This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരകന്‍

പ്രാമാണികനായ ഒരു ബുദ്ധിസ്റ്റ് ആയുര്‍വേദാചാര്യന്‍. ഏറ്റവും പ്രാചീന ആയുര്‍വേദ ഗ്രന്ഥമായ ചരകസംഹിതയുടെ സംസ്കര്‍ത്താവ്. ചരകന്‍ പ്രതിസംസ്കരിച്ച് ദൃഢബലന്‍ പൂരിപ്പിച്ച അഗ്നിവേശ സംഹിതയാണ് ചരകസംഹിതയായി അറിയപ്പെടുന്നത്. ചരകന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവിധ ഗ്രന്ഥങ്ങളില്‍ പല രീതിയിലാണ് ചരകശബ്ദം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ആയുര്‍വേദപണ്ഡിതനായിരുന്ന അനന്തനാണ് ചരകനെന്നും എപ്പോഴും സഞ്ചരിക്കുന്ന സ്വഭാവമുള്ളതിനാലാണ് ഈ പേര് ഉണ്ടായതെന്നും ധാരാളം ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചരകനെ ഭിക്ഷാംദേഹിയായ ഋഷിയായിട്ടാണ് രുദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചരകനും പതഞ്ജലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഇവര്‍ വ്യത്യസ്ത വ്യക്തികളായിരുന്നു എന്ന് തെളിയിക്കാന്‍ ചരകസംഹിതയും പതഞ്ജലിയുടെ മഹാഭാഷ്യവും തമ്മിലുള്ള താരതമ്യപഠനം സഹായിക്കുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. യജുര്‍വേദത്തിലും തൈത്തരീയ ബ്രാഹ്മണത്തിലും ചരകനെപ്പറ്റിയുള്ള പരാമര്‍ശമുള്ളതിനാല്‍ വേദകാലത്തിനു മുന്‍പായിരിക്കണം ഇദ്ദേഹത്തിന്റെ ജീവിതകാലം എന്നൊരഭിപ്രായവും നിലവിലുണ്ട്. ചില ബുദ്ധമത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ചരകന്‍ കനിഷ്കന്റെ ആത്മീയ ഗുരുവായിരുന്നു എന്ന് ഫ്രഞ്ച് പണ്ഡിതനായ സില്‍വാന്‍ ലെവി (Sylvan Levi) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചരകസംഹിതയില്‍ ബുദ്ധമതസ്വാധീനമില്ലാത്തതിനാല്‍ ഈ അഭിപ്രായത്തെയും ചില പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു. ഇപ്രകാരം ചരകന്റെ ജീവിതകാലം ബി.സി. 2-ാം ശതകത്തിനും എ.ഡി. 2-ാം ശതകത്തിനും മധ്യേയായിരിക്കാം എന്നാണ് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത്.

കായചികിത്സയ്ക്കാണ് ചരകസംഹിതയില്‍ പ്രാധാന്യം നല്കിയിട്ടുള്ളത്. എട്ടു സ്ഥാനങ്ങളും (സൂത്രം, നിദാനം, വിമാനം, ശാരീരം, ഇന്ദ്രിയം, ചികിത്സിതം, കല്പം, സിദ്ധി) 120 അധ്യായങ്ങളുമാണ് ഈ ഗ്രന്ഥത്തിലടങ്ങിയിരിക്കുന്നത്. ചരകത്തിലെ ദര്‍ശനങ്ങള്‍ മറ്റു ദര്‍ശനങ്ങളെക്കാള്‍ പ്രാചീനമാണ്. മഹാഭാരതത്തിലും ഉപനിഷത്തുകളിലും വര്‍ണിക്കപ്പെട്ടിരിക്കുന്ന പല വാദങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. ചരകന്റെ അഭിപ്രായത്തില്‍ പ്രപഞ്ചവും മനുഷ്യനുംപോലെ ആഹാരപദാര്‍ഥങ്ങളും ഔഷധങ്ങളും പഞ്ചഭൂതനിര്‍മിതമാണ്. മനുഷ്യശരീരത്തിലെ രക്തപ്രവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണ ചരകനുണ്ടായിരുന്നു. ആയുര്‍വേദോത്പത്തി, ആചാര്യശിഷ്യഗുണങ്ങള്‍, ശാസ്ത്രഗുണങ്ങള്‍, ഭ്രൂണവിജ്ഞാനീയം, മൃതശരീരപഠനം, മാനസികരോഗങ്ങള്‍, വിഷചികിത്സ, ദിനചര്യ വ്രതങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയ വിവിധതരം വിഷയങ്ങള്‍ സംഹിതയില്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 7-ാം ശ. മുതല്‍ തന്നെ ഇസ്ലാം റോമാസാമ്രാജ്യങ്ങളിലും 11-ാം ശ. മുതല്‍ യൂറോപ്പിലും ഏഷ്യയിലും ചരകത്തിനെ അനുകരിച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഭട്ടാരഹരിശ്ചന്ദ്രന്‍, ജജ്ജടന്‍, സ്വാമി കുമാരന്‍, ചക്രപാണി ദത്തന്‍, ശിവദാസസേനന്‍, കവിരാജ് ഗംഗാധര്‍ജി തുടങ്ങിയ പണ്ഡിതന്മാരുടെ ചരകവ്യാഖ്യാനങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഇപ്രകാരം ചരകന്‍ വേദകാലത്തും അതിനു മുന്‍പും പിന്‍പും അറിയപ്പെട്ടിരുന്ന ഒരു മഹാനായിരുന്നു. നോ: ചരകസംഹിത

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B0%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍