This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചങ്ങനാശേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചങ്ങനാശേരി
കോട്ടയം ജില്ലയിലെ ഒരു താലൂക്കും അതിന്റെ ആസ്ഥാനമായ മുനിസിപ്പല്‍ നഗരവും. എം.സി. റോഡില്‍ തിരുവല്ലയ്ക്കും കോട്ടയത്തിനും മധ്യേയുള്ള ചരിത്രപ്പഴമയാര്‍ന്ന ഈ നഗരം വിദ്യാഭ്യാസ-സാംസ്കാരിക-വാണിജ്യ രംഗങ്ങളില്‍ ഏറെ പുരോഗതി നേടിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയും പ്രൈവറ്റ് ബസ്സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷനും ബോട്ടുജട്ടിയുമുള്ള ഇവിടെ മൂന്നു മേജര്‍ പാലങ്ങളുടെ പണി പൂര്‍ത്തിയായി. ചങ്ങനാശേരി-ആലപ്പുഴ റോഡ് സഞ്ചാരയോഗ്യമായതോടെ വാണിജ്യം കൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ചിരിക്കുന്നു. 1912-ല്‍ ചങ്ങനാശേരി ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍വന്നു. 1921-ല്‍ മുനിസിപ്പാലിറ്റിയായി. നഗരത്തിന്റെ വിസ്തീര്‍ണം: 13.50 ച.കി.മീ. ജനസംഖ്യ: 51,960 (2001). ജില്ലാ കേന്ദ്രമായ കോട്ടയത്തിന് 18 കി.മീ തെക്കായി 9o25' വ., 76o30' കിഴക്കാണ് സ്ഥാനം.
കങ്ങഴ, മാടപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍, തൃക്കൊടിത്താനം, വാഴപ്പള്ളി കിഴക്ക്, കുറിച്ചി, നെടുങ്കുന്നം, വാകത്താനം, ചങ്ങനാശേരി, വെള്ളാവൂര്‍, പായിപ്പാട്, ചെത്തിപ്പുഴ, തോട്ടയ്ക്കാട്, വാഴപ്പള്ളി പടിഞ്ഞാറ് എന്നീ വില്ലേജുകള്‍ താലൂക്കില്‍പ്പെടുന്നു. മാടപ്പള്ളി, വാഴൂര്‍ എന്നീ വികസന ബ്ളോക്കുകളുടെ പരിധിയില്‍പ്പെടുന്ന പതിനൊന്നു പഞ്ചായത്തുകള്‍ താലൂക്കിലുണ്ട്. കി. കാഞ്ഞിരപ്പള്ളി താലൂക്കും, തെ. പത്തനംതിട്ട ജില്ലയും, പ. കുട്ടനാടു താലൂക്കും, വ. കോട്ടയം താലൂക്കുമാണ് അതിര്‍ത്തികള്‍. താലൂക്കിന്റെ വിസ്തീര്‍ണം: 26.178 ച.കി.മീ.
ക്രി.വ. ആദ്യശതകങ്ങളില്‍ 'കുട്ടനാടി'ന്റെ ഭാഗമായിരുന്ന ചങ്ങനാശേരി, കുലശേഖര ഭരണകാലത്ത് (രണ്ടാം ചേരസാമ്രാജ്യം) 'നന്റുഴൈനാടിന്റെ' ഭാഗമായി. ഇന്നത്തെ ചങ്ങനാശേരി-കാഞ്ഞിരപ്പള്ളി താലൂക്കുകളും, മീനച്ചല്‍ താലൂക്കിന്റെ ഭാഗവും, ഹൈറേഞ്ചും, തിരുവല്ല-ചെങ്ങന്നൂര്‍ താലൂക്കുകളും ഉള്‍പ്പെട്ടതായിരുന്നു 'നന്റുഴൈനാട്'. ചേരരാജാക്കന്മാരുടേതായി കേരളത്തില്‍ നിന്നു ലഭിച്ചിട്ടുള്ള ആദ്യത്തെ ശാസനമാണ് രാജശേഖരവര്‍മന്റെ (എ.ഡി. 800-844) വാഴപ്പള്ളി ശാസനം. ഈ ശാസനത്തില്‍ രാജാവിനെ 'പരമേശ്വരഭട്ടാരകന്‍' എന്നു വിശേഷിപ്പിച്ചിരിക്കുന്നതിനാല്‍ ഇദ്ദേഹം ശൈവമതാനുയായി ആയിരുന്നു എന്നു കരുതാം. ഭാസ്കര രവിവര്‍മന്റെ പെരുന്ന-തൃക്കൊടിത്താനം ശാസനങ്ങളിലും രാമവര്‍മകുലശേഖരന്റെ (എ.ഡി. 1000-20) പെരുന്ന ശാസനത്തിലും നന്റുഴൈനാടിനെക്കുറിച്ച് വിവരണമുണ്ട്. ഭാസ്കര രവിവര്‍മന്റെ പതിനാലാം ഭരണവര്‍ഷത്തിലുള്ള (എ.ഡി. 976) തൃക്കൊടിത്താനം ശാസനം, വേണാട്ടരചനായ ഗോവര്‍ധന മാര്‍ത്താണ്ഡന് നന്റുഴൈനാടിന്റെകൂടി ഭരണാവകാശം നല്കുന്നതായി വ്യക്തമാക്കുന്നു. ഇക്കാലത്ത് മലനാട്ടിലെ പുകള്‍പെറ്റ പതിമൂന്നു വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായിരുന്നു തൃക്കൊടിത്താനം ക്ഷേത്രമെന്ന് നമ്മാഴ്വാരുടെ തിരുവായ്മൊഴിയില്‍ പറയുന്നുണ്ട്.
'നന്റുഴൈനാട്' ഓടനാട്ടിലും 12-ാം ശ.ത്തോടെ തെക്കുംകൂറിലും ലയിച്ചു. മാറിമാറി ആസ്ഥാനമുറപ്പിച്ചിരുന്ന തെക്കുംകൂര്‍ രാജാക്കന്മാര്‍ കുറേക്കാലം ചങ്ങനാശേരി പുഴവാതിലുള്ള 'നീരാഴിക്കൊട്ടാര'ത്തിലും പാര്‍ത്തിരുന്നതായാണ് കാണുന്നത്. കൊട്ടാരം ഇപ്പോഴില്ല. ആധുനിക ചങ്ങനാശേരിയുടെ വികാസത്തിന് തെക്കുംകൂര്‍ രാജാക്കന്മാര്‍ നല്കിയ സംഭാവന ചെറുതല്ല. കൊച്ചിയുടെ സാമന്തപദവി അംഗീകരിച്ചിരുന്ന തെക്കുംകൂര്‍ രാജാക്കന്മാര്‍ തിരുവിതാംകൂറിനെതിരായ യുദ്ധത്തില്‍ അമ്പലപ്പുഴയെയും കായംകുളത്തെയും സഹായിച്ചതിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ 1749-ല്‍ ചങ്ങനാശേരിയുള്‍പ്പെടെ തെക്കുംകൂര്‍ മുഴുവന്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചു.
കേരളത്തിലെ രണ്ടു പ്രബല സമുദായങ്ങളുടെ ആസ്ഥാനമാണ് ചങ്ങനാശേരി. കത്തോലിക്കാ മെത്രാപ്പൊലീത്തയുടെ ആസ്ഥാനം ടൌണിലും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആസ്ഥാനം പെരുന്നയിലും സ്ഥിതിചെയ്യുന്നു. ഈ രണ്ടു വിഭാഗങ്ങളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പെരുന്നയിലുള്ള എന്‍.എസ്.എസ്സിന്റെ ആസ്ഥാനത്ത് നഴ്സറിസ്കൂള്‍ മുതല്‍ ഗവേഷണ കേന്ദ്രം വരെ പ്രവര്‍ത്തിക്കുന്നു. മന്നം സമാധിമണ്ഡപവും ഇവിടെയുണ്ട്. 1891-ല്‍ ആരംഭിച്ച സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്കൂളാണ് 1922-ല്‍ കോളജായിത്തീര്‍ന്നത്. കേരളത്തിലെ ആദ്യകാല കോളജുകളിലൊന്നായ ഇവിടെ അതിവിപുലമായ ഒരു ലൈബ്രറിയുണ്ട്. എന്‍.എസ്.എസ്. ഹിന്ദു കോളജ് (1947), അസംപ്ഷന്‍ വനിതാ കോളജ് (1951), എന്‍.എസ്.എസ്. ട്രെയിനിങ് കോളജ് (1954) എന്നിവയാണ് നഗരത്തിലെ മറ്റു കലാലയങ്ങള്‍. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ റിസെര്‍ച്ച് സെന്ററുകളിലൊന്നായ എന്‍.എസ്.എസ്. കോളജില്‍ യൂണിവേഴ്സിറ്റിയുടെ ലൈബ്രറി പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ പത്തിലേറെ ഹൈസ്കൂളുകളുമുണ്ട്.
വിവിധ മതക്കാരുടെ പ്രസിദ്ധങ്ങളായ ഏതാനും ആരാധനാലയങ്ങള്‍ നഗരത്തില്‍ കാണാം. ക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. വാഴപ്പള്ളി ശിവക്ഷേത്രം, കാവില്‍ ഭഗവതിക്ഷേത്രം എന്നിവയുള്‍പ്പെടെ ആറ് ക്ഷേത്രങ്ങളും സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളി, പാറേല്‍ പള്ളി എന്നിവയുള്‍പ്പെടെ പതിനാറോളം ക്രൈസ്തവ ദേവാലയങ്ങളും പുഴവാത് മുസ്ലിം വലിയപള്ളി, പുതൂര്‍ മുസ്ലിംപള്ളി എന്നീ മുസ്ലിം ദേവാലയങ്ങളും നഗരത്തിലുണ്ട്.
തെക്കുംകൂര്‍ രാജാവിന്റെ മതമൈത്രിക്കുള്ള നിത്യസ്മാരകങ്ങളാണ് പുഴവാതില്‍ മണ്‍മറഞ്ഞ നീരാഴിക്കൊട്ടാരത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന കാവില്‍ ഭഗവതി ക്ഷേത്രവും മുസ്ലിം വലിയ പള്ളിയും സെന്റ് മേരീസ് മെത്രാപ്പൊലീത്താ പള്ളിയും. ഹിന്ദുക്ഷേത്രത്തോടൊപ്പം ഇവിടത്തെ മുസ്ലിം-ക്രൈസ്തവ ദേവാലയങ്ങളും രാജാവ് നിര്‍മിച്ച് നല്കിയതാണ്. ചിറപ്പും ക്രിസ്തുമസാഘോഷവും ചന്ദനക്കുടമഹോത്സവവും ഇവിടെ പരസ്പര സഹകരണത്തോടെ നടത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ ആചാരങ്ങള്‍. പുതൂര്‍ മുസ്ലിംപള്ളിയില്‍ നിന്നുള്ള ചന്ദനക്കുട ഘോഷയാത്രയ്ക്ക് കാവില്‍ ഭഗവതി ക്ഷേത്രത്തിലും എന്‍.എസ്.എസ്. ആസ്ഥാനത്തും ക്രൈസ്തവ പള്ളിമുറ്റത്തുംവച്ച് സ്വീകരണമൊരുക്കുന്നു. ആരാധനാലയങ്ങളിലൂടെ മതസൌഹാര്‍ദം എങ്ങനെ വളര്‍ത്താമെന്നതിനു ദൃഷ്ടാന്തമാണിത്.
നഗരത്തിന്റെ പടിഞ്ഞാറുവശത്തുള്ള പുഞ്ചപ്പാടക്കരയില്‍ കുമാരമംഗലസ് മനവക പുഴവാത് വേട്ടടി ഭഗവതി ക്ഷേത്രപരിസരത്ത് എട്ടുവീട്ടില്‍പിള്ളമാരുടെ രക്ഷസ്സുകളെ ആവാഹിച്ച് എട്ടു ചെമ്പുകുടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വധിക്കപ്പെട്ട എട്ടുവീട്ടില്‍പ്പിള്ളമാരുടെ രക്ഷസ്സുകളില്‍നിന്നു വര്‍ധിച്ചുവന്ന ഉപദ്രവം സഹിക്കവയ്യാതെ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ, കുമാരമംഗലസ് നമ്പൂതിരിപ്പാടിന്റെ സഹായം തേടുകയും നമ്പൂതിരിപ്പാട് ആ രക്ഷസ്സുകളെ കുംഭങ്ങളിലാക്കി ഇവിടെക്കൊണ്ടുവന്ന് കാവില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത്രെ. ഈ സംഭവത്തിനുശേഷം തിരുവിതാംകൂര്‍ രാജാക്കന്മാരാരും ചങ്ങനാശേരിയുടെ മണ്ണില്‍ കാലുകുത്തിയിട്ടില്ല. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് മാത്രമേ ഈ കീഴ്വഴക്കം ലംഘിച്ചിട്ടുള്ളു. എട്ടുവീട്ടില്‍ പിള്ളമാരുടെ ചരിത്രസ്മാരകം 1980 ഒ. 19-ന് സംസ്ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുത്തു.
ശ്രീനാരായണഗുരു സ്ഥാപിച്ച വാഴപ്പള്ളി ആനന്ദാശ്രമം പ്രസിദ്ധമാണ്. മഹാത്മജി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരം തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ടതാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, ഡോ. എല്‍.എ. രവിവര്‍മ എന്നിവര്‍ ഈ കൊട്ടാരത്തിലാണ് ജനിച്ചത്. റാണി ലക്ഷ്മീഭായിയുടെ കാലത്ത് നിര്‍മിക്കപ്പെട്ടതിനാലാണ് 'ലക്ഷ്മീപുരം കൊട്ടാരം' എന്ന് പേരു വന്നത്.
1805-ല്‍ വേലുത്തമ്പിദളവയാണ് ചങ്ങനാശേരിച്ചന്ത സ്ഥാപിച്ചത്. തിരുവിതാംകൂറിലെ മുഖ്യ വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. ഒരു ആനയായിരുന്നു ഇവിടത്തെ ആദ്യ വ്യാപാര വസ്തു. വേലുത്തമ്പി സ്ഥാപിച്ച ഒറ്റത്തണ്ടിലെ അഞ്ചുവിളക്ക് ചന്തക്കടവില്‍ ഇപ്പോഴും കാണാം. 2005-ല്‍ ചന്തയുടെ നൂറാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയുണ്ടായി. മലഞ്ചരക്കുകള്‍, മലക്കറി, മരിച്ചീനി, ഏത്തയ്ക്ക, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വ്യാപാരയിനങ്ങള്‍. ഇവിടത്തെ മത്സ്യച്ചന്ത പ്രസിദ്ധമാണ്.
സബ് ട്രഷറി, താലൂക്കാഫീസ്, താലൂക്കാശുപത്രി, സബ്രജിസ്റ്റര്‍ കച്ചേരി, താലൂക്ക് സപ്ലൈ ആഫീസ്, പൊലീസ്-എക്സൈസ്-സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഫീസുകള്‍, പൊതുമരാമത്ത്-വൈദ്യുത ബോര്‍ഡ് എന്നിവയുടെ ആഫീസുകള്‍, വിവിധ കോടതികള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടൌണില്‍ പ്രവര്‍ത്തിക്കുന്നു. ഭാരതീയ സ്റ്റേറ്റ് ബാങ്ക് (പെരുന്നയിലെ കാര്‍ഷിക വികസന ശാഖയുള്‍പ്പെടെ രണ്ടു ശാഖ), സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ (രണ്ടുശാഖ), ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. അഞ്ചു തിയെറ്ററുകളും മുനിസിപ്പാലിറ്റിവക ഉള്ളൂര്‍ സ്മാരക ഗ്രന്ഥശാലയുള്‍പ്പെടെ പതിനഞ്ചോളം ഗ്രന്ഥശാലകളും നഗരത്തിലുണ്ട്. രണ്ട് വ്യവസായ എസ്റ്റേറ്റുകളുമുണ്ട്.
കുന്നും മലയും സമതലങ്ങളും പുഞ്ചപ്പാടങ്ങളും ചേര്‍ന്നതാണ് ഭൂപ്രകൃതി. നെല്ല്, കപ്പ, റബ്ബര്‍, കരിമ്പ്, നാളികേരം തുടങ്ങിയവയാണ് മുഖ്യവിളകള്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്.
ചങ്ങനാശേരി എന്ന പേരിന്റെ ഉദ്ഭവത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ശങ്കരനാര്‍ചേരി ചങ്കരനാശേരിയും പിന്നീട് ഉച്ചാരണഭേദത്താല്‍ ചങ്ങനാശേരിയും ആയി എന്നാണ് ഒരു വാദം. ശങ്കരന്റെ (ശിവന്‍) ക്ഷേത്രം (വാഴപ്പള്ളി ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന സ്ഥലം എന്നാണ് ഈ പേരിന്റെ അര്‍ഥം. തെക്കുംകൂര്‍ രാജാവ് തന്റെ മന്ത്രിയായിരുന്ന കല്ലറയ്ക്കല്‍ തരകന് 'ചങ്ങഴി നാഴി ഉരി പയറ്റുപാട്' അളവിലുള്ള സ്ഥലമാണ് പള്ളിവയ്ക്കാന്‍ നല്കിയത്. (ഒരു ചങ്ങഴിയും നാഴിയും ഉരിയും പയര്‍ വിതയ്ക്കാന്‍ വേണ്ട സ്ഥലം) ചങ്ങഴി നാഴൂരി, ചങ്ങ(ഴി) നാ(ഴൂ)രിയും പിന്നിട് ചങ്ങനാശേരിയും ആയി എന്നാണ് മറ്റൊരഭിപ്രായം.
ഇന്ന് അങ്ങാടിയെന്നു വിളിക്കപ്പെടുന്ന സ്ഥലത്തിന്റെ കിഴക്കുംഭാഗം മുതല്‍ മാടപ്പള്ളിവരെ നീണ്ടുകിടന്ന ഒരു മണ്‍കോട്ട ഇവിടെ ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്താ പള്ളിയുടെ മുന്‍വശത്ത് തെക്കേ നിരയിലുള്ള വീടുകളുടെ പിന്‍വശത്തായി ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ അടുത്തകാലംവരെ ഉണ്ടായിരുന്നുവത്രെ. ഇവിടത്തെ ഗൃഹനാമങ്ങളുടെയും പറമ്പുകളുടെയും പേരുകള്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ പഴയ കോട്ടയുടെയും നീരാഴിക്കൊട്ടാര സമുച്ചയത്തിന്റെയും സ്മരണ ഉണര്‍ത്തുന്നു.
പ്രശസ്തരായ പലര്‍ക്കും ചങ്ങനാശേരി ജന്മം നല്കിയിട്ടുണ്ട്. മഹാകവി ഉള്ളൂര്‍ (താമരശേരി ഇല്ലം), ചങ്ങനാശേരി പരമേശ്വരന്‍പിള്ള, മന്നത്ത് പദ്മനാഭന്‍, എം.എ. പരമുപിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര പദ്മനാഭപിള്ള, കളത്തില്‍ വേലായുധന്‍നായര്‍, പി.ജെ. സെബാസ്റ്റ്യന്‍. കെ.എം. കോര തുടങ്ങി ഇങ്ങനെ സ്മരിക്കേണ്ടവരുടെ എണ്ണം വളരെയാണ്.
(വിളക്കുടി രാജേന്ദ്രന്‍)