This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രവാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചക്രവാളം

Horizon

ഭൂമിയെയും ആകാശത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്. ഇതു നമുക്ക് ചുറ്റും വൃത്താകൃതിയില്‍ രൂപപ്പെട്ടു കാണുന്നു. 'സീമയറ്റവൃത്തം' (limiting circle) എന്നര്‍ഥമുള്ള ഹൊറൈസണ്‍ കുക്ലോസ് (Horizon Kuklos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഹൊറൈസണ്‍ (horizon) എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്പത്തി. ചക്രവാളമെന്നു നാം വ്യവഹരിക്കുന്നതും അതുതന്നെ. നാം എവിടെച്ചെന്നാലും അവിടെയെല്ലാം നമ്മെച്ചുറ്റി ചക്രവാളമെന്ന 'ഗുരുവൃത്തം' കാണപ്പെടും. വികാസത്തിന്റെ 'പരമകാഷ്ഠ' എന്ന അര്‍ഥത്തില്‍ 'ചക്രവാള'മെന്ന ഒരു ശൈലി (ഉദാ. ഹൃദയചക്രവാളം)യും മലയാളത്തില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ചക്രവാളമെന്നത് വാസ്തവത്തില്‍ ആപേക്ഷികമായ ഒന്നാണ്. വീക്ഷണസ്ഥലം, ദിശ തുടങ്ങിയവയെ അനുസരിച്ച് ചക്രവാളത്തിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. അതൊരു സാങ്കല്പിക വൃത്തവുമാണ്. നമ്മുടെ കാഴ്ചപ്പാടിലുള്ള ചക്രവാള (visible horizon)ത്തെ ഇങ്ങനെയൊക്കെയാണ് വിശദീകരിക്കാറുള്ളത്.

എന്നാല്‍, ഖഗോളീയ ശാസ്ത്രത്തില്‍ ചക്രവാളത്തിനു നിശ്ചിതമായൊരു നിര്‍വചനം നല്കിയിട്ടുണ്ട്. അതനുസരിച്ച്, ഭൂഗുരുത്വ ദിശയ്ക്ക് ലംബമായൊരു പ്രതലത്തിലൂടെ ഭൂഗോളത്തെ ഛേദിക്കുമ്പോഴുണ്ടാകുന്ന ഗുരുവൃത്തമാണ് ചക്രവാളം. ഛേദിക്കുന്ന പ്രതലം ഭൂമിയുടെ ഉപരിതലത്തിനു സ്പര്‍ശക (tangent)മായി വരുമ്പോള്‍ 'ആപേക്ഷിക ചക്രവാള' (apparent horizon)വും ഭൂകേന്ദ്രത്തിലൂടെ കടന്നുപോകുകയാണെങ്കില്‍ 'ഭൂകേന്ദ്രിത ചക്രവാള' (geo-centric horizon)വും ഉണ്ടാകുന്നു.

ദൃശ്യ (visible) ചക്രവാളവും ഖഗോളിയ (astronomical) ചക്രവാളവും തമ്മില്‍ താഴെ കാണുംപ്രകാരം ബന്ധിപ്പിക്കാം. ഭൂമിയുടെ ഉപരിതലത്തില്‍ O എന്ന സ്ഥാനത്തുള്ള ഒരു നിരീക്ഷകന്‍ തന്റെ (ഖഗോളിയ) ചക്രവാളത്തെ OH എന്ന ദിശയിലാണു കാണുന്നത്. O യില്‍ നിന്നും 'h' (=00')ഉയരത്തില്‍ O'-ല്‍ നില്‍ക്കുന്ന ആള്‍ക്കാകട്ടെ O' H' ആയിരിക്കും ദൃശ്യചക്രവാളം. അവ തമ്മിലുള്ള കോണിനെ (∠HAH') 'നതീകോണം' (dip) എന്നു പറയുന്നു. ദൃശ്യ ചക്രവാളവും നിരീക്ഷകനും തമ്മിലുള്ള അകലമായ O'T-യുടെ അളവ് ഏകദേശം ചിത്രം:Vol 10pg 619 scr05.png ആയിരിക്കും. ഭൂമിയുടെ ഉപരിതലത്തോടടുത്ത് ചൂടു പിടിച്ചതോ, (തണുപ്പുമൂലം) സങ്കോചിച്ചതോ ആയ വായുവില്‍ പ്രകാശത്തിനു സംഭവിക്കുന്ന അപഭംഗം (refraction) മൂലം ചക്രവാളം ഒരു മരീചികയെന്നോണം അകലാനും സാധ്യതയുണ്ട്. ഇപ്രകാരം സംഭവിച്ചാല്‍ O'T എന്ന അകലം വര്‍ധിക്കുകയും ചെയ്യും.

ആകാശത്തേക്കു നോക്കുമ്പോള്‍ ഓരോ ഖഗോളവസ്തുവും ഒരു 'ദൈനികവൃത്ത' (diurnal circle)ത്തിലൂടെ നീങ്ങുന്നതായി തോന്നും. ധ്രുവപ്രദേശത്തിനടുത്തുള്ള ദൈനികവൃത്തം മുഴുവന്‍ ചക്രവാളത്തിനു മുകളിലായിരിക്കും. തന്മൂലം അവിടെ നക്ഷത്രങ്ങള്‍ ഒരു കാലത്തും അസ്തമിക്കുകയില്ല. മറിച്ചാണ് എതിര്‍ധ്രുവത്തിലെ അവസ്ഥ. അവിടത്തെ ദൈനികവൃത്തം പൂര്‍ണമായി ചക്രവാളത്തിനു കീഴില്‍ വരുന്നു. തന്മൂലം ആ ഭാഗത്തു നക്ഷത്രങ്ങള്‍ക്ക് ഉദയമുണ്ടാകുകയില്ല (ചിത്രം നോക്കുക). ഈ രണ്ടു ധ്രുവപ്രദേശങ്ങള്‍ക്കിടയ്ക്ക് നക്ഷത്രങ്ങള്‍ ഭാഗികമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. മധ്യരേഖയെ ചക്രവാളം നേര്‍പകുതിയായി വിഭജിക്കുന്നതുകൊണ്ട് അവിടെ ഖഗോള വസ്തുക്കള്‍ ദിവസത്തിന്റെ പകുതി ചക്രവാളത്തിനുമുകളിലും പകുതി കീഴിലുമായിരിക്കും; അതായത് പന്ത്രണ്ടു മണിക്കൂര്‍ പകലും പന്ത്രണ്ടു മണിക്കൂര്‍ രാത്രിയും. മറ്റിടങ്ങളില്‍ ദിനരാത്രങ്ങളുടെ കാലയളവു കൂടിയും കുറഞ്ഞുമിരിക്കും.

നിരീക്ഷകനെ കേന്ദ്രീകരിച്ച് 'ചക്രവാളവ്യൂഹം' (horizon system) എന്നൊന്നു രൂപപ്പെടുത്തിയിട്ടുണ്ട്. ധ്രുവങ്ങള്‍ ശിരോബിന്ദു (zenith)വും അധോബിന്ദു (nadir)വും. അവയ്ക്കു ലംബമായി സ്ഥിതിചെയ്യുന്ന ചക്രവാളം, വ്യൂഹത്തിന്റെ ഗുരുവൃത്തവും. ഖഗോളവസ്തുക്കളുടെ 'ഉന്നതി'(altitude)യും അസിമത്തും കണ്ടുപിടിക്കാനാണുപയോഗിക്കുന്നത് ഈ വ്യവസ്ഥയാണ്.

2. ശാസ്ത്ര സാങ്കേതിക ആവശ്യങ്ങള്‍ക്കായി ചക്രവാളസീമയെ ഒരു റഫറന്‍സ് തലമായി ഉപയോഗിക്കാറുണ്ട്. തദവസരത്തില്‍ ചക്രവാളം സെന്‍സിബിള്‍ ഹൊറൈസണ്‍ (sensibile horizon) എന്ന പേരിലറിയപ്പെടുന്നു.

3. ഭൂഗര്‍ഭ ശാസ്ത്രത്തില്‍ രണ്ടു പാറകളുടെ അടുക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന പ്രതലത്തെ സൂചിപ്പിക്കുവാനും മുന്‍കാലങ്ങളില്‍ ചക്രവാളം (horizon) എന്ന പദം ഉപയോഗിച്ചിരുന്നു.

(പ്രൊഫ. പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍