This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗതമബുദ്ധന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗൗതമബുദ്ധന്‍

ഇന്ത്യയുടെ ആധ്യാത്മിക-തത്ത്വജ്ഞാനികളില്‍ അഗ്രഗാമിയും ബുദ്ധമതസ്ഥാപകനും. ബുദ്ധന്‍ സ്ഥാപിച്ച മതം ബുദ്ധമതം എന്ന പേരില്‍ അറിയപ്പെടുന്നു. 'ബുദ്ധന്‍' എന്ന പദത്തിന് 'ബോധോദയം സിദ്ധിച്ചവന്‍' എന്നാണ് അര്‍ഥം. 20-ാം നൂറ്റാണ്ടിലെ ചരിത്രകാരന്മാര്‍ ബുദ്ധന്റെ കാലഘട്ടം ബി.സി. 563-നും 483-നും മധ്യേയായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. ഏറ്റവും പുതിയ ചരിത്രപഠനങ്ങള്‍ തെളിയിക്കുന്നത് ബുദ്ധന്റെ മഹാപരിനിര്‍വാണം ബി.സി. 486-നും 483-നും മധ്യേയായിരുന്നു എന്നാണ്. കപിലവസ്തുവിലെ ശാക്യഗോത്രവംശജനായിരുന്നു ബുദ്ധന്‍. 'ശാക്യരുടെ ഗുരു' എന്ന അര്‍ഥത്തില്‍ 'ശാക്യമുനി' എന്ന പേരിലും ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ ബുദ്ധന്‍ അറിയപ്പെടുന്നു. ബുദ്ധന്റെ മഹാപരിനിര്‍വാണാനന്തരം സമ്മേളിച്ച ബുദ്ധിസ്റ്റ് കൗണ്‍സിലുകളില്‍ വച്ച് ബുദ്ധന്റെ ശിഷ്യന്മാരാണ് തഥാഗതന്റെ ജീവിതം, സംഭാഷണങ്ങള്‍, ഭിക്ഷുക്കള്‍ക്കുള്ള നിയമങ്ങള്‍, സാരോപദേശങ്ങള്‍ തുടങ്ങിയവ ക്രോഡീകരിച്ചത്. പ്രധാനമായും മൂന്നു പിടകങ്ങള്‍ (Baskets) ആയാണ് ഇവ ക്രോഡീകരിച്ചിട്ടുള്ളത്-സുത്തപിടകം, വിനയപിടകം, അഭിധമ്മപിടകം. പിടകങ്ങള്‍ക്കുപുറമേ ധമ്മപാത എന്ന പേരില്‍ തഥാഗതന്റെ പ്രധാന പ്രഭാഷണങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധിസ്റ്റ് കൗണ്‍സിലുകളിലൂടെ ക്രോഡീകരിക്കപ്പെട്ടിട്ടുള്ള ശ്രീബുദ്ധന്റെ പ്രബോധനങ്ങളാണ് ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍. പ്രസ്തുത തത്ത്വങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണ് ബുദ്ധിസ്റ്റുകള്‍ അഥവാ ബുദ്ധമതവിശ്വാസികള്‍. നോ: ബുദ്ധമതം

ആമുഖം

അശ്വഘോഷന്റെ ബുദ്ധചരിതം, മഹായാന ബുദ്ധിസ്റ്റുകളുടെ ലളിതവിസ്താരസൂത്ര, മഹാവാസ്തു, നിദാനകഥ എന്നിവയും തേരവാദികളുടെ മഹാവംശവുമാണ് ബുദ്ധന്റെ ജീവിതത്തെ സമ്പൂര്‍ണവും സമഗ്രവുമായി പ്രതിപാദിക്കുന്ന പൗരാണിക ഗ്രന്ഥങ്ങള്‍. ഇവയില്‍ എ.ഡി. രണ്ടാം ശതകത്തില്‍ എഴുതപ്പെട്ട അശ്വഘോഷന്റെ ബുദ്ധചരിതമാണ് ബുദ്ധന്റെ ജീവിതത്തെ സമ്പൂര്‍ണമായി ആലേഖനം ചെയ്യുന്ന ഏറ്റവും പുരാതനഗ്രന്ഥം. എ.ഡി. നാലാം ശതകമാണ് മഹാവാസ്തുവിന്റെ രചനാകാലം. സംസ്കൃതവും പാലിയും പ്രാകൃത് ഭാഷകളും കലര്‍ന്ന സങ്കരഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. നിദാനകഥയുടെ കാലഘട്ടം എ.ഡി. 5-ാം നൂറ്റാണ്ടാണ്. ബുദ്ധഘോഷനാണ് വിഖ്യാതമായ ഈ കൃതിയുടെ കര്‍ത്താവ്.

ജനനവും വിദ്യാഭ്യാസവും

പൗരാണിക ബുദ്ധമതഗ്രന്ഥങ്ങള്‍ നല്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ ആധുനിക നേപ്പാളിലെ ലുംബിനിയാണ് ബുദ്ധന്റെ ജന്മസ്ഥലമെന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. കപിലവസ്തു ആസ്ഥാനമാക്കി ഭരിച്ച ശാക്യവംശജനായ ശുദ്ധോധനനായിരുന്നു ബുദ്ധന്റെ പിതാവ്; മാതാവ് മായാദേവിയും. ഗൗതമന്‍ എന്നത് ശാക്യവംശജരുടെ കുടുംബനാമമായിരുന്നു. വിസ്തൃതമായ കൃഷിപ്പാടങ്ങളാല്‍ സമ്പന്നമായ ഒരു കാര്‍ഷിക രാജ്യമായിരുന്നു കപിലവസ്തു. കൃഷിയിറക്കും വിളവെടുപ്പും ആഘോഷങ്ങളായിട്ടായിരുന്നു കപിലവസ്തുവില്‍ കൊണ്ടാടിയിരുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുക പതിവായിരുന്നു.

ശുദ്ധോധനരാജാവിന്റെയും അദ്ദേഹത്തിന്റെ പത്നി മായാദേവിയുടെയും (മഹാമായ) ഏകപുത്രനായിരുന്നു സിദ്ധാര്‍ഥന്‍. ബി.സി. 563-ലെ വൈശാഖ പൗര്‍ണമിയിലായിരുന്നു ബുദ്ധന്റെ ജനനം. ഇതുപോലെ മറ്റൊരു പൗര്‍ണമിയിലായിരുന്നു ബുദ്ധന് ബോധോദയം ലഭിക്കുന്നതും തഥാഗതന്‍ മഹാപരിനിര്‍വാണം പ്രാപിക്കുന്നതും.

ബുദ്ധന്‍ ജനിച്ചസ്ഥലം (ലുംബിനി)

സിദ്ധാര്‍ഥന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ എല്ലാ ബുദ്ധമതഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടു കാണുന്നുണ്ട്. സിദ്ധാര്‍ഥന്റെ മാതാവ് മായാദേവിക്ക് ഉണ്ടായ ഒരു സ്വപ്നമാണ് ഈ കഥയുടെ ഇതിവൃത്തം. ശുദ്ധോധന രാജാവ്, മായാദേവിയെ വിവാഹം കഴിച്ച് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചിരുന്നില്ലത്രെ. ഇതില്‍ അതീവദുഃഖിതനായിരുന്നു ശുദ്ധോധന രാജാവ്. അങ്ങനെ കഴിയവേ ആറ് കൊമ്പുകളുള്ള ഒരു ഐരാവതം മായാദേവിയുടെ ഉദരത്തിന്റെ വലത് ഭാഗത്ത് പ്രവേശിക്കുന്നതായി ഒരു രാത്രി മായാദേവി സ്വപ്നം കണ്ടു. പിറ്റേദിവസം രാജ്ഞി, താന്‍ കണ്ട സ്വപ്നത്തെപ്പറ്റി രാജാവിനോട് വിശദീകരിക്കുകയും, രാജാവ് സ്വപ്നവിശകലനം നടത്താന്‍ ആസ്ഥാനപുരോഹിതരെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്വപ്നവിശകലനം നടത്തിയ പുരോഹിതര്‍, രാജാവ് ഒരു പുത്രന്റെ പിതാവാകുമെന്നും അവന്‍ ലോകപ്രശസ്തനാകുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. സ്വപ്നം കണ്ടതിന്റെ പത്താംദിവസം മായാദേവി സിദ്ധാര്‍ഥനെ ഗര്‍ഭം ധരിച്ചു എന്നാണ് വിശ്വാസം. സിദ്ധാര്‍ഥനെ ഗര്‍ഭം ധരിച്ച് ഒന്‍പതാം മാസത്തില്‍ ആചാരപ്രകാരം മായാദേവി കൊട്ടാരപരിപാലകരോടൊപ്പം തന്റെ പിതാവിന്റെ കൊട്ടാരമായ ദേവദഗയിലേക്ക് യാത്രതിരിച്ചു. യാത്രാമധ്യേ കപിലവസ്തുവിനും ദേവദഗയ്ക്കും മധ്യേയുള്ള വിശ്വപ്രസിദ്ധമായ ലുംബിനി പൂന്തോട്ടത്തില്‍ വിശ്രമത്തിനായി സംഘം കുറച്ചുനേരം തങ്ങി. യാത്രാക്ഷീണം മാറ്റാന്‍ സമീപത്തെ ജലാശയത്തില്‍ കുളികഴിഞ്ഞെത്തിയപ്പോഴായിരുന്നു മായാദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പൂത്തുലഞ്ഞുനിന്ന രണ്ട് സാലവൃക്ഷങ്ങളുടെ ഛായയില്‍ കൊട്ടാരപരിചാരികമാര്‍ പട്ടുവസ്ത്രംകൊണ്ട് പ്രസവമുറി സജ്ജമാക്കുകയും, അവിടെ മായാദേവി സിദ്ധാര്‍ഥന് ജന്മംനല്കുകയും ചെയ്തു എന്നാണ് അശ്വഘോഷന്‍ ബുദ്ധചരിതത്തില്‍ ബുദ്ധന്റെ ജനനത്തെപ്പറ്റി വിവരിക്കുന്നത്. ബി.സി. 563-ലെ വൈശാഖപൗര്‍ണമിയിലായിരുന്നു ജനനം. ബുദ്ധമതത്തിലെ പ്രാമാണികഗ്രന്ഥങ്ങളും എല്ലാ ബുദ്ധമതവിഭാഗങ്ങളും ലുംബിനിയാണ് ബുദ്ധന്റെ ജന്മസ്ഥലം എന്ന് അംഗീകരിക്കുന്നു.

ലുംബിനി

ആധുനിക നേപ്പാളിലെ റുപാന്‍ദേഹി ജില്ലയിലാണ് വിശ്വപ്രസിദ്ധമായ ലുംബിനി ഗ്രാമം സ്ഥിതിചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ പുണ്യസ്ഥലമായി കരുതുന്ന നാല് സ്ഥലങ്ങളില്‍ ആദ്യത്തേതാണ് ലുംബിനി. (ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ, പ്രഥമപ്രഭാഷണം നടത്തിയ സാരാനാഥ്, മഹാപരിനിര്‍വാണം പ്രാപിച്ച കുശിനര എന്നിവയാണ് മറ്റ് മൂന്ന് പുണ്യസ്ഥലങ്ങള്‍.) "മനോഹരമായത് എന്നാണ് ലുംബിനിക്ക് സംസ്കൃതത്തില്‍ അര്‍ഥം. കപിലവസ്തു മുനിസിപ്പാലിറ്റിയില്‍ നിന്നും 25 കി.മീ. അകലെയാണ് ലുംബിനി സ്ഥിതിചെയ്യുന്നത്. ലുംബിനിയിലെ മായാദേവി ക്ഷേത്രവും അശോകസ്തംഭവും പ്രസിദ്ധമാണ്. സിദ്ധാര്‍ഥഗൗതമന് ജന്മം നല്കുന്നതിന് മുന്‍പ് മായാദേവി സ്നാനം നടത്തി എന്നു കരുതപ്പെടുന്ന ഒരു ജലാശയവും ലുംബിനിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ലുംബിനിക്കടുത്തായി കപിലവസ്തു രാജകൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അശോകചക്രവര്‍ത്തി ലുംബിനി സന്ദര്‍ശിച്ചതിന്റെ സ്മരണാര്‍ഥം ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാസ്തംഭം ഒരു ചരിത്രസ്മാരകമാണ്. ഈ ശിലാസ്തംഭത്തില്‍, അശോകചക്രവര്‍ത്തിയുടെ സ്ഥാനാരോഹരണത്തിന്റെ 25-ാം വര്‍ഷത്തിലാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചതെന്നും "ഇവിടെയാണ് ബുദ്ധന്‍ ജനിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 1896-ല്‍ നേപ്പാളി പുരാതത്ത്വവിജ്ഞാനികള്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ചരിത്രപ്രസിദ്ധമായ ഈ ശിലാസ്തംഭം കണ്ടെത്തിയത്. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ സഞ്ചാരക്കുറിപ്പുകളായിരുന്നു ചരിത്രപ്രസിദ്ധമായ ലുംബിനിയില്‍ പര്യവേക്ഷണം നടത്തി ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പുരാതത്ത്വവിജ്ഞാനികള്‍ക്ക് മാര്‍ഗദര്‍ശകമായത്. 1997-ല്‍ ലുംബിനിയെ യുണെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ ബുദ്ധമതവിശ്വാസികളുടെ ഒരു അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമാണ് ലുംബിനി.

ലുംബിനിയിലെ വിശുദ്ധജലാശയം

സിദ്ധാര്‍ഥന്‍ ജനിച്ച് ഏഴാം ദിവസം മായാദേവി അന്തരിക്കുകയും മായാദേവിയുടെ ഇളയസഹോദരിയും ശുദ്ധോധനന്റെ മറ്റൊരു പത്നിയുമായ മഹാപ്രജാപതി ഗൗതമി സിദ്ധാര്‍ഥനെ വളര്‍ത്താനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്തു. രാജകുമാരന്റെ സുഖസൗകര്യങ്ങളില്‍ ശുഷ്കാന്തി പ്രകടിപ്പിച്ചിരുന്ന ശുദ്ധോധന രാജാവ് സിദ്ധാര്‍ഥനുവേണ്ടി കപിലവസ്തുവില്‍ മൂന്ന് കൊട്ടാരങ്ങള്‍ (വേനല്‍ക്കാല, ശരത്കാല, വര്‍ഷകാല കൊട്ടാരങ്ങള്‍) പണികഴിപ്പിച്ചതായി പൗരാണിക ബുദ്ധമതഗ്രന്ഥങ്ങള്‍ സമര്‍ഥിക്കുന്നു. ഏഴാം വയസ്സില്‍ ഗോത്രവിധിപ്രകാരം രാജകുമാരന്റെ വിദ്യാഭ്യാസം ആരംഭിച്ചു. രാജ്യത്തെ മഹാപണ്ഡിതന്മാരെയായിരുന്നു രാജാവ് കുമാരന്റെ വിദ്യാഭ്യാസത്തിനായി നിയോഗിച്ചത്. പണ്ഡിതന്മാര്‍ കൊട്ടാരത്തില്‍ താമസിച്ചായിരുന്നു രാജകുമാരനെ വിദ്യ അഭ്യസിപ്പിച്ചത്. ശാക്യഭാഷയായ പാലിയിലായിരുന്നു അധ്യയനം. ചുരുങ്ങിയ കാലയളവിനുള്ളില്‍ സാംഖ്യവും യോഗവും ഗൗതമന്‍ അഭ്യസിച്ചു. എന്നാല്‍ മതപരവും ആത്മീയവുമായ വിഷയങ്ങള്‍ സിദ്ധാര്‍ഥനെ അഭ്യസിപ്പിക്കുന്നതില്‍ നിന്നും പണ്ഡിതന്മാരെ രാജാവ് വിലക്കിയിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഗൗതമന്‍ ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതോടെ സിദ്ധാര്‍ഥന്റെ യൗവനാരംഭമായി.

ബാല്യകാലം മുതല്‍ സിദ്ധാര്‍ഥനില്‍ ദീനാനുകമ്പയും ഭൂതദയയും കരുണയും നിറഞ്ഞു നിന്നിരുന്നതായി ബുദ്ധചരിതം ഉള്‍പ്പെടെയുള്ള എല്ലാ ആധികാരികഗ്രന്ഥങ്ങളും സമര്‍ഥിക്കുന്നുണ്ട്. ശൈശവത്തില്‍ സിദ്ധാര്‍ഥന്റെ ഭൂതദയയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം നടന്നു. ഒരിക്കല്‍ ശുദ്ധോധന രാജാവിന്റെ ഉദ്യാനത്തില്‍ ഒരുകൂട്ടം അരയന്നങ്ങള്‍ ദേശാടനത്തിനായി എത്തി. അവ ഉദ്യാനത്തിലെ തടാകത്തില്‍ നീരാടിയശേഷം പറന്നുയര്‍ന്നപ്പോള്‍, ശുദ്ധോധനരാജാവിന്റെ സഹോദരപുത്രനായ ദേവദത്തന്‍ അവയിലൊന്നിനെ അമ്പെയ്തുവീഴ്ത്തി. തന്റെ സമീപത്ത് വന്നുവീണ പക്ഷിയുടെ ദീനസ്വരം ശ്രദ്ധിച്ച സിദ്ധാര്‍ഥന്‍ അതിനെ എടുത്ത് മുറിവില്‍ മരുന്ന് പുരട്ടി ആശ്വസിപ്പിച്ചു. അപ്പോഴേക്കും അരയന്നത്തിനു മേല്‍ അവകാശവാദവുമായി ദേവദത്തന്‍ എത്തി. ഒടുവില്‍ കുമാരന്മാര്‍ തമ്മിലുള്ള തര്‍ക്കം രാജസദസ്സില്‍ ഉന്നയിക്കപ്പെട്ടു. സിദ്ധാര്‍ഥന് അനുകൂലമായ വിധിയാണ് ഉണ്ടായത്. മുറിവേറ്റ പക്ഷിക്കുവേണ്ടി ഇത്രയും വാശിയോടെ വാദിക്കാന്‍ സിദ്ധാര്‍ഥനെ പ്രേരിപ്പിച്ചത് കുമാരന്റെ ജീവകാരുണ്യവായ്പ് അല്ലാതെ മറ്റൊന്നുമായിരുന്നില്ല.

യൗവനവും വിവാഹവും

ലുംബിനിയിലെ അശോകസ്തംഭം

മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തസുന്ദരമായ കാലാവസ്ഥയുംകൊണ്ട് അനുഗൃഹീതമായ കപിലവസ്തുവിലായിരുന്നു സിദ്ധാര്‍ഥന്‍ അദ്ദേഹത്തിന്റെ യൗവനം കഴിച്ചുകൂട്ടിയത്. ഋതുഭേദങ്ങള്‍ക്കനുസൃതമായി കപിലവസ്തുവിലെ മൂന്ന് കൊട്ടാരങ്ങളിലായി സിദ്ധാര്‍ഥന്‍ താമസിച്ചു. വിശാലമായ ഹരിതപാടങ്ങളും ഹിമാലയന്‍ മലനിരകളുടെ വിദൂര ദൃശ്യപശ്ചാത്തലവും കപിലവസ്തുവിനെ സ്വര്‍ഗതുല്യമാക്കിയിരുന്നു. എന്നാല്‍ പ്രകൃതിയുടെ ഈ ശാലീനസൗന്ദര്യം സിദ്ധാര്‍ഥരാജകുമാരനെ തെല്ലും ആകര്‍ഷിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം എല്ലായ്പ്പോഴും സുഖലോലുപതയില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എകാന്തതയില്‍, അനന്തതയിലേക്ക് നോക്കി ജീവിതത്തിലെ സങ്കീര്‍ണമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. പരമമായ സത്യത്തെ കണ്ടെത്താനുള്ള അപരിമേയമായ ഒരു തൃഷ്ണ എപ്പോഴും സിദ്ധാര്‍ഥനില്‍ സദാ ജ്വലിച്ചു നിന്നിരുന്നെന്നുവേണം കരുതാന്‍. ലൗകികജീവതത്തോട് സിദ്ധാര്‍ഥ രാജകുമാരന്‍ പ്രകടിപ്പിച്ച ഈ വിരക്തി ശുദ്ധോധന രാജാവിനെ ദുഃഖിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശുദ്ധോധനരാജാവ് രാജകുമാരന്റെ വിവാഹത്തെപ്പറ്റി ആലോചിക്കുന്നത്. നിരവധി സുന്ദരികളെയും രാജകുമാരിമാരെയും പുത്രനുവേണ്ടി രാജാവ് നിര്‍ദേശിച്ചെങ്കിലും അവരിലൊന്നും സിദ്ധാര്‍ഥന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്‍ സ്വന്തം മുറപ്പെണ്ണായ യശോധരയുമായി സിദ്ധാര്‍ഥന്റെ വിവാഹം ആര്‍ഭാടപൂര്‍വം നടന്നു. നീണ്ടകാലത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ സിദ്ധാര്‍ഥ-യശോധര ദമ്പതികള്‍ക്ക് രാഹുല്‍ എന്ന പുത്രന്‍ ജനിച്ചു. ലൗകിക ജീവിതത്തിന്റെ ലഹരിയിലും പുത്രന്‍ പിറന്ന സന്തോഷത്തിന്റെ ദിനരാത്രങ്ങളിലും പക്ഷേ, സിദ്ധാര്‍ഥന്റെ മനസ്സ് മറ്റെവിടെയോ അലയുകയായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വേലിയേറ്റങ്ങളാല്‍ അദ്ദേഹത്തിന്റെ മനസ്സ് സദാ പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. രാജകുമാരനെ ഏകാന്തചിന്തയുടെ പ്രക്ഷുബ്ധതയില്‍ നിന്നും ലൗകിക ജീവിതത്തിന്റെ പ്രശാന്തതയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രാജാവും പരിവാരങ്ങളും ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അവയെല്ലാം നിരന്തരം പരാജയപ്പെട്ടു.

മഹാപരിത്യാഗം

രാജകൊട്ടാരത്തിന് പുറത്തെ മനുഷ്യജീവിതാവസ്ഥയെപ്പറ്റി അറിയുന്നതില്‍ സിദ്ധാര്‍ഥരാജകുമാരന്‍ എപ്പോഴും ജിജ്ഞാസുവായിരുന്നു. പക്ഷേ, കൊട്ടാരത്തിന് പുറത്തേക്കുള്ള യാത്ര വിലക്കപ്പെട്ടിരുന്നു. മാത്രമല്ല, കുമാരന്‍ സഞ്ചരിക്കുന്ന ഇടങ്ങളെല്ലാം വര്‍ണാഭമാക്കാന്‍ കൊട്ടാരപരിസേവകര്‍ എപ്പോഴും പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചായിരുന്നു മഹാപരിത്യാഗത്തിലൂടെ മനുഷ്യജീവിതത്തിന്റെ സത്യവും മിഥ്യയും തിരിച്ചറിയാന്‍ സിദ്ധാര്‍ഥ രാജകുമാരന്‍ ശ്രമിച്ചത്. മഹാപരിത്യാഗത്തിന്റെ പാത തിരഞ്ഞെടുത്തതിനെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള കഥകള്‍, അല്ലെങ്കില്‍ വിശ്വാസങ്ങള്‍ ബുദ്ധമതസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. കൊട്ടാരത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന സിദ്ധാര്‍ഥന്‍, ഒരു നാള്‍ സാരഥിയായ ഛന്ദയെയും കൂട്ടി രഹസ്യമായി കൊട്ടാരം വിട്ട് പുറത്തേക്ക് യാത്ര ചെയ്യുകയും യാത്രാമധ്യേ ഒരു വൃദ്ധനെയും രോഗിയെയും ശവശരീരത്തെയും സന്ന്യാസിയെയും കാണുകയും ചെയ്തു. ഈ കാഴ്ചകള്‍ സിദ്ധാര്‍ഥന്റെ മനസ്സിനെ ഇളക്കിമറിക്കുകയും അതിനുശേഷം പരിവ്രാജകനാകുകയും ചെയ്തു എന്നാണ് പരമ്പരാഗത വിശ്വാസം. മനുഷ്യജീവിതത്തിന്റെ വിവിധ അവസ്ഥകളാണ് സിദ്ധാര്‍ഥരാജകുമാരനെ പരിവ്രാജകനാക്കിയത് എന്ന നിഗമനത്തോട് പക്ഷേ മറ്റൊരു കൂട്ടര്‍ വിയോജിക്കുന്നു. സിദ്ധാര്‍ഥന്‍ മഹാപരിത്യാഗിയാകുന്ന 29 വയസ്സുവരെ അദ്ദേഹം രോഗം, മരണം, വാര്‍ധക്യം, സന്ന്യാസം എന്നീ ജീവിതാവസ്ഥകളെ കണ്ടിട്ടില്ലെന്ന് വിചാരിക്കുന്നതില്‍ യുക്തിയില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ആധുനിക ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ പുനരുത്ഥാനത്തിന് വിലപ്പെട്ട സംഭാവന നല്കിയ ഡോ. ബാബാസഹേബ് അംബേദ്കറാണ് ഈ വിശ്വാസത്തെ നിരാകരിക്കുന്നവരില്‍ പ്രധാനി. അദ്ദേഹത്തിന്റെ വിഖ്യാതമായ ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും എന്ന ഗ്രന്ഥത്തിലാണ് ഡോ. അംബേദ്കര്‍ വ്യത്യസ്തമായ തന്റെ വീക്ഷണം അവതരിപ്പിച്ചിട്ടുള്ളത്. ഡോ. അംബേദ്കറുടെ കാഴ്ചപ്പാടില്‍ രോഹിണീനദിയിലെ ജലം പങ്കുവയ്ക്കുന്നതിനെ സംബന്ധിച്ച് ശാക്യരും കോളിയരും തമ്മിലുണ്ടായ സംഘര്‍ഷമാണ് സിദ്ധാര്‍ഥനെ പരിവ്രാജകനാകാന്‍ പ്രേരിപ്പിച്ചത്. അക്കാലത്ത് ഗ്രാമതല റിപ്പബ്ലിക്കുകള്‍ കപിലവസ്തുവില്‍ സജീവമായിരുന്നു. രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ചും യുവാക്കള്‍ ഇത്തരം റിപ്പബ്ലിക്കുകളിലെ സജീവസാന്നിധ്യമായിരുന്നു. രോഹിണീ നദീജലത്തര്‍ക്കം, സിദ്ധാര്‍ഥന്‍ അംഗമായ യുവാക്കളുടെ ഗ്രാമസഭയില്‍ വാശിയേറിയ സംവാദങ്ങള്‍ക്ക് വിഷയീഭവിച്ചിരുന്നു. യുദ്ധത്തിലൂടെ മാത്രമേ കോളിയരുടെ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന ശാക്യസേനാപതിയുടെ അഭിപ്രായത്തോട് പക്ഷേ, സിദ്ധാര്‍ഥന്‍ യോജിച്ചില്ല. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സമാധാനത്തിന്റെ പാതയാണ് അനശ്വരമെന്നും സിദ്ധാര്‍ഥന്‍ വാദിച്ചെങ്കിലും ഗ്രാമസഭ പ്രസ്തുത അഭിപ്രായത്തോട് വിയോജിച്ചത് സിദ്ധാര്‍ഥനെ നിരാശനാക്കി. സമാധാനത്തിനുമേല്‍ യുദ്ധം നേടിയ വിജയമായാണ് സിദ്ധാര്‍ഥന്‍ ഗ്രാമസഭയിലുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്തിയത്. ഇത്, മനുഷ്യസമൂഹത്തില്‍ നിന്നും എങ്ങനെ സംഘര്‍ഷം ഒഴിവാക്കി സമാധാനത്തിന്റെ അനശ്വരത സ്ഥാപിക്കാം എന്ന ചിന്തയിലേക്ക് സിദ്ധാര്‍ഥനെ നയിക്കുകയും, ഒടുവില്‍ സമാധാനത്തിന്റെയും ദുഃഖനിവാരണത്തിന്റെയും അനശ്വരപാത അന്വേഷിച്ച് അദ്ദേഹം കൊട്ടാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പരിത്യാഗിയാകുകയും ചെയ്തു എന്നും ഡോ. അംബേദ്കര്‍ സമര്‍ഥിക്കുന്നു.

രാജ്ഗൃഹ

കപിലവസ്തുവില്‍ നിന്നും യാത്ര പുറപ്പെട്ട സിദ്ധാര്‍ഥന്‍ മഗധയുടെ തലസ്ഥാനമായ രാജ്ഗൃഹ(ഇന്നത്തെ രാജ്ഘര്‍)യിലേക്കാണ് യാത്ര ചെയ്തത്. മഹാപണ്ഡിതന്മാരുടെയും തത്ത്വചിന്തകരുടെയും നാടായ രാജ്ഗൃഹയില്‍ എത്തിയാല്‍ തന്റെ അന്വേഷണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന വിശ്വാസമാണ് സിദ്ധാര്‍ഥനെ മഗധയിലേക്ക് നയിച്ചത്. കപിലവസ്തുവില്‍ നിന്നും ഏതാണ്ട് 500 കി.മീ. അകലെ സ്ഥിതിചെയ്യുന്ന രാജ്ഗൃഹയിലേക്ക് അദ്ദേഹം കാല്‍നടയായാണ് സഞ്ചരിച്ചത്. ഗംഗാതീരം വരെ സിദ്ധാര്‍ഥനെ അനുഗമിച്ച ഛന്ദ, രാജകുമാരന്‍ പരിവ്രാജകനായ സന്ദേശവുമായി കൊട്ടാരത്തിലേക്ക് മടങ്ങിവന്നു. മഗധയിലേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളില്‍ സിദ്ധാര്‍ഥന്‍ അതിഥിയായി താമസിക്കുകയുണ്ടായി. ഇതിനിടയില്‍ അദ്ദേഹം ആടയാഭരണങ്ങള്‍ ഉപേക്ഷിക്കുകയും തലമുണ്ഡനം ചെയ്യുകയും കാവിധരിക്കുകയും ചുരയ്ക്കയുടെ തോട് ഭിക്ഷാപാത്രമാക്കുകയും ചെയ്തിരുന്നു. മഗധയിലെ തെരുവീഥികളിലൂടെ ഭിക്ഷാപാത്രവുമായി സഞ്ചരിച്ച തേജസ്വിയും യുവാവുമായ ബോധിസത്വനെ കണ്ടവരെല്ലാം അദ്ദേഹത്തെ പ്രണമിക്കുകയും അദ്ദേഹത്തിന് ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം നല്കുകയും ചെയ്തുകൊണ്ടിരുന്നു. തനിക്ക് ഭക്ഷണവും ആതിഥ്യവും നല്കാന്‍ ആളുകള്‍ മത്സരിച്ചത് സിദ്ധാര്‍ഥനെ ധര്‍മസങ്കടത്തിലാക്കി. നീണ്ടയാത്രയ്ക്കൊടുവില്‍ ബോധിസത്വന്‍ ഹരിതമലനിരകളാല്‍ ചുറ്റപ്പെട്ട രാജ്ഗൃഹയില്‍ പ്രവേശിക്കുകയും രാജ്ഗൃഹയിലെ ഒരു മലമുകളില്‍ താമസസൗകര്യം ഒരുക്കി, വിശ്രമത്തിലും ചിന്തയിലും മുഴുകുകയും ചെയ്തു.

രാജ്ഗൃഹയിലെ വിശ്വശാന്തി സ്തൂപം

കപിലവസ്തുവിലെ രാജകുമാരന്‍ ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാഷായംധരിച്ച ബോധിസത്വനായി രാജ്ഗൃഹയില്‍ എത്തിയ വിവരം വളരെപ്പെട്ടെന്നുതന്നെ മഗധയിലെങ്ങും വ്യാപിച്ചു. സിദ്ധാര്‍ഥ രാജകുമാരന്‍ പരിവ്രാജകനായി മഗധയുടെ തെരുവീഥികളില്‍ ഭിക്ഷാടനം നടത്തുന്ന വിവരം ഒടുവില്‍ ബിംബിസാര രാജാവിന്റെ കൊട്ടാരത്തിലും എത്തി. പിറ്റേദിവസം പ്രഭാതത്തില്‍ ബോധിസത്വന്റെ പര്‍ണശാലയില്‍ എത്തിയ ബിംബിസാരന്‍ പരിവ്രാജകവൃത്തി ഉപേക്ഷിച്ച് കപിലവസ്തുവിലേക്ക് മടങ്ങിപ്പോകാന്‍ രാജകുമാരനെ നിര്‍ബന്ധിച്ചെങ്കിലും സിദ്ധാര്‍ഥന്‍ വഴങ്ങിയില്ല. ലൗകികജീവിതത്തിന്റെ നശ്വരതയും ക്ഷണികസ്വഭാവവും വിശദീകരിച്ച സിദ്ധാര്‍ഥന്‍, രാജാവിന്റെ വാദം അര്‍ഥശൂന്യമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. സിദ്ധാര്‍ഥന്റെ തത്ത്വചിന്താപരവും പ്രബോധനാത്മകവുമായ സംഭാഷണങ്ങളില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുത്ത ജീവിത ദൗത്യത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ ബിംബിസാര രാജാവ് സിദ്ധാര്‍ഥനെ രാജകൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തോട് യാത്ര പറഞ്ഞശേഷം കൊട്ടാരത്തിലേക്ക് മടങ്ങി. രാജാവിന്റെ ക്ഷണം സ്വീകരിച്ച ബോധിസത്വന്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം കൊട്ടാരത്തില്‍ അതിഥിയായി എത്തുകയും കുറച്ചുനാളുകള്‍ കൊട്ടാരത്തില്‍ താമസിക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ ആവാസകേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായിരുന്നു ബിംബിസാരന്റെ കൊട്ടാരം. കൊട്ടാരത്തില്‍ താമസിക്കവേ അവിടത്തെ പണ്ഡിതന്മാരുമായി ആശയസംവാദം നടത്താനാണ് സിദ്ധാര്‍ഥന്‍ അദ്ദേഹത്തിന്റെ സമയം വിനിയോഗിച്ചത്. എന്നാല്‍ രാജ്ഗൃഹത്തിലെ പണ്ഡിതന്മാര്‍ക്കൊന്നും ബോധിസത്വന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന്‍ കഴിഞ്ഞില്ല. ഇത് സിദ്ധാര്‍ഥനെ വല്ലാതെ നിരാശപ്പെടുത്തി. ഒടുവില്‍ രാജ്ഗൃഹയോട് യാത്രപറഞ്ഞ സിദ്ധാര്‍ഥന്‍ വീണ്ടും തന്റെ യാത്ര തുടര്‍ന്നു.

വൈശാലി

രാജ്ഗൃഹയില്‍ നിന്നും നേരെ വൈശാലിയിലേക്കാണ് ബോധിസത്വന്‍ യാത്ര ചെയ്തത്. വൈശാലിയിലെ അരതകലം എന്ന താത്ത്വികനില്‍ നിന്നും സാംഖ്യവും ധ്യാനവും അഭ്യസിക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. വൈശാലിയിലേക്കുള്ള യാത്രാമധ്യേ ഭൃഗുവിന്റെ ആശ്രമത്തിലും ബോധിസത്വന്‍ കുറച്ചുനാള്‍ താമസിക്കുകയുണ്ടായി. ഗൗതമന്റെ യാത്രോദ്ദേശ്യം അറിഞ്ഞ മഹാപണ്ഡിതനായ ഭൃഗു അദ്ദേഹത്തെ അനുഗ്രഹിച്ചു. സിദ്ധാര്‍ഥന്‍ വീണ്ടും യാത്ര തുടര്‍ന്നു. യാത്രാമധ്യേ അദ്ദേഹം അലാരക, ഉട്ടക എന്നീ ബ്രാഹ്മണപണ്ഡിതന്മാരുമായി ആത്മാവിനെക്കുറിച്ചുള്ള ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. 'ആത്മാവിന് നാശമില്ല' എന്ന ആ ബ്രാഹ്മണപണ്ഡിതരുടെ വാദത്തോട് പക്ഷേ, ബോധിസത്വന്‍ യോജിച്ചില്ല. ആത്മാവിന്റെ അനശ്വരതയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുന്നതില്‍ ബ്രാഹ്മണപണ്ഡിതര്‍ പരാജയപ്പെട്ടതോടെ ഗൗതമന്‍ സംവാദം അവസാനിപ്പിച്ച് വൈശാലിയിലേക്കുള്ള യാത്ര തുടര്‍ന്നു. ഒടുവില്‍ വൈശാലിയില്‍ എത്തിയ ബോധിസത്വന്‍ കുറച്ചുകാലം അവിടെ ചെലവഴിക്കുകയും അരതകലം എന്ന പണ്ഡിതനില്‍ നിന്നും സാംഖ്യദര്‍ശനവും മനസ്സിന്റെ ഏകാഗ്രത ആര്‍ജിക്കുന്നതിനുള്ള ധ്യാനമാര്‍ഗവും അഭ്യസിക്കുകയും ചെയ്തു. തുടര്‍ന്ന് ധ്യാനമാര്‍ഗത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടുന്നതിനുവേണ്ടി ഉദ്ധകരമപുട്ടന്‍ എന്ന യോഗിയെ സമീപിക്കുകയും അദ്ദേഹത്തില്‍ നിന്നും യോഗവിദ്യയുടെ കൂടുതല്‍ പാഠങ്ങള്‍ അഭ്യസിച്ചശേഷം സന്ന്യസിക്കുക എന്ന ലക്ഷ്യത്തോടെ ഗയയ്ക്കു സമീപമുള്ള ഉരുവേലയിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

ഉരുവേല

തീവ്ര തപശ്ചര്യയിലൂടെ മോക്ഷപ്രാപ്തി നേടാം എന്നു വിശ്വസിച്ചിരുന്ന സന്ന്യാസിമാരുടെ ഗ്രാമമായിരുന്നു ഉരുവേല. ഉരുവേലയില്‍ എത്തിയാല്‍ ഒരു പക്ഷേ, കഠിന തപസ്സിലൂടെ താന്‍ അന്വേഷിക്കുന്ന പരമസത്യം കണ്ടെത്താന്‍ കഴിയും എന്നായിരുന്നു ബോധിസത്വന്റെ വിശ്വാസം. പ്രകൃതിമനോഹരമായ നിരഞ്ജന നദിക്കരയിലായിരുന്നു ഉരുവേല സ്ഥിതിചെയ്തിരുന്നത്. നിരഞ്ജനതീരത്തെ ഉദയാസ്തമയങ്ങള്‍ മോഹിപ്പിക്കുന്നവയായിരുന്നു. ഉരുവേലയില്‍ എത്തിയ ബോധിസത്വന്‍ രാജഗുരുവായ നൈഗിരിയുടെ ആശ്രമത്തില്‍ താമസിച്ചശേഷം അവിടത്തെ അന്തേവാസികളായ അഞ്ച് സന്ന്യാസിമാരോടൊപ്പം കഠിനതപസ്സനുഷ്ഠിക്കാന്‍ ആരംഭിച്ചു. ഭക്ഷണവും ദാഹജലവും ഉപേക്ഷിച്ച് ശരീരത്തെ അതികഠിനമായി പീഡിപ്പിച്ചുകൊണ്ടുള്ള തപശ്ചര്യയാണ് ഗൗതമന്‍ ഉരുവേലയില്‍ പിന്തുടര്‍ന്നത്. തപസ്സ് പുരോഗമിച്ചതോടെ ആഹാരത്തില്‍ കാര്‍ക്കശ്യം ഏര്‍പ്പെടുത്തി. ആദ്യദിവസങ്ങളില്‍ ദിവസം ഒരുനേരം മാത്രമായിരുന്നു ഭക്ഷണം. പിന്നീട് അത് ആഴ്ചയിലൊരിക്കല്‍ മാത്രമായി. പിന്നെ പതിനാല് ദിവസത്തിലൊരിക്കല്‍ എന്നിങ്ങനെ ചുരുക്കി. മിക്കപ്പോഴും ഔഷധസസ്യങ്ങളുടെ നീരും ചാമയരിയും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി. തപശ്ചര്യയുടെ അവസാനഘട്ടങ്ങള്‍ ആയപ്പോഴേക്കും ഭക്ഷണം തന്നെ ഉപേക്ഷിച്ചു. മരപ്പട്ടയും ചത്തമൃഗങ്ങളുടെ തോലും പക്ഷിച്ചിറകുകളുമാണ് ഇക്കാലത്ത് തഥാഗതന്‍ വസ്ത്രമായി ഉപയോഗിച്ചിരുന്നത്. തലമുടിയും താടിരോമങ്ങളും അദ്ദേഹം സ്വയം പിഴുതെടുത്തു. വര്‍ഷങ്ങളായി ശരീരത്തില്‍ അടിഞ്ഞുകൂടിയ അഴുക്ക് കട്ടപിടിച്ച് തനിയെ അടര്‍ന്നുവീണു. തുടര്‍ച്ചയായ ആറുവര്‍ഷമാണ് ഇത്തരത്തില്‍ സുഗതന്‍ കഠിനതപസ്സില്‍ മുഴുകിയത്. അവസാനം ശരീരം പൂര്‍ണമായും നിശ്ചലമാകുമെന്ന അവസ്ഥ സംജാതമായി. ശരീരം, എല്ലുംതോലും മാത്രമായി. എന്നിട്ടും ഗൗതമന്‍ അന്വേഷിക്കുന്ന വെളിച്ചം അഥവാ പരമസത്യം അദ്ദേഹത്തിന് കണ്ടെത്താനായില്ല. വരദാനവുമായി ഒരു അദൃശ്യശക്തിയും അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. ഉഗ്രതപസ്സിന്റെ ഈ ഘട്ടത്തില്‍ ഗൗതമന്റെ മനസ്സ് മറ്റൊരുവഴിയിലൂടെ സഞ്ചരിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ കഠിനതപസ്സനുഷ്ഠിച്ചുകൊണ്ട് ഇനിയും ജീവിതം പിന്തുടര്‍ന്നാല്‍ മരണമായിരിക്കും സംഭവിക്കുക എന്നു ബോധ്യപ്പെട്ട ഗൗതമന്‍ സത്യാന്വേഷണത്തിനായി തപസ്സിന്റെ മാര്‍ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഉള്ളുരുകി പ്രാര്‍ഥിക്കുന്നതുകൊണ്ടോ നിരാഹാരം അനുഷ്ഠിക്കുന്നതുകൊണ്ടോ പരമജ്ഞാനം ലഭിക്കില്ലെന്ന് സ്വജീവിതാനുഭവത്തിലൂടെ ബോധ്യപ്പെട്ടതിനുശേഷമായിരുന്നു ഗൗതമന്‍ തപസ്സിന്റെ മാര്‍ഗം ഉപേക്ഷിക്കാന്‍ തയ്യാറായത്. "മനസ്സിന്റെ നിര്‍ദേശം അനുസരിച്ചാണ് ശരീരം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ചിന്തയ്ക്കുവേണം കടിഞ്ഞാണിടാന്‍. വിശപ്പും ദാഹവുംകൊണ്ട് ചിന്താശേഷി നഷ്ടപ്പെട്ടവന് ഒരിക്കലും പരമജ്ഞാനമോ പുതിയ വെളിച്ചമോ കണ്ടെത്താന്‍ കഴിയില്ല-അദ്ദേഹം തീര്‍ച്ചപ്പെടുത്തി. അങ്ങനെ നീണ്ട ആറു വര്‍ഷത്തെ കഠിനതപസ്സ് ഉപേക്ഷിച്ച ഗൗതമന്‍ സാമൂഹികജീവിതത്തിന്റെ നഗ്നയാഥാര്‍ഥ്യങ്ങളിലേക്ക് മിഴിതുറന്നു. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശാശ്വതപരിഹാരം കണ്ടെത്താനുള്ള മാര്‍ഗമാണ് അനിവാര്യമായും കണ്ടെത്തേണ്ടതെന്ന് ഗൗതമന് ബോധ്യപ്പെട്ടു. അപ്പോള്‍ അവിടെയെത്തിയ സുജാത എന്ന ആട്ടിടയത്തി സ്പന്ദിക്കുന്ന അസ്ഥിപഞ്ജരമായിത്തീര്‍ന്ന ബോധിസത്വന് പാലും പഴങ്ങളും നല്കി. ബോധിസത്വന് സുജാത പാലും പഴങ്ങളും നല്കിയ സ്ഥലം ബോധ്ഗയ്ക്കുസമീപം, ബുദ്ധമതവിശ്വാസികളുടെ ഒരു കേന്ദ്രമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പുണ്യസ്ഥലം ഇപ്പോള്‍ സുജാതാഘട്ട് എന്ന പേരില്‍ അറിയപ്പെടുന്നു.

ബോധോദയം

ബോധ്ഗയയിലെ ബോധിവൃക്ഷം
കുശിനഗറിലെ പരിനിര്‍വാണ സ്തൂപം

സുജാത നല്കിയ പാലും പഴവും കഴിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ആരംഭിച്ച ഗൗതമന്‍ കുറച്ചുനാള്‍ ഗ്രാമീണരുടെ പരിലാളനങ്ങള്‍ക്ക് വിധേയനായി ഉരുവേലയില്‍ത്തന്നെ കഴിച്ചുകൂട്ടി. ഗ്രാമീണര്‍ തഥാഗതനെ ഭക്തിപുരസ്സരം പരിസേവിച്ചു. എന്നാല്‍ ഉരുവേലയില്‍ താമസിക്കുമ്പോഴും പരമജ്ഞാനവും പുതിയ വെളിച്ചവും തേടിയുള്ള അന്വേഷണം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. സുദീര്‍ഘമായ ആറുവര്‍ഷങ്ങള്‍ വെറുതെ നഷ്ടപ്പെടുത്തിയതില്‍ അദ്ദേഹം പശ്ചാത്തപിച്ചു. ഒടുവില്‍ പരമജ്ഞാനം, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍, അത് ആര്‍ജിച്ചിട്ടേ വിശ്രമമുള്ളൂ എന്ന് തീര്‍ച്ചപ്പെടുത്തിയ അദ്ദേഹം 48 ദിവസത്തെ ആഹാരസാധനങ്ങള്‍ ഭിക്ഷയായി ശേഖരിച്ചശേഷം ഉരുവേലയിലെ ഗ്രാമീണരോട് യാത്രപറഞ്ഞ് തൊട്ടടുത്തുള്ള, ഇപ്പോള്‍ ബോധ്ഗയ എന്ന പേരില്‍ വിശ്വപ്രസിദ്ധിയാര്‍ജിച്ച സ്ഥലത്ത് എത്തിച്ചേര്‍ന്നു. അക്കാലത്ത് ഈ സ്ഥലം 'ഗയ' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശാന്തസുന്ദരമായ നിരഞ്ജനാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ഗയയിലെ ബോധിവൃക്ഷ (ആല്‍മര)ച്ചുവട്ടില്‍ ബോധിസത്വന്‍ പദ്മാസനത്തില്‍ ഇരുന്ന് ഗാഢചിന്തയില്‍ മുഴുകി. ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും സമൂഹം നേരിടുന്ന വെല്ലുവിളികളും അദ്ദേഹത്തിന്റെ ചിന്തയ്ക്കു വിഷയീഭവിച്ചു. മനുഷ്യസമൂഹം ആത്യന്തികമായി ദുഃഖത്തിലാണെന്നും, നിതാന്തദുഃഖത്തില്‍ നിന്നും മനുഷ്യസമൂഹത്തെ രക്ഷിക്കുന്നതിനുള്ള ശാശ്വതമായൊരു മാര്‍ഗമാണ് കണ്ടെത്തേണ്ടതെന്നും ഗൗതമന്‍ തീര്‍ച്ചപ്പെടുത്തി. ആ മാര്‍ഗം, അതാണ് താന്‍ അന്വേഷിക്കുന്ന പരമജ്ഞാനം എന്ന് വളരെ പെട്ടെന്ന് ബോധിസത്വന് ബോധ്യപ്പെട്ടു. ആ മാര്‍ഗത്തെപ്പറ്റിയായി തഥാഗതന്റെ തുടര്‍ന്നുള്ള ചിന്ത. നിതാന്തമായ ആ ഗാഢചിന്ത ഇരുപത്തിയേഴ് ദിനരാത്രങ്ങള്‍ നീണ്ടുനിന്നു. "എന്റെ മജ്ജയും മാംസവും രക്തവും വറ്റിവരണ്ടുപോകട്ടെ. പരിപൂര്‍ണമായ ബോധോദയം സിദ്ധിക്കാതെ ഞാന്‍ ഗാഢചിന്തയില്‍ നിന്നും പിന്തിരിയുകയില്ല. ബോധിസത്വന്‍ തീര്‍ച്ചപ്പെടുത്തി. സമൂഹത്തിന്റെ ദുഃഖനിവാരണമാര്‍ഗം അന്വേഷിച്ച് ബോധ്ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ഏകാഗ്രചിന്തയില്‍ മുഴുകിയ തഥാഗതന്റെ മനസ്സ് പലപ്പോഴും ലൗകികജീവിതത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് പ്രക്ഷുബ്ധമായതായി ബുദ്ധമതഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനസ്സിന്റെ ഇത്തരം വിഭ്രമങ്ങളെ മാരന്‍ എന്ന ദുഷ്ടശക്തി സങ്കല്പവുമായി ഇടകലര്‍ത്തിയാണ് ബുദ്ധമതഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചുകാണുന്നത്. ഒടുവില്‍ മനസ്സിന്റെ വിഭ്രമങ്ങളെ ഏകാന്തചിന്തയിലൂടെയും ധ്യാനത്തിലൂടെയും ഗൗതമന്‍ മറികടക്കുക തന്നെ ചെയ്തു. ഒടുവില്‍ ഇരുപത്തിയെട്ടാം നാള്‍ വൈശാഖമാസത്തിലെ പൗര്‍ണമി രാവില്‍ അജ്ഞതയുടെ അന്ധകാരത്തിന് പൂര്‍ണവിരാമം നല്കിക്കൊണ്ട് ബോധിസത്വന് ബോധോദയത്തിന്റെ പ്രകാശം അനുഭവവേദ്യമായി. ലൗകികജീവിതത്തില്‍ നിന്നും, ദുഃഖത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാര്‍ഗം അദ്ദേഹത്തിന്റെ ചിന്തയില്‍ തെളിഞ്ഞുവന്നു. ജീവിതത്തിന്റെ അര്‍ഥശൂന്യത അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ജീവിതത്തിന്റെ ക്ഷണികസ്വഭാവം അതിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുക, അതാണ് പരിനിര്‍വാണത്തിന്റെ മാര്‍ഗം എന്ന് തഥാഗതന് ബോധ്യപ്പെട്ടു. ആസ്തിക-നാസ്തികവാദങ്ങള്‍ക്ക് മധ്യേയാണ് പരിനിര്‍വാണത്തിന്റെ മാര്‍ഗമെന്നും ബോധിസത്വന് ബോധ്യപ്പെട്ടു. ബോധോദയം ലഭിച്ചശേഷം, അഞ്ച് ആഴ്ചകള്‍ ബുദ്ധന്‍ ബോധ്ഗയയിലെതന്നെ വിവിധ സ്ഥലങ്ങളില്‍ ഓരോ ആഴ്ചയും ധ്യാനത്തില്‍ മുഴുകിയിരുന്നതായും പ്രാമാണിക ബുദ്ധമതഗ്രന്ഥങ്ങള്‍ സമര്‍ഥിക്കുന്നു. ഈ പുണ്യസ്ഥലങ്ങള്‍ എല്ലാം തന്നെ ബോധ്ഗയയുടെ സമീപത്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാനായ അശോകചക്രവര്‍ത്തിയാണ് വിശ്വപ്രസിദ്ധമായ ബോധ്ഗയയും അനുബന്ധസ്ഥലങ്ങളും കണ്ടെത്തി സംരക്ഷിച്ചിരുന്നത്. നോ: ബോധ്ഗയ

ലുംബിനിയിലെ മഹാപരിനിര്‍വാണം

ബോധോദയത്തിലൂടെ ബുദ്ധന് വെളിപ്പെട്ട സത്യങ്ങള്‍ ആര്യസത്യങ്ങള്‍ അഥവാ മഹത്സത്യ എന്നറിയപ്പെടുന്നു. 1. ലോകത്ത് ദുഃഖമുണ്ട്. 2. ദുഃഖത്തിന് കാരണവും ഉണ്ട്. 3. ദുഃഖത്തിന് അവസാനം ഉണ്ട്. 4. മധ്യമാര്‍ഗം എന്നുവിശേഷിപ്പിക്കുന്ന അഷ്ടാംഗമാര്‍ഗം അനുഷ്ഠിക്കുന്നതിലൂടെ ദുഃഖത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയും. ശരിയായ വീക്ഷണം, ശരിയായ സങ്കല്പം, ശരിയായ സംഭാഷണം, ശരിയായ പെരുമാറ്റം, ശരിയായ ജീവിതരീതി, ശരിയായ പരിശ്രമം, ശരിയായ ചിന്ത, ശരിയായ ഏകാഗ്രത എന്നിവയാണ് അഷ്ടാംഗമാര്‍ഗങ്ങള്‍. അഷ്ടാംഗമാര്‍ഗത്തോടൊപ്പം പഞ്ചശീലതത്ത്വങ്ങളും (കൊല്ലരുത്, മോഷ്ടിക്കരുത്, കള്ളംപറയരുത്, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, അഭിസരിക്കരുത്) പാലിക്കേണ്ടതുണ്ട്. മഹത്സത്യങ്ങളും അഷ്ടാംഗമാര്‍ഗങ്ങളുമാണ് ബുദ്ധിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍. നോ: പഞ്ചശീലതത്ത്വങ്ങള്‍, ബുദ്ധമതം

ബോധോദയം സിദ്ധിച്ച്, ബുദ്ധനായി, അഞ്ച് ആഴ്ച ധ്യാനനിരതനായി തുടര്‍ന്നതിനുശേഷം ഏഴു ദിവസം ബോധോദയത്തിന്റെ പ്രശാന്തതയില്‍ ബോധ്ഗയയില്‍ത്തന്നെ കഴിച്ചുകൂട്ടി. ബോധോദയത്തിലൂടെ താന്‍ കണ്ടെത്തിയ മാര്‍ഗം മനുഷ്യസമൂഹത്തെ ഉപദേശിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയാണ് അപ്പോള്‍ ബുദ്ധന്‍ ആലോചിച്ചത്. അപ്പോഴേക്കും വ്യാപാരികളായ രണ്ടുപേര്‍, തപസ്സയും ദല്ലികയും, യാത്രാമധ്യേ വിശ്രമാര്‍ഥം ബോധ്ഗയയില്‍ എത്തി. തേജസ്വിയായ ബുദ്ധനില്‍ ആകൃഷ്ടരായ അവര്‍ ഇരുവരും അദ്ദേഹത്തിന്റെ സമീപം എത്തി തഥാഗതനെ വന്ദിക്കുകയും സംഭാഷണത്തില്‍ മുഴുകുകയും ചെയ്തു. ബുദ്ധന്റെ അനിതരസാധാരണമായ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായ ഇരുവരും ബുദ്ധനില്‍ നിന്നും സാരോപദേശങ്ങള്‍ സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇരുവരും നല്കിയ ചോറും തേനും കഴിച്ച ഭഗവാന്‍ ഇവരോട് ധര്‍മത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് നിര്‍വാണത്തിന്റെ യഥാര്‍ഥപാത എന്തെന്ന് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ബുദ്ധന്റെ പ്രബോധനം ഉള്‍ക്കൊണ്ട ഇരുവരും ബുദ്ധനില്‍ അഭയംപ്രാപിച്ച് ധര്‍മമാര്‍ഗികളായിമാറി.

പ്രഥമപ്രബോധനം

തപസ്സയെയും ദല്ലികയെയും ധര്‍മപ്രബോധനത്തിലൂടെ അനുയായികളാക്കി മാറ്റിയ ബുദ്ധന്‍, താന്‍ കണ്ടെത്തിയ മധ്യമാര്‍ഗത്തിന്റെ പ്രബോധനാര്‍ഥം ബനാറസ്സിലേക്ക് (സാരാനാഥ്) യാത്രതിരിക്കാന്‍ തീരുമാനിച്ചു. താന്‍ കണ്ടെത്തിയ ധര്‍മമാര്‍ഗം പ്രചരിപ്പിക്കാന്‍ ഉത്തമശിഷ്യന്മാരെ കണ്ടെത്തുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. ഒടുവില്‍ തഥാഗതന്‍ സാരാനാഥിലെ മാന്‍പാര്‍ക്കില്‍ എത്തി. അവിടെ അദ്ദേഹം ഉരുവേലയില്‍ തന്നോടൊപ്പം തപസ്സനുഷ്ഠിച്ചിരുന്ന അഞ്ച് സന്ന്യാസിമാരെ കണ്ടു. ബുദ്ധനെ കണ്ട അവര്‍ ആദ്യം പിന്തിരിയാന്‍ ശ്രമിച്ചെങ്കിലും ബുദ്ധന്റെ തേജസുറ്റ വ്യക്തിപ്രഭാവത്തില്‍ അവര്‍ ആകൃഷ്ടരാവുകയും അദ്ദേഹത്തിന്റെ ധര്‍മോപദേശം ശ്രവിക്കുകയും ഒടുവില്‍ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കുകയും ബുദ്ധധര്‍മം പ്രചരിപ്പിക്കാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. സാരാനാഥില്‍ നടത്തിയ പ്രഥമ പ്രബോധനത്തിലാണ് ബുദ്ധന്‍ അഷ്ടാംഗമാര്‍ഗത്തില്‍ അധിഷ്ഠിതമായ മധ്യമാര്‍ഗത്തിന്റെ അന്തഃസത്ത എന്തെന്ന് വിശദീകരിക്കുന്നത് (നോ. മധ്യമാര്‍ഗം). ബനാറസ്സിലെ പ്രബോധനം ഉള്‍ക്കൊണ്ട അഞ്ച് പേര്‍ ബുദ്ധന്റെ ശിഷ്യന്മാരായതോടെ ധര്‍മപ്രചാരണത്തിനുള്ള പ്രഥമ ദൗത്യസംഘം യാഥാര്‍ഥ്യമായി. ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച ആ അഞ്ച് ശിഷ്യന്മാരോട്, ലോകത്തിന്റെ നന്മയ്ക്കുവേണ്ടി പ്രബോധനം നടത്താന്‍ ബുദ്ധന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്നുണ്ടായ യാത്രകളിലും പ്രബോധനങ്ങളിലുമെല്ലാം ഈ ശിഷ്യന്മാര്‍ ബുദ്ധനെ അനുഗമിച്ചിരുന്നു.

അക്കാലത്ത് ബനാറസ്സില്‍ ധനികനും പ്രമാണിയുമായ ഒരു യുവാവ് ഉണ്ടായിരുന്നു. ഒരിക്കല്‍ ആ യുവാവ് ബുദ്ധനെ കണ്ടുമുട്ടി. യസ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ബുദ്ധന്‍ യസന് ധര്‍മമാര്‍ഗം ഉപദേശിക്കുകയും ധര്‍മത്തിന്റെ പ്രചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. ബുദ്ധന്റെ സാരോപദേശങ്ങളില്‍ ആകൃഷ്ടനായ യസ തന്റെ സമ്പാദ്യം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും ശേഷിച്ചകാലം ബുദ്ധധര്‍മത്തിന്റെ വലിയ ഉപാസകനും പ്രചാരകനുമായി ജീവിക്കുകയും ചെയ്തു.

ബോധോദയത്തിന് ശേഷം മഹാപരിനിര്‍വാണം വരെയുള്ള ബുദ്ധന്റെ ജീവിതം നിതാന്തമായ പ്രയാണത്തിന്റെയും പ്രബോധനത്തിന്റെയും ജീവിതമാണ്. ദുഃഖത്തെ ശാശ്വതമായി മറികടക്കാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗം മനുഷ്യസമൂഹത്തോട് പ്രബോധനം ചെയ്യാന്‍ തഥാഗതന്‍ ജനപഥങ്ങളില്‍ നിന്നും ജനപഥങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. ജനങ്ങളില്‍ നിന്നും ആഹാരവും വസ്ത്രവും മറ്റും ഭിക്ഷയായി ശേഖരിച്ചുകൊണ്ടായിരുന്നു ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികളും ധര്‍മപ്രബോധനത്തില്‍ മുഴുകിയത്. സ്വകാര്യസ്വത്തിനെ നിഷേധിച്ച ബുദ്ധന്‍ രണ്ടു കാഷായവസ്ത്രങ്ങളും ഒരു ക്ഷൌരക്കത്തിയും, ഒരു ഭിക്ഷാപാത്രവും മാത്രമേ ഭിക്ഷുസംഘത്തിലെ അംഗങ്ങള്‍ കൈവശം വയ്ക്കാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുകയുണ്ടായി. ഈ യാത്രകളില്‍ ബുദ്ധന്‍ കണ്ടുമുട്ടുന്നവരോടെല്ലാം മനുഷ്യജീവിതത്തിന്റെ നശ്വരതയെയും നിര്‍വാണത്തിന്റെ അനശ്വരതയെയുംപറ്റി പ്രബോധനം നടത്തിക്കൊണ്ടിരുന്നു. തഥാഗതന്റെ ശരീരചേഷ്ടകളിലും മൗനത്തിലും മന്ദഹാസത്തിലും എല്ലാം പ്രബോധനത്തിന്റെയും സാരോപദേശത്തിന്റെയും ഭാവങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ജാതിഭേദമന്യേ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും ബുദ്ധന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായി. "ബഹുജനഹിതായ, ബഹുജനസുഖായ എന്ന തത്ത്വത്തില്‍ അടിയുറച്ചുവിശ്വസിച്ചിരുന്ന ബുദ്ധന്‍ ജാതിവ്യവസ്ഥയെയും ചാതുര്‍വര്‍ണ്യത്തെയും നഖശിഖാന്തം എതിര്‍ത്തു. ഇത് സമൂഹത്തിലെ അടിത്തട്ടുകാരെ തഥാഗതന്റെ പ്രബോധനങ്ങളോട് കൂടുതല്‍ അടുപ്പിച്ചു. ലിംഗവ്യത്യാസത്തിനതീതമായി സ്ത്രീകള്‍ക്കുകൂടി സംഘത്തില്‍ പ്രവേശനം അനുവദിക്കപ്പെട്ടതോടെ സ്ത്രീപുരുഷ സമത്വം പ്രാവര്‍ത്തികമാക്കിയ മതം എന്ന നിലയിലും ബുദ്ധന്റെ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ വേരോട്ടം ലഭിച്ചു.

വീണ്ടും രാജ്ഗൃഹയിലേക്ക്

ബോധ്ഗയയിലെ മഹാബോധിക്ഷേത്രം

ബോധോദയത്തിനുശേഷം സുദീര്‍ഘമായ 45 വര്‍ഷങ്ങള്‍ ബുദ്ധന്‍, അദ്ദേഹം കണ്ടെത്തിയ മധ്യമാര്‍ഗത്തിന്റെ പ്രചരണാര്‍ഥം വടക്കേ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. ഉത്തര്‍പ്രദേശിലെ ഗംഗാതടം, ബിഹാര്‍, നേപ്പാളിന്റെ ദക്ഷിണഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ബുദ്ധന്‍ സഞ്ചരിക്കുകയും അവിടങ്ങളില്‍ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സമൂഹത്തിലെ ഉന്നതകുലജാതര്‍ മുതല്‍ തൂപ്പുകാര്‍ ഉള്‍പ്പെടെയുള്ള കീഴ്ത്തട്ടുകാര്‍വരെ അദ്ദേഹത്തിന്റെ സാരോപദേശങ്ങളില്‍ ആകൃഷ്ടരായി. അംഗുലിമാലയെപ്പോലുള്ള കൊലയാളികളെയും അലവകയെപ്പോലുള്ള നരഭോജികളെയും ബുദ്ധന്‍ സാരോപദേശങ്ങളിലൂടെ മാനസാന്തരപ്പെടുത്തി സംഘത്തിലേക്കും അതിലൂടെ ജീവിതത്തിലേക്കും മടക്കിക്കൊണ്ടുവന്നു. ബ്രാഹ്മണ(ആര്യമതം)മതത്തില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതം ജാതിവ്യവസ്ഥയെ നിരാകരിച്ചതിനാല്‍, സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സില്‍ ബുദ്ധനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും സ്ഥിരപ്രതിഷ്ഠനേടാന്‍ കഴിഞ്ഞു. മഴക്കാലം ഒഴികെയുള്ള ഋതുക്കളിലെല്ലാം ബുദ്ധനും അദ്ദേഹത്തിന്റെ സംഘവും പ്രബോധനാര്‍ഥം തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടിരുന്നു എന്നാണ് ബുദ്ധമതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ഈ യാത്രകള്‍ക്കിടയില്‍ തഥാഗതന്‍ ഒരിക്കല്‍ക്കൂടി മഗധയുടെ തലസ്ഥാനമായ രാജ്ഗൃഹയില്‍ എത്തുകയും അവിടെവച്ച് സാരിപുട്ട, മഹാമൊഗല്ലന എന്നീ പണ്ഡിതന്മാരെ ദീക്ഷ നല്കി സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇരുവരും പില്ക്കാലത്ത് ബുദ്ധന്റെ ഉത്തമശിഷ്യന്മാരായിത്തീര്‍ന്നു. തുടര്‍ന്നുള്ള മൂന്ന് ഋതുക്കളില്‍ ബുദ്ധന്‍ രാജ്ഗൃഹയിലെ വേലുവന ഉദ്യാനത്തില്‍ കഴിച്ചുകൂട്ടുകയും ധമ്മചക്രപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. രാജ്ഗൃഹയിലെ ഈ ഉദ്യാനവും ഇപ്പോള്‍ ഒരു അന്തര്‍ദേശീയ ബുദ്ധമതതീര്‍ഥാടനകേന്ദ്രമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

പുനഃസമാഗമം

സാരനാഥിലെ ധമേഘ് സ്തൂപം
ബോധ്ഗയ-കുളത്തിനു നടുവിലെ ബുദ്ധപ്രതിമ

പരിവ്രാജകനായി ബോധോദയം സിദ്ധിച്ച് ബുദ്ധനായിത്തീര്‍ന്ന ഗൗതമനെ കൊട്ടാരത്തിലേക്ക് മടക്കിക്കൊണ്ടുവാന്‍ ശുദ്ധോധന രാജാവ് ഇതിനകം ശ്രമം ആരംഭിച്ചിരുന്നു. പ്രസ്തുത ദൗത്യവുമായി വിവിധ ഘട്ടങ്ങളില്‍ 10 പ്രതിനിധിസംഘങ്ങളെ രാജാവ് നിയോഗിക്കുകയുണ്ടായി. എന്നാല്‍ ആദ്യത്തെ ഒന്‍പത് പ്രതിനിധിസംഘങ്ങളും പ്രസ്തുത ദൗത്യത്തില്‍ പരാജയപ്പെടുകയും ബുദ്ധോപദേശങ്ങളില്‍ മുഴുകിയ സംഘാംഗങ്ങള്‍ ബുദ്ധസംഘത്തില്‍ അംഗങ്ങളാകുകയുമാണുണ്ടായത്. ഒടുവില്‍ ഗൗതമബുദ്ധന്റെ ബാല്യകാലസുഹൃത്തായ കലുഡയുടെ നേതൃത്വത്തിലുള്ള 10-ാം ദൗത്യംസംഘം, രാജാവിന്റെ സന്ദേശം കൈമാറുന്നതില്‍ വിജയിച്ചു. കപിലവസ്തു സന്ദര്‍ശിക്കാന്‍ സമ്മതിച്ച ബുദ്ധന്‍ രണ്ടുമാസം നീണ്ടുനിന്ന കാല്‍നടയാത്രയ്ക്കൊടുവില്‍ കപിലവസ്തുവിന്റെ രാജവീഥിയില്‍ പ്രവേശിച്ചു. കപിലവസ്തുവിലേക്കുള്ള യാത്രയിലും തഥാഗതന്‍ ധര്‍മംപ്രചരിപ്പിച്ചുകൊണ്ടാണ് സഞ്ചരിച്ചത്. കപിലവസ്തുവിലേയ്ക്കുള്ള സിദ്ധാര്‍ഥന്റെ തിരിച്ചുവരവ് വലിയ ആഘോഷമായാണ് ശാക്യവംശജര്‍ കൊണ്ടാടിയിരുന്നത്. അലങ്കാരങ്ങളും വാദ്യഘോഷങ്ങളുംകൊണ്ട് കപിലവസ്തുവിന്റെ തെരുവീഥികളും ഗ്രാമങ്ങളും ആനന്ദത്തില്‍ ആറാടി. എന്നാല്‍ കപിലവസ്തുവില്‍ പ്രവേശിച്ച ബുദ്ധനെയും സംഘത്തെയും ഇതൊന്നും ആകര്‍ഷിച്ചതേയില്ല. കൊട്ടാരത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നെങ്കിലും സംഘം, കപിലവസ്തുവിലെ തെരുവുകളില്‍നിന്നും ഭിക്ഷതേടുകയാണുണ്ടായത്. ബുദ്ധനും സംഘവും ഭിക്ഷാടനം അവസാനിപ്പിച്ചപ്പോള്‍ ശുദ്ധോധന രാജാവ് നേരിട്ട് എത്തി സംഘത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കൊട്ടാരത്തിലെ സദ്യയില്‍ പങ്കെടുത്തശേഷം ഗൗതമബുദ്ധന്‍ നടത്തിയ ധര്‍മപ്രഭാഷണം ശുദ്ധോധന രാജാവ് ഉള്‍പ്പെടെയുള്ള കൊട്ടാര അന്തേവാസികളെ ആകര്‍ഷിക്കുകയും, രാജാവ് ഉള്‍പ്പെടെ എല്ലാ കൊട്ടാരവാസികളും ബുദ്ധസംഘത്തില്‍ച്ചേരുകയും ചെയ്തതായി ബുദ്ധമതഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ബുദ്ധന്റെ അടുത്ത ബന്ധുക്കളായ ആനന്ദനും അനിരുദ്ധനും സംഘത്തില്‍ച്ചേരുകയും താമസിയാതെ അവര്‍ ബുദ്ധന്റെ അഞ്ച് ശിഷ്യന്മാരില്‍ പ്രധാനികളാകുകയും ചെയ്തു. ബുദ്ധന്‍ കപിലവസ്തു സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ രാഹുലിന് ഏഴ് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ബുദ്ധന്റെ പ്രബോധനങ്ങളിലൂടെ ജീവിതത്തിന്റെ നശ്വരതയും നൈമിഷികതയും ബോധ്യപ്പെട്ട് ജീവിതത്തില്‍ അമര്‍ത്യത നേടാന്‍ തയ്യാറായ യശോധര രാഹുലിനോടൊപ്പം സംഘത്തില്‍ച്ചേര്‍ന്നു. സംഘത്തിലേക്കുള്ള യശോധരയുടെയും രാഹുലിന്റെയും പ്രവേശനം ഇവരുടെ ജീവിതത്തെത്തന്നെ അനശ്വരമാക്കിത്തീര്‍ത്തു. യശോധര സംഘത്തില്‍ ചേര്‍ന്നതോടെ ധാരാളം സ്ത്രീകള്‍ സംഘത്തില്‍ ചേരാന്‍ തയ്യാറായി. അതോടെ ബുദ്ധസംഘത്തില്‍ ഭിക്ഷുണികളുടെ സംഘവും നിലവില്‍വന്നു. തുടര്‍ന്ന് കപിലവസ്തുവിനോട് വിടപറഞ്ഞ ബുദ്ധനും സംഘാംഗങ്ങളും വീണ്ടും സാരോപദേശങ്ങളും പ്രബോധനങ്ങളുമായി ജനപഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. സമൂഹം ബഹിഷ്കരിച്ച നിരവധിപേരെ ബുദ്ധന്‍ തന്റെ സംഘത്തില്‍ച്ചേര്‍ത്തു. തൂപ്പുകാരനായ സുനതനും അയിത്തജാതിക്കാരനായ സോപകനും സൂപ്പിയനും സുമംഗലനും കുഷ്ഠരോഗിയായ സുപ്രബുദ്ധനും പ്രകൃതി എന്ന ചണ്ഡാലികയ്ക്കും ബുദ്ധന്‍ അഭയം നല്കി. ഒട്ടനവധി പ്രഭുക്കന്മാരും രാജാക്കന്മാരും വ്യാപാരികളും ബുദ്ധമാര്‍ഗം സ്വീകരിച്ചതോടെ ബുദ്ധമതത്തിന്റെ വളര്‍ച്ചയുടെ ഗതിവേഗം വര്‍ധിച്ചു. ശാക്യവംശം മുഴുവന്‍ ബുദ്ധമാര്‍ഗത്തില്‍ അഭയം തേടിയത് കപിലവസ്തുവിലും പരിസരപ്രദേശങ്ങളിലും ബുദ്ധന്റെ ആശയങ്ങള്‍ക്ക് വലിയ വേരോട്ടം സൃഷ്ടിച്ചു.

മഹാപരിനിര്‍വാണം

ബുദ്ധന്‍ ബോധ്ഗയ

45 വര്‍ഷത്തെ സുദീര്‍ഘമായ ധര്‍മപ്രബോധനങ്ങള്‍ക്കൊടുവില്‍ ശ്രീബുദ്ധന്‍ രാജഗൃഹയിലെ ഗൃധ്രകൂടത്തില്‍ കുറച്ചുനാള്‍ വിശ്രമത്തിനെത്തി. അവിടെനിന്നും ആനന്ദനോടൊപ്പം തഥാഗതന്‍ അംബാലതികയിലേക്ക് യാത്രതിരിച്ചു. അവിടെയും കുറച്ചുനാള്‍ വിശ്രമിച്ചശേഷം നാളന്ദയിലേക്കും നാളന്ദയില്‍നിന്നും പാടലിഗ്രാമത്തിലേക്കും യാത്രതിരിച്ചു. തുടര്‍ന്ന് മഹാവീരന്റെ ജന്മസ്ഥലമായ വൈശാലിയില്‍ എത്തിയ ബുദ്ധന്‍ അവിടത്തെ ജനങ്ങള്‍ക്കു മുഴുവന്‍ ബുദ്ധമാര്‍ഗത്തില്‍ അഭയം നല്കി. ബുദ്ധന്റെ അവസാനത്തെ വൈശാലി സന്ദര്‍ശനമായിരുന്നു അത്. വൈശാലിയില്‍നിന്നും യാത്രതിരിച്ച ബുദ്ധനും സംഘവും കുശിനരയിലേക്കാണ് സഞ്ചരിച്ചത്. കുശിനരയില്‍ ജീവിതയാത്ര അവസാനിപ്പിക്കുക എന്നത് ബുദ്ധന്റെ ജീവിതാഗ്രഹമായിരുന്നു. കുശിനരയില്‍ എത്തിയപ്പോഴേക്കും തഥാഗതന് ക്ഷീണവും ദാഹവും അനുഭവപ്പെട്ടു. ആനന്ദന്‍ അദ്ദേഹത്തിന് ദാഹജലവും വിശ്രമസൗകര്യവും ഒരുക്കി. രണ്ടു സാലവൃക്ഷങ്ങള്‍ക്കിടയ്ക്ക് ശിക്ഷ്യന്മാര്‍ ഭഗവാന് അന്ത്യവിശ്രമത്തിനുള്ള കിടക്ക സജ്ജമാക്കി. ആനന്ദനും കൂട്ടരും ബുദ്ധനെ ശുശ്രൂഷിച്ചുകൊണ്ട് സമീപത്തുതന്നെ നിന്നു. അപ്പോള്‍ മഹാപരിനിര്‍വാണത്തിനുശേഷം ആരായിരിക്കും സംഘത്തെ നയിക്കുക എന്ന് ആനന്ദന്‍ ആരാഞ്ഞു. അപ്പോള്‍ പരമപൂജ്യനും ജ്ഞാനിയുമായ തഥാഗതന്‍ "ധമ്മമായിരിക്കും നിങ്ങളുടെ വഴികാട്ടി എന്ന് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് ധര്‍മത്തെയോ സംഘത്തെയോപ്പറ്റി എന്തെങ്കിലും സംശയമുണ്ടോ എന്ന് തഥാഗതന്‍ ഭിക്ഷുക്കളോട് ആരാഞ്ഞു. എന്നാല്‍ ഭിക്ഷുക്കള്‍ മൗനം പാലിക്കുകയാണുണ്ടായത്. ഭഗവാന്‍ വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോഴും ഭിക്ഷുക്കള്‍ മൗനം പാലിക്കുകതന്നെ ചെയ്തു. അപ്പോള്‍ ആനന്ദന്‍ സംപൂജ്യനോട് ഭിക്ഷുക്കള്‍ക്കും ബുദ്ധമാര്‍ഗത്തില്‍ സംശയമില്ലെന്ന് ബോധിപ്പിച്ചു. ആനന്ദന്റെ മറുപടിയില്‍ സന്തുഷ്ടനായ ബുദ്ധന്‍ ഭിക്ഷുക്കളോട് ഇങ്ങനെ അന്ത്യോപദേശം നല്കി. 'സഹോദരന്മാരെ, ജാഗ്രത കൈവെടിയരുത്. എല്ലാ സംയുക്തവസ്തുക്കളും നശ്വരങ്ങളാണെന്നറിയുക'. അന്ത്യോപദേശാനന്തരം ബുദ്ധന്‍ മഹാപരിനിര്‍വാണത്തിന്റെ നിത്യതയില്‍ വിലയംപ്രാപിച്ചു.

ഉപസംഹാരം

മഹാപരിനിര്‍വാണത്തിനുശേഷം ബുദ്ധന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും കുശിനരയിലെ ഭരണാധിപരായ മല്ലരുടെയും സാന്നിധ്യത്തില്‍ കുശിനരയില്‍ സംസ്കരിച്ചു. കുശിനരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സുഗന്ധദ്രവ്യങ്ങളും പൂമാലകളും, പട്ടുവസ്ത്രങ്ങളുമായി എത്തിയ മല്ലരും അനുചരരും ഒരു ചക്രവര്‍ത്തിയുടെ വിടവാങ്ങലിന് സമാനമായ സംസ്കാരച്ചടങ്ങാണ് നഗരകേന്ദ്രത്തില്‍ സജ്ജീകരിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നും എത്തിയ ബുദ്ധശിഷ്യന്മാരും അനുയായികളും കുശിനരയെ കാവിക്കടലാക്കിമാറ്റി. അങ്ങനെ ബുദ്ധന്‍ മഹാപരിനിര്‍വാണത്തിന്റെ നിത്യതയില്‍ അനന്യനായി.

മഹാപരിനിര്‍വാണാനന്തരം ബുദ്ധന്റെ ശിഷ്യന്മാര്‍ ദീര്‍ഘകാലം ബുദ്ധന്‍ ഉപദേശിച്ച തത്ത്വോപദേശങ്ങള്‍ ജനസമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം സഞ്ചരിച്ചു. സംഘങ്ങളായിട്ടായിരുന്നു ഭിക്ഷുക്കള്‍ സഞ്ചരിച്ചത്. ബുദ്ധന്‍ ഉപദേശിച്ച ധമ്മം ആയിരുന്നു അവരുടെ വഴികാട്ടി. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ബുദ്ധധമ്മം ആകര്‍ഷിക്കുകയുണ്ടായി. ഇത് ബുദ്ധമതത്തെ ഒരു സംഘടിതമതമാക്കിമാറ്റി. എന്നാല്‍ മയൂരചക്രവര്‍ത്തിയായ അശോകന്‍ (ബി.സി. 304-232) കലിംഗയുദ്ധാനന്തരം ബുദ്ധമതം സ്വീകരിച്ചതോടെ ബുദ്ധമതം ഇന്ത്യയുടെ ദേശീയ മതമായി വളരുകയും, ഇന്ത്യയുടെ അതിര്‍ത്തി വരമ്പുകള്‍ കടന്ന് അത് ഏഷ്യയിലുടനീളം പ്രചരിക്കുകയും ചെയ്തു. ബുദ്ധമതത്തിന്റെ പ്രചാരണത്തിനുവേണ്ടി അശോകന്‍ നല്കിയ സംഭാവനകളും ഗണനീയമായിരുന്നു. അശോകന്റെ ഭരണകാലത്ത് ചേര്‍ന്ന ബുദ്ധമത കൗണ്‍സിലില്‍ വച്ചാണ് ശ്രീബുദ്ധന്റെ സാരോപദേശങ്ങളും പ്രബോധനങ്ങളും സംഭാഷണങ്ങളും ആദ്യമായി ക്രോഡീകരിക്കുന്നത്. ഇത് ബുദ്ധമതത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തുകയും, ബുദ്ധിസത്തിനു വ്യാപകമായ പ്രചാരം നേടിക്കൊടുക്കുകയും ചെയ്തു (നോ: അശോകന്‍).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍