This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൈന്‍ഡിങ് മെഷീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൈന്‍ഡിങ് മെഷീന്‍

അധികമുള്ള പദാര്‍ഥം 'മെഷീന്‍' ചെയ്തു നീക്കി യന്ത്രഭാഗങ്ങളും മറ്റുതരത്തിലുള്ള പണിത്തരങ്ങളും നിശ്ചിത അളവുകളില്‍ മിനുസപ്പെടുത്തുന്ന മെഷീനിങ് പ്രക്രിയയാണ് ഗ്രൈന്‍ഡിങ്; ഇതിനുള്ള യന്ത്രമാണ് ഗ്രൈന്‍ഡിങ് മെഷീന്‍. ഗ്രൈന്‍ഡിങ് അടിസ്ഥാനപരമായി ഒരു ഉരസ്സല്‍ പ്രക്രിയയാണ്. ഗ്രൈന്‍ഡിങ്ങിനു പുറമേ ഹോണിങ്, ലാപ്പിങ്, സൂപ്പര്‍ ഫിനിഷിങ് എന്നിവയാണ് മറ്റു ഉരസല്‍ മെഷീനിങ് പ്രക്രിയകള്‍. പണിത്തരങ്ങള്‍ രൂപപ്പെടുത്തി മിനുക്കുമ്പോള്‍ ലഭിക്കേണ്ട പ്രതലമിനുസം, ലോഹം നീക്കം ചെയ്യപ്പെടേണ്ട കനം, കൈവരിക്കേണ്ടതായ കൃത്യത എന്നിവയ്ക്കനുസൃതമായി മേല്പറഞ്ഞ മെഷീനിങ് പ്രക്രിയകളില്‍ ഒന്നോ അതില്‍ കൂടുതലോ ആവശ്യമായി വന്നേക്കാം.

ഗ്രൈന്‍ഡിങ് പ്രക്രിയ. ഗ്രൈന്‍ഡിങ് യന്ത്രങ്ങളില്‍ പൊതുവേ ഡിസ്കുകള്‍, ചക്രങ്ങള്‍ എന്നിവയിലോ ചിലപ്പോള്‍ ബെല്‍ട്ടുകളിലോ ഉരസ്സല്‍ തരികള്‍ (abrassive grains) പിടിപ്പിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത്തരം മെഷീനിങ് പ്രക്രിയയുടെ ഫലമായി പദാര്‍ഥം ചെറിയ ചെറിയ രൂപത്തിലുള്ള ചീര്‍പ്പുകളായാണ് നീക്കം ചെയ്യപ്പെടുന്നത്. ഗ്രൈന്‍ഡിങ് ചക്രത്തിന്മേല്‍ പിടിച്ചിരിക്കുന്ന ഉരസ്സല്‍ കണികകളാണ് ലോഹത്തെ തരി രൂപത്തില്‍ മുറിച്ചു നീക്കുന്നത്.

പൊതുവേ ലോഹങ്ങള്‍ മിനുസപ്പെടുത്താനാണ് ഗ്രൈന്‍ഡിങ് ഉപയോഗിച്ചുവരുന്നതെങ്കിലും ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക്, ക്വാര്‍ട്സ് തുടങ്ങിയ അലോഹ വസ്തുക്കളും ഗ്രൈന്‍ഡ് ചെയ്യാറുണ്ട്. താരതമ്യേന കുറഞ്ഞ അളവില്‍ പദാര്‍ഥം നീക്കം ചെയ്യേണ്ടതായി വരുമ്പോഴും പ്രത്യേകിച്ച്, ഒരു അവസാന മെഷീനിങ് ക്രിയ എന്ന നിലയിലുമാണ് മുന്‍കാലങ്ങളില്‍ ഗ്രൈന്‍ഡിങ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ കൂടുതല്‍ പദാര്‍ഥത്തെ നീക്കം ചെയ്യേണ്ടപ്പോള്‍പ്പോലും സ്വീകാര്യമായ ഒരു മെഷീനിങ് സമ്പ്രദായമായി അടുത്ത കാലത്തായി ഗ്രൈന്‍ഡിങ് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

നിശ്ചിതമായ ആകൃതിയോടുകൂടിയ ടൂളുകള്‍ ഉപയോഗിച്ചുള്ള മറ്റുതരം മുറിക്കല്‍ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഗ്രൈന്‍ഡിങ് പ്രക്രിയയ്ക്ക് താഴെ പറയുന്ന പ്രത്യേകതകളുണ്ട്.

1. പണിവസ്തുവിനെ അപേക്ഷിച്ച് അനേക മടങ്ങ് കാഠിന്യമുള്ളവയാണ് ഉരസ്സല്‍ തരികള്‍. തന്മൂലം വളരെ കാഠിന്യമുള്ള പണിവസ്തുക്കള്‍പോലും ഗ്രൈന്‍ഡിങ് രീതിയില്‍ എളുപ്പത്തില്‍ മെഷീന്‍ ചെയ്യാം.

2. സാധാരണ ടൂള്‍ വസ്തുക്കളെ അപേക്ഷിച്ച് വളരെക്കൂടുതല്‍ താപനില നേരിടാന്‍ കരുത്തുള്ളവയാണ് അബ്രാസീവ് ക്രിസ്റ്റലുകള്‍. അതിനാല്‍ വളരെ ഉയര്‍ന്ന മുറിക്കല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അവയ്ക്ക് തീരെ ബുദ്ധിമുട്ടുണ്ടാകുന്നില്ല.

3. ഉരസ്സല്‍ കാരണം തരികളുടെ മൂര്‍ച്ചയുള്ള മുറിക്കല്‍മുനകള്‍ തേഞ്ഞുപോകുന്നുണ്ട്. പക്ഷേ, ഇത്തരം തേഞ്ഞ തരികള്‍ തുടര്‍ച്ചയായി ചക്രത്തില്‍നിന്ന് അടര്‍ന്ന് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ പുതിയ പുതിയ മൂര്‍ച്ചയുള്ള തരികള്‍ മുറിക്കാന്‍ പാകത്തിന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് ഡ്രെസ്സിങ് അഥവാ ട്രൂയിങ് നടത്തുന്നത് ഇപ്രകാരമുള്ള സ്വയം മൂര്‍ച്ച കൂട്ടല്‍ നടപടിക്ക് ആക്കം കൂട്ടുന്നു.

4. വേണ്ടരീതിയില്‍ ട്രൂയിങ് നടത്തിയ ഗ്രൈന്‍ഡിങ്വീല്‍ ഉപയോഗിച്ചു പണിവസ്തുക്കളില്‍ സങ്കീര്‍ണമായ ആകൃതി കൃത്യതയോടുകൂടി രൂപാന്തരപ്പെടുത്തുവാന്‍ സാധ്യമാണ്.

5. പണിവസ്തുവിലേക്ക് ഉരസ്സല്‍ തരികള്‍ തുളച്ചുകയറുന്ന ആഴം താരതമ്യേന കുറവാക്കി നിര്‍ത്താന്‍ പറ്റുമെന്നതുകൊണ്ട് അളവുകളില്‍, കൂടുതല്‍ കൃത്യത കൈവരിക്കാന്‍ കഴിയുന്നു.

ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. ഗ്രൈന്‍ഡ് ചെയ്യപ്പെടുന്ന പ്രതലത്തിന്റെ ആകൃതിയെയും ഗ്രൈന്‍ഡു ചെയ്യുന്ന രീതിയെയും ആസ്പദമാക്കി ഗ്രൈന്‍ഡിങ് യന്ത്രങ്ങളെ പൊതുവേ നാലായി തരംതിരിക്കാം. സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍, ആന്തര ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍, പ്രതല ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍, ടൂള്‍ ആന്‍ഡ് കട്ടര്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ എന്നിവയാണ് ഈ വിഭാഗങ്ങള്‍. ഇവയോരോന്നും ചുരുക്കി താഴെ വിവരിച്ചിരിക്കുന്നു.

സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. ഉരുളന്‍ പണിവസ്തുക്കളുടെ ബാഹ്യതലത്തില്‍നിന്ന് പദാര്‍ഥം മെഷീന്‍ ചെയ്തു നീക്കി വേണ്ടതായ ആകൃതിയും അളവുകളും പ്രതല മിനുസവും കൈവരുത്താന്‍ ഉപയോഗിക്കുന്നതരം ഗ്രൈന്‍ഡിങ് മെഷീനുകളാണ് സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. സിലിണ്ടര്‍ ആകൃതി ടേപ്പര്‍ (taper), ഫില്ലറ്റുകള്‍ (Filletes) പൊഴികള്‍ (grooves), ഷോള്‍ഡറുകള്‍ (Shoulderes) എന്നിങ്ങനെയുള്ള ആകൃതിയില്‍ രൂപപ്പെടുത്താന്‍ ഇവ അനുയോജ്യമാണ്. കേന്ദ്രയിനം, ചക്കുള്ളവ, കേന്ദ്രരഹിതയിനം എന്നിങ്ങനെ സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ മൂന്ന് അടിസ്ഥാന വിഭാഗങ്ങളില്‍ പ്പെടുന്നവ ഉണ്ട്.

പൂര്‍ണമായി ഒരേ വ്യാസമുള്ളവയോ വിവിധ സ്ഥാനങ്ങളില്‍ വ്യാസവ്യത്യാസമുള്ളവയോ ആയ ഷാഫ്റ്റുകള്‍ പ്രത്യേകിച്ചും, അവ പല പ്രാവശ്യമായി ഗ്രൈന്‍ഡ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വിവിധ ഭാഗങ്ങള്‍ ഐകകേന്ദ്രീയമായി വരേണ്ടതുണ്ടെങ്കില്‍ മെഷീന്‍ ചെയ്യുന്നതിന് കേന്ദ്ര ടൈപ്പ് ഗ്രൈന്‍ഡിങ് ആണ് ഉപയോഗിക്കുക. കേന്ദ്ര ടൈപ്പ് ഗ്രൈന്‍ഡിങ് മെഷീനില്‍ പണിവസ്തുക്കള്‍ രണ്ടു കേന്ദ്രഭാഗങ്ങള്‍ക്കിടയിലായി താങ്ങിനിര്‍ത്തുന്നു. ഇത്തരം യന്ത്രത്തില്‍ മുഖ്യമായി ഒരു ബെഡ്, തിരിക്കാവുന്നതോ അല്ലാത്തതോ ആയ വീല്‍ഹെഡ്, തിരിക്കാവുന്നതോ അല്ലാത്തതോ ആയ ഹെഡ്സ്റ്റോക്ക്, ടെയില്‍സ്റ്റോക്ക് എന്നീ ഭാഗങ്ങളാണുള്ളത്. ഇവയില്‍ ടെയില്‍സ്റ്റോക്കും ഹെഡ്സ്റ്റോക്കും തിരിക്കാവുന്ന ഒരു ടേബിളില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ തിരിയല്‍ ടേബിളാകട്ടെ ബെഡിലെ ഗൈഡ്വേകളില്‍ക്കൂടി മുന്‍പോട്ടും പിറകോട്ടും ചലിക്കാവുന്ന ഒരു നിരങ്ങല്‍ ടേബിളിലാണ് ഉറപ്പിച്ചിരിക്കുന്നത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നതോ അര്‍ധ ഓട്ടോമാറ്റിക്കോ പൂര്‍ണ ഓട്ടോമാറ്റിക്കോ ആകാം കേന്ദ്രടൈപ്പ് ഗ്രൈന്‍ഡിങ് മെഷീനുകള്‍. ഇതിനും പുറമേ ഇവ പ്ലെയിന്‍ (plain), യൂണിവേഴ്സല്‍, പ്ലന്‍ജ് (plunge) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ പെടുന്നവയുണ്ട്. അവ തമ്മിലുള്ള നിര്‍മാണ വ്യത്യാസങ്ങള്‍ ഇനി പറയും പ്രകാരമാണ്.

പ്ലെയിന്‍ സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് മെഷീനുകളുടെ രൂപകല്പനയില്‍ വിവിധോപയോഗ സൗകര്യത്തെക്കാള്‍ ഉത്പാദനക്ഷമതയ്ക്കാണ് കൂടുതല്‍ ഊന്നല്‍. ട്രാവേഴ്സ് ഗ്രൈന്‍ഡിങ്, പ്ലന്‍ജ് ഗ്രൈന്‍ഡിങ് എന്നീ അടിസ്ഥാനഗ്രൈന്‍ഡിങ് പ്രക്രിയകള്‍ നടത്താന്‍ ഈ മെഷീനുകള്‍ വളരെ അനുയോജ്യമാണ്.

യൂണിവേഴ്സല്‍ ഗ്രൈന്‍ഡിങ് മെഷീനുകള്‍ മുഖ്യമായും ഓട്ടോമാറ്റിക് പ്രവര്‍ത്തന സൗകര്യം ഇല്ലാത്തവയാണ്. ഇവയുടെ വര്‍ക്ക്ഹെഡ്, വീല്‍ഹെഡ് എന്നീ വിഭാഗങ്ങള്‍ ആവശ്യാനുസരണം വേണ്ട കോണില്‍ തിരിക്കാന്‍ സാധിക്കുന്നു. തന്മൂലം യൂണിവേഴ്സല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങളില്‍ ടേപ്പര്‍ ഗ്രൈന്‍ഡിങ് ചെയ്യാന്‍ കഴിയും. കൂടാതെ ചില അനുബന്ധ സാമഗ്രികളുടെ സഹായത്തോടെ ആന്തര ഗ്രൈന്‍ഡിങ്, പ്രതല ഗ്രൈന്‍ഡിങ് എന്നീ പ്രവൃത്തികളും ഈ മെഷീനുകളില്‍ നടത്താം. മെഷീന്‍ അര്‍ധ ഓട്ടോമാറ്റിക് ആക്കുകയാണെങ്കില്‍ ഇപ്രകാരം ചെയ്യാവുന്ന വിവിധ ജോലിസാധ്യതകള്‍ വീണ്ടും വര്‍ധിക്കുന്നു. ഒരു യൂണിവേഴ്സല്‍ സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് മെഷീനില്‍ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്. സിലിന്‍ഡ്രിക്കല്‍ ട്രാവേഴ്സ് ഗ്രൈന്‍ഡിങ്, ഫോം ഗ്രൈന്‍ഡിങ്, പ്ലന്‍ജ് സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ്, ടേപ്പര്‍ ഗ്രൈന്‍ഡിങ്, ടേപ്പര്‍ പ്ലന്‍ജ് ഗ്രൈന്‍ഡിങ്, പ്രതല ഗ്രൈന്‍ഡിങ്, ഫേസ് ഗ്രൈന്‍ഡിങ്, പ്രൊഫൈല്‍ ഗ്രൈന്‍ഡിങ് എന്നിവയാണ് ഇപ്രകാരമുള്ള വിവിധ ഗ്രൈന്‍ഡിങ് പ്രക്രിയകള്‍.

ഗ്രൈന്‍ഡിങ് വീല്‍ നിശ്ചിതമായ ഫീഡ് നിരക്കില്‍ പണിവസ്തുവിലേക്ക് അമര്‍ത്തിയിറക്കി (plunge) പദാര്‍ഥം നീക്കുകയും ആവശ്യമായ അളവുകള്‍ ലഭിച്ചുകഴിയുമ്പോള്‍ വീല്‍ പിന്‍വലിക്കുകയും ചെയ്യുന്നതരം ഗ്രൈന്‍ഡിങ് യന്ത്രങ്ങളാണ് പ്ലന്‍ജ്-കേന്ദ്രതരം ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. കുത്തനെയും ചരിച്ചും വീല്‍ അമര്‍ത്തിയിറക്കുന്ന സംവിധാനമുള്ള യന്ത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

കേന്ദ്രദ്വാരങ്ങള്‍ കൊടുത്തിട്ടില്ലാത്തതും താരതമ്യേന നീളം കുറഞ്ഞതുമായ പണിവസ്തുക്കള്‍ ഗ്രൈന്‍ഡ് ചെയ്യുന്നതിനാണ് ചക്കുള്ളയിനം സിലിന്‍ഡ്രിക്കല്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ പൊതുവേ ഉപയോഗിക്കുന്നത്. ഇവയുടെ വര്‍ക്ക് ഹെഡില്‍ ഉള്ള സ്പിന്‍ഡിലിന്മേല്‍ ആണ് ചക്ക് (chuck) പിടിപ്പിച്ചിരിക്കുന്നത്. പണിവസ്തുവിന് നീളം കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ ഒരറ്റം ചക്കില്‍ പറ്റിപ്പിടിക്കുന്നതിന് പുറമേ, മറ്റേ അറ്റം കേന്ദ്രഭാഗം കൊണ്ട് താങ്ങുകയും ചെയ്യുന്നു. ചക്കുള്ളയിനം ഗ്രൈന്‍ഡിങ് യന്ത്രങ്ങളില്‍ ഗ്രൈന്‍ഡ് ചെയ്തെടുക്കുന്ന പണിത്തരങ്ങളുടെ ഗുണനിലവാരം വര്‍ക്ക്ഹെഡ്സ്പിന്‍ഡിലില്‍ ബെയറിങ്ങുകളെ ആശ്രയിച്ചിരിക്കുന്നു.

കേന്ദ്രരഹിത ഗ്രൈന്‍ഡിങ് രീതിയില്‍ പണിവസ്തുവിലെ കേന്ദ്രദ്വാരങ്ങളുടെയും ഗ്രൈന്‍ഡിങ് യന്ത്രത്തിലെ പറ്റിപ്പിടിക്കല്‍ സംവിധാനങ്ങളുടെയും ആവശ്യം ഒഴിവാക്കിയിരിക്കുന്നു. ഈ രീതിയില്‍ ഒരു വര്‍ക്ക് റസ്റ്റ് ബ്ലേഡും ഒരു റെഗുലേറ്റിങ് വീലും കൂടിച്ചേര്‍ന്നാണ് പണിവസ്തുവിനെ താങ്ങിനിര്‍ത്തുന്നത്. പണിവസ്തുവിന്റെ കറക്കത്തെ നിയന്ത്രിക്കുന്നതും ഫീഡിങ് നിരക്ക് ക്രമീകരിക്കുന്നതും ഈ റെഗുലേറ്റിങ് വീല്‍ ആണ്. ഒരു കേന്ദ്രരഹിത ഗ്രൈന്‍ഡിങ് മെഷീന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ബെഡ്, വീല്‍ ഹെഡ്, റെഗുലേറ്റിങ് വീല്‍ ഹൗസിങ്, വര്‍ക്ക് റെസ്റ്റ് ബ്ലേഡിനുമേലും കീഴുമുള്ള സ്ലൈഡുകള്‍ എന്നിവയാണ്. വീല്‍ ഹെഡ് ബെഡ്ഡുമായി ഉറപ്പിച്ചിരിക്കുന്നു. റെഗുലേറ്റിങ്വീല്‍, ചാലക യൂണിറ്റുകള്‍, അതിന്റെ ഹൗസിങ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് മേല്‍സ്ലൈഡ്. വര്‍ക്ക് റെസ്റ്റിനെ താങ്ങിയിരിക്കുന്ന കീഴ് ബ്ലേഡിന്മേല്‍ത്തന്നെയാണ് ഈ മേല്‍സ്ലൈഡ് ഘടിപ്പിച്ചിരിക്കുന്നത്. കീഴ്സ്ളൈഡ് അങ്ങോട്ടുമിങ്ങോട്ടും മാറ്റി വര്‍ക്ക് റെസ്റ്റിനും റെഗുലേറ്റിങ് വീലിനും ഇടയില്‍ വരുന്ന പണിവസ്തു ഗ്രൈന്‍ഡിങ് വീലിനോട് അടുത്തേക്കും അകലത്തേക്കും നീക്കുകയും ചെയ്യാം.

ത്രൂഫീഡ് കേന്ദ്രരഹിത ഗ്രൈന്‍ഡിങ് രീതിയില്‍ റെഗുലേറ്റിങ് വീല്‍ ഗ്രൈന്‍ഡിങ് വീലില്‍ നിന്ന് അല്പം ചരിഞ്ഞാണിരിക്കുന്നത്. ഏകസമാനമായ സിലിന്‍ഡ്രറിക്കല്‍ പ്രതലങ്ങള്‍ക്ക് ഈ രീതി വളരെ അനുയോജ്യമാണ്. ഇങ്ങനെ ഗ്രൈന്‍ഡു ചെയ്യുമ്പോള്‍ റെഗുലേറ്റിങ് വീലിന്റെ വ്യാസം, അതിന്റെ കറക്കവേഗം, ചരിവ് എന്നിവ ലഭിച്ചാല്‍ പണിവസ്തുവിന്റെ ഫീഡ് നിരക്ക് കണക്കാക്കുവാന്‍ പ്രയാസമില്ല.

ഇന്‍ഫീഡ് കേന്ദ്രരഹിത ഗ്രൈന്‍ഡിങ് രീതിക്ക് സിലിന്‍ഡ്രിക്കല്‍ പ്ളന്‍ജ് ഗ്രൈന്‍ഡിങ്ങിനോട് സാമ്യമുണ്ട്. ഈ രീതിയില്‍ ഗ്രൈന്‍ഡിങ് വീലും പണിവസ്തുവും തമ്മില്‍ അക്ഷദിശയില്‍ നീക്കം ഉണ്ടാകുന്നില്ല. എങ്കിലും റെഗുലേറ്റിങ് വീലിന് വളരെ ചെറിയ ഒരു ചരിവ് കൊടുക്കാറുണ്ട്. തന്മൂലം അക്ഷദിശയില്‍ ഒരു തള്ളല്‍ ഉണ്ടാകുന്നു. ഇതുകാരണം പണിവസ്തു ഉറച്ചുനില്‍ക്കുന്നു. ഗ്രൈന്‍ഡ് ചെയ്യേണ്ട ഭാഗത്തെക്കാള്‍ വ്യാസമുള്ള ഒരു ശീര്‍ഷഭാഗമോ ഷോള്‍ഡറോ ഉള്ള തരം പണിവസ്തുക്കള്‍ക്കാണ് ഇന്‍ഫീഡ് കേന്ദ്രരഹിത ഗ്രൈന്‍ഡിന് ഉപയോഗിക്കാറ്.

പ്രധാനമായും ടേപ്പര്‍ ഉള്ള പണിത്തരങ്ങള്‍ക്ക് പ്രത്യേകിച്ച് അനുയോജ്യമായ ഒന്നാണ് എന്‍ഡ് ഫീഡ് കേന്ദ്രരഹിത ഗ്രൈന്‍ഡിങ് രീതി. പണിവസ്തുവിന് ആവശ്യമായ ടേപ്പര്‍ കിട്ടാന്‍ പാകത്തിന് ഗ്രൈന്‍ഡിങ് വീലോ റെഗുലേറ്റിങ് വീലോ അല്ലെങ്കില്‍ രണ്ടും കൂടിയോ ട്രൂ ചെയ്തിരിക്കും.

ആന്തര രീതിയിലുള്ള കേന്ദ്രരഹിത ഗ്രൈന്‍ഡിങ് സമ്പ്രദായങ്ങളും പലപ്പോഴും ഉപയോഗിക്കാറുണ്ട്.

ആന്തരിക ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. സിലിണ്ടര്‍ ആകൃതിയോ ടേപ്പറോ മറ്റാകൃതികളോ ഉള്ള ദ്വാരങ്ങള്‍ ഗ്രൈന്‍ഡ് ചെയ്യുവാനാണ് ആന്തര ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുക. ഒരു ആന്തര ഗ്രൈന്‍ഡിങ് യന്ത്രത്തില്‍ ചെയ്യാന്‍ സാധ്യമായ പലതരം ഗ്രൈന്‍ഡിങ് പ്രക്രിയകള്‍ ഉണ്ട്.

പ്രതല ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. നിരപ്പായ പ്രതലങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ളവയാണ് പ്രതല ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. എങ്കിലും പലപ്പോഴും ചില പ്രത്യേക അനുബന്ധോപകരണങ്ങളുടെ സഹായത്തോടെ മറ്റുതരത്തിലുള്ള പ്രതലങ്ങള്‍ ഗ്രൈന്‍ഡു ചെയ്യുന്നതിനും അവ ഉപയോഗിക്കാറുണ്ട്. കുത്തന്‍, വിലങ്ങന്‍ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള സ്പിന്‍ഡിലുകളോടുകൂടിയ തരം പ്രതല ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ ഉണ്ട്. വിവിധ നിര്‍മാണ രീതികളോടുകൂടിയ പലതരം പ്രതല ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

ടൂള്‍ ആന്‍ഡ് കട്ടര്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍. ഇവ പ്രത്യേക ഉപയോഗങ്ങള്‍ക്കുവേണ്ടി സംവിധാനം ചെയ്യപ്പെട്ടവയാണ്. ടൂള്‍ ആന്‍ഡ് കട്ടര്‍ ഗ്രൈന്‍ഡിങ് യന്ത്രങ്ങള്‍ പല തരത്തിലുള്ളവയുണ്ട്. മില്ലിങ് കട്ടറുകള്‍, ഡ്രില്ലുകള്‍, ഹോബുകള്‍ (Hobs) എന്നിങ്ങനെ പലതരത്തിലുള്ള ടൂളുകളും കട്ടറുകളും മൂര്‍ച്ചപ്പെടുത്തുന്നതിനനുയോജ്യമായ വിധത്തില്‍ നിര്‍മിച്ചിട്ടുള്ളവയാണ് ഈ യന്ത്രങ്ങള്‍.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍