This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരീമനോഹരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരീമനോഹരി

72 മേളകര്‍ത്താരാഗങ്ങളില്‍ 23-ാമത്തെ രാഗം. മേളകര്‍ത്താ ചക്രങ്ങളില്‍ 4-ാമത്തെ വേദചക്രത്തിലെ അഞ്ചാമത്തെ രാഗം.

ആരോഹണം - സരിഗമപധനിസ

അവരോഹണം - സനിധപമഗരിസ

സ, പ എന്നീ സ്വരങ്ങള്‍ക്കു പുറമേ ഈ രാഗത്തില്‍ വരുന്ന സ്വരസ്ഥാനങ്ങള്‍ ചതുരശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമാധ്യമം, ചതുശ്രുതി ധൈവതം, കാകലി നിഷാദം എന്നിവയാണ്. സമ്പൂര്‍ണരാഗം, സര്‍വസ്വരഗമകവരികരക്തിരാഗം. എല്ലാ സമയങ്ങളിലും പാടാമെന്നുള്ള രാഗമായതിനാല്‍ ഈ രാഗത്തെ സാര്‍വകാലിക രാഗമെന്നു പറയുന്നു. രി, പ എന്നീ സ്വരങ്ങള്‍ ന്യാസ സ്വരങ്ങള്‍. പ, ധ എന്നീ സ്വരങ്ങളിലാണ് കൃതികള്‍ ആരംഭിക്കുന്നത്. ഉദാ. ത്യാഗരാജ സ്വാമികളുടെ 'ഗുരുലേക' എന്ന കൃതി ആരംഭിക്കുന്നത് ധ എന്ന സ്വരത്തിലാണ്. ഗര്‍ഭപുരിവാസരുടെ 'ബ്രോവ സമയമിതേ' എന്ന കൃതി ആരംഭിക്കുന്നത് 'പ' എന്ന സ്വരത്തിലാണ്. കടപയാദി അനുസരിച്ച് ഈ രാഗത്തിന്റെ ക്രമനമ്പര്‍ 23 ആണ്. ക ഖ ഗ ഘ ങ എന്നീ അക്ഷരങ്ങളില്‍ 'ഗ' മൂന്നാമത്തെ അക്ഷരവും, യ ര ല വ ശ ഷ സ ഹ എന്നീ അക്ഷരങ്ങളില്‍ 'ര' രണ്ടാമത്തെ അക്ഷരവുമാണ്. ചേര്‍ത്ത് എഴുതുമ്പോള്‍ 32 എന്നും, തിരിച്ചെഴുതുമ്പോള്‍ 23 എന്നും കിട്ടുന്നു.

രാഗസഞ്ചാരം

രിഗമപധനീ ധപ മപധപാ മഗരീ രിമഗ രിസാ

രിസനിധാനിസരിഗമാ പധനിസരിഗാ ഗരിരീസനിധ

പധനിസരിഗാ മഗഗരി സാ ധനിഗരി സനിധപാ

പധനീധാരാ മാ ഗഗരി ഗരിസാനിധ നീസാ

ചില കൃതികള്‍

ഗുരുലേക - ചാപ്പുതാളം ത്യാഗരാജ കൃതി

സാരസസമമൃദു പദ- ആദിതാളം സ്വാതിതിരുനാള്‍ കൃതി

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍