This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രി രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചക്രി രാജവംശം

1782 മുതല്‍ തായ്ലന്‍ഡ് ഭരിക്കുന്ന രാജവംശം. ബാങ്കോക്ക് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നതിനാല്‍ ബാങ്കോക്ക് രാജവംശം എന്നും പേരുണ്ട്. ഈ വംശത്തിലെ രാജാക്കന്മാര്‍ രാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ചാവോ ഫ്യാ ചക്രി എന്ന രാമന്‍ I (1737-1809) ആണ് ഈ രാജവംശം സ്ഥാപിച്ചത്. ഇദ്ദേഹം 1782 മുതല്‍ 1809 വരെ രാജ്യം ഭരിച്ചു. അന്നു തുടങ്ങി ഈ വംശത്തിലെ രാജാക്കന്മാര്‍ ആണ് തുടര്‍ച്ചയായി തായ്ലന്‍ഡു ഭരിക്കുന്നത്. രാമന്‍ I-നു ശേഷം പുത്രനായ രാമന്‍ II (1768-1824) 1809 മുതല്‍ 1824 വരെ ഭരണം നടത്തി. രാമന്‍ II-ന്റെ മരണശേഷം പുത്രനായ രാമന്‍ III (1788-1851) 1824-ല്‍ അധികാരം ഏറ്റെടുത്തു. ഇദ്ദേഹം ബ്രിട്ടനുമായും യു.എസ്സുമായും വ്യാപാര ഉടമ്പടി ഉണ്ടാക്കി. 1851 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. തുടര്‍ന്ന് മോങ്കുത് (Mongkut) എന്ന രാമന്‍ IV (1804-68) ഭരിച്ചു. ഇദ്ദേഹം ബ്രിട്ടനുമായും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായും ബന്ധം സ്ഥാപിച്ചു. 1868 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. അതിനുശേഷം ചുലാലോങ്കോണ്‍ (Chulalongkon) എന്ന രാമന്‍ V (1853-1910) രാജാവായി. 1868 മുതല്‍ 1910 വരെ രാജ്യം ഭരിച്ച ഇദ്ദേഹമാണ് ആധുനിക തായ്ലന്‍ഡിന്റെ സ്രഷ്ടാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പുത്രന്‍ മഹാ വജ്രവുത് എന്ന രാമന്‍ VI (1881-1925) ആയിരുന്നു അടുത്ത രാജാവ്. 1910 മുതല്‍ 25 വരെ ഇദ്ദേഹം അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായ പ്രജാധിപകന്‍ (1893-1941) എന്ന രാമന്‍ VII 1925-ല്‍ രാജാവായി. ഇദ്ദേഹത്തിന്റെ കാലത്ത് 1932-ല്‍ നടന്ന വിപ്ളവത്തെത്തുടര്‍ന്ന് തായ്ലന്‍ഡില്‍ ഭരണഘടനാപരമായ പരിമിത രാജവാഴ്ച മാത്രമായി. 1935 വരെ ഇദ്ദേഹം ഭരണത്തിലിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ ആനന്ദ മഹീദല്‍ (1925-46) എന്ന രാമന്‍ VIII ആയിരുന്നു അടുത്ത രാജാവ്. 1946-ല്‍ വധിക്കപ്പെടുന്നതുവരെ ഇദ്ദേഹം അധികാരത്തിലായിരുന്നു. 1946 മുതല്‍ ഭൂമിബല്‍ അതുല്യതേജ് (1927-) എന്ന രാമന്‍ IX ആണ് തായ്ലന്‍ഡിലെ രാജാവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍