This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരിപാര്‍വതീബായി (ഭ.കാ. 1815 - 29)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരിപാര്‍വതീബായി (ഭ.കാ. 1815 - 29)

തിരുവിതാംകൂറിലെ റീജന്റ് റാണി. 1815-ല്‍ രാമവര്‍മ രാജകുമാരന്‍ പ്രായം തികയുന്നതുവരെയുള്ള കാലത്തേക്ക് റീജന്റായി ഇവര്‍ ഭരിച്ചു.

ഇവരുടെ റീജന്റ് ഭരണകാലത്ത് സാമൂഹികവും ഭരണപരവുമായ പല പരിഷ്കാരങ്ങളും രാജ്യത്ത് നടപ്പാക്കി. കൃഷിക്കും വാണിജ്യത്തിനും ഗണ്യമായ പ്രോത്സാഹനം നല്കി. തരിശുഭൂമികളും കുന്നിന്‍പ്രദേശങ്ങളും വിപുലമായതോതില്‍ കൃഷിചെയ്യപ്പെട്ടു. വാണിജ്യപരമായ വികാസത്തെ തടസ്സപ്പെടുത്തിയിരുന്ന പല ചുങ്കങ്ങളും നിര്‍ത്തലാക്കി. ഗതാഗത സൗകര്യം വര്‍ധിപ്പിക്കുകയും നാണയവ്യവസ്ഥ പരിഷ്കരിക്കുകയും ചെയ്തു. നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളായ പല നികുതിബാധ്യതകളും റദ്ദാക്കി. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ കൂലി നല്കാതെ നിര്‍ബന്ധിച്ച് ജോലി എടുപ്പിച്ചിരുന്ന പ്രാകൃത സമ്പ്രദായം റാണി അവസാനിപ്പിച്ചു.

പൗരസമത്വവും സാമൂഹിക നീതിയും ലാക്കാക്കിയുള്ള പല പരിഷ്കാരങ്ങളും റാണിയുടെ ഭരണകാലത്ത് നടപ്പില്‍വന്നു. നായന്മാര്‍ക്കും ഈഴവര്‍ക്കും, പതിവുള്ള അടിയറ അടയ്ക്കാതെതന്നെ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കി. ജാതിയുടെ പേരില്‍ പല ജനവിഭാഗങ്ങളുടെ പക്കല്‍ നിന്നും ഈടാക്കിയിരുന്ന നികുതികള്‍ വേണ്ടെന്നുവച്ചു. ഓടുമേഞ്ഞ വീടുകള്‍ നിര്‍മിക്കാനുള്ള അവകാശം എല്ലാവര്‍ക്കും നല്കി. ക്രൈസ്തവ സഭകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും റാണി നല്കി. ഈ പശ്ചാത്തലത്തിലാണ് നാഗര്‍കോവിലില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും കോട്ടയത്തും ആലപ്പുഴയിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇങ്ങനെ പുരോഗമനാത്മകമായ പല പരിഷ്കാരങ്ങള്‍വഴി റാണി ഗൗരിപാര്‍വതീബായി തിരുവിതാംകൂറിന്റെ ആധുനികവത്കരണത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കി.

(എം. ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍