This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രവാതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചക്രവാതം

Whirlwind

തലകീഴായ ചോര്‍പ്പിന്റെ രൂപത്തില്‍ അതിവേഗം സഞ്ചരിക്കുന്ന ഒരിനം ചുഴലിക്കാറ്റ്. ആകൃതിയില്‍ ചക്രവാതം ചുഴലിക്കൊടുങ്കാറ്റിനെക്കാള്‍ ചെറുതും നീര്‍ച്ചുഴിയെക്കാള്‍ വലുതുമാണ്. ചക്രവാതങ്ങള്‍ സാധാരണ രൂപംകൊള്ളുന്നത് വളരെയധികം ചൂടുകൂടിയ പ്രദേശങ്ങളിലാണ്. വേനല്‍ക്കാലത്ത് ഭാഗികമായി വരണ്ട മേഖലകളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത്തരം കാറ്റുകള്‍ ഉണ്ടാകാറുണ്ട്. സഹാറാ മരുഭൂമിയും ഇന്ത്യയുടെ നദീതടങ്ങളും ചക്രവാതങ്ങള്‍ രൂപംകൊള്ളുന്ന പ്രദേശങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്.

ചക്രവാതത്തിന്റെ ദിശ കാറ്റിന്റെ വിതരണത്തെയും പ്രാദേശിക സ്ഥലവിവരണത്തെയും അനുസരിച്ചിരിക്കുന്നു. ചക്രവാതത്തിന്റെ അക്ഷം മിക്കവാറും ലംബദിശയിലായിരിക്കും. ആരംഭദിശയില്‍ മാറ്റം വരാമെങ്കിലും ചക്രവാതങ്ങള്‍ ഉത്തരാര്‍ധഗോളത്തില്‍ അപ്രദക്ഷിണ ദിശയിലും, ദക്ഷിണാര്‍ധഗോളത്തില്‍ പ്രദക്ഷിണ ദിശയിലുമാണ് സഞ്ചരിക്കുന്നത്.

ചക്രവാതത്തിന്റെ വേഗത ഊഷ്മാവിന്റെ വര്‍ധനവിന് ആനുപാതികമാകുന്നു. തിരശ്ചീനതലത്തില്‍ ചക്രവാതത്തിന്റെ ശ.ശ. വേഗത സെക്കന്റില്‍ 10 മീറ്ററും പരമാവധി വേഗത സെക്കന്‍ഡില്‍ 30 മീറ്ററുമാണ്. തിരശ്ചീനദിശയെ അപേക്ഷിച്ച് ലംബദിശയില്‍ ചക്രവാതത്തിന് വേഗത കുറവാണ്. ലംബദിശയില്‍ വേഗത സെക്കന്റില്‍ 5 മീ. മുതല്‍ 12 മീ. വരെയേ ആകാറുള്ളു. ചക്രവാതത്തിന്റെ അക്ഷത്തില്‍ നിന്നുള്ള ദൂരത്തിനാനുപാതികമായി ലംബദിശയിലും തിരശ്ചീനദിശയിലുമുള്ള വേഗതയും വ്യത്യാസപ്പെടുന്നു.

ചക്രവാതത്തെ അപേക്ഷിച്ച് ചുഴലിക്കൊടുങ്കാറ്റാണ് (tornado) കൂടുതല്‍ അപകടകാരിയായിട്ടുള്ളത്. ഇത് മണിക്കൂറില്‍ ഏകദേശം 480 കി.മീ. വരെ വേഗതയില്‍ സഞ്ചരിക്കും. ജലോപരിതലത്തില്‍ രൂപംകൊള്ളുന്നതോ ജലോപരിതലത്തില്‍ക്കൂടി കടന്നുപോകുന്നതോ ആയ ചുഴലിക്കൊടുങ്കാറ്റാണ് ജലവ്രജം (waterspouts). ഭൗമോപരിതലത്തില്‍ ചുഴലിക്കൊടുങ്കാറ്റുകള്‍ ഏറ്റവും കൂടുതല്‍ രൂപംകൊള്ളുന്നത് മിസ്സിസ്സിപ്പി നദീതടത്തിലാണ്. ഇത്തരം കാറ്റുകളുടെ ആയുസ്സ് വളരെ കുറവായിരിക്കും; ഏറിയാല്‍ ഒരു മണിക്കൂര്‍. ആയതിനാല്‍ ഇത്തരം കാറ്റുകള്‍ 200 മീ. മുതല്‍ 300 മീ. വരെ വിസ്തൃതിയില്‍ മാത്രമേ വ്യാപിക്കുന്നുള്ളു. ചുഴലിക്കൊടുങ്കാറ്റുകളും ചക്രവാതങ്ങളുടെ അതേദിശയില്‍ത്തന്നെയാണ് സഞ്ചരിക്കുന്നത്. നോ: ചുഴലിക്കാറ്റുക

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍