This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗട്ട്

പ്യൂരിന്‍ ഉപാപചയത്തിന്റെ തകരാറു കൊണ്ടുണ്ടാകുന്ന ഒരു പാരമ്പര്യ രോഗം. ഇത് പ്രധാനമായും രണ്ടിനം ഉണ്ട്. പ്രൈമറി ഗൗട്ടും സെക്കന്‍ഡറി ഗൗട്ടും. മധ്യവയസ്കരായ പുരുഷന്മാരിലാണ് പ്രൈമറി ഗൗട്ട് സാധാരണ കാണപ്പെടുന്നത്. ഇത് പാരമ്പര്യമായി മാതാവിലൂടെയാണ് സംക്രമിക്കുന്നതെങ്കിലും അജ്ഞാതകാരണങ്ങളാല്‍ പെണ്‍സന്താനങ്ങളിലേക്കു പകരാറില്ല. ഗൗട്ട് രോഗമുള്ളപ്പോള്‍ രക്തത്തില്‍ യൂറിക് അമ്ലത്തിന്റെ തോതില്‍ വര്‍ധന, നീര്‍വീക്കത്തോടെ സന്ധിവാതം, മൂത്രാശയത്തിന്റെ പ്രവര്‍ത്തനശേഷിക്കുറവ് എന്നിവ ഉണ്ടാകാം. ഉത്പാദനം അധികമാകുന്നതുകൊണ്ടോ വൃക്കകള്‍ ശരിയായി അതിനെ ബഹിഷ്കരിക്കാതിരിക്കുന്നതുകൊണ്ടോ രണ്ടുമുള്ളപ്പോഴുമോ യൂറിക് അമ്ലത്തിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കാറുണ്ട്.

ഗൗട്ട് ബാധിച്ച ശരീരാവയവങ്ങള്‍

പ്യൂരിന്‍ ഉപാപചയ പ്രക്രിയയില്‍ ഉണ്ടാകുന്ന പദാര്‍ഥമാണ് യൂറിക് അമ്ലം. ആഹാരപദാര്‍ഥങ്ങളില്‍ നിന്നോ ശരീരകലകളില്‍ നിന്നോ ഇത് ഉരുത്തിരിയുന്നു. സന്ധികളില്‍ കാണപ്പെടുന്ന സിനോവിയല്‍ ദ്രവത്തില്‍ മോണോസോഡിയം പരലുകള്‍ കാണപ്പെടുന്നതുമൂലം കൂടെക്കൂടെ സന്ധിവാതം (അര്‍ത്രൈറ്റിസ്) ഉണ്ടാകുന്നു. പ്രാചീന കാലം മുതലേ ഇത്തരം സന്ധിവാതത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ആഹാരമോ പാനീയങ്ങളോ അമിതമായി കഴിക്കുമ്പോള്‍ ഗൗട്ട് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

യൂറിക് അമ്ലത്തിന്റെ അമിതോത്പാദനം മൂലമുണ്ടാകുന്ന ഗൗട്ടിനെയാണ് സെക്കന്‍ഡറി ഗൗട്ട് എന്നു പറയുന്നത്. യൂറിക് അമ്ലം മൃദുലകലകളില്‍ യൂറേറ്റ് രൂപത്തില്‍ അവക്ഷേപിക്കപ്പെടുന്നു. ചെവിയിലെ മൃദുവായ അസ്ഥികള്‍, നീണ്ട എല്ലുകളുടെ ഷാഫ്റ്റുകള്‍, വൃക്കകള്‍, ഹൃദയവാല്‍വുകള്‍ എന്നിവിടങ്ങളില്‍ യൂറേറ്റുകള്‍ അവക്ഷേപിക്കപ്പെടാറുണ്ട്. അധികം ആഴത്തിലല്ലാതെ ഉപരിപ്ലവമായിട്ടാണ് യൂറേറ്റുകള്‍ ഉണ്ടായിട്ടുള്ളതെങ്കില്‍ ബാഹ്യപ്രതലം ചുവന്ന് നീരുകെട്ടിയപോലെ കാണപ്പെടും. ഉള്‍വശം ചോക്കുപോലെ വെളുത്ത യൂറേറ്റ് അടിയല്‍കൊണ്ട് നിറഞ്ഞിരിക്കും. ഈ അവസ്ഥയ്ക്ക് ടോഫി (tophi) എന്ന് പറയുന്നു. ടോഫി ഉള്ളതുകൊണ്ടുമാത്രം രോഗലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല.

പലതരത്തിലുള്ള ഔഷധങ്ങള്‍ ഗൗട്ടിനെതിരായി ഉപയോഗിക്കപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന സന്ധിവാതത്തിനെതിരായി കേള്‍ച്ചിസിന്‍ ഉപയോഗിക്കുന്നു. മൂത്രത്തില്‍ക്കൂടി യൂറിക് അമ്ലം പുറന്തള്ളപ്പെടാന്‍ സഹായിക്കുന്ന ഔഷധമാണ് പ്രോബ്നെസിഡ്. യൂറിക് അമ്ലം ഉത്പാദനത്തിനാവശ്യമായ സാന്തെന്‍ ഓക്സിഡേസിന്റെ പ്രവര്‍ത്തനം തടയാനുള്ളതാണ് അല്ലോപ്യൂറിനോള്‍ എന്ന ഔഷധം.

ഗൗട്ട് രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ യാതൊന്നും അനുഭവപ്പെടാത്ത കാലഘട്ടം ഉണ്ടായേക്കാം. എന്നാല്‍ മാനസിക സമ്മര്‍ദം, ഏതെങ്കിലും രോഗസംക്രമണം, ശസ്ത്രക്രിയ, അമിത മദ്യപാനം എന്നിവയിലേതിനെയെങ്കിലും അഭിമുഖീകരിക്കുമ്പോള്‍ പെട്ടെന്ന് രോഗം അനുഭവപ്പെടുന്നു. അജ്ഞാതകാരണങ്ങളാലും രോഗം മൂര്‍ച്ഛിക്കാറുണ്ട്. സ്ഥായിയായി ഈ രോഗം ഉള്ളവരില്‍ മൂത്രവസ്തിക്കു തകരാറു സംഭവിക്കാം. അഥിരോസ്ക്ലിറോസിസ് എന്ന രോഗവും ഇത്തരക്കാര്‍ക്കുണ്ടാകാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍