This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലോസറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലോസറി

പ്രത്യേക വിഭാഗത്തില്‍പ്പെട്ട പദങ്ങളുടെ അര്‍ഥവും നിര്‍വചനവും അക്ഷരമാലാക്രമത്തില്‍ തയ്യാറാക്കുന്ന പട്ടിക. പ്രയാസമുള്ളതും പരിചിതമല്ലാത്തതും സാങ്കേതികവും വിദേശീയവും ആയ പദങ്ങളുടെ അര്‍ഥവും വിശദാംശങ്ങളും വിവരിക്കുകയാണ് ഗ്ലോസറികള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. പുസ്തകത്തില്‍ കൊടുക്കുന്ന അടിക്കുറിപ്പുകള്‍ 'ഗ്ലോസ്' എന്ന് അറിയപ്പെട്ടിരുന്നു. ഇത്തരം വിശദീകരണക്കുറിപ്പുകളുടെ (ഗ്ലോസുകളുടെ) സമാഹാരമാണ് ഗ്ലോസറി.

ബി.സി. 3-ാം ശ.-ത്തില്‍ത്തന്നെ ഗ്രീസില്‍ ഗ്ലോസറികള്‍ നിലവിലുണ്ടായിരുന്നു. ആദ്യത്തെ ഗ്ലോസറിക്കാരന്‍ കോസിലെ ഫിലേറ്റ്സ് ആണ്. ഹോമറിന്റെ കൃതികളിലെ അസാധാരണ പദങ്ങളുടെ ഒരു ഗ്ലോസറി സെനോഡോട്ടസ് തയ്യാറാക്കിയിട്ടുള്ളത് സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

പുരാതന കൃതികള്‍, ബൈബിള്‍ എന്നിവയിലെ പദങ്ങളുടെ അര്‍ഥം വിവരിക്കുന്ന ഗ്ലോസറികള്‍ മധ്യകാലഘട്ടത്തില്‍ നിലവിലിരുന്നു. വിദേശീയാധിപത്യത്തിന്റെ ഫലമായി പേര്‍ഷ്യന്‍, സംസ്കൃതം, ഉര്‍ദു, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നിരവധി ശബ്ദാവലികള്‍ ഇന്ത്യയിലുണ്ടായി. ഭരണകാര്യങ്ങള്‍ക്കും മറ്റുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യരെ ഉദ്ദേശിച്ചാണ് ഇത് അധികവും തയ്യാറാക്കിയത്. സാഹിത്യം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ വിഷയങ്ങളില്‍ വളരെയധികം ശബ്ദാവലികള്‍ ഇംഗ്ലീഷില്‍ പ്രചാരത്തിലുണ്ട്.

ആയുര്‍വേദ സസ്യങ്ങള്‍ സംബന്ധിച്ച് ഹെന്റി വാന്റീഡ് തയ്യാറാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് ആണ് മലയാളത്തിലെ ആദ്യത്തെ ഗ്ലോസറി എന്നുപറയാം. തിരുവിതാംകൂര്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച സാങ്കേതിക ശബ്ദാവലി മറ്റൊരു ഗ്ലോസറിയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മീറ്റിയറോളജി ശബ്ദാവലി, മാനവിക ശബ്ദാവലി, വിജ്ഞാന ശബ്ദാവലി, കൃഷി ശബ്ദാവലി, വാണിജ്യ ശബ്ദാവലി, സാഹിത്യ ശബ്ദാവലി തുടങ്ങിയവ മലയാളഭാഷയുടെ വളര്‍ച്ചയിലെ ശ്രദ്ധേയമായ സംരംഭങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍