This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണ്ഡീദാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചണ്ഡീദാസ്

പ്രാചീന വൈഷ്ണവ കവി. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ നന്തൂര്‍ ഗ്രാമമാണു ജന്മസ്ഥലം. അനന്തബഡു ചണ്ഡീദാസ് എന്നാണ് പൂര്‍ണമായ പേര്. 15-ാം ശ.-ത്തില്‍ ബംഗാളീ സാഹിത്യത്തിലുണ്ടായ ഭക്തിപ്രസ്ഥാനത്തിന്റെ നടുനായകത്വം വഹിച്ചിരുന്നത് ഇദ്ദേഹമാണ്. വൈഷ്ണവമതപ്രചാരണത്തിനുവേണ്ടി ലളിതവും പ്രൌഢവുമായ അനേകം ഭാവഗീതങ്ങള്‍ ചണ്ഡീദാസ് രചിക്കുകയുണ്ടായി.

ചണ്ഡീദാസിന്റെ മുഖ്യ രചന ശ്രീകൃഷ്ണ കീര്‍ത്തന്‍ എന്ന ഗാനസമാഹാരമാണ്. ജയദേവന്റെ ഗീതഗോവിന്ദത്തെ അവലംബമാക്കി രചിച്ച ഈ കൃതിയിലെ ഇതിവൃത്തം രാധാമാധവ പ്രണയമാണ്. ബംഗാളിയിലുണ്ടായ ആദ്യത്തെ കൃഷ്ണലീലാ കാവ്യവുമാണിത്. 1911-ല്‍ ബസന്തരഞ്ജന്‍ റായ് ഇതിന്റെ കൈയെടുത്തുപ്രതി കണ്ടെത്തി. പതിനൊന്നധ്യായങ്ങളുള്ള കാവ്യത്തിലുടനീളം വികാരതീവ്രമായ രംഗങ്ങളാണുള്ളത്. അതിരുകടന്ന ശൃംഗാര വര്‍ണനകള്‍ക്കു സ്ഥാനം നല്കി എന്ന പരാതിയും ഇല്ലാതില്ല. ശോകഭാവങ്ങളുടെ ആവിഷ്കരണത്തില്‍ കവിക്കുള്ള അദ്ഭുതകരമായ വൈഭവത്തെ ആദരിച്ചാണ് 'സാങ്കല്പിക ദുഃഖത്തിന്റെ കവി' എന്ന വിശേഷണം ഇദ്ദേഹത്തിനു നല്കിയിരിക്കുന്നത്.

മറ്റു രണ്ടു ചണ്ഡീദാസന്മാര്‍ കൂടി ബംഗാളില്‍ ജീവിച്ചിരുന്നതായി സാഹിത്യചരിത്രം പറയുന്നുണ്ട്. ഒരാള്‍ 15-ാം ശതകത്തില്‍ത്തന്നെ ജീവിച്ച 'ദ്വിജന്‍' ആണ്. ബഡു ചണ്ഡീദാസിന്റെ കൃതികളെന്നപോലെ ഈ ചണ്ഡീദാസിന്റെ കവിതകളും ചൈതന്യത്തിന് ഉത്തേജകമായി ഭവിച്ചിരിക്കണം എന്ന അഭിപ്രായമുണ്ട്. മൂന്നാമത്തെ ചണ്ഡീദാസന്‍ ചൈതന്യന്റെ കാലശേഷം 17-ാം ശതകത്തില്‍ ജീവിച്ച 'ദിനന്‍' ആണ്. ഇരുവരും വൈഷ്ണവ മതാനുയായികളും ഭാവഗായകരുമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍