This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘാതകവധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘാതകവധം

ആദ്യത്തെ മലയാള നോവല്‍. റിച്ചാഡ് കോളിന്‍സും മിസ്സിസ് കോളിന്‍സും ചേര്‍ന്ന് ഇംഗ്ലീഷില്‍ രചിച്ച നീണ്ടകഥയുടെ മലയാളപരിഭാഷ. മധ്യതിരുവിതാംകൂറില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി 'സ്ലേയര്‍ സ്ലെയിന്‍' എന്ന പേരില്‍ 1859-ല്‍ മിസ്സിസ് കോളിന്‍സ് കഥാരചന ആരംഭിച്ചുവെങ്കിലും അതു പൂര്‍ത്തിയാകും മുന്‍പേ, 1862-ല്‍ അവര്‍ അന്തരിക്കുകയുണ്ടായി. കോട്ടയം സി.എം.എസ്. കോളജ് പ്രിന്‍സിപ്പലായിരുന്ന റിച്ചാഡ് കോളിന്‍സ് 1864-ല്‍ കഥ പൂര്‍ത്തിയാക്കുകയും കോളജില്‍ നിന്നും ആ വര്‍ഷം പ്രസിദ്ധീകരണമാരംഭിച്ച വിദ്യാസംഗ്രഹം എന്ന ഇംഗ്ലീഷ്-മലയാളം ത്രൈമാസികത്തില്‍ അതു പ്രകാശിപ്പിക്കുകയും ചെയ്തു. പ്രസ്തുത കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് ആരെന്നു വ്യക്തമല്ല. 1877-ല്‍ മലയാളപരിഭാഷ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കോളിന്‍സ് അതിന്റെ ആമുഖത്തില്‍ 'ഈ കഥയിലേക്കു ദൃഷ്ടി എത്തി അതു മലയാളഭാഷയിലാക്കുന്നതിന് ഇടയായല്ലോ എന്നുള്ളതില്‍ എനിക്കു വളരെ പ്രീതി തോന്നിയിരിക്കുന്നു' എന്നു രേഖപ്പെടുത്തുന്നുണ്ട്.

ഘാതകവധത്തില്‍ പതിനെട്ടു അധ്യായങ്ങളാണുള്ളത്. ക്രിസ്തുമതം സ്വീകരിച്ച അടിമകളായ പുലയരുടെ ദുരിതവും ഉടമകളായ മേല്‍ജാതിക്കാരുടെ ക്രൂരതയും വിവരിച്ചുകൊണ്ട് സാമൂഹിക പരിഷ്കരണത്തില്‍ സി.എം.എസ്. മിഷനറിമാര്‍ വഹിക്കുന്ന പ്രമുഖമായ പങ്ക് ചര്‍ച്ചചെയ്യുകയാണ് ഇവിടെ. ധനമോഹം കൊണ്ട് പ്രൊട്ടസ്റ്റന്റ് സഭ വിട്ട് സുറിയാനിയിലേക്കു മാറിയ കോശി കുര്യന്‍, പുലയരുടെ നേതാവായ പൌലോസിനു നേരേ ക്രൂരതകള്‍ കാട്ടുന്നു. കോശി കുര്യന്റെ മകളായ മറിയം മിഷനറിമാരില്‍ നിന്ന് മനുഷ്യ സ്നേഹത്തിന്റെ മഹത്ത്വത്തെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിക്കുകയും പുലയരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. മറിയം ക്രമേണ തന്റെ അച്ഛനെ മാനസിക പരിവര്‍ത്തനത്തിനു വിധേയനാക്കി നേരായ മാര്‍ഗത്തില്‍ കൊണ്ടുവരികയാണ്. മറിയത്തിന്റെ സ്നേഹം കോശി കുര്യന്റെ മനസ്സിലെ ക്രൂരത എന്ന ഘാതകനെ നിഗ്രഹിക്കുന്നു എന്നതുകൊണ്ടാണ് ഘാതകവധം എന്ന ഗ്രന്ഥനാമം അന്വര്‍ഥമാക്കുന്നത്. മത പ്രചാരണം, വിശിഷ്യ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ സവിശേഷതകളും മഹത്ത്വവും എടുത്തുകാട്ടുക എന്നത്, ആയിരുന്നു ഈ കൃതിയുടെ മുഖ്യരചനാലക്ഷ്യം.

അമേരിക്കന്‍ നോവലായ അങ്കിള്‍ ടോംസ് ക്യാബിനുമായി (1852) ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവവിവരണം തുടങ്ങിയവയിലെല്ലാം ഘാതകവധത്തിനു സാമ്യമുണ്ടെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ചിലര്‍ ഈ കൃതി ആദ്യത്തെ മലയാളനോവലാണെന്നു പറയുന്നു. എന്നാല്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ എന്ന സ്ഥാനം ഘാതകവധത്തിന് പലരും നല്കുന്നില്ല. അവതാരികയും അനുബന്ധങ്ങളും ചേര്‍ത്ത് കോട്ടയം ഡി.സി. ബുക്സ് ഈ കൃതിയുടെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B4%BE%E0%B4%A4%E0%B4%95%E0%B4%B5%E0%B4%A7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍