This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാക്കഫേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാക്കഫേന്‍

ഒരു സിലിക്കേറ്റ് ധാതു. സോഡിയം, മഗ്നീഷ്യം, അലുമിനിയം എന്നിവയുടെ സിലിക്കേറ്റ് സംയുക്തമായ ഗ്ലാക്കഫേന്‍ ആംഫിബോള്‍ ഗ്രൂപ്പില്‍പ്പെടുന്നു. രാസഘടന: Na2 Mg3 Al2 (Si8 O22(OH)2 . ശുദ്ധമായ ധാതു പ്രകൃതിയില്‍ കാണുന്നതായറിവില്ല. ങഴ അയോണുകളുടെ സ്ഥാനം Fe+2 അയോണുകളും, Al അയോണുകളുടേത് Fe+3 അയോണുകളും പ്രതിസ്ഥാപനം ചെയ്ത് Na2(MgFe+2)3 (Al Fe+3)2 Si8 O22 (OH)2 എന്ന രാസഘടനയാണ് സാധാരണ കാണപ്പെടുന്ന ധാതുവിന്റേത്.

ഇത് മോണോക്ലിനിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ ക്രിസ്റ്റലീകരിക്കുന്നു. പൂര്‍ണ ക്രിസ്റ്റല്‍രൂപം അപൂര്‍വമാണ്. മിക്കവാറും പ്രിസ്മാറ്റിക ക്രിസ്റ്റലുകളായി തന്തുരൂപത്തിലോ, സ്ഥൂലാകൃതിയിലോ തരികളുടെ രൂപത്തിലോ കാണപ്പെടുന്നു. സാധാരണയായി നീല, നീല കലര്‍ന്ന കറുപ്പ്, നീല കലര്‍ന്ന ചാരം എന്നീ നിറങ്ങളിലാണ് ഗ്ലാക്കഫേന്‍ കാണുന്നത്. അര്‍ധതാര്യമായ ക്രിസ്റ്റലുകള്‍ കാചാഭ പ്രകടമാക്കുന്നു. വ്യക്തമായ പ്രിസ്മാറ്റിക രൂപത്തിലുള്ള വിദളന സ്വഭാവം പ്രദര്‍ശിപ്പിക്കുന്നവയാണിവ. കാഠിന്യം 6-6.5; ആ.സാ. 3-3.1. പോളറൈസ് ചെയ്ത പ്രകാശത്തില്‍ നീല, വയലറ്റ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങള്‍ ദൃശ്യമാണ്. വിദളനരേഖയ്ക്കു സമാന്തരമായി ക്രിസ്റ്റലിനെ 5o തിരിച്ചാല്‍ പൂര്‍ണമായി അപ്രത്യക്ഷമാകും (extinction ∠5o).

താപ-മര്‍ദ വ്യതിയാനങ്ങള്‍ക്കനുസൃതമായി ധാതുവില്‍ വരുന്ന മാറ്റം പഠനവിധേയമാക്കിയിട്ടുണ്ട്. ഉന്നതമര്‍ദത്തിലും ഊഷ്മാവിലും ധാതു സ്ഥിരമല്ല. 1500 ബാരോമീറ്ററിലേറെ മര്‍ദത്തിലും 875o ഊഷ്മാവിലും ഗ്ലാക്കഫേന്‍ വിഘടിച്ച് ഫോസ്റ്ററൈറ്റ്, എന്‍സ്റ്ററ്റൈറ്റ്, ആല്‍ബൈറ്റ് എന്നീ ധാതുക്കളും നീരാവിയുമാകുന്നു.

Na2 Mg3Al2 Si8 O22 (OH)2 Mg2 SiO4 + Mg Si O3 + 2Na Al Si3 O8 + H20

ഫോസ്റ്ററൈറ്റ് എന്‍സ്റ്ററ്റൈറ്റ് ആല്‍ബൈറ്റ്


കായാന്തര ശിലകളില്‍ കാണുന്ന ഒരു ധാതുവായ ഗ്ലാക്കഫേന്‍ സോഡിയം-സമ്പുഷ്ടമായ ആഗ്നേയശിലകളുടെ രൂപാന്തരണഫലമായുരുത്തിരിയുന്നതാണ്. അവസാദശിലകളില്‍നിന്നും കായാന്തരണം വഴിയും ഗ്ലാക്കഫേന്‍ ഉണ്ടാകാറുണ്ട്. നിമ്നോഷ്മാവിലും ഉയര്‍ന്നമര്‍ദത്തിലും സ്ഥാനീയ കായാന്തരണ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന കായാന്തരശിലകളായ ഷിസ്റ്റുകളിലാണ് ഈ ധാതു സാധാരണ കാണപ്പെടുന്നത്. ഇത് ജേഡൈറ്റ്, ആരഗണൈറ്റ്, എപ്പിഡോട്ട്, ക്ലോറൈറ്റ്, മസ്കവൈറ്റ്, ഗാര്‍നറ്റ് എന്നീ ധാതുക്കളുമായി ചേര്‍ന്നു കാണുന്നു.

കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങള്‍, കൊളറാഡോ, ദക്ഷിണ ഡക്കോട്ട, സ്കോട്ട്ലന്‍ഡ്, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലിയിലെ സൈറാദ്വീപ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഉള്ള ഷിസ്റ്റുകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു ധാതുവാണിത്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍