This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘാസിപ്പൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘാസിപ്പൂര്‍
ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ തെ. കിഴക്കേ അതിര്‍ത്തിയില്‍ ബിഹാറിനോടു ചേര്‍ന്നുകിടക്കുന്ന ഒരു ഗംഗാതീര ജില്ലയും അതിന്റെ ആസ്ഥാന നഗരവും. പ. ജാന്‍പൂര്‍, വ. അസംഗഢ്, വ. കിഴക്ക് ബാലിയ, തെ. വാരാണസി എന്നീ ജില്ലകളും കിഴക്ക് ബിഹാര്‍ സംസ്ഥാനവുമാണ് ഘാസിപ്പൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍. വിസ്തൃതി: 3,337 ച.കി.മീ.; ജനസംഖ്യ: 3,0491,337 (2001) ഗാന്ധിപ്പൂര്‍ എന്നായിരുന്നു പഴയ പേര്. 1330-ല്‍ മുസ്ലിം ഭരണകാലത്ത് ഘാസിപ്പൂര്‍ എന്ന പേര് പ്രചാരത്തിലായി.
തന്ത്രപ്രധാനമായ ഈ നഗരം ബ്രിട്ടീഷുകാരുടെ കാലത്ത് പ്രത്യേക നിരീക്ഷണ കേന്ദ്രമായിരുന്നു. അവര്‍ ഇവിടെ ഒരു സൈനികത്താവളം സ്ഥാപിച്ചു. പഴയ ആ 'പാളയ'ത്തിലാണ് ഇപ്പോഴത്തെ സിവില്‍ ലൈന്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ വൈസ്രോയിയായിരുന്ന കോണ്‍വാലിസ് പ്രഭുവിന്റെ ശവകുടീരം ഇവിടെയാണ്. 14-ാം ശ.-ത്തിലെ അഫ്ഗാന്‍ കൊട്ടാരത്തിന്റെയും ശവകുടീരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ഗോരഖ്പൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഏതാനും കോളജുകളും ഇവിടെയുണ്ട്.
വ്യാപാരകേന്ദ്രം എന്ന നിലയില്‍ ഘാസിപ്പൂര്‍ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍, കൈത്തറി, എണ്ണ, ധാന്യമാവ് തുടങ്ങിയവയാണ് ഉത്പന്നങ്ങള്‍. കറുപ്പുനിര്‍മാണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. നെല്ല്, ബാര്‍ലി, പയറു വര്‍ഗങ്ങള്‍, അവീന്‍ തുടങ്ങിയവയാണ് മുഖ്യകൃഷികള്‍. വെള്ളപ്പൊക്കവും വരള്‍ച്ചയും മാറിമാറി അനുഭവപ്പെടുന്നു. നോര്‍ത്ത്-ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷനും ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷനും ഘാസിപ്പൂരിലുണ്ട്. ഹിന്ദുക്കളുടെ പുണ്യസ്ഥലമായ വാരാണസി ഇതിനടുത്തായതിനാല്‍ അവിടെ നിന്നു ധാരാളം ബസ് സര്‍വീസുകളും ഇവിടേയ്ക്കുണ്ട്.
(വിളക്കുടി രാജേന്ദ്രന്‍)