This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘടം

ഘടം വായിക്കുന്ന കലാകരാന്‍

ദക്ഷിണേന്ത്യന്‍ സംഗീതക്കച്ചേരികളില്‍, ഉപ പക്കവാദ്യമായി ഉപയോഗിക്കുന്ന ഒരു ലയവാദ്യം. മണ്ണുകൊണ്ടു നിര്‍മിച്ച കുടം ആണിത്. രാമായണത്തില്‍ ഈ വാദ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നാടോടി സംഗീതത്തിലും ഈ വാദ്യം ഉപയോഗിക്കുന്നു. സാധാരണയായി വീടുകളില്‍ ഉപയോഗിക്കുന്ന മണ്‍കുടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇത്. ഘടത്തിന്റെ വായ്ഭാഗം വളരെ ഇടുങ്ങിയതാണ്. മണ്ണില്‍ ഇരുമ്പുപൊടി ഒരു പ്രത്യേക അളവില്‍ ചേര്‍ക്കുന്നു. നാദം കിട്ടുന്നതിനുവേണ്ടിയാണിത്. കളിമണ്ണും പ്രത്യേകതരത്തിലുള്ളതാണ്. രണ്ടു കൈകളുടെയും മണിബന്ധം, കൈവിരലുകള്‍, നഖം എന്നിവ ഈ വാദ്യം വായിക്കാന്‍ ഉപയോഗിക്കുന്നു. കുടത്തിന്റെ വായ്ഭാഗം വാദ്യം വായിക്കുന്ന ആളിന്റെ വയറ്റില്‍ അമര്‍ത്തിവയ്ക്കുന്നു; വായ്ഭാഗം മുകളിലേക്കുവച്ചുകൊണ്ടും ഇതു വായിക്കാറുണ്ട്. മറ്റു ചിലപ്പോള്‍ ഘടത്തിന്റെ വീതികൂടിയ ഭാഗം വായിക്കുന്ന ആളിന്റെ വയറിന്റെ ഭാഗത്തും, വായ്ഭാഗം ശ്രോതാക്കളുടെ നേര്‍ക്കും വച്ചുകൊണ്ടും ഈ വാദ്യം വായിക്കാറുണ്ട്. കുടത്തിന്റെ കഴുത്തിന്റെ ഭാഗം, മധ്യഭാഗം, കീഴ്ഭാഗം എന്നിവിടങ്ങളിലൊക്കെ വിരലുകള്‍കൊണ്ടു തട്ടി ശാസ്ത്രീയമായ രീതിയില്‍ ഈ വാദ്യം വായിച്ച്, സംഗീതക്കച്ചേരിക്ക് മേളക്കൊഴുപ്പ് കൂട്ടുന്നു. വളരെ ദ്രുതഗതിയിലുള്ള ജതികള്‍ ഘടത്തില്‍ വായിക്കാന്‍ കഴിയും. ഉപപക്കവാദ്യം എന്ന നിലയില്‍ ഗഞ്ചിറ എന്ന വാദ്യത്തോടൊപ്പം സ്ഥാനമുണ്ട് ഘടത്തിന്. മറ്റു വാദ്യങ്ങളെപ്പോലെ ശ്രുതി കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം ഇതില്‍ സാധ്യമല്ല. എടുത്ത് പ്രത്യേകമായി മാറ്റാനുള്ള ഒരു സാധനവും ഇതിലില്ല. ഘടം നിര്‍മിക്കുമ്പോള്‍ത്തന്നെ, ഏതു ശ്രുതിയാണോ വേണ്ടത് അതിനനുസരിച്ചായിരിക്കും നിര്‍മിക്കുക. അതിനാല്‍ പല ശ്രുതികളിലുള്ള ഘടവാദ്യങ്ങള്‍ ഘടം വായിക്കുന്ന ആള്‍ സൂക്ഷിക്കണം. ദക്ഷിണേന്ത്യയില്‍ ഘടം നിര്‍മിക്കുന്നത് പന്‍രുട്ടി, മാനാമധുര തുടങ്ങിയ സ്ഥലങ്ങളിലാണ്. കോദണ്ഡരാമ അയ്യര്‍, വില്വാദ്രി അയ്യര്‍ എന്നിവര്‍ ഈ വാദ്യം വായിക്കുന്നതില്‍ പ്രഗല്ഭരായിരുന്നു. സി.എച്ച്. വിനായകറാം, കേരളീയനായ ടി.വി. വാസന്‍ എന്നിവരും ഈ വാദ്യം വായിക്കുന്നതില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍