This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചങ്ങലംപരണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചങ്ങലംപരണ്ട

വൈറ്റേസി സസ്യകുലത്തില്‍പ്പെട്ട ഒരു ഔഷധി. ശാ.നാ.: വിറ്റിസ് ക്വാഡ്രാങ്കുലാരിസ്. സംസ്കൃതത്തില്‍ വജ്രവല്ലി, അസ്ഥിസംഹാരി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ശ്രീലങ്ക, മലയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയില്‍ മിക്കവാറും എല്ലായിടങ്ങളിലും ഇത് വളരുന്നുണ്ട്. കാണ്ഡം വളഞ്ഞുപുളഞ്ഞതും പര്‍വസന്ധി മുട്ടിടകളെക്കാള്‍ വണ്ണം കുറഞ്ഞതുമാണ്. ചതുഷ്കോണാകൃതിയിലുള്ള കാണ്ഡം ദൈര്‍ഘ്യമേറിയതും മിനുസമുള്ളതും മാംസളവുമാണ്. ഇലകള്‍ക്ക് 2.5-5 സെ.മീറ്ററോളം നീളവും ഹൃദയാകാരവുമാണുള്ളത്. 3-7 കര്‍ണങ്ങളോടൂകടിയ ലഘുപത്രങ്ങളാണിവ. ഇലഞെട്ടിന് 6-12 മി.മീ. നീളമേയുണ്ടാകൂ. ചെറിയ അനുപര്‍ണങ്ങളുണ്ട്. മിക്കവാറും എല്ലാ പര്‍വസന്ധികളിലും ഇലയ്ക്ക് എതിര്‍വശത്തായി നീണ്ടു മെലിഞ്ഞ് സ്പ്രിങ്ങുപോലുള്ള പ്രതാനങ്ങള്‍ (tendrils) കാണപ്പെടുന്നു. ആഗ.-ഒ. മാസങ്ങളിലാണ് ചങ്ങലംപരണ്ട പുഷ്പിക്കുന്നത്. പുഷ്പമഞ്ജരിക്ക് ഛത്രാകൃതി (umbel)യാണുള്ളത്. പുഷ്പങ്ങളുടെ ഞെടുപ്പുകള്‍ക്ക് നീളം കുറവാണ്. ബാഹ്യദളപുടം ഒരു കപ്പിന്റെ ആകൃതിയിലാണ് കാണപ്പെടുക. നാലു ദളങ്ങളുണ്ട്. തടിച്ച് ഉരുണ്ട് നീളം കുറഞ്ഞ വര്‍ത്തികയാണുള്ളത്. രണ്ടു അറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും രണ്ടു നമ്രാണ്ഡങ്ങളുണ്ടാവും. കേസരങ്ങള്‍ നാലെണ്ണം ഉണ്ട്. ഉള്ളിലേക്കു വലിഞ്ഞിരിക്കുന്ന ഇവയ്ക്ക് രണ്ട് അറകളുണ്ട്. കായ്കള്‍ ഉരുണ്ടവയും ചവര്‍പ്പുരസത്തോടുകൂടിയവയുമാണ്.

ചങ്ങലംപരണ്ട

കാല്‍സ്യം ഓക്സലേറ്റ്, കരോട്ടിന്‍, അസ്കോര്‍ബിക് ആസിഡ്, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പെക്റ്റിന്‍, വിറ്റാമിന്‍ സി എന്നിവ ചങ്ങലംപരണ്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ വള്ളി, ഇല, കാണ്ഡം എന്നിവ ഭക്ഷ്യയോഗ്യമാണ്. കാണ്ഡം ചിലര്‍ ഉപ്പിലിട്ട് ഭക്ഷിക്കാറുണ്ട്. ശ്രീലങ്കയിലെ ജനങ്ങള്‍ ഇതിന്റെ കാണ്ഡം കറിവയ്ക്കാന്‍ ഉപയോഗിക്കുമത്രെ. ജന്തുശരീരങ്ങളില്‍ പൊട്ടിപ്പോയ അസ്ഥികളെ കൂട്ടിച്ചേര്‍ക്കാന്‍വേണ്ടി വേര് പൊടിച്ചോ അരച്ചോ തേയ്ക്കാറുണ്ട്. ഒടിഞ്ഞ അസ്ഥിഭാഗങ്ങളെ യോജിപ്പിക്കാനുള്ള ഔഷധശക്തി ഇവയ്ക്കുണ്ടെന്ന വിശ്വാസം മൂലമാണ് സംസ്കൃതത്തില്‍ അസ്ഥിസംഹാരിയെന്ന് ചങ്ങലംപരണ്ടയെ വിളിക്കാറുള്ളത്. വാതം, കഫം, നേത്രരോഗങ്ങള്‍, ആസ്ത്മാ തുടങ്ങിയവയ്ക്ക് നല്ലൊരു മരുന്നാണ്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ഉദരരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.

'ചങ്ങലംപരണ്ട രസം ഗുദകീലഹരം പരം

പുളിരൂക്ഷോഷ്ണമായുള്ളുദീപനം ശ്ളേഷ്മനാശനം

വികാര്‍ഷിയായിരിപ്പോന്നു സാരമാകയുമുണ്ടത്'

(ഗു.പാ.)

എന്നാണ് ചങ്ങലംപരണ്ടയുടെ ഗുണങ്ങളെപ്പറ്റി ഗുണപാഠത്തില്‍ പറയുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍