This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോവ്, വില്യം റോബര്‍ട്ട് (1811 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോവ്, വില്യം റോബര്‍ട്ട് (1811 - 96)

Grove, william Robert

ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍. 1811 ജൂല. 11-ന് വെയ്ല്‍സില്‍ ജനിച്ചു. പിതാവ് മജിസ്ട്രേട്ടായിരുന്ന ജോണ്‍ ഗ്രോവും, അമ്മ ആനി ബെവാനുമായിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1835-ല്‍ എം.എ. ബിരുദം നേടിയശേഷം അഭിഭാഷകവൃത്തി ആരംഭിച്ചു. അനാരോഗ്യംമൂലം ഈ ജോലിയില്‍ തുടരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതിനിടെ നിയമത്തില്‍ നിന്ന് ശാസ്ത്രത്തിലേക്കു ശ്രദ്ധതിരിച്ച ഗ്രോവ് 'ഇലക്ട്രോ കെമിസ്റ്റ്രി' എന്ന നൂതനശാസ്ത്രശാഖയില്‍ തത്പരനായി. താരതമ്യേന വിലയേറിയ ലോഹങ്ങളായ സിങ്ക്, ലെഡ്, നിക്കല്‍ എന്നിവയായിരുന്നു അക്കാലംവരെ വൈദ്യുത സെല്ലുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് ഗ്രോവ് നിര്‍മിച്ച ഗ്യാസ് ബാറ്ററി എന്നറിയപ്പെടുന്ന ഇന്ധനസെല്‍ വിലക്കുറവിന്റെ പേരില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. വോള്‍ട്ടാസെല്ലിന്റെ പരിഷ്കൃതരൂപമായ ഗ്രോവ് സെല്ലിന്റെ കണ്ടുപിടുത്തം ഇദ്ദേഹത്തെ റോയല്‍സൊസൈറ്റി അംഗത്വത്തിനും പിന്നീട് റോയല്‍മെഡലിനും അര്‍ഹനാക്കി. കല്‍ക്കരി ഖനികളില്‍ ഉപയോഗിക്കത്തക്ക ഒരിനം വൈദ്യുത ബള്‍ബും ഗ്രോവ് നിര്‍മിച്ചു.

റോയല്‍ സൊസൈറ്റി ഫെലോ, കൌണ്‍സില്‍ ഒഫ് ദ റോയല്‍ സൊസൈറ്റി അംഗം, ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഫിസിക്സ് പ്രൊഫസര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ ഗ്രോവ് സേവനമനുഷ്ഠിച്ചു. ഓണ്‍ ദ കോറിലേഷന്‍ ഒഫ് ഫിസിക്കല്‍ ഫോഴ്സസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ ഇദ്ദേഹം ഊര്‍ജസംരക്ഷണ നിയമത്തെ പിന്താങ്ങിയിരുന്നതായി കാണാം.

ആരോഗ്യനില മെച്ചപ്പെട്ട പില്ക്കാലത്ത് ഗ്രോവ് വീണ്ടും അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. 1871-ല്‍ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ന്നു. 1872-ല്‍ നൈറ്റ് പദവി നല്കപ്പെട്ടു. 1896 ആഗ. 1-ന് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍