This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘെരാവോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘെരാവോ

1960-കളില്‍ ഇന്ത്യയില്‍ പ്രചാരത്തില്‍ വന്ന ഒരു സമരമുറ. ഏതാണ്ട് രണ്ടു ദശകത്തോളം ഈ സമരമുറ ഇന്ത്യയിലുടനീളം പ്രയോഗിക്കപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തൊഴില്‍സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മേധാവികള്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ അവരുടെ ആഫീസ് മുറിക്കകത്തു മണിക്കൂറുകളോളം തടഞ്ഞു വച്ച് ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി സമരക്കാര്‍ക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടാക്കുകയാണ് ഈ സമരമുറയുടെ ഉദ്ദേശ്യം. ചുറ്റുക, പൊതിയുക, ചുറ്റിവളയുക, വളഞ്ഞു തടയുക, നിരോധിക്കുക, ഏതെങ്കിലും ഒരു കാര്യസാധ്യത്തിനുവേണ്ടി അലട്ടുക എന്നൊക്കെ അര്‍ഥം വരുന്ന 'ഘേര്‍ന' എന്ന ഹിന്ദി പദത്തില്‍നിന്നാണ് ഘെരാവോയുടെ നിഷ്പത്തി. ഘെരാവോയ്ക്കു വിധേയരാകുന്നവരുടെ സഞ്ചാരസ്വാതന്ത്യ്രം അന്യായമായി തടയുകയാണ് ചെയ്യുന്നത്. ജലവിതരണം, വൈദ്യുതി, ടെലിഫോണ്‍ എന്നിവ വിച്ഛേദിച്ച് സമ്മര്‍ദം ചെലുത്തുക സാധാരണമാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സമ്മതിക്കാതെ പീഡിപ്പിക്കുന്ന പതിവുമുണ്ട്. ഘെരാവോ ചെയ്തുവെന്ന വിവരം കിട്ടിയാലുടന്‍ പൊലീസ് എത്തി സമരക്കാരെ ആട്ടിപ്പായിച്ച് ഘെരാവോയ്ക്കു വിധേയമാകുന്നവരെ സ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്. ഘെരാവോ ചെയ്യുന്നുവെന്നു പരാതി ലഭിച്ചാല്‍ ഘെരാവോ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാറുമുണ്ട്. പൊടുന്നനെ ആസൂത്രണം ചെയ്യുന്ന സമരമുറയായതുകൊണ്ട് പലപ്പോഴും ഇതു തക്കസമയത്തു തടയാന്‍ നിയമപാലകര്‍ക്കു കഴിയാതെ വരുന്നു. ഘെരാവോയ്ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊണ്ടതിന്റെ ഫലമായി ഈ സമരമുറ ഇപ്പോള്‍ വ്യാപകമല്ലാതായിട്ടുണ്ട്.

ഘെരാവോപോലുള്ള സമരതന്ത്രങ്ങള്‍ ശതാബ്ദങ്ങളായി പല രാജ്യങ്ങളിലും നിലവിലുണ്ട്. ജോണ്‍ രാജാവിനെക്കൊണ്ട് മാഗ്നാകാര്‍ട്ടാ ഒപ്പിടുവിച്ചത് (1215 ജൂണ്‍ 15) ഘെരാവോയോടു സാദൃശ്യമുള്ള ഒരു സമരതന്ത്രത്തിലൂടെയായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B5%86%E0%B4%B0%E0%B4%BE%E0%B4%B5%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍