This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാസ്ഗോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാസ്ഗോ

Glasgow

സ്കോട്ട്ലന്‍ഡിലെ ഏറ്റവും വലുതും, വലുപ്പത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലെ മൂന്നാമത്തേതുമായ നഗരം. മധ്യ-ലോലന്‍ഡിലെ, ജനസാന്ദ്രതയേറിയ പടിഞ്ഞാറ് ഭാഗത്ത്, ക്ലൈഡ്നദിക്കിരുകരകളിലുമായി ഇതു സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 592,820 (2010).

'ക്ലൈഡ്സൈഡ്' എന്നറിയപ്പെടുന്ന സ്കോട്ട്ന്‍ഡിലെ മുഖ്യവാണിജ്യ-വ്യവസായ പ്രദേശത്തിന്റെ ഹൃദയഭാഗമാണ് ഗ്ലാസ്ഗോ. ഗ്ലാസ്ഗോ മുതല്‍ ഏതാണ്ട് ഗ്രീനക്ക്വരെ നദിക്കരയിലൂടെ എത്തിച്ചേരുന്ന ഈ പ്രദേശം സ്കോട്ടിഷ് ഇരുമ്പുരുക്കു വ്യവസായത്തിന്റെ കേന്ദ്രഭാഗമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ-മറൈന്‍ എന്‍ജിനീയറിങ് സംവിധാനങ്ങളും ഇവിടെത്തന്നെ. ലോക്കൊമോട്ടീവ്, രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം ഗ്ലാസ്ഗോ പ്രദേശത്തു കേന്ദ്രീകരിച്ചിരിക്കുന്നു. സ്കോച്ച് വിസ്കി, പുകയിലയുത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പെറ്റുകള്‍ തുടങ്ങിയവയും നഗരത്തിലെ ഉത്പന്നങ്ങള്‍ തന്നെ.

ഗ്ലാസ്ഗോയും ക്ലൈഡ്നദിയിലുള്ള മറ്റു തുറമുഖ സൗകര്യങ്ങളും ചേര്‍ന്ന് സ്കോട്ട്ലന്‍ഡിലെ മുഖ്യതുറമുഖത്തിനു രൂപം നല്കിയിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ തുറമുഖമാണിത്. ക്ലൈഡ്സൈഡ്-വ്യാവസായികോത്പന്നങ്ങളുടേതു മാത്രമല്ല, സ്കോട്ടിഷ് വിസ്കിയുടെയും പ്രധാന കയറ്റുമതികേന്ദ്രം ഈ തുറമുഖം തന്നെ. സുവികസിതങ്ങളായ റെയില്‍പ്പാതകളും ഹൈവേകളും രണ്ട് അന്താരാഷ്ട്രവിമാനത്താവളങ്ങളും കൂടി നഗരത്തിലുണ്ട്. ആബ്ടിസിഞ്ച്, പ്രെസ്വിക് എന്നിവയാണ് വിമാനത്താവളങ്ങള്‍.

'ജനസാന്ദ്രതയും മാലിന്യവും ഏറ്റവുമേറിയ നഗരം' എന്ന കുപ്രസിദ്ധി നാളുകളോളം ഗ്ലാസ്ഗോ നഗരത്തിനുണ്ടായിരുന്നു. എന്നാല്‍ 1950 മുതല്ക്ക് അനേകം ചേരികള്‍ ഇടിച്ചുനിരത്തി, പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ ഇവിടെ പണിതുയര്‍ത്തി. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ വിസ്തൃതമാക്കി വികസിപ്പിക്കുക വഴി ജനബാഹുല്യത്തിനു പരിഹാരം കണ്ടെത്തുകയും ചെയ്തു.

13-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട സെന്റ് മങ്ഗോസ് കതീഡ്രലാണ് ഗ്ലാസ്ഗോയില്‍ ഏറ്റവും ശ്രദ്ധേയമായ ചരിത്രസ്മാരകം. സ്കോട്ട്ലന്‍ഡിലെ ഏറ്റവും നന്നായി പരിരക്ഷിക്കപ്പെടുന്ന ഗോഥിക് പള്ളികളില്‍ ഒന്നാണിത്. ഇറ്റാലിയന്‍ നവോത്ഥാന (Renaissance) മാതൃകയിലുള്ള 'സിറ്റി ചേംബേഴ്സ്' (സിറ്റി ഹാള്‍), 1470-നടുത്തു പണികഴിപ്പിക്കപ്പെട്ടതും ഗ്ലാസ്ഗോയിലെ ഏറ്റവും പഴക്കമുള്ള ഗൃഹവുമായ 'പ്രോവന്‍സ് ലോഡ്ഷിപ്പ്' എന്നിവയാണ് മറ്റു പ്രധാന സൗധങ്ങള്‍. മനോഹരങ്ങളായ അനേകം പാര്‍ക്കുകളും ഒരു വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനും നഗരത്തിന്റെ ആകര്‍ഷണീയതകള്‍ തന്നെ.

ഒരു സ്കോട്ടിഷ്-വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ എഡിന്‍ബറോ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനമാണ് ഗ്ലാസ്ഗോയ്ക്കുള്ളത്. 1451-ല്‍ സ്ഥാപിതമായ ഗ്ലാസ്ഗോ സര്‍വകലാശാല നഗരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള ഏറ്റവും പുരാതനവും ബൃഹത്തുമായ സ്ഥാപനമാണ്. ഗോഥിക് രീതിയിലുള്ള സര്‍വകലാശാലാമന്ദിരങ്ങള്‍ 1870-ല്‍ പണികഴിപ്പിക്കപ്പെട്ടവയാകുന്നു. സ്റ്റ്രാത്ക്ലൈഡ് സര്‍വകലാശാല, ഗ്ലാസ്ഗോ സ്കൂള്‍ ഒഫ് ആര്‍ട്ട്, റോയല്‍ സ്കോട്ടിഷ് അക്കാദമി ഒഫ് മ്യൂസിക് ആന്‍ഡ് ഡ്രാമ എന്നിവയാണ് മറ്റു പ്രധാന കേന്ദ്രങ്ങള്‍. സ്കോട്ട്ലന്‍ഡിലെ ഏറ്റവും ബൃഹത്തായ പൊതു റഫറന്‍സ് ലൈബ്രറിയാണ് മിച്ചെല്‍ ലൈബ്രറി.

പരമ്പരാഗത വിശ്വാസപ്രകാരം സെന്റ് മങ്ഗോ 6-ാം ശ.-ത്തില്‍ ക്ലൈഡ് താഴ്വരയിലെ ജനങ്ങളെ ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വന്നപ്പോള്‍ സ്ഥാപിച്ചതാണ് ഗ്ലാസ്ഗോ നഗരം. നഗരത്തെ 1115-ല്‍ ഒരു 'ബിഷപ്റിക്' (ബിഷപ്പിന്റെ ഇടവക) ആക്കിത്തീര്‍ത്തു. 1180-ഓടെ ഒരു 'ശാസനപത്രം' (charter) ഇവിടത്തേക്കനുവദിക്കുകയും ചെയ്തു.

1707-ല്‍ ഇംഗ്ലണ്ട് സ്കോട്ട്ലന്‍ഡുമായി ചേരുന്നതുവരെ ഗ്ലാസ്ഗോ താരതമ്യേന ഒരു ചെറുനഗരമായിരുന്നു. അതിനുശേഷം അമേരിക്കന്‍ കോളനികളുമായി കച്ചവടമാരംഭിച്ച ഗ്ലാസ്ഗോ പ്രധാനമായി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍, പുകയില, പഞ്ചസാര, പരുത്തി എന്നിവയാണ്. 1750-ലെ വ്യവസായ വിപ്ലവം ഗ്ലാസ്ഗോയുടെ വന്‍തോതിലുള്ള വ്യവസായവത്കരണത്തിനും കാരണമായി. ക്ലൈഡ് നദിക്കരയില്‍, കല്‍ക്കരി-ഇരുമ്പയിര്- നിക്ഷേപങ്ങള്‍ക്കടുത്തായുള്ള സ്ഥാനം ഗ്ലാസ്ഗോയുടെ ദ്രുതവികസനത്തിനിടയാക്കി. നഗരത്തിന്റെ ഏറ്റവും വര്‍ധിച്ച രീതിയിലുള്ള വികാസം സംഭവിച്ചത് 19-ാം ശ.-ത്തിലാണ്. ലോകത്തിലെ മുന്‍നിര വ്യാവസായിക രാഷ്ട്രങ്ങളുടെ ഇടയില്‍ ഒന്നാമതായിരുന്നു അന്ന് ഗ്രേറ്റ്ബ്രിട്ടന്‍. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടം ഗ്ലാസ്ഗോയ്ക്ക് സാമ്പത്തികമായി ഒരു ക്ഷീണകാലമായിരുന്നു. എന്നാല്‍ യുദ്ധാനന്തരകാലഘട്ടത്തിലെ വിവിധ-ആധുനികവ്യവസായങ്ങള്‍ ഈ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ സഹായിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍