This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചഗ്തായി രാജവംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചഗ്തായി രാജവംശം
പ. തുര്‍ക്കിസ്താന്‍ ഭരിച്ചിരുന്ന മംഗോള്‍ രാജവംശം. മുഹമ്മദ് ഹൈദര്‍ എഴുതിയ താരിക് ഇ റഷീദില്‍ നിന്നാണ് ഈ വംശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. മംഗോള്‍ വംശജനായ ജെങ്കിസ്ഖാന്‍ 1220-ല്‍ ഈ പ്രദേശം പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ മരണത്തിനുമുന്‍പ് (1227) മധ്യേഷ്യയില്‍ താന്‍ പിടിച്ചടക്കിയ ഈ പ്രദേശം മുഴുവന്‍ തന്റെ മക്കള്‍ക്കായി വീതിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ചഗ്തായിക്ക് പ. തുര്‍ക്കിസ്താനിലെ ഓക്സിയാനയും, കാഷ്ഗാരിയയും സിര്‍ഡേരിയയും കൊടുത്തു. ചഗ്തായിയുടെ പിന്‍ഗാമികള്‍ 14-ാം ശ.-ത്തിന്റെ ആദ്യകാലംവരെ ഭരിച്ചു. തുടര്‍ന്ന് ഈ പ്രദേശം രണ്ടായി വിഭജിച്ചു. കി. പ്രദേശത്തില്‍ 17-ാം ശ. വരെ ചഗ്തായിവംശം നാമമാത്രമായി നിലനിന്നു. ഓക്സിയാന അടങ്ങിയ പ. പ്രദേശം തിമൂറിന്റെ അധീനതയിലായി. ഉസ്ബക്കുകള്‍ ഈ പ്രദേശം പിടിച്ചടക്കുന്നതുവരെ (15-ാം ശ.) തിമൂറിന്റെ പിന്‍ഗാമികള്‍ ഇവിടം ഭരിച്ചു. ചഗ്തായിയുടെ ഭരണകാലത്ത് ബിഷ്ബാലിക്കായിരുന്നു തലസ്ഥാനം. പിന്നീട് അത് അല്‍മാലിക്കിലേക്ക് മാറ്റി. ഓക്സിയാനയുടെ ഭരണം മുസ്ലിം ഗവര്‍ണര്‍മാരെ ഏല്പിച്ചു. ജനങ്ങളില്‍ നിന്ന് ധാരാളം നികുതി പിരിച്ചിരുന്നെന്നും, നഗരജീവിതം നല്ല രീതിയിലല്ലായിരുന്നുവെന്നും 14-ാം ശ.-ത്തില്‍ അവിടം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധമതാനുയായികളായിരുന്നു ഇവര്‍. 1264-ല്‍ ചഗ്തായി രാജാവ് ഇസ്ലാംമതം സ്വീകരിക്കുകയും മുബാരക്ഷാ എന്ന് പേരുമാറ്റുകയും ചെയ്തു. അലാവുദീന്‍ ഖില്‍ജിയുടെ (ഭ.കാ. 1296-1306) കാലത്തും മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ (1325-51) കാലത്തും ചഗ്തായികള്‍ ഇന്ത്യ ആക്രമിച്ചിട്ടുണ്ട്.