This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘാന
Ghana
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രം. ഔദ്യോഗികനാമം: റിപ്പബ്ലിക് ഒഫ് ഘാന. സുഡാന്‍ ഭാഗത്തു മുന്‍പുണ്ടായിരുന്ന ഒരു പുരാതന നീഗ്രോ സാമ്രാജ്യത്തിന്റെ പേരായിരുന്നു ഘാന. ഇത് പഴയ ഗോള്‍ഡ് കോസ്റ്റ്, ബ്രിട്ടീഷ് ടോഗോലാന്‍ഡ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് (1957) അതിരിട്ടുകൊടുത്തു. ഗിനീ ഉള്‍ക്കടലിന്റെ മുന്‍ഭാഗത്തായി കാണപ്പെടുന്ന ഘാനയുടെ അതിരുകള്‍ പ. ഐവറികോസ്റ്റ്, വ. ബുര്‍കീന ഫാസോ കി. ടോഗോ എന്നിവയാണ്. ഗിനീ ഉള്‍ക്കടല്‍ തെ. ഭാഗത്തായി കാണപ്പെടുന്നു. വിസ്തീര്‍ണം: 2,39,460 ച.കി.മീ. ജനസംഖ്യ: 24 ദശലക്ഷം (2010) തലസ്ഥാനം: ആക്രാ. ആസമാങ്കീസ്, തീമ, എന്‍സാവം, താര്‍ക്വ, ഓഡ, ഓബുവാസി, വീനബാ, കേതാ, അഗോണ്ടാ സേദ്രു എന്നിവയാണ് മറ്റു മുഖ്യപട്ടണങ്ങള്‍.
ഭൂപ്രകൃതിയും കാലാവസ്ഥയും. കടല്‍ത്തീരത്തോടു തൊട്ട് മണല്‍ നിറഞ്ഞതും പുല്ലും കുറ്റിച്ചെടികളും കൊണ്ട് ആവൃതവുമായ ഒരു സമതലം നീണ്ടു കിടക്കുന്നു. ഇതിനു പിന്നിലായി ഉയര്‍ന്നുവരുന്ന സാമാന്യം പൊക്കമേറിയ ഉന്നതതടം ഇടയ്ക്കിടെയുള്ള വൃക്ഷനിബിഡമായ കുന്നുകളാലും ചെങ്കുത്തായ വരമ്പുകളാലും മുറിഞ്ഞു കാണുന്നു. തെ. കിഴക്കായി കിടക്കുന്ന ഗോഗോ പര്‍വതനിരയുടെ ഉയരം പലപ്പോഴും 884 മീ. വരെ എത്താറുണ്ട്. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഗിരിശൃംഗമാണിത്. ഉത്തര-മധ്യ-ഘാനകളെ ചുറ്റി താണുകിടക്കുന്നതും പരന്നതുമായ ഒരു പച്ചപ്പുല്‍പ്രദേശം കാണാം. പലപ്പോഴും നിമ്നോന്നതമായി കാണുന്ന ഈ പുല്‍ത്തകിടി ചിതറിയ വൃക്ഷങ്ങളും ചെറുകാടുകളുമുള്ള ഒരു ഉഷ്ണമേഖലാ മേച്ചില്‍ പ്രദേശമാകുന്നു.
വോള്‍ട്ടാ നദിയും അതിന്റെ പ്രധാന പോഷകനദികളായ ബ്ലാക്ക് വോള്‍ട്ടാ, വൈറ്റ് വോള്‍ട്ടാ, ഓട്ടി എന്നിവയും ചേര്‍ന്ന് ഘാനയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ജലസിക്തമാക്കുന്നു. തെ. പടിഞ്ഞാറന്‍ പ്രദേശത്തുള്ള താനോ, പ്രാ എന്നിവ മറ്റു മുഖ്യ നദികളാണ്. ആക്കസോംബോ അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് രൂപമെടുത്തിട്ടുള്ള റിസര്‍വോയറായ വോള്‍ട്ടാ തടാകം 8,290 ച.കി.മീറ്ററിലേറെ പ്രദേശം വെള്ളത്തിനടിയിലായിരിക്കുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഘാനയുടേത്. താപനില 21o32oഇ-ന് ഇടയിലായിരിക്കും. തെക്കന്‍ ഘാനയ്ക്ക് രണ്ടു മഴക്കാലങ്ങളുണ്ട്: ഒന്ന് മേയ്-ജൂണിലും മറ്റൊന്ന് ഒക്ടോബര്‍-നവംബറിലും. ഏപ്രില്‍-സെപ്തംബറില്‍ കാണപ്പെടുന്ന ഒന്നു മാത്രമേ വടക്കന്‍ ഘാനയില്‍ അനുഭവപ്പെടുന്നുള്ളു.
ജനങ്ങള്‍. ഘാനയിലെ മുഖ്യ ജനവിഭാഗം കറുത്തവരാകുന്നു. യൂറോപ്യരും ഏഷ്യക്കാരും ഇവിടെ ചെറുന്യൂനപക്ഷം മാത്രമാണ്. പല ഭാഷകളും ഉപയോഗത്തിലുണ്ടെങ്കിലും സ്കൂളുകളിലും നഗരങ്ങളിലും സര്‍ക്കാരിലുമെല്ലാം ഇംഗ്ലീഷാണ് മുഖ്യവ്യവഹാര ഭാഷ. മൊത്തം ജനസംഖ്യയുടെ 62.5 ശ.മാ. ക്രിസ്ത്യാനികളും 15.7 ശ.മാ മുസ്ലിങ്ങളുമാണ്. 'ജഡാത്മവാദി'കളായ (animists) ഘാനക്കാരും കുറവല്ല.
പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാണ്. സെക്കന്‍ഡറി സ്കൂളുകള്‍, റ്റീച്ചര്‍-ട്രെയിനിങ് സ്ഥാപനങ്ങള്‍ വൊക്കേഷണല്‍-ടെക്നിക്കല്‍ സ്കൂളുകള്‍ തുടങ്ങിയവയും വേറെയുണ്ട്. ഘാന യൂണിവേഴ്സിറ്റി; യൂണിവേഴ്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കുമാസി; കേപ് കോസ്റ്റ് യൂണിവേഴ്സിറ്റി എന്നീ മൂന്നു സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലാ വിദ്യാഭ്യാസവും ഇവിടെ സൗജന്യം തന്നെ.
സമ്പദ് വ്യവസ്ഥ. പ്രധാനമായും ഒരു കാര്‍ഷിക രാജ്യമാണ് ഘാന; മുഖ്യ നാണ്യവിള കൊക്കോയും. കൊക്കോയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യവും ഘാനതന്നെ. ആഭ്യന്തരോപയോഗങ്ങള്‍ക്കുള്ള വിളകളില്‍ മരിച്ചീനി, യാം (ചേനപോലുള്ള ഒരിനം കിഴങ്ങ്), കോണ്‍, തേങ്ങ, വാഴപ്പഴം എന്നിവയ്ക്കാണ് പ്രാധാന്യം. അരി, ചാമ, ചോളം, കരിമ്പ്, നിലക്കടല, വിവിധയിനം നാരങ്ങകള്‍, തക്കാളി എന്നിവയുടെ ഉത്പാദനവും സാമാന്യം നല്ല തോതിലുണ്ട്. കന്നുകാലികള്‍, പലതരം ആടുകള്‍, കോഴി എന്നിവ മുഖ്യ വളര്‍ത്തുമൃഗങ്ങളാകുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം തീരങ്ങളോടടുത്ത് വികാസം പ്രാപിച്ചിരിക്കുന്നു. വോള്‍ട്ടാ തടാകത്തിലും മത്സ്യബന്ധനം ഏറെ പുരോഗമിച്ചിട്ടുണ്ട്.
കൃഷി കഴിഞ്ഞാല്‍ സാമ്പത്തിക പ്രാധാന്യമുള്ള അടുത്തയിനം ഖനനവും തടിവ്യവസായവുമാണ്. സ്വര്‍ണം, വജ്രം, മാങ്ഗനീസ്, ബോക്സൈറ്റ് എന്നിവയും മഹാഗണി പോലെ കടുപ്പമേറിയ തടികളുമാണ് മുഖ്യ കയറ്റുമതിയിനങ്ങള്‍. വിദേശ നാണ്യത്തിന്റെ പ്രധാന ഉറവിടവും ഇവതന്നെ. 1970-കളുടെ അവസാനത്തില്‍ ദൂരക്കടല്‍ ഖനനത്തിലൂടെ അസംസ്കൃത എണ്ണ ഉത്പാദനവും തുടങ്ങിയിരിക്കുന്നു.
ആഹാരസാധനങ്ങളുടെ സംസ്കരണം, പാനീയ നിര്‍മാണം, ഗാര്‍ഹിക-വ്യക്തിപര ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ നിര്‍മാണം, കയറ്റുമതി വസ്തുക്കളുടെ ഉത്പാദനം എന്നിവ മിതമായാണെങ്കിലും വന്‍തോതില്‍ ആരംഭിച്ചിരിക്കുന്നു. അലുമിനിയം സ്മെല്‍റ്റിങ്, പെട്രോളിയ ശുദ്ധീകരണം, വാഹനനിര്‍മാണം തുടങ്ങിയ വിദേശ വ്യവസായങ്ങളെല്ലാം കുറേക്കൂടി വന്‍കിട വ്യവസായങ്ങളാണ്. വന്‍കിട നിര്‍മാണാവശ്യമായ മിക്കവാറും എല്ലാ വസ്തുക്കളുടെ കാര്യത്തിലും ഘാന അങ്ങേയറ്റം ഒരു ആശ്രിത രാജ്യമാണ്. ഇറക്കുമതി മാത്രമാണ് ഏകാശ്രയം.
ഏതു കാലാവസ്ഥയ്ക്കും പറ്റിയ നല്ല റോഡുകള്‍ ഘാനയുടെ സമ്പാദ്യമാണ്. തെക്കന്‍ പ്രദേശത്തുള്ള മുഖ്യ നഗരങ്ങളെയെല്ലാം തമ്മില്‍ റെയില്‍ശൃംഖല ബന്ധിപ്പിക്കുന്നു. തലസ്ഥാനമായ ആക്രയ്ക്കടുത്തുള്ള തീമയും താകൊറാഡിയുമാണ് പ്രധാന തുറമുഖങ്ങള്‍. ഘാനയിലെ ഏറ്റവും വലിയ വിമാനത്താവളം ആക്രയിലേതാണ്.
ചരിത്രം. ബ്രിട്ടീഷ് കോളനികളായ ഗോള്‍ഡ് കോസ്റ്റ്, ടോഗോ ലാന്‍ഡ് എന്നിവ ചേര്‍ത്ത് രൂപവത്കരിച്ച പശ്ചിമ ആഫ്രിക്കന്‍ റിപ്പബ്ലിക് ആണ് ഘാന. 1600 വരെയുള്ള പശ്ചിമാഫ്രിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ നിലപാട് സഹാറയ്ക്കു തെക്കായി രൂപംകൊണ്ട സുഡാന്‍ രാജ്യങ്ങളുമായി ബന്ധിച്ച നിലയിലായിരുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം നിലനിര്‍ത്താന്‍ സ്വര്‍ണം, സുഗന്ധദ്രവ്യങ്ങള്‍, അടിമകള്‍ എന്നിവയാണ് പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നല്കിയിരുന്നത്. ഘാന ഈ രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ടിരുന്നില്ലെങ്കിലും ഈ രാജ്യങ്ങളുമായി അടുത്ത വ്യാപാരബന്ധം തുടര്‍ന്നിരുന്നു. രണ്ട് പ്രധാന വ്യാപാര മാര്‍ഗങ്ങള്‍ ഗോള്‍ഡ് കോസ്റ്റിനെയും സുഡാനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു: 1. മന്‍ഡിങ്ഗോ വ്യാപാരികള്‍ വികസിപ്പിച്ചിരുന്ന മാര്‍ഗം പ്രാചീന ഘാനാസാമ്രാജ്യംവരെ വ്യാപിച്ചിരുന്നു; 2. ഹാസാവ്യാപാരികള്‍ ആധിപത്യം വഹിച്ചിരുന്ന മാര്‍ഗം വ. കിഴക്കന്‍ ഭാഗത്തുള്ള ഹാസാ പ്രദേശം, കാനിം വരെയും വ്യാപിച്ചിരുന്നു.
13-ാം ശതകത്തോടുകൂടി ഘാനയിലെ വനഭൂമിക്കു വടക്കായി ബോണോ, ബന്‍ഡാ, ഗൊന്‍ജാ എന്നീ രാജ്യങ്ങള്‍ രൂപംകൊണ്ടു. ഇവ ഘാനയിലെ അഷാന്തി 1, ഫാന്‍തി പ്രദേശങ്ങളെ സ്വാധീനിച്ചിരുന്നു. 15-ാം ശ.-ത്തില്‍ ഗാ, അദല്‍ഗ്മെ, ഇവാ എന്നീ ജനവര്‍ഗങ്ങള്‍ ഘാനയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ താമസം തുടങ്ങി; ഇവരാണ് മധ്യകാല നൈജീരിയയിലെ പ്രധാന ജനവര്‍ഗങ്ങള്‍. സ്വര്‍ണം, സുഗന്ധദ്രവ്യങ്ങള്‍, അടിമകള്‍ എന്നിവയുടെ കയറ്റുമതി പ്രധാനമായും സുഡാനുമായിട്ടായിരുന്നു. ഈ സ്ഥിതി 15-ാം ശതകത്തിന്റെ അവസാനം വരെ നിലനിന്നു. പോര്‍ച്ചുഗീസുകാര്‍ ഗോള്‍ഡ് കോസ്റ്റില്‍ 1471-ല്‍ എത്തി. സ്വര്‍ണം ധാരാളമായി കിട്ടുമെന്നുറപ്പായപ്പോള്‍ അവര്‍ എല്‍മിനായിലും മറ്റു സ്ഥലങ്ങളിലും കോട്ടകള്‍ കെട്ടി. പോര്‍ച്ചുഗീസ് കുത്തക വളരെ വേഗം ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് വ്യാപാരികള്‍ തകര്‍ത്തു. 17-ാം ശതകത്തില്‍ ഗോള്‍ഡ് കോസ്റ്റില്‍ യൂറോപ്യന്‍ വ്യാപാരികളുടെ പ്രധാന താത്പര്യം അമേരിക്കന്‍ തോട്ടങ്ങളിലേക്കു വേണ്ട അടിമകളുടെ കയറ്റുമതിയായിരുന്നു. സ്വര്‍ണ സംഭരണം പാശ്ചാത്യ ശക്തികള്‍ തുടര്‍ന്നു. സുഡാനിലേക്കും സുഡാന്‍ വഴി ഉത്തരാഫ്രിക്കയിലേക്കുമുള്ള വ്യാപാരം അധഃപതിക്കുകയും കുറേക്കൂടി ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ സമുദ്രം വഴിയുള്ള വ്യാപാരം അഭിവൃദ്ധിപ്പെടുകയും ചെയ്തു. 1650 മുതല്‍ 1730 വരെ നിലനിന്നിരുന്ന അക്വാമു സാമ്രാജ്യം കടല്‍ത്തീരത്തുകൂടിയുള്ള വ്യാപാര മാര്‍ഗങ്ങള്‍ കുത്തകയാക്കാന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ അധഃപതനത്തിനുശേഷം അഷാന്തി രാജ്യങ്ങള്‍ ബോണോ, ബന്‍ഡാ, ഗൊന്‍ജാ, ഡാഗൊംബാ രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ കൊണ്ടുവരികയുണ്ടായി. ഫാന്തി രാജ്യങ്ങള്‍ കടല്‍ത്തീരത്ത് യൂറോപ്യന്‍ ഫാക്ടറികളുടെ സഹായം സ്വീകരിച്ചിരുന്നു.
19-ാം ശതകത്തിന്റെ ആദ്യത്തില്‍ത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ അടിമവ്യാപാരം നിരോധിച്ചു. അടിമവ്യാപാരത്തില്‍നിന്നുള്ള ആദായം നഷ്ടപ്പെട്ടതോടുകൂടി യൂറോപ്യന്‍ ശക്തികള്‍ ഘാനാ തീരം വിട്ടു പോവാന്‍ തുടങ്ങി. 1850-ല്‍ ഡെയിനുകളും 1872-ല്‍ ഡച്ചുകാരും തങ്ങളുടെ കോട്ടകള്‍ ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അതുകാരണം ഗോള്‍ഡ് കോസ്റ്റ് തീരത്തു ബ്രിട്ടീഷുകാര്‍ക്ക് മാത്രമേ സ്വാധീനമുണ്ടായിരുന്നുള്ളു. തങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഫാന്തിരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതാണ് നല്ലതെന്ന് ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമായി. ഡെയ്നുകളും ഡച്ചുകാരും പിന്‍വലിഞ്ഞതോടുകൂടി 1873-74-ല്‍ ബ്രിട്ടന്‍ അഷാന്തി രാജ്യങ്ങളെ ആക്രമിച്ചു. അവയെ ഒരു ബ്രിട്ടീഷ് കോളനിയാക്കി. എന്നാല്‍ ഈ കോളനികളുടെ ഭരണം വളരെ ദുര്‍ബലമായിരുന്നു. അതിനാല്‍ വീണ്ടും അഷാന്തി രാജ്യത്തിന് അധികാരം തിരികെക്കൊടുത്തു. വ്യാപാരം നാമമാത്രമാവുകയും ചെയ്തു. സ്വര്‍ണഖനനം നടത്തുന്ന കമ്പനികള്‍ കൂടുതല്‍ സുരക്ഷിതത്വം ആവശ്യപ്പെട്ടതും, ഫ്രാന്‍സും ജര്‍മനിയും ഈ രാജ്യങ്ങളില്‍ താത്പര്യം കാണിച്ചതും കാരണം അഷാന്തി വീണ്ടും ആക്രമിച്ച് 1901-ല്‍ ഒരു കോളനിയുണ്ടാക്കുകയുണ്ടായി. 1922-ല്‍ മുന്‍പിലത്തെ ജര്‍മന്‍ ടോഗോലാന്‍ഡ് ഭരണത്തിനായി ബ്രിട്ടനെ ഏല്പിക്കുകയുമുണ്ടായി. ഈ രണ്ടു പ്രദേശങ്ങളും ഭരണ സൗകര്യത്തിനും കസ്റ്റംസ് തീരുവകള്‍ പിരിക്കുന്നതിനും വേണ്ടി ഒന്നിച്ചാണ് പരിഗണിച്ചിരിക്കുന്നത്.
20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി ഘാനയില്‍ കൊക്കോ കൃഷി തുടങ്ങിയത് നാടിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് കാരണമായി. ഇതില്‍ നിന്നുള്ള വരുമാനം റെയില്‍-റോഡ് വികസനത്തിനും തക്കാറടി തുറമുഖ സ്ഥാപനത്തിനും കൂടുതല്‍ സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ നിര്‍മാണത്തിനും വഴിയൊരുക്കി.
1925-വരെ ഒരു ബ്രിട്ടീഷ് ഗവര്‍ണറാണ് കോളനി ഭരിച്ചിരുന്നത്. അക്കൊല്ലം ചില ആഫ്രിക്കന്‍ അംഗങ്ങളെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 1946-ല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും ആഫ്രിക്കക്കാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ വിദ്യാഭ്യാസം സിദ്ധിച്ച ആഫ്രിക്കക്കാര്‍ക്ക് ബ്രിട്ടന്‍ അനുവദിച്ച ഭരണ സൗകര്യങ്ങള്‍ പോരെന്നു തോന്നിത്തുടങ്ങിയതോടുകൂടി ഘാനയില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു. സ്വയംഭരണത്തിനുവേണ്ടി 1947-ല്‍ ആരംഭിച്ച പരിശ്രമം ലഹളയില്‍ അവസാനിച്ചു. 1951-ല്‍ നിലവില്‍വന്ന ഭരണഘടന പ്രകാരം വിദേശകാര്യം, പ്രതിരോധം, നീതിന്യായം, ധനകാര്യം എന്നിവ ഒഴിച്ച് ബാക്കി അധികാരങ്ങളെല്ലാം ആഫ്രിക്കന്‍ മന്ത്രിമാര്‍ക്ക് വിട്ടുകൊടുത്തു. അവരെ മുഴുവന്‍ ആഫ്രിക്കക്കാരടങ്ങിയ ഒരു അസംബ്ലി തെരഞ്ഞെടുത്തു.
1951-ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളും ക്വാമെ എന്‍ക്രൂമായുടെ കണ്‍വെന്‍ഷന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.പി.പി.) പിടിച്ചെടുത്തു. എന്‍ക്രൂമാ മറ്റു കക്ഷികളുമായി ചേര്‍ന്ന് ഒരു നാഷണല്‍ ഗവണ്‍മെന്റ് സ്ഥാപിച്ചു. 1954-ല്‍ പുതിയ ഭരണഘടനയും നിലവില്‍വന്നു. 1954-ലും 1956-ലും നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.പി. ഭൂരിപക്ഷം നേടി. സമുദ്ര തീരപ്രദേശങ്ങളില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതിനെതിരെ മറ്റു പാര്‍ട്ടികള്‍ ബഹളം കൂട്ടി. അവര്‍ ഒരു ഫെഡറല്‍ ഭരണഘടന ആവശ്യപ്പെട്ടു. 1957 മാ. 6-ന് ഗോള്‍ഡ് കോസ്റ്റ് ഘാന എന്ന പേരില്‍ ഒരു സ്വതന്ത്ര രാജ്യമായി. അക്കൊല്ലംതന്നെ ബ്രിട്ടീഷ് ടോഗോലാന്‍ഡ് ഒരു ജനഹിത പരിശോധന പ്രകാരം ഘാനയില്‍ ലയിച്ചു.
1957-നുശേഷം. 1957-ലെ ഭരണഘടന ഒറ്റ സഭയുള്ള അസംബ്ലിയും മന്ത്രിസഭയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ക്രൗണ്‍ നാമനിര്‍ദേശം ചെയ്ത് ഘാനാ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്ന ഒരു ഗവര്‍ണര്‍ ജനറലായിരുന്നു ഭരണാധികാരി. പ്രാദേശിക താത്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നീതിന്യായ വകുപ്പിനും സിവില്‍ സര്‍വീസിനും രക്ഷാവ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഈ ഭരണഘടന സി.പി.പി. സ്വീകരിച്ചത് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള പടിയായിട്ടാണ്. രാഷ്ട്രീയമായും സാമ്പത്തികമായും ജനങ്ങളുടെ ഭാവി രൂപീകരിക്കുന്നതിന് പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു ഗവണ്‍മെന്റാണ് അവര്‍ വിഭാവനം ചെയ്തിരുന്നത്. അങ്ങനെയുള്ള ഒരു ഗവണ്‍മെന്റ് പൂര്‍ണ സ്വാതന്ത്ര്യമുള്ള പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഒരു ഫെഡറേഷന്‍ രൂപീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
1960 ജൂല. 1-ന് ഘാന ഒരു റിപ്പബ്ലിക്കായി. എന്‍ക്രൂമായെ ആയുഷ്കാല പ്രസിഡന്റായി തെരഞ്ഞെടുത്തു. പാന്‍-ആഫ്രിക്കാനിസത്തിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന എന്‍ക്രൂമായുടെ ഭരണം പരാജയമായിരുന്നു. ഒരു സൈനിക അട്ടിമറിയിലൂടെ 1966 ഫെബ്രുവരി 24-ന് എന്‍ക്രൂമ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. സൈനികരുടെയും പൊലിസ് ആഫീസര്‍മാരുടെയും നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ ജന. ജോസഫ് അന്‍ക്രായുടെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് സ്ഥാപിച്ചു. സി.പി.പി. നേതാക്കന്മാരെ അറസ്റ്റുചെയ്തു തടവിലാക്കി.
1969-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പില്‍ കോഫിബുസിയായുടെ നേതൃത്വത്തിലുള്ള പ്രോഗ്രസ് പാര്‍ട്ടി അധികാരത്തില്‍ കയറി. എന്നാല്‍ ഈ ഗവണ്‍മെന്റിനെ 1972 ജനു. 13-ന് ഒരു സൈനിക ഗ്രൂപ്പ് താഴെയിറക്കി. കേണല്‍ ഇഗ്നേഷ്യസ് അച്ചീംപോംഗ് പ്രസിഡന്റായി ഒരു ഗവണ്‍മെന്റ് സ്ഥാപിച്ചു. ഭരണഘടന റദ്ദു ചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടു; രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചു.
1975-ല്‍ ഗവണ്‍മെന്റിന്റെ നേതാവായി അച്ചീംപോംഗ് തെരഞ്ഞെടുക്കപ്പെട്ടു. 1978-ല്‍ അദ്ദേഹം രാജിവയ്ക്കുകയും, ലെഫ്. ജന. ഫ്രെഡറിക് അകുഫ് ഫോ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു.
1979-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഫ്ളൈറ്റ് ലഫ്റ്റനന്റ് ജെ.ജെ. റോളിങ്സ് അധികാരം പിടിച്ചെടുത്തു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഡോ. ഹില്ലാ ലിമാന്‍ പുതിയ ഗവണ്‍മെന്റ് രൂപവത്കരിച്ചു. 1981 ഡി. 31-ന് വീണ്ടും സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഭരണഘടന റദ്ദുചെയ്യുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും രാഷ്ട്രീയ കക്ഷികളെ നിരോധിക്കുകയും ചെയ്തു. പ്രൊവിഷണല്‍ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ രൂപവത്കരിച്ച് റോളിങ്സ് ഭരണാധിപനായി. തുടക്കത്തില്‍ ഈ ഭരണത്തിന് ജനപിന്തുണ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരക്കെ പ്രതിഷേധമുണ്ടായി. 1988 ഡിസംബറിനും 1989 ഫെബ്രുവരിക്കും ഇടയില്‍ ജില്ലാ അസംബ്ലികളിലേക്ക് തെരഞ്ഞെടുപ്പു നടത്തി. 1989 സെപ്. 24-ന് ഒരു അട്ടിമറിശ്രമം നടന്നു. 1990-92-ല്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനും ഭരണഘടനാ രൂപവത്കരണത്തിനും വേണ്ടി ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉണ്ടായി. 1992 ഏ. 28-ന് ദേശീയ ജനഹിതപരിശോധനയിലൂടെ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്കി. ഇതനുസരിച്ച് ബഹുകക്ഷി സമ്പ്രദായം നിലവില്‍ വന്നു. ഭരണത്തലവന്‍ പ്രസിഡന്റ് ആവുകയും ചെയ്തു. 1992 മേയ് 18-ന് രാഷ്ട്രീയ സംഘടനകള്‍ രൂപവത്കരിക്കുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. 1992 ജൂണില്‍ ചില പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉടലെടുത്തു. 1992-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോളിങ്സ് 1996-ല്‍ വീണ്ടും അധികാരത്തിലെത്തി. ഒരു വ്യക്തി രണ്ടിലേറെ തവണ പ്രസിഡന്റാകുന്നത് ഘാനയുടെ 1992-ലെ ഭരണഘടന അനുവദിക്കാത്തതിനാല്‍ വീണ്ടും അധികാരത്തിലെത്താനായില്ല. 2000-ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ന്യൂ പാട്രിയോറ്റിക് പാര്‍ട്ടിയുടെ പ്രതിനിധി ജോണ്‍ കുഫോര്‍ പ്രസിഡന്റ് സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ ഇദ്ദേഹം രണ്ടാം തവണയും പ്രസിഡന്റായി. 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സിലെ ജോണ്‍ അറ്റാസ്മില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയം നേടുകയും അധികാരത്തിലെത്തുകയും ചെയ്തു.
(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്; സ.പ.)