്‍ഷക്കാലാവധി ഒ. 1990-ഓടെ പൂര്‍ത്തിയാക്കി. ഈ അതോറിറ്റിയാണ് ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനവും നിയന്ത്രണവും ഏറ്റെടുത്തിരുന്നത്.

റെയില്‍വേകള്‍ പ്രചാരത്തില്‍ വരുംമുന്‍പ് ആഭ്യന്തര ജലഗതാഗതത്തിനു ചരക്കുഗതാഗതരംഗത്ത് വലിയ പങ്കുണ്ടായിരുന്നു. സംഘടനാപരമായും സാങ്കേതികമായും പിന്തുണയാര്‍ജിച്ചാല്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന് ഇന്ത്യന്‍ ഗതാഗതമേഖലയിലെ ഒരെണ്ണപ്പെട്ട കണ്ണിയാകാതെ തരമില്ല. സാധനങ്ങള്‍ ഈ മാര്‍ഗം വഴി കൊണ്ടുപോകുന്നതായാല്‍ ചെലവ് കുറയുമെന്ന പ്രത്യേക ആനുകൂല്യമുണ്ട്. ബെല്‍ജിയം, ഹോളണ്ട്, ജര്‍മനി, ഇംഗ്ളണ്ട് തുടങ്ങി വ്യാവസായികമായി പുരോഗതി നേടിയ രാജ്യങ്ങളില്‍പ്പോലും ഉള്‍നാടന്‍ ജലഗതാഗതം ചരക്കുഗതാഗതരംഗത്ത് നിര്‍ണായകമായ പങ്കു വഹിക്കുന്നു.

8.83 മില്യണ്‍ ടണ്‍ ചരക്കു വ്യാപാരമാണ് ജലഗതാഗതമാര്‍ഗത്തിലൂടെ ഇന്ത്യയില്‍ 2007-08 ല്‍ സാധ്യമായത്.

കേരളത്തില്‍. കേരള സംസ്ഥാനം ചരക്കു ഗതാഗത്തിന് വര്‍ധിച്ച തോതില്‍ റോഡുകളെയാണ് ആശ്രയിക്കുന്നത്. ചരക്കുഗതാഗതത്തില്‍ റോഡിന്റെ ഓഹരി ദേശീയതലത്തില്‍ 36 ശതമാനത്തോളമാണെങ്കില്‍ കേരളത്തില്‍ ഇത് 80 ശ.മാ. ആണ്. എങ്കിലും കേരളത്തിലെ മിക്ക റോഡുകളും വീതികുറഞ്ഞവയും ചരക്കു ഗതാഗതത്തിന് അപര്യാപ്തവുമാണ്. ഇന്ത്യയിലൊട്ടാകെ 60 ശ.മാ. ചരക്കുഗതാഗതം നടക്കുന്നത് റെയില്‍വേകളിലൂടെയാണ്. കേരളത്തില്‍ ഇത് ഉദ്ദേശം 17 ശ.മാ. മാത്രമാണ്. കൊച്ചി തുറമുഖം ഉദ്ദേശം ഏഴ് ദശലക്ഷം ടണ്‍ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നു. മറ്റു ചെറുകിട തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നത് രണ്ട് ലക്ഷം ടണ്‍ ചരക്കുകള്‍ മാത്രമാണ്. ഏകദേശം 2500 മെട്രിക് ടണ്‍ വരുന്ന ചരക്കുകള്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ ജലപാതകളിലൂടെയുള്ള ചരക്കു ഗതാഗതം കുറഞ്ഞുവരികയാണ്.

കേരളം മറ്റു സംസ്ഥാനങ്ങളല്‍നിന്നും കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നു എന്നാണ് സംസ്ഥാനത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ ഗതിയെക്കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത്. വിവിധ സാധനങ്ങള്‍ക്കായി കേരളം ഇതര സംസ്ഥാനങ്ങളെ വര്‍ധിച്ച തോതില്‍ ആശ്രയിക്കുന്നതിനു പ്രധാന കാരണം കാര്‍ഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുള്ള അപര്യാപ്തതയാണ്. ജനസംഖ്യാ വര്‍ധനയോടൊപ്പം വ്യാപാര ഇടപാടുകളും വര്‍ധിക്കുന്നു. ഇത് സംസ്ഥാനത്തെ ചരക്കു ഗതാഗത സംവിധാനത്തിന് ഭാരമായിത്തീരുകയും ചെയ്യുന്നു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാത്തതു കാരണം കേരളത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. പ്ലാന്റേഷന്‍ വിളകളും നാണ്യ വിളകളും വര്‍ധിച്ച തോതില്‍ ഉത്പാദിപ്പിക്കുന്ന കേരളത്തില്‍നിന്നും നാളികേരം, അടയ്ക്ക, തേയില, കാപ്പി, റബ്ബര്‍, ഏലം, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ലോഹങ്ങള്‍, ധാതുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയും റെയില്‍മാര്‍ഗം മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊടുക്കേണ്ടതായും വരുന്നു. ഈ ഘടകങ്ങളെല്ലാം റെയില്‍മാര്‍ഗമുള്ള അന്തര്‍സംസ്ഥാന ചരക്കുഗതാഗതത്തിനു വഴി ഒരുക്കുന്നു. റെയില്‍ മാര്‍ഗമുള്ള ഇത്തരം ചരക്കുഗതാഗതത്തിനു വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. അറുപതുകളുടെ മധ്യകാലംവരെ റെയില്‍മാര്‍ഗമുള്ള കയറ്റുമതിയും ഇറക്കുമതിയും ഏകദേശം ഒരേ തോതിലുള്ളതായിരുന്നു. എഴുപതുകളായപ്പോഴേക്കും ഇറക്കുമതി കയറ്റുമതിയെക്കാള്‍ വര്‍ധിക്കുകയുണ്ടായി. സംസ്ഥാനത്തുനിന്നും ഉദ്ഭവിക്കുന്ന ചരക്കുകളില്‍ വ്യാവസായിക അസംസ്കൃത വസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, രാസവളം എന്നിവയായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ഇറക്കുമതിവസ്തുക്കളില്‍ മുഖ്യമായവ ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ, സിമന്റ്, സ്റ്റീല്‍, പലയിനം ഉപഭോഗവസ്തുക്കള്‍ എന്നിവയായിരുന്നു.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍