This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വിദോ ദ് അറാത്സോ (995 - 1050)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വിദോ ദ് അറാത്സോ (995 - 1050)

ഇറ്റാലിയന്‍ ബെനഡിക്ടൈന്‍ സന്ന്യാസിയും സംഗീത സൈദ്ധാന്തികനും, അധ്യാപകനും. ഫെറാറയിലെ പോംപോസയിലായിരുന്നു താമസം (ഫ്രാന്‍സിലാണ് ജനനമെന്നു കരുതപ്പെടുന്നു). സംഗീതം ഇഷ്ടപ്പെടാതിരുന്ന ബെനഡിക്ടൈന്‍ സന്ന്യാസികളുടെ ഇടയില്‍ നിന്നു രക്ഷപ്പെട്ടു ടസ്കണില്‍ അറാത്സോയിലെ സംഗീതസ്കൂളിലെത്തി. മുമ്പ് പാടിക്കേട്ടിട്ടില്ലാത്ത ഗാനങ്ങള്‍ നൊട്ടേഷനുകള്‍ നോക്കി പാടുന്ന രീതി ആദ്യമായി നടപ്പിലാക്കിയത് ഗ്വിദോ ആയിരുന്നു. സംഗീതത്തില്‍ സ്വരങ്ങളുടെ ഉച്ചത്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ (neumes) നിലവിലിരുന്നുവെങ്കിലും അവയ്ക്കു വേണ്ടത്ര കൃത്യത ഉണ്ടായിരുന്നില്ല. സംഗീതത്തില്‍ ഗ്വിദോയ്ക്കുണ്ടായിരുന്ന പാടവം മനസ്സിലാക്കിയ പോപ്പ് ജോണ്‍ XIX ഇദ്ദേഹത്തെ റോമിലേക്കു ക്ഷണിച്ചു. ഗ്വിദോ ബാലഗായകസംഘത്തിന് ഓര്‍മിക്കാനെളുപ്പമുള്ള വരികള്‍ (നിമോണിക്ക) രചിക്കുകയും അവയ്ക്കു 6-ാം ശ.-ത്തിലെ ഒരു ലത്തീന്‍ സ്തോത്രത്തിന്റെ വരികളുടെ സ്വരങ്ങള്‍ (Notes) നല്കുകയും ചെയ്തു. പാശ്ചാത്യസംഗീതത്തിലെ സംഗീതം രേഖപ്പെടുത്തുന്ന സ്റ്റാഫ്നൊട്ടേഷന്‍ സമ്പ്രദായത്തിലെ സ്വരസംജ്ഞകളായ C D E F G A എന്നിവ ഈ ലത്തീന്‍ സ്തോത്രത്തിന്റെ വരികളുടെ ആദ്യപദങ്ങളുമായി ഇദ്ദേഹം ബന്ധപ്പെടുത്തി.

Ut queant laxis

Resonare fibris

Mira gestorum

Famuli tuorum

Solve Polluti

Labü reatum


ഈ വരികളില്‍ നിന്നാണ് Ut, Re, Mi, Fa, Sol, La എന്ന ടോണുകള്‍ ഉണ്ടായത്. ഇതിലെ Ut പിന്നീട് 16-ാം ശ.-ത്തില്‍ doh എന്നായി മാറുകയും Si എന്നതു കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. ലത്തീന്‍ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുള്ള ഈ ടോണുകള്‍ 19-ാം ശ.-ത്തിലെ 'ടോണിക് സോള്‍ഫാ' എന്ന സമ്പ്രദായത്തിന് അടിസ്ഥാനമിട്ടു. സ്വരത്തിന്റെ ഉച്ചനീചാവസ്ഥയെ സൂചിപ്പിക്കാന്‍ തിരശ്ചീനമായ വരകള്‍ ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമാക്കിയതു ഗ്വിദോ ആയിരുന്നു. മൈക്രോ പോഗസ് ദെ ഡിസിപ്ലിന ആര്‍ടിസ് മ്യൂസിക്ക തുടങ്ങി സംഗീത സംബന്ധിയായ അനേകം ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍