This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാര്‍ച്ചിനോ (1591 - 1666)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാര്‍ച്ചിനോ (1591 - 1666)

Guercino

ഇറ്റാലിയന്‍ ചിത്രകാരന്‍. ഗിയോവന്നി ഫ്രാന്‍സെസ്കോ ബാര്‍ബിയേറി എന്നാണ് യഥാര്‍ഥ നാമഥേയം. ബൊളോണ നഗരത്തിനടുത്തുള്ള സെന്റോ എന്ന സ്ഥലത്ത് 1591 ഫെബ്രുവരിയില്‍ ഗ്വാര്‍ച്ചിനോ ജനിച്ചു. ബനഡെറ്റോ ജനാറിയുടെ കീഴില്‍ കുറച്ചുനാള്‍ ചിത്രകല അഭ്യസിക്കുകയുണ്ടായി. ആദ്യകാലസൃഷ്ടികളില്‍ ലുഡ്വിക്, ഇപ്പോലിതോസ് കാര്‍സെല്ല എന്നിവരുടെ രചനാസങ്കേതങ്ങള്‍ അനുകരിക്കുന്നുണ്ട്. സെന്റോയിലെ ഗൃഹങ്ങളിലും പള്ളികളിലും അലങ്കാരചിത്രങ്ങള്‍ ആലേഖനം ചെയ്തുകൊണ്ടാണ് ഗ്വാര്‍ച്ചിനോ രംഗപ്രവേശനം ചെയ്തത്.

ഗ്വാര്‍ച്ചിനോയുടെ 'സൂസന്ന ആന്‍ഡ് ദി എല്‍ഡേഴ്സ്'(1617) എന്ന പെയിന്റിങ്

1618-ല്‍ വെനീസിലെത്തിയ ഗ്വാര്‍ച്ചിനോ ടിഷ്യന്റെ ചിത്രങ്ങളില്‍ ആകൃഷ്ടനായി. തുടര്‍ന്ന്, പോപ്പ് ഗ്രിഗറി XV-ന്റെ ക്ഷണപ്രകാരം റോമിലെത്തുകയും അവിടെവച്ച് ക്ലാസ്സിക്കല്‍ ചിത്രകലയില്‍ അവഗാഹം നേടുകയും ചെയ്തു. ദ ബറിയല്‍ ആന്‍ഡ് റിസറപ്ഷന്‍ ഇന്റു ഹെവന്‍ ഒഫ് സെന്റ് പെട്രോനില (1621) എന്ന ചിത്രം ഇക്കാലത്തെ മികച്ച രചനയാണ്. ലുഡോവിസി കൊട്ടാരത്തില്‍ വരച്ച അറോറ (1621-23) ആണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇവയില്‍ ചടുലതയാണ് മുറ്റിനില്ക്കുന്നതെങ്കില്‍ പിന്നീടുള്ള രചനകളില്‍ ഭാവാത്മകതയ്ക്കാണ് കൂടുതല്‍ പ്രാധാന്യം.

പോപ്പ് ഗ്രിഗറി XV-ന്റെ മരണശേഷം 1623-ല്‍ ഗ്വാര്‍ച്ചിനോ സെന്റോയില്‍ മടങ്ങിയെത്തി. 1642-ല്‍ ബൊളോണയിലേക്കു താമസം മാറ്റുകയും അവിടത്തെ ഒട്ടനവധി പള്ളികളില്‍ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. എലിജാ ഫെഡ് ബൈ റാവെന്‍സ് (1620), സെന്റ് വില്യം ഒഫ് അക്വിറ്റെയിന്‍ (1620), സെന്റ് ഫ്രാന്‍സിസ് ഇന്‍ എക്സ്റ്റസി ആന്‍ഡ് സെന്റ് ബനഡിക്ട് (1622), നൈറ്റ് ആന്‍ഡ് ഡോണ്‍ (1621), ദ പ്രോഡിഗല്‍ സണ്‍, ദ ബിട്രേയല്‍ ഒഫ് ക്രൈസ്റ്റ്, പ്യൂരിഫിക്കേഷന്‍ ഒഫ് ദ വെര്‍ജിന്‍ (1654) എന്നിവയാണ് ഗ്വാര്‍ച്ചിനോയുടെ ഇതര പ്രമുഖ രചനകള്‍. അവസാനകാലത്തെ ചിത്രങ്ങള്‍ റോമില്‍നിന്നും സ്വാംശീകരിച്ച ക്ലാസ്സിക്കല്‍ രീതിയിലാണ് രചിച്ചിട്ടുള്ളത്. 1666-ല്‍ ബൊളോണയില്‍ ഗ്വാര്‍ച്ചിനോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍