This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലെയ്സര്‍, ഡൊണാള്‍ഡ് ആര്‍തര്‍ (1926 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലെയ്സര്‍, ഡൊണാള്‍ഡ് ആര്‍തര്‍ (1926 - )

Glaser, Donald Arthur

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ബബിള്‍ചേംബര്‍ കണ്ടുപിടിച്ചതിന് 1960-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.

ഡൊണാള്‍ഡ് ആര്‍തര്‍ ഗ്ലെയ്സര്‍

ഗ്ലെയ്സര്‍ 1926 സെപ്. 21-ന് ഒരു വ്യാപാരിയുടെ മകനായി ക്ലീവ്ലന്‍ഡില്‍ ജനിച്ചു. ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം എടുത്തതിനുശേഷം 1950-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. കോസ്മികവികിരണമായിരുന്നു ഗവേഷണവിഷയം. 1949 മുതല്‍ 10 വര്‍ഷക്കാലം മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. 1959-ല്‍ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് പ്രൊഫസറായി നിയമിതനായി. 1964 മുതല്‍ അവിടത്തെ ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ പ്രൊഫസര്‍ പദവി ഇദ്ദേഹത്തിനു ലഭിച്ചു. 1962-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍വച്ച് മൗലിക കണങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ഗ്ലെയ്സര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലംവരെ വിത്സണ്‍ ക്ളൌഡ് ചേംബര്‍ എന്ന സംസൂചകമായിരുന്നു ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. ഈ ഉപകരണത്തില്‍ അയോണീകാരിവികിരണം അതിപൂരിതവാതകത്തെ സാന്ദ്രീകരിച്ച് അതിന്റെ പാതയില്‍ ദ്രാവകത്തിന്റെ ചെറുതുള്ളികള്‍ രൂപീകരിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന ഊര്‍ജകണികകളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ ഇത് അപര്യാപ്തമായിരുന്നു. ഈ ന്യൂനത പരിഹരിക്കുന്നതിനായി ഗ്ലെയ്സര്‍ അതിതപ്തദ്രാവകങ്ങളെ (super-heated liquids) പരീക്ഷണവിധേയമാക്കി. ഒരേസമയത്ത് ഇവയുടെ പ്രതലബലം കുറയ്ക്കുകയും വാതകമര്‍ദം കൂട്ടുകയും ചെയ്തപ്പോള്‍ പ്രസ്തുത ദ്രാവകത്തിലൂടെ കടന്നുപോകുന്ന അയോണീകാരിവികിരണം മൗലികകണങ്ങളുടെ പാതയില്‍ ചെറുകുമിളകള്‍ രൂപീകരിക്കുന്നതായി ഇദ്ദേഹം നിരീക്ഷിച്ചു. ഇപ്രകാരം വിത്സണ്‍ ക്ളൌഡ് ചേംബറിലേതുപോലെ വാതകത്തില്‍ ദ്രാവകകുമിളകളുടെ രൂപീകരണത്തിനുപകരം ദ്രാവകത്തില്‍ വാതകക്കുമിളകള്‍ രൂപീകരിക്കാനാവും എന്നിദ്ദേഹം തെളിയിച്ചു. 1952-ല്‍ ഡൈ ഇഥൈല്‍ ഉപയോഗിച്ച് വികിരണ സംവേദന ക്ഷമതയുള്ള ആദ്യത്തെ ബബിള്‍ചേംബര്‍ നിര്‍മിക്കാന്‍ ഗ്ലെയ്സറിന് കഴിഞ്ഞു. 1953-ല്‍ ലിക്വിഡ് ഹൈഡ്രജന്‍ ബബിള്‍ചേംബറിന് ഇദ്ദേഹം രൂപം നല്കി. ഗ്ലെയ്സര്‍ നിര്‍മിച്ച ബബിള്‍ ചേംബറുകളുടെ പരിഷ്കൃതരൂപങ്ങള്‍ ഇക്കാലത്ത് ന്യൂക്ലിയര്‍ ഭൗതിക പരീക്ഷണോപകരണങ്ങളില്‍ ഒരവിഭാജ്യ ഘടകമായിത്തീര്‍ന്നിട്ടുണ്ട്.

1964 മുതല്‍ ഗ്ലെയ്സര്‍ ഭൗതിക ശാസ്ത്രനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി മൊളിക്കുലാര്‍ ബയോളജി എന്ന ശാസ്ത്രശാഖയില്‍ ഗവേഷണം തുടരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍