This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചംഗി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചംഗി
റനന്‍കുലേസി (Ranunculaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ: ഡെല്‍ഫീനിയം ബ്രുണോണിയാനം (Delphinium brunonianum) ലാര്‍ക്ക് സ്പര്‍ (Lark spur) എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. മിതശീതോഷ്ണപ്രദേശങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. ഹിമാലയന്‍ പ്രദേശങ്ങളിലും സിക്കിമിലും ഭൂട്ടാനിലും ചംഗി വളരുന്നുണ്ട്. ഏതു വിധത്തിലുള്ള മണ്ണിലും വളരുന്നു എന്നത് ഇവയുടെ പ്രത്യേകതയാണ്. നല്ല സൂര്യപ്രകാശം ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വിത്തുകള്‍ മുളയ്ക്കാന്‍ വളരെയധികം കാലതാമസം നേരിടാറുള്ളതിനാല്‍ വേരുകളും ചെടിത്തണ്ടുകളും മുറിച്ചുനട്ടാണ് സാധാരണയായി ഇവയുടെ പ്രജനനം നടത്തുന്നത്. ഒരു മീറ്ററോളം ഉയരത്തില്‍ ഈ ചെടി വളരുന്നു. ധാരാളം ശിഖരങ്ങളുള്ള വളരെ ഭംഗിയുള്ള ഒരു ചെടിയാണിത്. തണ്ടില്‍ നിറയെ ലോമങ്ങളുണ്ട്. ഇലകള്‍ ഹസ്തക സംയുക്ത (palmatery compound) പത്രങ്ങളാണ്.
ശാഖാഗ്രങ്ങളില്‍ റസീമുകളായി പുഷ്പങ്ങള്‍ ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് ഡോള്‍ഫിന്‍ മത്സ്യങ്ങളുടെ ആകൃതിയാണ്. ഇതിന് ഡെല്‍ഫിനിയം എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ. ഇളം നീല നിറമുള്ള വലിയ പുഷ്പങ്ങളാണ് ഇവയുടേത്. പുഷ്പത്തിന്റെ ഞെടുപ്പ് തടിച്ചതും ലോമാവൃതവുമാണ്. പുഷ്പങ്ങളിലും ലോമങ്ങള്‍ കാണപ്പെടുന്നു. അഞ്ച് ബാഹ്യദളങ്ങളുണ്ട്. ഇവയില്‍ ഒരെണ്ണം താഴേക്ക് വളര്‍ന്ന് ഒരു ദളപുടം (spur) ആയി മാറിയിരിക്കുന്നു. ഇവയുടെ നാലു ദളങ്ങളും ഒരു ദളപുടത്തിന്റെ ഉള്ളില്‍ നിന്നും ഉദ്ഭവിച്ചതുപോലെ തോന്നിക്കുന്നു. മഞ്ഞനിറമുള്ള അനേകം കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ വക്രങ്ങളാണ്. അണ്ഡാശയം അധോജനിയും മൂന്ന് അറകളുള്ളതുമാണ്. അണ്ഡാശയ ഭിത്തിയില്‍ രണ്ടു നിരകളിലായി അണ്ഡങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. വര്‍ത്തിക ലോലമായി നീളം കൂടിയിരിക്കുന്നു. വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്ന നിലയിലാണ്.
ചംഗിയുടെ അറുപതോളം സ്പീഷീസുകള്‍ നട്ടുവളര്‍ത്തപ്പെടുന്നു. അതിരുകളിലും വരമ്പുകളിലും അലങ്കാരച്ചെടിയായിട്ടാണ് ഇവയെ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. പുഷ്പാലങ്കാര സംവിധാനത്തിന് ഇവയുടെ പുഷ്പമഞ്ജരി ഉപയോഗിക്കാറുണ്ട്.
ചംഗിയുടെ ഇലകള്‍ക്ക് വിഷാംശമുള്ളതായി കരുതപ്പെടുന്നു. ചെടിയുടെ ചാറില്‍ അടങ്ങിയിട്ടുള്ള അജൊക്കൊണിന്‍, അജാസിന്‍ എന്നീ ആല്‍ക്കലോയ്ഡുകളും ചില കൊഴുപ്പിനങ്ങളുമാണ് വിഷത്തിനു കാരണം. ഈ ചെടിയുടെ ഇലകള്‍ ഭക്ഷിച്ചാല്‍ കന്നുകാലികള്‍ക്കും അപകടമുണ്ടാവാറുണ്ട്. ഇലയുടെ ചാറ് കന്നുകാലികളിലെ ചെള്ളുകളെയും പേനുകളെയും നശിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ അരി ഭക്ഷിച്ചാല്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകും. വേര് ഒരു വ്രണനാശിനിയാണ്. വിത്തുകളില്‍ നിന്നും എടുക്കുന്ന ഡെല്‍ഫീനിയ എന്ന ഔഷധം വാതത്തിനും കഫത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു.