This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചണവ്യവസായം

ഇന്ത്യയില്‍ സംഘടിതവ്യവസായങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒരു വ്യവസായം. ഇത് പശ്ചിമബംഗാളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ചില ചണമില്ലുകള്‍ അസം, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ ആദ്യത്തെ ചണ ഫാക്റ്ററി ബംഗാളിലെ സെറാംപൂര്‍ എന്ന സ്ഥലത്ത് 1855-ല്‍ സ്ഥാപിച്ചു. ആദ്യകാലത്ത് ചണമില്‍ വ്യവസായത്തില്‍ ബ്രിട്ടീഷുകാരുടെ മുതല്‍മുടക്കാണ് കൂടുതലായുണ്ടായിരുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് ചണസാമഗ്രികള്‍ക്കുണ്ടായ വര്‍ധിച്ച ആവശ്യം കാരണം ഈ വ്യവസായത്തിന് ദ്രുതഗതിയിലുള്ള അഭിവൃദ്ധി നേടുവാന്‍ കഴിഞ്ഞു. പക്ഷേ, 1929-ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം ചണവ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ വ്യവസായത്തിന്റെ സ്ഥിതി വീണ്ടും മെച്ചപ്പെട്ടു. എന്നാല്‍ യുദ്ധം പൂര്‍വേഷ്യയിലേക്ക് വ്യാപിച്ചപ്പോള്‍ സ്ഥിതി വഷളായി. തുടര്‍ന്ന് ഉത്പാദനം നിയന്ത്രിക്കേണ്ടിവന്നു. 1947-ലെ ഇന്ത്യാവിഭജനത്തിന്റെ ഫലമായി ചണം കൃഷിചെയ്യുന്ന പ്രദേശത്തിന്റെ ഏറിയഭാഗവും കിഴക്കന്‍ പാകിസ്താനി(ഇപ്പോഴത്തെ ബംഗ്ളാദേശ്)ലും ചണമില്ലുകള്‍ അധികവും ഇന്ത്യയിലും ആയി. ഇക്കാരണത്താല്‍ വ്യവസായത്തിനാവശ്യമായ അസംസ്കൃതവസ്തുവിന് പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു. അതേസമയം ഇന്ത്യയില്‍ത്തന്നെ കൂടുതല്‍ പ്രദേശത്ത് ചണം കൃഷിചെയ്യാനുള്ള ഏര്‍പ്പാടുകളും ഉണ്ടാക്കി. എന്നാല്‍ പാകിസ്താനില്‍ കൂടുതല്‍ മില്ലുകള്‍ സ്ഥാപിച്ച് അസംസ്കൃതചണം അവിടെത്തന്നെ സംസ്കരിക്കുവാന്‍ ആരംഭിച്ചതോടെ ഈ രംഗത്ത് ഇന്ത്യയ്ക്കു പാകിസ്താന്റെ കടുത്തമത്സരം നേരിടേണ്ടിവന്നു. പാകിസ്താനിലെ നൂതനചണമില്ലുകളില്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചതുകൊണ്ട് ഇന്ത്യന്‍മില്ലുകളെ നവീകരിക്കേണ്ടതും ആവശ്യമായി വന്നു. ഇന്ന് ഇന്ത്യ അസംസ്കൃത ചണത്തിന്റെ കാര്യത്തില്‍ ഏതാണ്ട് സ്വയം പര്യാപ്തത നേടിയിട്ടുണ്ട്.

ആസൂത്രണപ്രക്രിയ ആരംഭിക്കുന്നതിനുമുന്‍പ് രാജ്യത്തെ ചണവസ്തുക്കളുടെ ഉത്പാദനം ഉദ്ദേശം 8.37 ലക്ഷം ടണ്ണായിരുന്നു. അപ്പോഴത്തെ ഉത്പാദനശേഷിയാകട്ടെ 12 ലക്ഷം ടണ്ണും. അസംസ്കൃത ചണത്തിന്റെ ദൌര്‍ലഭ്യം തന്നെയായിരുന്നു ഉത്പാദനശേഷി മുഴുവന്‍ ഉപയോഗപ്പെടുത്താഞ്ഞതിന്റെ കാരണം. ഒന്നാം പദ്ധതിയുടെ ആരംഭവര്‍ഷമായ 1951-52-ല്‍ ചണവസ്തുക്കളുടെ ഉത്പാദനം 9.60 ലക്ഷം ടണ്ണായിരുന്നത് 1955-56-ല്‍ 11.10 ലക്ഷം ടണ്ണായി ഉയര്‍ന്നു. രണ്ടാം പദ്ധതിക്കാലത്ത് (1956-61) ചണഉത്പന്നങ്ങളുടെ ഉത്പാദനത്തോതില്‍ സാരമായ വര്‍ധനയൊന്നുമുണ്ടായില്ല. മൂന്നാം പദ്ധതിക്കാലത്ത് ഉത്പാദനം 13 ലക്ഷം ടണ്ണായി ഉയരുമെന്നു പ്രതീക്ഷിച്ചു. 1964-65-ല്‍ 12.92 ലക്ഷം ടണ്ണായിരുന്ന ചണവസ്തുക്കളുടെ ഉത്പാദനം 1965-66-ല്‍ 13.90 ലക്ഷം ടണ്ണായി ഉയരുകയും പദ്ധതി ലക്ഷ്യം കൈവരിക്കുകയും ചെയ്തു. രണ്ടും മൂന്നും പഞ്ചവത്സരപദ്ധതിക്കാലങ്ങളില്‍ അസംസ്കൃത ചണത്തിന്റെ ലഭ്യത കുറവായിരുന്നതിനാല്‍ വ്യവസായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനശേഷിയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ചണമില്ലുകള്‍ കൂടുതല്‍ കൂടുതല്‍ യന്ത്രവത്കൃതമായിക്കൊണ്ടിരുന്നു. 1966-69-ലെ വാര്‍ഷികപദ്ധതികളുടെ കാലത്ത് ചണ ഉത്പന്നങ്ങളുടെ മൊത്തം ഉത്പാദനം വീണ്ടും കുറഞ്ഞു. 1966-67-ല്‍ 11.5 ലക്ഷം ടണ്ണായിരുന്ന ചണവസ്തുക്കളുടെ ഉത്പാദനം 1969-70-ല്‍ 9.68 ടണ്‍ മാത്രമായി. ഈ ഉത്പാദന ഇടിവിനു പ്രധാനകാരണം ചണവ്യവസായ രംഗത്തുണ്ടായ വ്യാപകമായ പണിമുടക്കുകളാണ്. നാലാം പഞ്ചവത്സരപദ്ധതിക്കാലത്ത് (1969-74) പ്രതിവര്‍ഷം 13 ലക്ഷം ടണ്‍ ചണവസ്തുക്കള്‍ ഉത്പാദിപ്പിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. മെച്ചപ്പെട്ട വിത്തുകള്‍ ഉപയോഗിച്ച് ചണംകൃഷി വ്യാപകമാക്കാനുള്ള പരിപാടി ആ കാലഘട്ടത്തില്‍ ഉണ്ടായി. പദ്ധതിയുടെ അവസാനവര്‍ഷം ചണവസ്തുക്കളുടെ ഉത്പാദനം 9.4 ലക്ഷം ടണ്‍ മാത്രമായിരുന്നു. അഞ്ചാം പദ്ധതിയുടെ അവസാനം ഇത് 13 ലക്ഷം ടണ്ണായി ഉയരുമെന്നും കണക്കാക്കപ്പെട്ടിരുന്നു. 1980-81-ല്‍ ഉത്പാദനം 13.9 ലക്ഷം ടണ്‍ വരെ എത്തി. ആ വര്‍ഷം വൈദ്യുതിനില മെച്ചപ്പെട്ടതുകൊണ്ട് ഉത്പാദനശേഷി കൂടുതലായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യു.എസ്സിലെ വ്യാപാരമാന്ദ്യം കാരണം ചോദനത്തില്‍ ഇടിവുണ്ടാകുകയും 1983-84-ലെ ഉത്പാദനം 10.90 ലക്ഷം ടണ്ണായി ചുരുങ്ങുകയും ചെയ്തു. ആറാം പദ്ധതിയില്‍ (1980-85) ലക്ഷ്യമിട്ടിരുന്ന ഉത്പാദനം 15 ലക്ഷം ടണ്ണായിരുന്നു. ഇതില്‍ 9.5 ലക്ഷം ടണ്‍ ആഭ്യന്തര ഉപയോഗത്തിനും ബാക്കി കയറ്റുമതിക്കും വിഭാവനം ചെയ്തിരുന്നു. ചണ ഉത്പന്നങ്ങളുടെ യഥാര്‍ഥ ഉത്പാദനം 1985-86-ല്‍ 13.52 ലക്ഷം ടണ്ണായിരുന്നു. മുന്‍വര്‍ഷത്തെ ഉത്പാദനത്തെക്കാള്‍ (13.70 ലക്ഷം ടണ്‍) ഇതു കുറവായിരുന്നു. പക്ഷേ, 1986-87-ല്‍ ഉത്പാദനം വീണ്ടും വര്‍ധിച്ച് 13.93 ലക്ഷം ടണ്ണായിത്തീര്‍ന്നു. എന്നാല്‍ അടുത്തവര്‍ഷം (1987-88) ഉത്പാദനത്തില്‍ നേരിയ ഇടിവുണ്ടായി. അതേസമയം ഉത്പാദനശേഷി ഉദ്ദേശം 17 ലക്ഷം ടണ്ണായി വര്‍ധിച്ചു.

കയറ്റുമതി. ഇന്ത്യയ്ക്ക് വിദേശനാണ്യം സമ്പാദിച്ചുതരുന്ന കയറ്റുമതിയിനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചണ ഉത്പന്നങ്ങള്‍. നമ്മുടെ പ്രധാന വിപണികള്‍ യു.എസ്., അര്‍ജന്റീന, കാനഡ, ആസ്റ്റ്രേലിയ, ക്യൂബ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തില്‍പ്പെട്ട രാജ്യങ്ങള്‍ എന്നിവയാണ്. 1957 മുതല്‍ 1966 വരെയുള്ള കാലഘട്ടത്തില്‍ ലോക ചണകയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് 82.9 ശതമാനത്തില്‍ നിന്നും 58.2 ശതമാനമായി കുറഞ്ഞു. പാകിസ്താന്റെ പങ്കാകട്ടെ ഈ കാലയളവില്‍ സാരമായ തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. 1969-70-ല്‍ ഇന്ത്യയുടെ പങ്ക് 53 ശതമാനമായി ചുരുങ്ങി.

1964-65-ല്‍ ഇന്ത്യയില്‍ നിന്നും 263.5 കോടി രൂപ വിലയ്ക്കുള്ള 9.50 ലക്ഷം ടണ്‍ ചണവസ്തുക്കളാണ് കയറ്റുമതി ചെയ്തിരുന്നത്. ഇത് 1969-70-ല്‍ 206 കോടി രൂപ വിലയുള്ള 5.68 ലക്ഷം ടണ്‍ ചണവസ്തുക്കളായി കുറഞ്ഞു. പാകിസ്താന്റെ കയറ്റുമതി ഈ കാലയളവില്‍ 2.33 ലക്ഷം ടണ്ണില്‍ നിന്നും 5.06 ലക്ഷം ടണ്ണായി വര്‍ധിക്കുകയാണുണ്ടായത്. പാകിസ്താനില്‍ ചണമില്ലുകള്‍ക്ക് അസംസ്കൃതചണം സുലഭമാണ്. ഇതു കൂടാതെ ആ രാജ്യം ചണവസ്തുക്കളുടെ കയറ്റുമതിക്ക് സഹായധനവും നല്കിയിരുന്നു. ഇന്ത്യയില്‍ ചണവസ്തുക്കളിന്മേല്‍ കയറ്റുമതിച്ചുങ്കം ചുമത്തുകയാണ് ചെയ്യുന്നത്. 1971-നു മുന്‍പുവരെ പാകിസ്താന്റെ ഒരു ഭാഗമായിരുന്ന ബംഗ്ളാദേശിന് ഇന്ത്യയെ അപേക്ഷിച്ച് മൂന്നു പ്രധാന ആനുകൂല്യങ്ങളുണ്ടായിരുന്നു: വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ചണം, കയറ്റുമതിക്കുള്ള പ്രോത്സാഹന സബ്സിഡി, തൊഴിലാളികളുടെ കുറഞ്ഞവേതനം. 1950-51 മുതല്‍ 1954-55 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചണവസ്തുക്കളുടെ ശ.ശ. വാര്‍ഷിക കയറ്റുമതി 7.8 ലക്ഷം ടണ്ണായിരുന്നു. ഇത് 1955-56 മുതല്‍ 1956-59 വരെയുള്ള കാലഘട്ടത്തില്‍ 8.6 ലക്ഷം ടണ്ണായി ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കയറ്റുമതിയില്‍ കുറവുണ്ടായി. 1960-61 മുതല്‍ 1964-65 വരെയുള്ള കാലഘട്ടത്തില്‍ 8.7 ലക്ഷം 1969-70-ല്‍ 5.6 ലക്ഷം ടണ്‍ ചണവസ്തുക്കള്‍ മാത്രമേ കയറ്റുമതി ചെയ്തുള്ളൂ. ആഭ്യന്തരാവശ്യങ്ങള്‍ക്ക് അധികമായി ചണവസ്തുക്കള്‍ ഉപയോഗിക്കേണ്ടിവന്നതും വിദേശവിപണികളില്‍ ചണവസ്തുക്കള്‍ക്ക് കൃത്രിമസാധനങ്ങളുമായി മത്സരം നടത്തേണ്ടിവന്നതുമാണ് ഈ കയറ്റുമതി ഇടിവിനു പ്രധാനകാരണങ്ങള്‍. കയറ്റുമതി വികസനത്തെ ലാക്കാക്കി ചില ചണവസ്തുക്കളുടെ മേലുള്ള ചുങ്കങ്ങള്‍ ഗവണ്‍മെന്റ് നിര്‍ത്തലാക്കി. 1951-52-ല്‍ ചണമുത്പന്നങ്ങള്‍ ഇന്ത്യയുടെ മൊത്തം വിദേശനാണ്യസമ്പാദനത്തിന്റെ 37 ശ.മാ. നേടിക്കൊടുത്തിരുന്നു. ഈ അനുപാതം പിന്നീട് തുടര്‍ച്ചയായി കുറഞ്ഞ്, 1967-68-ല്‍, 20 ശ.മാ.വും 1973-74-ല്‍ 9 ശ.മാ.വും ആയിത്തീര്‍ന്നു. 1984-85-ല്‍, 322 കോടിരൂപ വിലവരുന്ന ചണവസ്തുക്കള്‍ കയറ്റുമതി ചെയ്തു. 1985-86-ല്‍ ഇത് 270 കോടി രൂപയായി കുറഞ്ഞു. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട ചണ ഉത്പന്നങ്ങളുടെ 22.2 ശ.മാ. 1987-88-ല്‍ കയറ്റുമതിക്കായി വിനിയോഗിച്ചിരുന്നു. 1989-90-ലെ കയറ്റുമതിമൂല്യം 284 കോടി രൂപയായിരുന്നു. കയറ്റുമതി മേഖലയില്‍ ഇടിവുണ്ടായെങ്കിലും ആഭ്യന്തരചോദനം വര്‍ധിച്ചുകൊണ്ടിരുന്നു എന്നതു ചണവ്യവസായത്തെ സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു കാര്യമാണ്. ആഭ്യന്തര ഉപഭോഗം 1987-88-ല്‍ 9.57 ലക്ഷം ടണ്ണായിരുന്നത് 1989-90-ല്‍ 11.08 ലക്ഷം ടണ്ണായി ഉയര്‍ന്നു. എങ്കിലും ഇന്ത്യന്‍ ചണവ്യവസായത്തിന്റെ പുരോഗതി ലോകവിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. ചണത്തിനുപകരം ഉപയോഗിക്കാവുന്ന പല വസ്തുക്കളും ഇന്നു ലോകവിപണിയിലുണ്ട്. വിദേശക്കമ്പോളങ്ങളില്‍ ഇന്ത്യയ്ക്കു നേരിടേണ്ടിവരുന്ന കടുത്ത മത്സരം, വൈദ്യുതിക്ഷാമം, അസംസ്കൃത ചണത്തിന്റെ പ്രദാനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, ചണമില്ലുകളില്‍ ഉപയോഗിക്കുന്ന പഴയ യന്ത്രസാമഗ്രികള്‍, വേതനവര്‍ധനയ്ക്കു വേണ്ടിയുള്ള തൊഴിലാളികളുടെ സമ്മര്‍ദം തുടങ്ങിയവയാണ് ഇന്ത്യയിലെ ചണമില്‍ വ്യവസായത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. ചണ ഉത്പന്നങ്ങള്‍ കപ്പലുകളില്‍ കയറ്റുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍, ചണവസ്തുക്കളുടെ പ്രദാനത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം തുടങ്ങിയവയാണ് ചണത്തിന്റെ വര്‍ധിച്ച വിലയെക്കാളേറെ ഉപഭോക്താക്കളെ സിന്തറ്റിക് ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

വിഭജനത്തിനുമുന്‍പ് ഇന്ത്യ ഉത്പാദിപ്പിച്ചിരുന്ന അസംസ്കൃത ചണത്തിന്റെ തോത് ഉദ്ദേശ്യം 70 ലക്ഷം കെട്ടുകള്‍ (ബെയില്‍സ്) ആയിരുന്നു. വിഭജനത്തോടെ ഇത് 16.5 ലക്ഷം ബെയിലായികുറഞ്ഞു. പിന്നീടുണ്ടായ പരിശ്രമത്തിന്റെ ഫലമായി 1980-81-ല്‍ ഇത് 81.6 ലക്ഷം ബെയിലായും 1985-86-ല്‍ 127.3 ലക്ഷം ബെയിലായും ഉയര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ തോത് കുറഞ്ഞതായിട്ടാണ് കാണുന്നത്. 1986-87, 1987-88 എന്നീ വര്‍ഷങ്ങളില്‍ ഉത്പാദനം യഥാക്രമം 86.26 ലക്ഷം ബെയിലും 67.82 ലക്ഷം ബെയിലുമായി കുറഞ്ഞു.

അസംസ്കൃത ചണത്തിന്റെ ഗുണം മെച്ചപ്പെടുത്തുവാനും ഉത്പാദനത്തോത് ഉയര്‍ത്തുവാനും വിപണനം അഭിവൃദ്ധിപ്പെടുത്തുവാനുമായി 1971-ല്‍ ഒരു ചണവികസനകോര്‍പ്പറേഷന്‍ സ്ഥാപിതമായി. അസംസ്കൃതചണത്തിന്റെ വില നിയന്ത്രിക്കുവാനും ഒരു കരുതല്‍ സ്റ്റോക്ക് സൂക്ഷിക്കുവാനും കഴിയുക എന്നതായിരുന്നു ലക്ഷ്യം. ന്യായമായ വിലയ്ക്ക് അസംസ്കൃതചണം ലഭ്യമാക്കിയാല്‍ മാത്രമേ ചണമില്ലുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ തുടരാനാകൂ. ഒരു ശതാബ്ദത്തിലേറെക്കാലത്തെ വികസനമുണ്ടായിട്ടും ഇപ്പോഴും അസംസ്കൃതസാധനങ്ങള്‍ക്കുള്ള പരക്കംപാച്ചിലാണ് ഈ വ്യവസായത്തില്‍ കാണുന്നത്.

1970-കള്‍ക്കുശേഷം ഇന്ത്യയില്‍ ചണവ്യവസായം അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചു. ഏകദേശം 4 മില്യണ്‍ കൃഷിക്കാര്‍ ചണക്കൃഷിയിലും 2.61 ലക്ഷം കൃഷിക്കാര്‍ ചണവ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. അസംസ്കൃത ചണം, ചണഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തും കയറ്റുമതി രംഗത്ത് രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. ചണവ്യവസായരംഗത്ത് തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്. 2002-03 വര്‍ഷങ്ങളില്‍ ചണ ഉത്പാദന അളവ് 37 ശ.മാ.വും, മൂല്യം 15 ശതമാനവും വര്‍ധിക്കുകയുണ്ടായി. 2003-നെ അപേക്ഷിച്ചുനോക്കുമ്പോള്‍ ചണത്തിന്റെ കയറ്റുമതി 2004-ല്‍ വളരെ കുറവായിരുന്നു. 2003-ല്‍ ചണവ്യവസായം വഴിയുള്ള വരുമാനം 1057,87 കോടിയും 2004-ല്‍ അത് കുത്തനെ ഇടിഞ്ഞ് 913,32 കോടിയുമായി. ചണത്തിന്റെ മാര്‍ക്കറ്റിലെ നിലവാരവും പ്രാധാന്യവും ഉയര്‍ത്തുന്നതിനുവേണ്ടി ഇന്ത്യാ-ഗവണ്‍മെന്റ് 2005-ല്‍ ദേശീയചണനയം (National Jute Policy-2005) പുറത്തിറക്കി.

ചണ ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൃഷിക്കാരുടെ എണ്ണം ഉദ്ദേശം 40 ലക്ഷമാണ്. ചണമില്ലുകളില്‍ ഉദ്ദേശം 2.5 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. രാജ്യത്തുള്ള 66 ചണമില്ലുകളില്‍ 6 എണ്ണം ടെക്സ്റ്റൈല്‍സ് മിനിസ്ട്രിയുടെ കീഴിലുള്ള നാഷണല്‍ ജ്യൂട്ട് മാനുഫാക്ചേഴ്സ് കോര്‍പ്പറേഷന്റെ വകയാണ്. ഗവണ്‍മെന്റ് വായ്പകള്‍ നല്കിയും മറ്റും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള പല ശ്രമങ്ങളും ഇന്നു നടക്കുന്നുണ്ട്. യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സും ഗവണ്‍മെന്റ് നല്‍കുന്നു. ഇക്കാരണത്താല്‍ ചണമില്ലുകളുടെ ആധുനികവത്കരണത്തില്‍ സാരമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചണ വ്യവസായത്തെ ശാസ്ത്രീയമായ രീതിയില്‍ നയിക്കുന്നതിലേക്കുള്ള പരിപാടി എന്ന നിലയ്ക്ക് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല മില്ലുകളും അടച്ചുപൂട്ടുകയുണ്ടായി. ആധുനീകരണം ത്വരിതപ്പെടുത്തുന്നതിലേക്കായി ഗവണ്‍മെന്റ് വ്യവസായ ധനകാര്യ കോര്‍പ്പറേഷന്‍ വഴിയായും മറ്റും ഈ വ്യവസായത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കി. 1000 കോടി രൂപയുടെ ചണം ഇന്ത്യ കയറ്റുമതി ചെയ്യുന്നു (2010). ചണവ്യവസായമേഖലയുടെ ഉന്നമനത്തിനായി 10-ാം പദ്ധതിയില്‍ 355 കോടിരൂപയുടെ ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അസംസ്കൃതചണത്തിന്റെ വില കുറയ്ക്കുക, ചണം ഉത്പന്നങ്ങള്‍ക്ക് വൈവിധ്യം വരുത്തുക, ലാഭകരമല്ലാത്ത മില്ലുകള്‍ അടച്ചുപൂട്ടുക എന്നീ നടപടികള്‍ ഈ വ്യവസായത്തിന്റെ അഭിവൃദ്ധിക്കായി സ്വീകരിക്കേണ്ടതുണ്ട്. ആഗോളചണം ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യ, ബാംഗ്ലദേശ്, തായ്ലന്‍ഡ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ചണവ്യവസായത്തെ പരിപോഷിപ്പിക്കാനും വരുമാനം വര്‍ധിപ്പിക്കാനും സാധ്യമാകും.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍