This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രത്തകര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചക്രത്തകര

ചക്രത്തകര

ലെഗുമിനേസി സസ്യകുടുംബത്തില്‍പ്പെട്ട ഏക വര്‍ഷിയായ ഒരിനം തകരച്ചെടി. കാഷിയ ടോറ (Cassia tora), കാഷിയ ഒബോവേറ്റ (C. obovata), കാഷിയ ഒബ്റ്റ്യൂസിഫോളിയ (C. obtucifolia), കാഷിയ ടോറോയിഡസ് (C. toroidus) എന്നീ ശാസ്ത്രനാമങ്ങള്‍ ഇവയ്ക്കുണ്ട്. സംസ്കൃതത്തില്‍ ചക്രമര്‍ദ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിത്യഹരിത സസ്യം നമ്മുടെ നാട്ടിന്‍പുറത്ത് സര്‍വസാധാരണമായി കണ്ടുവരുന്നു. ഇന്ത്യയിലെ സമതല പ്രദേശങ്ങളില്‍ ഇവ ധാരാളമായി വളരുന്നുണ്ട്. ഏകദേശം 30-125 സെ.മീ. ഉയരത്തില്‍ വരെ വളരുന്ന ഈ ചെടിക്ക് ധാരാളം ശാഖകളും സംയുക്തപത്രങ്ങളും ഉണ്ടായിരിക്കും. ഇലകള്‍ ഏകാന്തരന്യാസക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സംയുക്ത പത്രങ്ങളുടെ പത്രകങ്ങള്‍ സമ്മുഖമായിട്ടാണ് കാണപ്പടുക. ആദ്യത്തെ ജോടി പത്രകങ്ങള്‍ ചെറുതും മറ്റുള്ളവയ്ക്ക് ഇവയെക്കാള്‍ വലുപ്പം കൂടിയുമിരിക്കും. പത്രകങ്ങള്‍ക്ക് 3 സെ.മീ. നീളവും 1.5 സെ.മീ. വീതിയും കാണും. ഇലകള്‍ക്ക് ഒരു പ്രത്യേക ദുര്‍ഗന്ധമുണ്ട്. ഇവയുടെ മധ്യസിര കൂടുതല്‍ വ്യക്തമായിരിക്കും. സന്ധ്യാസമയമാകുമ്പോള്‍ ഇലകള്‍ മടങ്ങുന്നു.

കടുംമഞ്ഞയോ ഇളംമഞ്ഞയോ നിറമുള്ള പുഷ്പങ്ങള്‍ ജോടികളായിട്ടാണുണ്ടാവുക. പുഷ്പവൃന്ദ (stipe) ത്തിന് നീളം കൂടിയിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമായിരിക്കും. കേസരങ്ങള്‍ പത്തെണ്ണമുണ്ട്. കായ്കള്‍ 12-20 സെ.മീ. നീളമുള്ള പോഡ് ആണ്. ഓരോ കായിലും 20-30 വിത്തുകളുണ്ടാകും. തവിട്ടുനിറമുള്ള വിത്തുകള്‍ കട്ടികൂടിയവയുമാണ്.

ഇലയിലും വിത്തിലും ക്രൈസോജനിക് അമ്ളത്തിനു തുല്യമായ എമോഡിന്‍ എന്നൊരു ഗ്ളൂക്കോസൈഡ് അടങ്ങിയിരിക്കുന്നു. ഇലകളില്‍നിന്ന് ഒരിനം സുഗന്ധതൈലവും ലഭിക്കുന്നുണ്ട്.

ചക്രത്തകര ആയുര്‍വേദ വിധിപ്രകാരം ത്രിദോഷങ്ങള്‍ക്ക് ഔഷധമാണ്. ചര്‍മരോഗങ്ങള്‍ക്ക് ഇതിന്റെ വിത്ത് അരച്ചു പുരട്ടാറുണ്ട്. വിത്തിനും ഇലയ്ക്കും നേരിയ അണുനാശകശക്തിയും ഉണ്ട്. കാസം, കുഷ്ഠം, ഗുല്മം, ചൊറിച്ചില്‍ ഇവയെ ശമിപ്പിക്കാനുള്ള കഴിവ് ഇവയുടെ ഫലത്തിനുണ്ടെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍