This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലോബിജെറീന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലോബിജെറീന

Globigerina

സമുദ്രത്തിലെ ഏകകോശജീവികളായ പ്രോട്ടസോവകളില്‍പ്പെടുന്ന ഒരു ചെറുവിഭാഗം ജീവികള്‍. ഫൊറാമിനിഫെറ ഗോത്രത്തില്‍പ്പെടുന്ന ഗ്ലോബിജെറിനിഡെ കുടുംബത്തിലെ ഒരു ജീനസാണ് ഗ്ലോബിജെറീന. ഈ കുടുംബത്തില്‍ ഏറ്റവും വിസ്തൃതവിതരണം അവകാശപ്പെടാവുന്ന ജീനസും ഇതുതന്നെ. ഏറ്റവും സാധാരണ സ്പീഷീസ് ഗ്ലോബിജെറീന ബുളോയ്ഡസ്. ശരീരഘടനയില്‍ അമീബയോടു സാദൃശ്യം പുലര്‍ത്തുന്ന ഗ്ലോബിജെറീനകള്‍ക്ക് അമീബയില്‍ നിന്നു വ്യത്യസ്തമായി ശരീരത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിതമായ ഒരു ബാഹ്യകവചം കാണുന്നു. 'ടെസ്റ്റ്' എന്നു പേരുള്ള ഈ ഷെല്‍ ഉരുണ്ട്, മുള്ളുകളുള്ളതാണ്. ഒരു ഷെല്ലിന്റെ വലുപ്പത്തിലേറെ ശരീരം വളര്‍ന്നുകഴിയുമ്പോള്‍ അതിനുള്ളിലെ ജീവി ആദ്യത്തേതിനെക്കാള്‍ കുറേക്കൂടി വലിയ മറ്റൊരു ഷെല്ലിനു രൂപം കൊടുക്കുന്നു. ഈ ഷെല്ലുകള്‍ക്ക് പരസ്പരം ബന്ധമുണ്ടാകും. ഈ ഷെല്ലുകളിലെ ദ്വാരങ്ങളില്‍ക്കൂടി പുറത്തേക്കു നീണ്ടുവരുന്ന നേര്‍ത്ത നാരുപോലെയുള്ള മൃദുലമായ അനേകം 'പാദ'ങ്ങള്‍ കാണാം. കപടപാദങ്ങള്‍ (pseudopodia) എന്നു പേരുള്ള ഇവ ചുറ്റുമുള്ള വെള്ളത്തില്‍ നിന്ന് ഡയറ്റമുകളെയും മറ്റ് അതിസൂക്ഷ്മ സസ്യങ്ങളെയും പിടികൂടി ആഹാരമാക്കുന്നു. ജീവനുള്ള ഗ്ലോബിജെറീനകളില്‍ അവയെ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്ന സൂചിപോലുള്ള അതിലോലമായ മുള്ളുകള്‍ ദേഹമാസകലം കാണാം. എന്നാല്‍ ഫോസിലുകളില്‍ ഇവ നിലനിന്നു കാണുന്നില്ല.

സമുദ്രോപരിതലത്തിലോ, അതിനുതൊട്ടുതാഴെയോ അനന്തകോടി ഗ്ലോബിജെറീനകള്‍ കൂട്ടമായി കഴിയുന്നു. ജീവന്‍ നശിക്കുന്നതോടെ ഇവയുടെ അതിസൂക്ഷ്മ കവചങ്ങള്‍ കടലിനടിത്തട്ടിലേക്ക് ക്രമേണ അടിഞ്ഞിറങ്ങുന്നു. 1,800-5,400 മീ. ആഴമുള്ള സമുദ്രഭാഗങ്ങളിലാണ് ഇതു സാധാരണ കാണപ്പെടുക. ഇവിടെ ഈ കവചങ്ങള്‍ അതിമൃദുവായ ഒരിനം ചെളിയുടെ സ്തരങ്ങള്‍ക്കു രൂപം നല്കുന്നു. ഇതാണ് ഗ്ലോബിജെറീന ഊസ് എന്നറിയപ്പെടുന്നത്. ഈ ഊസ് കാലക്രമേണ ഘനീഭവിച്ച് ഒരു തരം ചുണ്ണാമ്പുകല്ലായിത്തീരുന്നു. 'ചോക്ക്' എന്നാണ് ഇതിനുപേര്. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും 'ചോക്ക് ക്ലിഫു'കള്‍, വടക്കേ അമേരിക്കയിലെ ചില ചുണ്ണാമ്പുകല്‍പ്പാറകള്‍ തുടങ്ങിയവയെല്ലാം ഗ്ലോബിജെറീന ഊസില്‍നിന്നുമുണ്ടായവയാണ്.

പല ശാസ്ത്രശാഖകളിലും ഗ്ലോബിജെറീന ഊസുകളുടെ പഠനം വിലയുറ്റതാണ്. സമുദ്രവിജ്ഞാനീയത്തില്‍ സമുദ്രത്തിലെ ജലപ്രവാഹമാതൃകകള്‍ അറിയുന്നതിന് ഇതു പ്രധാനമായി സഹായിക്കുന്നു. ഭൂവിജ്ഞാനീയത്തിലും പുരാജീവിവിജ്ഞാനീയത്തിലും ഊറല്‍പ്പാറസ്തരങ്ങളുടെ പരസ്പരബന്ധം നിര്‍ണയിക്കുന്നതിനും, കഴിഞ്ഞകാലത്തെ പരിതഃസ്ഥിതികളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനും ഈ വിവരങ്ങള്‍ സഹായകമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍