This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചട്ടോപാധ്യായ, ഹരീന്ദ്രനാഥ് (1898 - 1990)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചട്ടോപാധ്യായ, ഹരീന്ദ്രനാഥ് (1898 - 1990)

സാഹിത്യകാരനും സിനിമാനടനും സാമൂഹികപ്രവര്‍ത്തകനും. 1898 ഏ. 2-ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ ജനിച്ചു. സ്വാതന്ത്ര്യസമര സേനാനി, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യാപരിച്ച ഇദ്ദേഹം കവി, നാടകകൃത്ത്, ചിത്രകാരന്‍ തുടങ്ങി വൈവിധ്യപൂര്‍ണമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ കവയിത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സരോജിനി നായിഡുവിന്റെ സഹോദരനും പ്രശസ്ത സാമൂഹികപ്രവര്‍ത്തകയായിരുന്ന കമലാദേവീ ചട്ടോപാധ്യായയുടെ ഭര്‍ത്താവുമായിരുന്നു ഹരീന്ദ്രനാഥ്. കുറേക്കാലം രാജ്യസഭാംഗമായും പ്രവര്‍ത്തിക്കുകയുണ്ടായി. 1967-ല്‍ മോണ്‍ട്രിയലില്‍ നടന്ന ലോക കവിസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇദ്ദേഹം പങ്കെടുത്തു.

കാല്പനിക കവിതയുടെ വക്താവായ ഹരീന്ദ്രനാഥിന്റെ രചനകളില്‍ ഗൃഹാതുരത്വം, വിഷാദം, പ്രകൃതിപ്രേമം, പ്രണയത്തിന്റെ വിവിധ ഭാവതലങ്ങള്‍, ആദര്‍ശാത്മകതയില്‍ അധിഷ്ഠിതമായ മനുഷ്യസ്നേഹം തുടങ്ങിയ ഘടകങ്ങളെല്ലാം സമ്യക്കായി മേളിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ കൃതികളധികവും ഇംഗ്ലീഷിലാണ്. ദ ഫീസ്റ്റ് ഒഫ് യൂത്ത്, ദ മാജിക് ട്രീ, സ്പ്രിങ് ഇന്‍ വിന്റര്‍ മുതലായവ ഹരീന്ദ്രനാഥിന്റെ കാവ്യസമാഹാരങ്ങളാണ്. ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കി ഇദ്ദേഹം തയ്യാറാക്കിയ കാവ്യനാടകമാണ് സിദ്ധാര്‍ഥ-മാന്‍ ഒഫ് പീസ്. ലൈഫ് ആന്‍ഡ് മൈസെല്‍ഫ് എന്ന ആത്മകഥ വിശിഷ്ടമായ കൃതിയാണ്. ആനുകാലിക പ്രശ്നങ്ങളോടു പ്രതികരിച്ചുകൊണ്ട് ഹരീന്ദ്രനാഥ് പത്രപംക്തികളിലെഴുതിയിട്ടുള്ള ലേഖനങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിന്റെയും അപഗ്രഥനാത്മക വിമര്‍ശനത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1973-ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.

1990 ജൂണ്‍ 3-ന് ഹരീന്ദ്രനാഥ് ചട്ടോപാധ്യായ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍