This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാളിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാളിയര്‍

മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വ. പടിഞ്ഞാറെ അറ്റത്തു സ്ഥിതിചെയ്യുന്ന ജില്ലയും അതിന്റെ ആസ്ഥാനമായ നഗരവും. ചരിത്രപ്പഴമയുള്ള ഒരു വലിയകോട്ട ഇവിടെയുണ്ട്. പഴയ നഗരത്തില്‍ നിന്ന് 100 മീറ്ററോളം ഉയര്‍ന്ന ഒരു കുന്നിന്‍പ്രദേശത്ത് മൂന്നു കി.മീ. നീളത്തില്‍ സ്ഥിതിചെയ്യുന്ന ഗ്വാളിയര്‍ കോട്ടയ്ക്ക് 1000 വര്‍ഷത്തോളം പഴക്കമുള്ളതായി കരുതുന്നു. 200 മീ. മുതല്‍ ചിലേടത്ത് ഒരു കി.മീ. വരെ വീതിയുള്ള ഈ കോട്ടയ്ക്ക് പത്തു മീറ്ററോളം ഉയരമുണ്ട്. ഇപ്പോള്‍ ഇതൊരു ശൈത്യകാല വിശ്രമകേന്ദ്രമാണ്.

ജില്ലയുടെ വിസ്തീര്‍ണം: 5,214 ച.കി.മീ.; ജനസംഖ്യ: 16,29,881 (2001). ഗ്വാളിയര്‍നഗരത്തിലെ ജനസംഖ്യ: 690,342 (2001). പ. മൊറേന ജില്ലയും വ. ഭീണ്ഡ് ജില്ലയും കി. ദതീയ ജില്ലയും തെ. ശിവപുരി ജില്ലയുമാണ് അതിര്‍ത്തികള്‍.

സൂരജ് സെന്‍ എന്ന നാട്ടുരാജാവ് ഗ്വാളിപന്‍ എന്ന മഹര്‍ഷിയുടെ പേരില്‍ പണികഴിപ്പിച്ച കോട്ടയെന്നാണ് ഐതിഹ്യം. രസകരമായ ആ ഐതിഹ്യം ഇതാണ്: കുന്നിന്‍ മുകളിലെ സൂരജ്കുണ്ഡില്‍ നിന്നുള്ള തീര്‍ഥംകൊണ്ട് മഹര്‍ഷി സൂരജ് സെന്നിന്റെ കുഷ്ഠരോഗം മാറ്റി. മഹര്‍ഷി സൂരജ് സെന്നിന് സുഹന്‍പാല്‍ എന്ന പുതിയ പേരും കല്പിച്ചു. സുഹന്‍പാലിന്റെ അനന്തരാവകാശികള്‍ പേരിനോടൊപ്പം 'പാല്‍' എന്ന വിശേഷണം കൂടി ചേര്‍ത്താല്‍ ആ പ്രദേശത്തിന്റെ ആധിപത്യം വളരെക്കാലം തുടര്‍ന്നുകൊണ്ടുപോകാമെന്നായിരുന്നു മഹര്‍ഷിയുടെ ഉപദേശം. സുഹന്‍പാലിന്റെ 83 അനന്തരാവകാശികള്‍ പേരിന്റെ അന്ത്യത്തില്‍ 'പാല്‍' കൂട്ടിച്ചേര്‍ത്ത് അനേകവര്‍ഷങ്ങള്‍ നാടുഭരിച്ചത്രെ. എണ്‍പത്തിനാലാമത്തെയാള്‍ ഈ പതിവുതെറ്റിച്ച് 'തേജ് കരണ്‍' എന്ന പേരു സ്വീകരിച്ചതോടെ രാജ്യാവകാശം നഷ്ടമായിപോലും.

ഗ്വാളിയര്‍ കോട്ടയ്ക്കുള്ളില്‍ ഒരു പുരാവസ്തു മ്യൂസിയവും ഏതാനും കൊട്ടാരങ്ങളുമുണ്ട്. മാന്‍സിങ് കൊട്ടാരം (മാന്‍ മന്ദിര്‍) ഗുജ്റി മഹല്‍, കരണ്‍ കൊട്ടാരം, കീര്‍ത്തി മന്ദിര്‍, ജഹാങ്കീര്‍ കൊട്ടാരം, ഷാജഹാന്‍ കൊട്ടാരം എന്നിവ പ്രസിദ്ധിനേടിയിട്ടുള്ളതാണ്. മാന്‍സിങ് തന്റെ പത്നിയായ മൃഗനയനിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ഗുജ്റി മഹല്‍ (15-ാം ശ.) മാന്‍സിങ് കൊട്ടാരത്തിലാണ് അറംഗസീബ് തന്റെ സഹോദരനായ മുദാറിനെ തടവിലാക്കിയതും വധിച്ചതും. മുഗള്‍രാജാക്കന്മാര്‍ ഈ കൊട്ടാരം ജയിലായി ഉപയോഗിച്ചിരുന്നു.

കോട്ട നില്‍ക്കുന്ന കുന്നിന്റെ വ.-ഉം വ.കിഴക്കുമായാണ് പഴയ ഗ്വാളിയര്‍ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിലെ ജുമാ മസ്ജിദ് പള്ളി (1661) പ്രസിദ്ധമാണ്. ഗ്വാളിയര്‍കോട്ട പിടിച്ചടക്കാന്‍ ബാബര്‍ക്ക് തുണയായി നിന്ന മൊഹമ്മദ്ഖാസ് എന്ന സിദ്ധന്റെ ശവകുടീരം നഗരത്തിന്റെ കി. വശത്തായി കാണാം. പ്രാചീന മുഗള്‍ശില്പകലാശൈലിയുടെ മികച്ച ഒരു മാതൃകയാണിത്.

തുണിത്തരങ്ങള്‍, ഗ്ലാസ്, പാദരക്ഷകള്‍, കൃത്രിമ ഫൈബര്‍, പാത്രനിര്‍മാണം തുടങ്ങിയവയാണ് വ്യവസായങ്ങള്‍. പുതിയ നഗരമായ ലഷ്കാര്‍ ഗ്വാളിയറില്‍നിന്ന് 6 കി.മീ. അകലെയാണ്. 1966-ല്‍ സ്ഥാപിതമായ ജിവാജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏതാനും മെഡി. കോളജുകളും ആര്‍ട്സ്-ടെക്നിക്കല്‍ കോളജുകളും സ്പോര്‍ട്സ് കോളജുകളും ഗ്വാളിയറിലുണ്ട്.

ഡല്‍ഹി-മുംബൈ റെയില്‍പ്പാതയിലെ മുഖ്യസ്റ്റേഷനുകളിലൊന്നാണ് ഗ്വാളിയര്‍. ഡല്‍ഹി, ആഗ്ര, ഉജ്ജയിനി, ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, ഖജുരാഹോ എന്നിവിടങ്ങളിലേക്ക് ഗ്വാളിയറില്‍ നിന്ന് ധാരാളം ബസ് സര്‍വീസുണ്ട്. ഗ്വാളിയറില്‍ ഒരു വിമാനത്താവളവുമുണ്ട്.

ഗ്വാളിയര്‍ കോട്ട

ചരിത്രം. 6-ാം ശതകത്തില്‍ ഹൂണരാജാക്കന്മാരായ തൊരമാണെനും (സു. 500) മിഹിരകുലനും (525) ഗ്വാളിയര്‍ പിടിച്ചടക്കി അവരുടെ രാജ്യത്തോടു ചേര്‍ത്തു. പിന്നീടത് ഗുര്‍ജര പ്രതിഹാരരാജാവായ മിഹിരഭോജന്റെ (സു. 840-890) രാജ്യത്തില്‍ ലയിച്ചു. 1196-ല്‍ അത് കുത്ബുദ്ദീന്‍ ആക്രമിച്ച് ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഭാഗമാക്കി. എന്നാല്‍ 1210-ല്‍ ഗ്വാളിയര്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഇല്‍തുത് മിഷ് ഗ്വാളിയര്‍ ആക്രമിക്കുകയും പതിനൊന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം രാജാവായ മംഗല്‍ദേവിനെ തോല്പിച്ച് കോട്ട കീഴടക്കുകയും ചെയ്തു (1232). തിമൂറിന്റെ ഡല്‍ഹി ആക്രമണത്തിനുശേഷം 1395-ല്‍ രജപുത്രര്‍ ഗ്വാളിയര്‍ പിടിച്ചെടുത്തു. 1518-ല്‍ ഇബ്രാഹിം ലോദി പിടിച്ചെടുക്കുന്നതുവരെ ഗ്വാളിയര്‍ അവരുടെ കൈയിലായിരുന്നു. 1526-ല്‍ ബാബര്‍ ഗ്വാളിയര്‍ കൈയടക്കി. 1558-ല്‍ മുഗള്‍സൈന്യം അത് ഷെര്‍ഷായുടെ അനന്തരാവകാശികളില്‍ നിന്ന് പിടിച്ചെടുത്തു. മുഗള്‍ സാമ്രാജ്യം അധഃപതിച്ചപ്പോള്‍ മഹാരാഷ്ട്രര്‍ അവരില്‍ നിന്നും ഗ്വാളിയര്‍ അധീനപ്പെടുത്തി. ഒരു പ്രമുഖ മറാഠാകുടുംബമായ സിന്ധ്യ ഗ്വാളിയറില്‍ ആധിപത്യം സ്ഥാപിച്ചു. പേഷ്വമാരുടെ കീഴില്‍ മറാഠാസാമ്രാജ്യം കെട്ടിപ്പടുത്തവരില്‍ ഒരാളായിരുന്നു റാണോജി സിന്ധ്യ. അദ്ദേഹത്തിന്റെ പുത്രനായിരുന്നു മഹദാജി സിന്ധ്യ. അഹ്മദ്ഷാ അബ്ദാലിയുമായുള്ള മൂന്നാം പാനിപ്പട്ട് യുദ്ധത്തില്‍ (1761) മറാഠികള്‍ തോല്പിക്കപ്പെട്ടു. ഈ യുദ്ധത്തില്‍ പങ്കെടുത്ത മഹദാജിക്കു മുറിവേറ്റു. പേഷ്വയുടെ ആധിപത്യം മഹദാജി ഉപേക്ഷിക്കുകയും ഗ്വാളിയര്‍ ഒരു സ്വതന്ത്രരാജ്യമായി കെട്ടിപ്പടുക്കുകയും ചെയ്തു (1783). ഫ്രഞ്ച് സേനാനായകനായ ബിനോയ്ദബോയില്‍ സിന്ധ്യയുടെ സൈന്യത്തെ നവീകരിച്ചു. മഹദാജി മുഗള്‍ ചക്രവര്‍ത്തിയായശേഷം ആലം കക-തന്റെ സംരക്ഷണയില്‍ കൊണ്ടുവന്നു. വടക്കേ ഇന്ത്യയിലെ ഒരു ശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന റോഹില്ലറെയും, പ്രമുഖരജപുത്രരാജ്യങ്ങളായ ജയ്പൂരിനെയും ജോഡ്പൂരിനെയും തോല്പിക്കുകയും ചെയ്തു. 1794-ല്‍ മരിക്കുന്നതിനുമുന്‍പ് അദ്ദേഹം തന്റെ രാജ്യം ഗംഗ മുതല്‍ മാള്‍വ വരെയും പൂന മുതല്‍ തുംഗഭദ്ര വരെയും വികസിപ്പിച്ചു.

മഹദാജി സിന്ധ്യയുടെ പിന്‍ഗാമിയായ ദൌലത്ത്റാവു പൂണെയിലെ മറാഠാക്യാമ്പിലെ മത്സരങ്ങളില്‍ ഇടപെട്ട് സമയം കഴിച്ചപ്പോള്‍, ഫ്രഞ്ച് സൈന്യാധിപനായ പിയറി ക്വില്ലിയര്‍ ഗ്വാളിയര്‍ രാജ്യത്തിന്റെ ഭരണം നടത്തി. പൂണെയിലെ പ്രധാനനയതന്ത്ര പ്രശ്നം ആരാണ് പേഷ്വായെ നിയന്ത്രിക്കുന്നതെന്ന ഹോള്‍ക്കര്‍-സിന്ധ്യാസംവാദം ആയിരുന്നു. 1802 ഒ.-ല്‍ ഹോള്‍ക്കറുടെ സൈന്യം പേഷ്വയുടെയും സിന്ധ്യയുടെയും സൈന്യത്തെ തോല്പിച്ചു. ഈ തോല്‍വി പേഷ്വ ബാജിറാവു II-നെ ബ്രിട്ടീഷുകാരുടെ സംരക്ഷണം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കി. ബസ്സീന്‍ ഉടമ്പടി പ്രകാരം (ഡി. 1802) ബ്രിട്ടീഷുകാര്‍ക്ക് മഹാരാഷ്ട്രയില്‍ 26 ലക്ഷം രൂപാ നികുതി കിട്ടുന്ന ഭൂവിഭാഗങ്ങള്‍ വിട്ടുകിട്ടി. ഗെയിക്ക്വാഡുമായുള്ള പേഷ്വയുടെ തര്‍ക്കങ്ങള്‍ ബ്രിട്ടീഷുകാരുടെ മധ്യസ്ഥതയ്ക്കു വിടാന്‍ സമ്മതിക്കുകയുണ്ടായി.

പേഷ്വ ഒപ്പിട്ട ഉടമ്പടി ആദരിക്കാന്‍ സിന്ധ്യ വിസമ്മതിച്ചതിനാല്‍ ഇംഗ്ലീഷുകാരുമായി യുദ്ധം ചെയ്യേണ്ടിവന്നു (1803). സിന്ധ്യയുടെ സൈന്യങ്ങള്‍ എല്ലാ യുദ്ധരംഗങ്ങളിലും തോല്പിക്കപ്പെട്ടു. അജന്താകുന്നുകള്‍ക്കു തെ.-ഉം യമുനയ്ക്കു കിഴക്കുമുള്ള സ്ഥലങ്ങളും മുഗള്‍ചക്രവര്‍ത്തിയുടെ സംരക്ഷണവും ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. രണ്ടു പ്രധാന കോട്ടകളായ ഗ്വാളിയറും കോയിലും (അലീഗര്‍) ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. എന്നാല്‍ 1805-ല്‍ ഗ്വാളിയര്‍കോട്ട തിരിച്ചുകൊടുക്കുകയും രജപുത്രരാജ്യങ്ങളുടെ മേലുള്ള ആധിപത്യം അംഗീകരിക്കുകയും ചെയ്തു.

1827-ല്‍ ദൗലത്റാവു സിന്ധ്യ ചരമം പ്രാപിച്ചതോടുകൂടി ഗ്വാളിയര്‍ സാമ്പത്തികമായി പാപ്പരാവുകയും സ്വകാര്യസേനകള്‍ രൂപമെടുക്കുകയും ചെയ്തു. 1843-ല്‍ ദൗലത്റാവു സിന്ധ്യയുടെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പൌത്രന്‍ രാജാവായപ്പോള്‍ ബ്രിട്ടീഷുകാര്‍ ഗ്വാളിയര്‍ കാര്യങ്ങളില്‍ വീണ്ടും ഇടപെടുകയും ഒരു റീജന്റിനെ നിയമിക്കുകയും ചെയ്തു. ഗ്വാളിയര്‍ സൈന്യത്തെ കുറവു ചെയ്യുകയും സ്റ്റേറ്റിനെ അവരുടെ സംരക്ഷണയിലാക്കുകയും ചെയ്തു. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് സിന്ധ്യയും പ്രധാനമന്ത്രിയും ബ്രിട്ടീഷ് പക്ഷത്തു നിന്നപ്പോള്‍, ഗ്വാളിയര്‍ സൈന്യം ഝാന്‍സിറാണിയുടെ ഭാഗത്തു ചേരുകയുണ്ടായി. കലാപകാരികള്‍ ഗ്വാളിയര്‍ക്കോട്ട പിടിച്ചെടുത്തുവെങ്കിലും, വളരെ വേഗത്തില്‍ അവര്‍ തോല്പിക്കപ്പെട്ടു. റാണി യുദ്ധം ചെയ്ത് മരണം വരിച്ചു. 1880-ല്‍ ഗ്വാളിയര്‍ രാജ്യം സിന്ധ്യയ്ക്കു വിട്ടുകൊടുത്തു.

ഇന്ത്യ സ്വത്യന്ത്രമായപ്പോള്‍, ഗ്വാളിയര്‍ ഇന്ത്യന്‍ യൂണിയനിലെ ഒരു നാട്ടുരാജ്യമായി നിലകൊണ്ടു. ഗ്വാളിയര്‍ നാട്ടുരാജ്യത്തിന്റെ വിസ്തീര്‍ണം 68,368 ച.കി.മീറ്ററും ജനസംഖ്യ ഏകദേശം 40 ലക്ഷവുമായിരുന്നു. 1956 ന. 1-ന് ഗ്വാളിയര്‍ രാജ്യം മധ്യപ്രദേശില്‍ ലയിച്ചു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്; വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍