This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമ്പ

1. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ സപ്തതാളങ്ങളില്‍ ഒന്ന്. ഗീതത്തിന്റെ കാലയളവ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന പ്രവൃത്തി വിശേഷമാണ് താളങ്ങള്‍. ഇവ ധ്രുവം, മഠ്യം, രൂപകം, ചമ്പ, ത്രിപുട, അട, ഏകം എന്നിങ്ങനെ ഏഴെണ്ണമാണ്. സപ്തതാളങ്ങള്‍ എന്നറിയപ്പെടുന്ന ഇവ പുരന്ദരദാസര്‍ സൂളാദികള്‍ എന്ന തന്റെ സംഗീത കൃതിവിശേഷങ്ങളില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് അവ സൂളാദിതാളങ്ങള്‍ എന്നും അറിയപ്പെടുന്നു.

യഥാക്രമം ലഘു, അനുദ്രുതം, ദ്രുതം എന്നിവയാണ് ചമ്പയുടെ അംഗങ്ങള്‍. ഇതില്‍ ലഘുവിന്റെ ജാതിഭേദങ്ങള്‍ക്കനുസരിച്ച് ചമ്പ അഞ്ചുതരത്തിലുണ്ട്. ഒരാവര്‍ത്തനത്തില്‍ 6 അക്ഷരകാലം വരുന്ന കദംബ (ത്രിശ്രജാതി), 7 വരുന്ന മധുര (ചതുരശ്രജാതി), 8 വരുന്ന ചണ (ഖണ്ഡജാതി), 10 വരുന്ന സുര (മിശ്രജാതി), 12 വരുന്ന കര (സങ്കീര്‍ണജാതി) എന്നിവയാണവ. ഇവയോരോന്നിനെയും തിശ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെ ഗതിഭേദം അനുസരിച്ച് വീണ്ടും അഞ്ചായി വിഭജിച്ചിട്ടുണ്ട്.

ഈ താളയിനങ്ങളെല്ലാം തന്നെ സംഗീതകൃതികളില്‍ സാധാരണമല്ല. ചമ്പ എന്നു മാത്രം കുറിച്ചിട്ടുണ്ടെങ്കില്‍ അത് മിശ്രജാതി ചമ്പയാണെന്നുകരുതണം. അതുതന്നെ പലതരത്തില്‍ പ്രയോഗിച്ചു കാണാറുണ്ട്. നാലും ആറും അക്ഷരങ്ങളുള്ള രണ്ടംഗങ്ങളായി പിരിച്ച് ഓരോ അംഗത്തെയും ഓരോ അടികൊണ്ടുമാത്രം പിടിക്കുന്നതാണ് ഒരു രീതി. ചിലപ്പോള്‍ അഞ്ചക്ഷരം വീതമുള്ള രണ്ടംഗങ്ങളായി പിരിച്ച് ഖണ്ഡചാപ്പായി താളം പിടിക്കാറുണ്ട്. മിശ്രജാതി ചമ്പയ്ക്കു സമാനമാണ് ഹിന്ദുസ്ഥാനിസംഗീതത്തിലെ ജപ്താള്‍ എന്ന താളം.

നീലാംബരി രാഗത്തില്‍ 'ഉയ്യാലലുക...' എന്നാരംഭിക്കുന്ന ത്യാഗരാജകീര്‍ത്തനവും നാട്ടക്കുറിഞ്ഞിയില്‍ 'ബുധമാശ്രയാമി...' എന്നു തുടങ്ങുന്ന മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയും ഗൌളരാഗത്തില്‍ 'കാമജനക...' എന്നാരംഭിക്കുന്ന സ്വാതിതിരുനാള്‍ കൃതിയും ചമ്പതാളത്തില്‍ പാടുന്നവയാണ്.

കഥകളിയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട നാലു താളങ്ങളിലൊന്നു ചമ്പയാണ്.

2. പുരാതന ഇന്ത്യയുടെ തെ.കി. ഏഷ്യയിലെ ഒരു കോളനി. എ.ഡി. ഒന്നും രണ്ടും ശ.-ങ്ങളില്‍ ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, ബര്‍മ (മ്യാന്‍മര്‍) എന്നീ സ്ഥലങ്ങളില്‍ കോളനികള്‍ സ്ഥാപിക്കുകയും അവ കാലക്രമേണ സ്വതന്ത്ര ഹൈന്ദവ രാഷ്ട്രങ്ങളാവുകയും ചെയ്തു. ഇന്തോ ചൈനയുടെ കി. തീരത്ത് (ഇന്നത്തെ അനാം) 2-ാം ശ.-ത്തില്‍ ചമ്പാനഗരം ആസ്ഥാനമാക്കി ഒരു ഹൈന്ദവരാഷ്ട്രം ഉടലെടുത്തു. ശ്രീമാരന്‍ എന്ന രാജാവ് ചൈനയുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചാണ് ഈ ഹൈന്ദവരാഷ്ട്രം രൂപവത്കരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ 15-ാം ശ.-ത്തിന്റെ അന്ത്യംവരെ ചമ്പ ഭരിച്ചു. തലസ്ഥാനത്തിന്റെ പേരിലാണ് മുഴുവന്‍ രാജ്യവും അറിയപ്പെടുന്നത്. ചൈനീസ് ക്രോണിക്കിളും, ശ്രീമാരന്റെ ശിലാലിഖിതവുമാണ് ഈ രാജ്യത്തെക്കുറിച്ച് വിവരംതരുന്ന രേഖകള്‍.

ചൈനയിലെ ഹണ്‍വംശത്തിന്റെ പതനത്തോടുകൂടി (എ.ഡി. 220) ചമ്പയിലെ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് ചൈനയുമായി പല പ്രാവശ്യം ഏറ്റമുട്ടേണ്ടിവന്നു. 248-ല്‍ ചൈനയുടെ കീഴിലുള്ള കൈചു (Kaichu) വുമായി ഏറ്റുമുട്ടി. കൈചുവിലെ ഗവര്‍ണറുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം കൈസു ജില്ല ചമ്പയ്ക്ക് ലഭിച്ചു. ശ്രീമാരനുശേഷം ഫന്‍ ഹയോങ്ങും (Fan Hiong) ഫന്‍-യിയും (Fan-yi) രാജാവായി. എ.ഡി. 284-ല്‍ ഫന്‍-യി ചൈനയില്‍ ഒരു ദൗത്യസംഘത്തെ അയച്ചു. രാജാവിന്റെ മരണത്തോടെ (336) ജനറലായ ഫന്‍ വെന്‍ (Fan-wen) രാജ്യം പിടിച്ചെടുത്തു. ഇദ്ദേഹം 347-ല്‍ ചൈനയില്‍ നിന്ന് നൂല്‍നാം പിടിച്ചടക്കി. തുടര്‍ന്നുള്ള 50 വര്‍ഷം ചൈനയുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്നുവന്ന ഫന്‍ വെന്റെ പൌത്രനായ ഭദ്രവര്‍മന്‍ തന്റെ രാജ്യത്തെ അമരാവതി, വിജയ, പാണ്ഡുരംഗ എന്നീ പ്രവിശ്യകളായി തിരിച്ചു. ഇദ്ദേഹമാണ് മൈസണിലെ ശിവക്ഷേത്രമായ ഭദ്രേശ്വരക്ഷേത്രം നിര്‍മിച്ചത്.

തുടര്‍ന്നുവന്ന ഗംഗരാജന്‍ രാജ്യം ഉപേക്ഷിച്ച് ഗംഗയില്‍ പോയി. ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് 420-ല്‍ ഫാന്‍ യാങ്മായ് പുതിയൊരുവംശം സ്ഥാപിച്ചു. ചൈനയുമായി യുദ്ധം തുടര്‍ന്നു. 446-ല്‍ ചൈന ചമ്പയുടെ തലസ്ഥാനനഗരി ആക്രമിച്ചു. ഇദ്ദേഹത്തിന്റെ കാലശേഷം വിജയവര്‍ധമന്‍, രുദ്രവര്‍മന്‍, ശംഭുവര്‍മന്‍ തുടങ്ങിയവര്‍ ഭരിച്ചു. കന്ദര്‍പധര്‍മന്റെ കാലത്ത് (629) ചൈനയുമായി നല്ലബന്ധം സ്ഥാപിക്കുകയും മുടങ്ങാതെ കപ്പംകൊടുക്കുകയും ചെയ്തു. ഈ വംശത്തിലെ അവസാനത്തെ രാജാവായ രുദ്രവര്‍മന്‍ II ചൈനയ്ക്ക് കപ്പം കൊടുത്തിരുന്നതായി രേഖകളുണ്ട്.

അനാമിഡുകാര്‍ സ്വതന്ത്രമായപ്പോള്‍ ചമ്പ അവരോട് ഏറ്റുമുട്ടി. കൂടാതെ പടിഞ്ഞാറന്‍ അയല്‍രാജ്യമായ കംബുവയുമായും പല പ്രാവശ്യം യുദ്ധംചെയ്തു. 1190-ല്‍ കംബുജരാജാവായ ജയവര്‍മന്‍ VII ചമ്പ രാജാവിനെ തോല്പിച്ച് ചമ്പ പിടിച്ചെടുത്തു. തുടര്‍ന്ന് 30 വര്‍ഷത്തെ യുദ്ധത്തിനുശേഷം ചമ്പ സ്വതന്ത്രമായി. മംഗോള്‍ നേതാവായ കുബ്ലാഖാന്റെ (1216-94) ചമ്പാ ആക്രമണത്തെ (1282, 85) പരാജയപ്പെടുത്തി. 15-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ അനാമിഡുകാര്‍ ചമ്പ മുഴുവന്‍ പിടിച്ചെടുത്തതോടുകൂടി ചമ്പയുടെ ചരിത്രം അവസാനിച്ചു. ഹിന്ദുമതം, ബുദ്ധമതം, സംസ്കൃതം എന്നിവയുടെ കേന്ദ്രമായിരുന്ന ചമ്പ ഇപ്പോള്‍ വിയറ്റ്നാമിന്റെ ഭാഗമാണ്.

3. പ്രാചീന ഭാരതത്തിലെ 16 ജനപദങ്ങളില്‍ ഒന്നായ അംഗരാജ്യത്തിന്റെ തലസ്ഥാനമാണ് ചമ്പ. ബൌദ്ധകാലത്ത് അംഗരാജ്യം മഗധയുടെ കീഴിലായി. തുടര്‍ന്നു ചമ്പ പ്രധാനപ്പെട്ട ബുദ്ധകേന്ദ്രങ്ങളിലൊന്നായി മാറി. ഇന്നത്തെ ബിഹാറിലാണ് ചമ്പ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍