This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരക്കടിയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരക്കടിയല്‍

Dumping

സാമ്പത്തികശാസ്ത്രത്തില്‍ ഉത്പന്നവിപണനവുമായി ബന്ധപ്പെട്ട് പ്രയോഗിക്കുന്ന ഒരു സാങ്കേതിക പദം. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക പദമാണിതെങ്കിലും ഒന്നാം ലോകയുദ്ധകാലത്തോടടുപ്പിച്ചാണ് ഇതിന് ഏറെ പ്രചാരമുണ്ടായത്. ആഭ്യന്തര വിപണിയിലെ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു വസ്തുവിനെ വിദേശരാജ്യത്തു വില്ക്കുകയാണെങ്കില്‍ അതാണ് 'ചരക്കടിയല്‍' എന്ന് വൈനര്‍ ((Viner, 1923) നിര്‍വചനം നല്കി. റോബിന്‍സണ്‍ (Robinson, 1933) ഹെബര്‍ലര്‍ (Herberler, 1937) തുടങ്ങിയ മറ്റു സാമ്പത്തിക വിദഗ്ധരും ചരക്കടിയലിനെക്കുറിച്ച് അവരവരുടെ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചരക്കു ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ പുരോഗതിക്കു ഹാനികരമായ ഒരു സമ്പ്രദായമാണിത്. ആഭ്യന്തരവിപണിയിലെയും വിദേശവിപണിയിലെയും വിലകള്‍ തമ്മിലുള്ള അന്തരം ചരക്കുകളുടെ ഉത്പാദനത്തിലോ ഗതാഗതച്ചെലവിലോ വിതരണത്തിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ഉത്പാദന വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കു ചരക്കുകള്‍ വിറ്റഴിക്കുക എന്ന അര്‍ഥത്തിലാണ് ഈയടുത്തകാലത്തായി 'ചരക്കടിയല്‍' എന്ന പദം പ്രയോഗിക്കപ്പെടുന്നത്.

വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കുത്തക ഉത്പന്നങ്ങള്‍ക്ക് യൂണിറ്റൊന്നുക്കുള്ള ഉത്പാദനച്ചെലവ് കുറയ്ക്കാനാകുമെന്നുള്ളതുകൊണ്ട് ഈ സമ്പ്രദായം കുത്തകകള്‍ക്ക് പ്രയാസമെന്യേ നടപ്പിലാക്കാന്‍ കഴിയുന്നതാണ്. ഇത്തരം കുത്തക ഉത്പന്നങ്ങളെ ആഭ്യന്തരവിപണിയില്‍മാത്രം അധികത്തോതില്‍ വില്ക്കുന്നതായാല്‍ കാലക്രമേണ അവയുടെ വിലയില്‍ ഇടിവുണ്ടാകാനിടയുണ്ട്. ആഭ്യന്തരവിപണിയില്‍ വില്പന നടത്തുന്ന ചരക്കുകളുടെ തോത് കുറച്ചുകൊണ്ട് വിദേശവിപണിയില്‍ക്കൂടി അവയെ വില്ക്കുമ്പോള്‍ ഉത്പാദകര്‍ക്ക് ഏറ്റവും കൂടുതല്‍ വിലയും ലാഭവും നേടാന്‍ കഴിയും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കുത്തകയുത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ ഓരോ വിപണിയിലെയും ചോദന ഇലാസ്തികതയ്ക്ക് അനുസൃതമായി വിലകളെ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്ത് അവരുടെ ലാഭത്തോത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുങ്കവര്‍ധന തുടങ്ങിയ നടപടികള്‍ സ്വീകരിച്ച് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ചരക്കടിയലിനെതിരെ പ്രതിരോധിക്കുവാന്‍ സാധ്യമാണ്. ചരക്കടിയലിനെതിരായുള്ള നിയമങ്ങള്‍ ഒരു പ്രത്യേക സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളവയല്ല. ചുങ്കങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാനസിദ്ധാന്തം ചരക്കടിയലിനും ബാധകമാണ്. ചരക്കടിയലിനെതിരെയുള്ള ഡ്യൂട്ടികളെ അന്തര്‍ദേശീയമായിത്തന്നെ അംഗീകരിച്ചിട്ടുണ്ട്. ചുങ്കങ്ങള്‍ക്കും വിദേശവ്യാപാരത്തിനുമുള്ള പൊതുകരാര്‍ (ഗാട്ട്) ചരക്കടിയലിനെ നിരോധിച്ചിട്ടില്ല.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍