This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുരക്കള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുരക്കള്ളി

Prickly Pear

യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം കള്ളിച്ചെടി. ശാ.നാ. യൂഫോര്‍ബിയ ആന്റിക്വോറം (Euphorbia antiquorum). ഇന്ത്യയിലെയും ശ്രീലങ്കയിലെയും ചൂടുള്ള എല്ലാ സ്ഥലങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്. എന്നാല്‍ 600 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളില്‍ ചതുരക്കള്ളി സാധാരണ വളരാറില്ല.

ചതുരക്കള്ളി

ഒന്‍പതു മീ. വരെ ഉയരത്തില്‍ വളരുന്ന സാമാന്യം വലിയൊരു കുറ്റിച്ചെടിയോ ചെറുമരമോ ആണിത്. വൃക്ഷകാണ്ഡത്തിന് മുപ്പതു സെന്റീമീറ്ററോളം വ്യാസമുണ്ട്. ഉരുണ്ടതും മാംസളമായതുമായ വൃക്ഷകാണ്ഡത്തില്‍ ആഴം കൂടിയ ചാലുകളുണ്ട്. കാണ്ഡം ക്ളാഡോഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പുറംതൊലി കട്ടിയുള്ളതും പരുപരുത്തതും മുകളിലേക്കു ചായുന്ന അനേകം ശാഖകളുള്ളതുമാണ്. കടുംപച്ചനിറമുള്ള ശാഖകള്‍ തടിച്ച് മാംസളമായതും പര്‍വിത (jointed) ഘടനയുള്ളതുമാണ്. 3-5 വക്രിത ചിറകുകള്‍ ഓരോ പര്‍വത്തിലുമുണ്ട്.

ഇലകള്‍ വളരെ ചെറുതാണ്. 6-13 മി.മീ. നീളവും വൃത്താകൃതിയുള്ളതുമായ ഇലകള്‍ മാംസളവും നല്ല തിളക്കമുള്ളതുമാണ്. ഇലകള്‍ ഏകാന്തരക്രമത്തിലാണ് വിന്യസിച്ചിട്ടുള്ളത്. ഇവ വളരെവേഗം കൊഴിഞ്ഞുപോകുന്നതിനാല്‍ ചതുരക്കള്ളിക്ക് ഇലകള്‍ ഇല്ലെന്നു തോന്നും. ചെടിനിറയെ കൂര്‍ത്തുമൂര്‍ച്ചയുള്ള ചെറിയ മുള്ളുകളുണ്ട്. സയാത്തിയം പുഷ്പമഞ്ജരിയാണ് ചതുരക്കള്ളിക്കുള്ളത്. ഒറ്റനോട്ടത്തില്‍ ഇത് ഒരൊറ്റ പുഷ്പമാണെന്നേ തോന്നുകയുള്ളു. പുഷ്പമഞ്ജരിയുടെ പുറത്തായി അഞ്ചുപാളികളുള്ള ഒരു സംയുക്ത സഹപത്രചക്രമുണ്ട്. സഹപത്രചക്രത്തോടുചേര്‍ന്ന് ഒന്നോ അതില്‍ കൂടുതലോ മധുഗ്രന്ഥികള്‍ സാധാരണ കാണാം. സഹപത്രചക്രത്തിനുള്ളില്‍ ഒന്നോ രണ്ടോ പെണ്‍പുഷ്പങ്ങളും അതിനുചുറ്റുമായി ആണ്‍പുഷ്പങ്ങളും ക്രമീകരിച്ചിരിക്കുന്നു. പെണ്‍പുഷ്പത്തിന് ഒരു ചെറിയ ഞെട്ടും മൂന്നു ബീജാണ്ഡപര്‍ണങ്ങളടങ്ങിയ ഒരു സംയുക്തബീജാണ്ഡപര്‍ണജനിയും മാത്രമേയുള്ളു. ഓരോ ആണ്‍പൂവിനും ഒരു ചെറിയ ഞെട്ടും ഒരു പരാഗകോശവും മാത്രവും. ആണ്‍പുഷ്പങ്ങളോടു ചേര്‍ന്ന് ധാരാളം ലോമം നിറഞ്ഞ ശല്ക്കങ്ങള്‍ ഉണ്ട്. വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്നിരിക്കുന്നു. ഫലാംശം അവമര്‍ദിതമാണ്. കാണ്ഡഭാഗം മുറിച്ചുനട്ടാണ് പ്രജനനം നടത്താറുള്ളത്.

വേരിന്റെ തൊലി വിരേചനൗഷധമാണ്. വേരും കായവും കൂടി അരച്ച് വിരശല്യമുള്ള കുട്ടികളുടെ വയറ്റില്‍ പുരട്ടാറുണ്ട്. കാണ്ഡം വാതത്തിന് ഔഷധമായി ഉപയോഗിക്കുന്നു. ശാഖകളിലെ ചവര്‍പ്പുള്ള വെളുത്ത ലാറ്റക്സ് വിരേചനൗഷധമാണ്. നടുവേദനയുടെയും പല്ലുവേദനയുടെയും ശമനത്തിനും ഇത് ഉപയോഗിക്കുന്നു. അരിമ്പാറ ഇല്ലാതാക്കാന്‍ ഇതിന്റെ ലാറ്റക്സ് പുരട്ടാറുണ്ട്. പാമ്പുവിഷത്തിനും ഈ ലാറ്റക്സ് ഔഷധമായി കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍