This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രന്‍, കെ.എസ്. (1929 - 2005 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രന്‍, കെ.എസ്. (1929 - 2005 )

മലയാള നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. മീനച്ചല്‍ താലൂക്കില്‍ പുലിയന്നൂരിലെ പുല്ലാട്ടുവീട്ടില്‍ കോനാട്ട് ശങ്കരപ്പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1929-ല്‍ ജനിച്ചു. കെ.എസ്. ചന്ദ്രശേഖരന്‍നായര്‍ എന്നാണ് മുഴുവന്‍പേര്. 1950-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ബി.എ. ബിരുദം സമ്പാദിച്ചശേഷം പൊന്‍കുന്നം ഇംഗ്ലീഷ് ഹൈസ്കൂളില്‍ മൂന്നുവര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ പഠനം തുടര്‍ന്ന് എം.എ. പാസ്സാവുകയും കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ അധ്യാപകനായി ചേരുകയും ചെയ്തു. 1958-ല്‍ ജനയുഗത്തിന്റെ പത്രാധിപസമിതിയില്‍ അംഗമായി. 1962-ല്‍ കേരളശബ്ദം ആരംഭിച്ചപ്പോള്‍ അതിന്റെ പത്രാധിപരായി.

1978-ല്‍ സ്വന്തമായി ചതുരംഗം വാരിക ആരംഭിച്ച് അതിന്റെ പത്രാധിപരായി. അറുപതികളിലും എഴുപതുകളിലും മലയാളത്തില്‍ തിളങ്ങിനിന്ന പത്രാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടി. നോവല്‍, ഗ്രന്ഥനിരൂപണങ്ങള്‍, ലേഖനങ്ങള്‍, പരിഭാഷകള്‍ എന്നിങ്ങനെ വിവിധ തുറകളില്‍ സാഹിത്യസേവനം അനുഷ്ഠിച്ച ചന്ദ്രന്‍ പന്ത്രണ്ടിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാപത്തിനു മരണമില്ല, ഉമിത്തീ, ഇരുട്ടിന്റെ ചിറകടികള്‍, പകലുകളില്ലാത്ത വീട് (നോവലുകള്‍), നഗരത്തിന്റെ മാറിലും മറവിലും, ഞാന്‍ കണ്ട ക്രൂഷേവ്, മദാലസയായ പാരീസ്, വിടവാങ്ങല്‍ എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്.

2005 ജനു. 6-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍