This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘനധാതു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘനധാതു

ആപേക്ഷികസാന്ദ്രത 2.9-ലേറെയുള്ളധാതുക്കളെക്കുറിക്കുന്ന വിശേഷ സംജ്ഞ. ശിലാഘടകങ്ങളെ ഘനധാതുക്കളും അല്ലാത്തവയുമായി വേര്‍തിരിക്കുന്നതിന് ബ്രോമൊഫോം (bromoform) ഉപയോഗിക്കുന്നു. ഈ ദ്രാവകത്തിന്റെ ആ.സാ. 2.9 ആണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഘനധാതുക്കളുടെ നിര്‍വചനം. ധാതുക്കളുടെ ഘനസ്വഭാവനിര്‍ണയനം കൂടുതല്‍ പ്രയുക്തമാവുന്നത് അവസാദ ശിലകളില്‍ ഘടകധാതുക്കളുടെ വ്യതിരേകം നിര്‍ണയിക്കുന്നതിനാണ്, ആഗ്നേയശിലാവിജ്ഞാനീയത്തിലും (Igneous Petrology) പ്രസക്തിയുണ്ട്.

അപക്ഷയത്തിലൂടെയോ (weathering) അവസാദനത്തിലൂടെയോ (sedimentation) സ്വഭാവപരിവര്‍ത്തനം നേരിട്ടിട്ടില്ലാത്ത അവസ്ഥയില്‍ അവസാദശിലകളിലെ, വിശിഷ്യ മണല്‍ക്കല്ലുകളിലെ ഘനധാതുപടലങ്ങള്‍ മാതൃശിലയുടെ സംരചന സംബന്ധിച്ച സൂചന നല്കുന്നു. ഉദാഹരണത്തിന് ആംഫിബോള്‍, ആംഫിബോള്‍-എപ്പിഡോട്ട് എന്നിവയെ ഉള്‍ക്കൊള്ളുന്ന പടലങ്ങള്‍ ആഗ്നേയമോ തീക്ഷ്ണ-കായാന്തരിതമോ ആയ ആധാരപടലങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞതാവും. അഗൈറ്റ് പടലങ്ങള്‍ അഗ്നിപര്‍വതജന്യ (volcanic)ശിലകളില്‍നിന്നും, കയനൈറ്റ്-സാച്ചുറലൈറ്റ് താണയിനം കായാന്തരിതശിലകളില്‍ നിന്നും ഉദ്ഭവിച്ചതുമാവാം. അവസാദശിലകളിലെ അസ്ഥിരധാതുക്കള്‍ ഒന്നോ അതിലേറെയോ അപക്ഷരണ-അപരദന ചക്രങ്ങളിലൂടെ നിഷ്കാസിതമായിട്ടുള്ള അവസ്ഥയില്‍ സിര്‍ക്കോണ്‍-ടൂര്‍മലൈറ്റ് രൂപംകൊള്ളുന്നു.

അവസാദങ്ങളെ ഇവ ഉള്‍ക്കൊള്ളുന്ന ഘനധാതുക്കളുടെ സംയോജനത്തെ (combination) അടിസ്ഥാനമാക്കി വേര്‍തിരിക്കാവുന്നതാണ്. നിക്ഷേപണ (deposition) പ്രക്രിയയിലൂടെ രൂപം കൊണ്ടിട്ടുള്ള തടങ്ങളില്‍ അടങ്ങിയിട്ടുള്ള അവസാദങ്ങളില്‍ ഓരോ അടരും ഏതേതുകാലയളവില്‍ ഏതേതുഭാഗത്തു വിന്യസിക്കപ്പെട്ടുവെന്നും അവയിലോരോന്നും ഏത് ആധാരശിലയില്‍ നിന്നു വിഘടിതമായെന്നും വ്യക്തമായി നിരീക്ഷിക്കാനാവും. ഇതില്‍നിന്ന് ആധാര പടലങ്ങളുടെ അപരദനസ്വഭാവം മനസ്സിലാക്കാം. വിവിധ പ്രഭവസ്ഥാനങ്ങളില്‍ നിന്നുള്ള അവസാദങ്ങള്‍ ഒരേസമയം നിക്ഷിപ്തമാവുന്നത് അവയുടെ സമ്മിശ്രണത്തിന് കാരണമായേക്കാം. ഘനധാതുക്കളുടെ അളവും വിതരണക്രമവും അതീവസങ്കീര്‍ണമായി മാറുന്ന ഒരവസ്ഥയാണ് ഇത്. ഇത്തരം സങ്കീര്‍ണതകളെ ചികഞ്ഞുപരിശോധിച്ച് യഥാതഥമായ വിവരം കണ്ടെത്തുവാനുതകുന്ന ഗണിതപരവും സാംഖ്യികവുമായ പ്രവിധികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരു തടത്തിന്റെ നിക്ഷേപണപരവും പുരാഭൂപരിസ്ഥിതികവുമായ (paleo geographical) വസ്തുതകള്‍ ഗ്രഹിക്കുന്നതില്‍ ഘനധാതു വിന്യാസം അതീവസഹായകമായ ഒരു ഘടകമായി വര്‍ത്തിക്കുന്നു. അവസാദപടലങ്ങളുടെ സമയബദ്ധവും ഘടനാപരവുമായ പരസ്പരബന്ധം വിവേചിക്കുന്നതിലും ഘനധാതുക്കള്‍ പ്രയോജകീഭവിക്കുന്നുണ്ട്.

ആധാരശിലകളിലടങ്ങിയിട്ടുള്ള ഘനധാതുസമുച്ചയത്തിന് നിക്ഷേപത്തിനു മുന്‍പും പിന്‍പും സ്വഭാവഭേദം സംഭവിക്കാം. അപക്ഷരണംമൂലം അഗൈറ്റ്, ഒലീവിന്‍ തുടങ്ങിയ അസ്ഥിര ധാതുക്കള്‍ക്ക് നാശമുണ്ടാവാം; താപനിലയും ആര്‍ദ്രതയും ഒന്നുപോലെ ഏറിനില്‍ക്കുന്ന മേഖലകളിലാണ് ഇതിനുള്ള സാധ്യത കൂടുതലായിക്കാണുന്നത്. അവസാദങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വഹിച്ചുനീക്കപ്പെടുന്നതിനിടയില്‍ ബലകൃത (mechanical) പ്രക്രിയകള്‍മൂലം മൃദുധാതുക്കള്‍ (soft rocks) നഷ്ടമാവുന്നതും അസാധാരണമല്ല. ഒഴുക്കുവെള്ളം, കാറ്റ് എന്നിവയാല്‍ വഹിക്കപ്പെടുമ്പോള്‍ ഘനധാതുക്കളും മൃദുധാതുക്കളും വെവ്വേറെ നിക്ഷിപ്തമാവുക പതിവാണ്. നിശ്ചിത വലുപ്പത്തില്‍ മാത്രം ഉരുത്തിരിയുന്ന സാഹചര്യത്തില്‍ പ്രത്യേകയിനം ഘനധാതുക്കള്‍ക്ക് ധാതുസംഘടനത്തില്‍ മാറ്റമേര്‍പ്പെടുന്നു.

കടല്‍ക്കരകളിലും നദീതടങ്ങളിലും നൈസര്‍ഗികമായി നിക്ഷിപ്തമായിട്ടുള്ള ഘനധാതു സഞ്ചയങ്ങള്‍ക്ക് വലുതായ സാമ്പത്തിക പ്രാധാന്യമുണ്ട്. ഇന്ത്യാതീരത്തെ മോണസൈറ്റ് നിക്ഷേപങ്ങള്‍ ഇതിനുദാഹരണമാണ്. ഈദൃശ നിക്ഷേപങ്ങള്‍ ബ്രസീല്‍തീരത്തും ഉണ്ട്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ബാങ്ക, ബിലിടണ്‍ എന്നിവയുടെ തീരങ്ങളിലുള്ള തകര-മണല്‍ (tin-sand) വ്യാവസായികമായി വളരെ പ്രാധാന്യം നേടിയിരിക്കുന്നു. ഹിമയുഗകാലത്ത് (Ice Age) സമുദ്രം പിന്‍വാങ്ങിയതുമൂലം വന്‍കരത്തട്ടുകളില്‍ പല ഭാഗത്തും ജലോഢ-നിക്ഷേപങ്ങളും കടലോര-നിക്ഷേപങ്ങളും രൂപം കൊണ്ടു. ഇവയില്‍ മിക്കതും അമൂല്യങ്ങളായ ഘനധാതുക്കളുടെ കനത്ത ശേഖരങ്ങളാണ്. തെ.പ. ആഫ്രിക്കയിലെ വജ്ര മണല്‍ (diamond sand), അലാസ്കയിലെ സ്വര്‍ണം, ന്യൂസിലന്‍ഡിലെ ഇരുമ്പയിര് തുടങ്ങിയ തീരക്കടല്‍ നിക്ഷേപങ്ങള്‍ ഇതില്‍പ്പെടുന്നു. തീരക്കടലിലെ ഘനധാതുസഞ്ചയങ്ങളെ സംബന്ധിച്ച പഠനവും അവയുടെ സാങ്കേതിക ചൂഷണവും അടുത്തകാലത്ത് വന്‍തോതില്‍ വികസിച്ചിട്ടുണ്ട്. അലാസ്കയുടെ പസിഫിക് തീരത്തും ആസ്റ്റ്രേലിയ-ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലുമാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.

(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B4%A8%E0%B4%A7%E0%B4%BE%E0%B4%A4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍