This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘാഗ്ര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘാഗ്ര
ഗംഗയുടെ ഒരു പോഷകനദി. 'ഘാഘര', 'സരയൂ' എന്നീ പേരുകള്‍ കൂടി ഇതിനുണ്ടായിരുന്നു. ഋഗ്വേദത്തില്‍ വളരെ സാധാരണമായി പരാമര്‍ശിക്കപ്പെടുന്ന ഈ നദി പഞ്ചാബിലെ പ്രധാന നദികളില്‍ ഒന്നായി കരുതപ്പെടുന്നു എങ്കിലും ഇതിന്റെ യഥാര്‍ഥാവസ്ഥ ഇന്നും ഒരു പ്രശ്നമായവശേഷിക്കപ്പെടുന്നു. 'സരസ്വതി' എന്നാണ് ഋഗ്വേദത്തില്‍ ഇതു സാധാരണ പരാമൃഷ്ടമാവുന്നത്. 'തടാകസമൃദ്ധം' എന്നര്‍ഥം വരുന്ന ഇതിന്റെ പേര് ഇതൊരു വന്‍ നദിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. സിവാലിക് മലനിരകളില്‍ നിന്നുമുദ്ഭവിച്ച്, പോകുംവഴിയാകെ പ്രളയക്കെടുതികള്‍ വിതച്ച്, രാജസ്ഥാന്‍ മരുഭൂമികളിലവസാനിക്കുന്ന ഒരു ഘാഗ്ര-പോഷകനദിയായാണ് ഇന്നും 'ഭൂപട'ങ്ങളില്‍ സരസ്വതി ചിത്രീകരിക്കപ്പെടുന്നത്. പണ്ട് സിന്ധുവുമായി സമ്മേളിച്ചിരുന്നയിടംവരെ വരണ്ട ചാനലുകള്‍ വഴി ഈ നദിയെ തുടര്‍ന്നു കണ്ടുപിടിക്കാവുന്നതാണ്. ഇറാനിയന്‍ പദമായ 'ഹരാകെയ്തി'ക്കു സമാനമായ 'സരസ്വതി' ഇന്ത്യയില്‍ അധിനിവേശമുറപ്പിച്ച ആര്യന്മാര്‍ കിഴക്കന്‍ പഞ്ചാബിലെത്തുന്നതിനുമുന്‍പ് സിന്ധുവിനു നല്കിയ പേരായിരുന്നിരിക്കണം എന്നൊരു പക്ഷമുണ്ട്. അവര്‍ പഞ്ചാബ് കടന്നതോടെ ഈ പേര് ലുപ്ത പ്രചാരമായിട്ടുണ്ടാകാം. ഇന്ത്യന്‍ മരുഭൂമിയില്‍ ലയിച്ചുപോയ ഇന്നത്തെ ഘാഗ്ര-ഹക്ര-സിന്ധു ചാനലിനെ വിശേഷിപ്പിക്കാനാകണം ഈ പേര് പിന്നീടുപയോഗിച്ചിരിക്കുക. ദൃത്വതീനദിയോടൊപ്പം ചേര്‍ന്ന് ബ്രഹ്മാവര്‍ത്തത്തിന്റെ പടിഞ്ഞാറെ അതിരു നിര്‍ണയിച്ച സരസ്വതി വേദിക്-ഇന്ത്യയുടെ പുരാണനദികളിലൊന്നായിത്തീര്‍ന്നു. വാഗര്‍ഥവിചാരങ്ങളുടെയും വിദ്യയുടെയും അറിവിന്റെയും ദേവതയായി രൂപകല്പന ചെയ്യപ്പെട്ട സരസ്വതി ബ്രഹ്മാവിന്റെ പത്നിയായും അറിയപ്പെട്ടു.
സിവാലിക് നിരകളില്‍ ജന്മമെടുക്കുന്ന ഘാഗ്ര ഹരിയാനയിലൂടെ 320 കി.മീ ഒഴുകിയിട്ടാണ് ഥാര്‍ മരുഭൂമിയിലെ മണല്‍പ്പരപ്പില്‍ ലയിക്കുന്നത്. സിര്‍മൂര്‍ കുന്നുകളില്‍ നിന്നു പുറപ്പെടുന്ന നദി വ. പടിഞ്ഞാറോട്ടൊഴുകി, തെക്കോട്ട് അല്പം വളഞ്ഞ ശേഷം വീണ്ടും വ. പടിഞ്ഞാറേക്കൊഴുകുന്നു. കാട്പൂരിനു തെ.വച്ച് ഇതിന്റെ ഗതി പടിഞ്ഞാറേക്കു തിരിഞ്ഞ്, വീണ്ടും തെ. പടിഞ്ഞാറേക്കായി, ഛാട്ട്, അംബാല എന്നിവിടങ്ങളിലൂടെ അര്‍ണൂലിയില്‍ എത്തുന്നു. അതിനുശേഷം തെ. പടിഞ്ഞാറെ ദിശയില്‍ മുന്നോട്ടൊഴുകുന്ന ഘാഗ്ര സീഗ്രായ്ക്ക് ഏതാണ്ട് 1.5 കി.മീ. വടക്കുവച്ചാണ് സരസ്വതിയുമായി സംഗമിക്കുന്നത്. മുന്‍പത്തെ ഘാഗ്ര-സരസ്വതി സംഗമസ്ഥാനം ഇന്നത്തേതിനെക്കാള്‍ ഏകദേശം 13 കി.മീ തെ. പടിഞ്ഞാറായിരുന്നു. നദിയുടെ പണ്ടുള്ള ഗതി ഇപ്പോഴത്തേതിന്റെ പടിഞ്ഞാറുഭാഗത്തായാണ് രേഖപ്പെടുത്തുന്നത്. ഫത്തേഹാബാദിന് ഏകദേശം 4 കി.മീ. തെ. വച്ച് ഘാഗ്ര പടിഞ്ഞാറുള്ള സിര്‍സയിലേക്കു തിരിഞ്ഞ് ഹനുമാന്‍ഗഡ്ഡിലേക്കു പോകുകയും തുടര്‍ന്ന് മരുഭൂമിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഘാഗ്രയുടെ തുടര്‍ന്നുള്ള ഗതി ഹക്രയിലെ വരണ്ട തടങ്ങളില്‍ കണ്ടെത്താം. ഘാഗ്ര താഴ്വര, ഭവല്‍പൂര്‍ വരെ നദീതടത്തിലുടനീളം കാണപ്പെടുന്ന ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവ ഒരിക്കല്‍ ഘാഗ്രയിലൂടെ ഇന്നത്തേതിനെക്കാള്‍ വളരെയേറെ ജലം പ്രവഹിച്ചിരുന്നതായി സൂചിപ്പിക്കുന്നു. കൗസല്യ, ഝാജര്‍ എന്നീ ഘാഗ്ര-കൈവഴികളുടെ സംഗമസ്ഥാനത്താണ് ചരിത്രപധാനവും പുരാതനവുമായ പിഞ്ഛോര്‍ സ്ഥിതിചെയ്യുന്നത്. സിര്‍സയ്ക്കു തൊട്ടുതെ. പടിഞ്ഞാറായി രാജസ്ഥാന്‍ വരെ നീളുന്ന രണ്ടു ജലസേചന കനാലുകള്‍ ഘാഗ്രാ നദിയില്‍ നിന്നു പുറപ്പെടുന്നു.
(ജെ.കെ. അനിത; സ.പ.)