This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചങ്ങാടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചങ്ങാടം

ജലാശയത്തിലൂടെ ഒഴുക്കിക്കൊണ്ടുപോകാവുന്നതരത്തില്‍, ജലത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന ഉപകരണം. തടികള്‍, ഈറ, മുള എന്നിങ്ങനെയുള്ള വസ്തുക്കള്‍ വെള്ളത്തിലൂടെ ഒരിടത്തുനിന്നും മറ്റൊരിടത്ത് എത്തിക്കുന്നതിന് ചങ്ങാടങ്ങള്‍ ഉപയോഗിച്ചുവരുന്നു. പലപ്പോഴും ഈ വസ്തുക്കള്‍ തന്നെ കൂട്ടിക്കെട്ടി ചങ്ങാടങ്ങളാക്കുന്നു. അല്ലെങ്കില്‍ തടിക്കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ തട്ടില്‍ അവ കയറ്റിക്കൊണ്ടുപോകുന്നു. പാലമില്ലാത്ത സ്ഥലങ്ങളിലും, പാലം പുതുക്കി പണിയുന്ന അവസരങ്ങളിലും ചങ്ങാടങ്ങളുപയോഗിച്ച് വാഹനങ്ങളെയും യാത്രക്കാരെയും കടത്തിറക്കാറുണ്ട്.

കാട്ടില്‍ വെട്ടിയിടുന്ന മരങ്ങള്‍ ഉരുളന്‍ തടികളാക്കി നദികളിലൂടെ ഒഴുക്കി വില്പനസ്ഥലത്ത് കൊണ്ടുവരുന്ന രീതി വളരെക്കാലം മുന്‍പുതന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലവിലിരുന്നു. ബീവര്‍ തുടങ്ങിയ ജന്തുക്കള്‍പോലും മരങ്ങള്‍ വെള്ളത്തില്‍ മുറിച്ചിട്ട് ഒഴുക്കി ഒരിടത്തുനിന്നു മറ്റൊരിടത്ത് എത്തിക്കാറുണ്ട്. ഓരോ തടികളായി വെള്ളത്തിലൂടെ ഒഴുക്കിക്കൊണ്ടു പോകുന്നതിനെക്കാള്‍ എളുപ്പമാണ് കൂട്ടിക്കെട്ടിയ രണ്ടോ മൂന്നോ തടികള്‍ ഒരുമിച്ചുകൊണ്ടുപോകുന്നത്. അവ വെള്ളത്തില്‍ ഉരുളാതെ മുന്നോട്ടു നീങ്ങും. കൊണ്ടുപോകുന്ന ആള്‍ക്കാര്‍ക്ക് അതിന്മേല്‍ക്കയറി തുഴഞ്ഞോ കഴയിട്ടോ ഗതി നിയന്ത്രിക്കുകയും ചെയ്യാം.

നീക്കം ചെയ്യപ്പെടേണ്ട കുറെ തടികള്‍ വെള്ളത്തിലിട്ട് അവയെ വടംകൊണ്ട് പരസ്പരം കൂട്ടിക്കെട്ടിയാല്‍ ഒരു ചങ്ങാടമായി. വെള്ളത്തില്‍ ഉയര്‍ന്നുകിടക്കുന്ന ഒരു പ്ളാറ്റ്ഫോമായി അതുമാറും. തടികള്‍ കൊണ്ടുപോകുന്ന ആള്‍ക്കാര്‍ക്ക് ഉദ്ദിഷ്ടസ്ഥലത്ത് എത്തുന്നതുവരെ ഇതിന്മേല്‍ത്തന്നെ താമസിക്കാം. മഴക്കാലത്ത് വളരെദൂരം തടികൊണ്ടുപോകേണ്ടതുള്ളപ്പോള്‍ ജോലിക്കാര്‍ക്ക് താമസിക്കുന്നതിനായി ഓലകൊണ്ടുള്ള മേല്‍പ്പുര ഉണ്ടാക്കുന്ന പതിവുണ്ട്. രാത്രി ഇതിനടിയില്‍ ഒരു റാന്തല്‍ കത്തിച്ചുവയ്ച്ചാല്‍ ചങ്ങാടം വരുന്ന കാര്യം എതിരെവരുന്ന വള്ളക്കാര്‍ക്കും മറ്റും അറിയാന്‍ കഴിയും. ഈ വിളക്കുകള്‍ അണയാതിരിക്കുന്നതിനും ആവശ്യക്കാര്‍ക്കു കിടന്നുറങ്ങുന്നതിനും ഈ മേല്‍പ്പുര ഉതകും. കഴക്കോല്‍കൊണ്ടു ഊന്നിയാണ് ഇത്തരം ചങ്ങാടങ്ങളുടെ ഗതി നിയന്ത്രിക്കുന്നത്. എത്തേണ്ടിടത്ത് എത്തിയാല്‍ കരയ്ക്കടുപ്പിച്ച് തടികള്‍ കെട്ടഴിച്ച് ഓരോന്നായി കരയിലേക്കു വലിച്ചുകയറ്റുന്നു.

കാട്ടില്‍ നിന്നും ഈറ്റ വെട്ടി ഈറ്റപ്പണിക്കാര്‍ അവരുടെ ഗ്രാമങ്ങളിലേക്കു കൊണ്ടുപോകുന്നതും ചങ്ങാടങ്ങളായി കെട്ടിയാണ്. ഏതാനും കെട്ട് ഈറ്റ നദിയിലിട്ട് ആ കെട്ടുകളെ വീണ്ടും പരസ്പരം കൂട്ടിക്കെട്ടുന്നു. കയറോ ഈറ്റപിരിച്ചതോ കൊണ്ടായിരിക്കും കെട്ടുന്നത്. ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഈറ്റ വെള്ളത്തിലൂടെ കഴയിട്ട് ഊന്നിക്കൊണ്ടെത്തിക്കുന്നു. മുളകളും ഇങ്ങനെ ചങ്ങാടമാക്കി ഒഴുക്കിക്കൊണ്ടുപോകാറുണ്ട്. മുളകൊണ്ടു കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളില്‍ തൊണ്ടും മറ്റും കൊണ്ടുപോകുന്ന പതിവും ഉണ്ട്.

നദികള്‍ക്കു കുറുകെ കടത്തായി ചങ്ങാടങ്ങള്‍ ഉപയോഗിക്കാറുണ്ട്. പാലങ്ങളും മറ്റും തടസപ്പെട്ടിരിക്കുമ്പോള്‍ ബസ്, കാറ് തുടങ്ങിയ വാഹനങ്ങള്‍പോലും ചങ്ങാടത്തില്‍ കയറ്റി അക്കരെ എത്തിക്കാറുണ്ട്. മൂന്നോനാലോ വള്ളങ്ങള്‍ അടുപ്പിച്ചുനിര്‍ത്തി കൂട്ടിക്കെട്ടി അവയ്ക്കു മുകളില്‍ പലക നിരത്തി ഒരു തട്ടുണ്ടാക്കുകയും ഈ തട്ടില്‍ നിന്നു കരയിലേക്കു വാഹനങ്ങളും മറ്റും ഇറങ്ങുകയും കയറുകയും ചെയ്യത്തക്കവണ്ണം അപ്രോച്ച് തട്ടുകള്‍ ഉണ്ടാക്കുകയുമാണ് ഇതിനുവേണ്ടി ചെയ്യുന്നത്. തട്ടിന്മേല്‍ വാഹനങ്ങള്‍ കയറിക്കഴിഞ്ഞാല്‍ ചങ്ങാടത്തിന്റെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചോ, തുഴഞ്ഞോ അതു മറുകരെ എത്തിക്കുന്നു. അവിടെയുള്ള അപ്രോച്ചിലേക്കു വാഹനങ്ങള്‍ ഇറങ്ങുകയും യഥാര്‍ഥ റോഡിലേക്ക് അവ ഓടിച്ചു കയറ്റുകയുമാണ് ചെയ്യുന്നത്. ഒരു താത്കാലിക സംവിധാനം എന്ന നിലയിലാണ് ഇത് ചെയ്യാറ്. ഇത്തരത്തില്‍ പൊങ്ങിക്കിടക്കുന്ന തട്ടുകള്‍ ഉണ്ടാക്കി അതില്‍ക്കൂടി ഫ്ളോട്ടിങ്പാലങ്ങള്‍ ഉണ്ടാക്കുന്ന രീതിയും ഉണ്ട്. വിനോദ സഞ്ചാരപരമായ ആവശ്യങ്ങള്‍ക്കാണ് ഇത്തരം പാലങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

(കെ. രാമചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍