This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലുട്ടാതയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലുട്ടാതയോണ്‍

സള്‍ഫര്‍ ഉള്‍ക്കൊള്ളുന്ന ഒരു രാസവസ്തു. ജീവനുള്ള കോശങ്ങളിലെല്ലാം ഇത് ഉപസ്ഥിതമാണ്. ഗ്ലുട്ടാതയോണിന്റെ രാസനാമം ചിത്രം:Vol 10 gamma.png L-ഗ്ലുട്ടാമൈന്‍ L-സിസ്റ്റൈനില്‍ ഗ്ലൈസിന്‍ എന്നാണ്. മൂന്ന് അമിനോ അമ്ലങ്ങള്‍ ഒന്നിച്ചുചേര്‍ന്നുള്ള ഇതിന്റെ സംരചന താഴെ കൊടുത്തിരിക്കുന്നു.

അമിനോ അമ്ലങ്ങളുടെ ഇടയിലുള്ള ബന്ധങ്ങളെ (bonds) പെപ്റ്റൈഡ് ബന്ധങ്ങള്‍ എന്നുപറയുന്നു. ഘടനാപരമായി ഗ്ലുട്ടാതയോണും പ്രോട്ടീനുമായി സാദൃശ്യമുണ്ട്. എന്നാല്‍, പ്രോട്ടീനിന്റെ തന്മാത്രകള്‍ കൂടുതല്‍ വലുപ്പമുള്ളവയാണ്. അവയില്‍ കൂടുതല്‍ അമിനോ അമ്ലങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് കാരണം.

കരള്‍, ഈസ്റ്റ് എന്നിവയില്‍ ധാരാളം ഗ്ലുട്ടാതയോണ്‍ അടങ്ങിയിരിക്കുന്നു. കലകളില്‍ 0.1 മുതല്‍ 0.2 ശ.മാ. വരെ ഇത് കാണപ്പെടുന്നു. ഗ്ലുട്ടാതയോണിന്റെ രാസസംശ്ലേഷണം വളരെ ചെലവേറിയ ഒരു പ്രക്രിയ ആയതിനാല്‍ പ്രകൃതി സ്രോതസ്സില്‍ നിന്നുതന്നെയാണ് ഇത് ഉത്പാദിപ്പിച്ചുവരുന്നത്. ശുദ്ധമായ ഗ്ലുട്ടാതയോണിന് വെള്ളനിറമാണ്. അക്രിസ്റ്റലീയഖരവസ്തു (amorphous solid) വായ ഇത് വെള്ളത്തില്‍ അതിവേഗം ലയിക്കുന്നു.

കേംബ്രിജ് സര്‍വകലാശാലയിലെ സര്‍ ഫ്രെഡറിക് ഗൗലാന്റ് ഹോപ്കിന്‍സ് എന്ന ശാസ്ത്രജ്ഞനാണ് 1921-ല്‍ ഗ്ലുട്ടാതയോണ്‍ കണ്ടുപിടിച്ചത്. അന്നുമുതല്‍ ശരീരത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളും പഠനവിധേയമായി. കോശങ്ങളുടെ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തിനാവശ്യമായ അനേകം എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ഗ്ലുട്ടാതയോണ്‍ നിയന്ത്രിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.

ജന്തുക്കളെ റേഡിയേഷന്‍ നാശത്തില്‍നിന്നും ഒരു പരിധിവരെ രക്ഷിക്കാനുള്ള കഴിവ് ഗ്ലുട്ടാതയോണിനുണ്ട്. റേഡിയേഷനു വിധേയമായാല്‍ വലിയ അളവില്‍ ഗ്ലുട്ടാതയോണ്‍ നല്കി ചികിത്സിക്കാറുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍