This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, ഹെന്റി (1827 - 61)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, ഹെന്റി (1827 - 61)

Grey, Henry

ശരീരശാസ്ത്രത്തില്‍ അവഗാഹം നേടിയ ഇംഗ്ളീഷ് ഭിഷഗ്വരന്‍. ഗ്രേസ് അനാറ്റമി എന്ന ഒറ്റഗ്രന്ഥം കൊണ്ടുതന്നെ ഇന്നും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിയാണെങ്കിലും ഇദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂട. 1827-ല്‍ ലണ്ടനില്‍ ജനിച്ചു. ജോര്‍ജ് IV, വില്യം IV എന്നിവരുടെ സ്വകാര്യ സന്ദേശവാഹകനായിരുന്നു ഗ്രേയുടെ പിതാവ്. 1845 മേയ് 6-ന് ഇദ്ദേഹം സെന്റ് ജോര്‍ജസ് ഹോസ്പിറ്റലില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അനാറ്റമിയില്‍ കൂടുതല്‍ ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു. മറ്റു സസ്തനികളുടെ നേത്രങ്ങളും മനുഷ്യനേത്രവും തമ്മില്‍ ഇദ്ദേഹം താരതമ്യപഠനം നടത്തുകയും മനുഷ്യനേത്രത്തിന്റെ നാഡീഘടനയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം രചിക്കുകയും ചെയ്തു. ധാരാളം ചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. ഈ പ്രബന്ധത്തിന് റോയല്‍ കോളജ് ഒഫ് സര്‍ജന്‍സിന്റെ ത്രിവത്സര സമ്മാനം ലഭിച്ചു. 1849-ല്‍ ഗ്രേ മെഡിക്കല്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കി. 1852-ല്‍ ഇദ്ദേഹം സെന്റ് ജോര്‍ജസ് ഹോസ്പിറ്റലില്‍ ഡിമോണ്‍സ്ട്രറ്ററായി നിയമിതനായി; ഹോസ്പിറ്റല്‍ മ്യൂസിയത്തിന്റെ ക്യൂറേറ്ററും ഗ്രേ ആയിരുന്നു. 1852-ല്‍ അനാറ്റമി സംബന്ധിച്ച് ബൃഹത്തായ രണ്ടു പഠനങ്ങള്‍ ഗ്രേ പ്രസിദ്ധം ചെയ്തു. അക്കൊല്ലംതന്നെ ഇദ്ദേഹം റോയല്‍ സൊസൈറ്റിയുടെയും റോയല്‍ കോളജ് ഒഫ് സര്‍ജന്‍സിന്റെയും ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് ജെയിംസ് ഇന്‍ഫര്‍മറിയിലെ ശസ്ത്രക്രിയാ വിദഗ്ധനായും ഗ്രേ ഇക്കാലത്ത് സേവനം അനുഷ്ഠിച്ചുവന്നു.

അനാറ്റമിയോടൊപ്പം മറ്റുപല പ്രബന്ധങ്ങളുടെയും രചനയില്‍ ഗ്രേ ഏര്‍പ്പെട്ടിരുന്നു. ഓണ്‍ ദ ഡെവലെപ്മെന്റ് ഒഫ് റെറ്റിന ആന്‍ഡ് ഒപ്റ്റിക് നെര്‍വ്, ആന്‍ഡ് ഒഫ് ദ മെംബ്രേനസ് ലാബിറിന്ത് ആന്‍ഡ് അഡിറ്ററി നെര്‍വ് (On the Development of the Retina and Optic Nerve, and of the Membranous Labyrinth and Auditory Nerve) എന്ന പ്രബന്ധം ഇദ്ദേഹത്തിന്റെ ആദ്യകാലത്തെ പ്രധാനപ്പെട്ട പഠനങ്ങളില്‍ ഒന്നാണ്. നേത്രകാചം, നേത്രനാഡി എന്നിവയുടെ വികസനത്തെപ്പറ്റി വിവരിക്കുന്ന ഈ പഠനത്തില്‍ തലച്ചോറിലെ ഒരു മുഖപ്പില്‍നിന്നും വികസിച്ചാണ് റെറ്റിന ഉണ്ടാകുന്നതെന്ന് ഇദ്ദേഹം സമര്‍ഥിച്ചിട്ടുണ്ട്. കോഴിയുടെ ഭ്രൂണം ഉപയോഗപ്പെടുത്തിയാണ് ഗ്രേ ഈ പഠനം നത്തിയത്.

കോഴിക്കുഞ്ഞുങ്ങളുടെ നാളീരഹിത ഗ്രന്ഥി (ductless gland) യുടെ ഉദ്ഭവത്തെപ്പറ്റിയും ഗ്രേ ഗവേഷണം നടത്തുകയുണ്ടായി. ഈ പഠനത്തിന്റെ പരിധിയില്‍ സുപ്രാ റിനല്‍സ്, തൈറോയിഡ്, സ്പ്ളീന്‍ എന്നിവ ഉള്‍പ്പെടുത്തി. ഈ ഗ്രന്ഥികളുടെ ഉദ്ഭവ, വികാസത്തെപ്പറ്റി അന്നു നിലവിലുണ്ടായിരുന്ന ധാരണകള്‍ ഗ്രേ നിരാകരിച്ചു. മേല്പറഞ്ഞ ഗ്രന്ഥികളെ നാളീരഹിത ഗ്രന്ഥി എന്ന ഒറ്റ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ഗ്രേയാണ്. അക്കാലത്ത് ഈ വര്‍ഗീകരണം പൊതുവില്‍ സ്വീകാര്യമായിരുന്നില്ലെങ്കിലും പില്ക്കാലത്ത് അന്തഃസ്രാവികള്‍ എന്ന വര്‍ഗീകരണത്തിന് ഇത് കാരണമായി. ഈ മൂന്നു ഗ്രന്ഥികളുടെയും ഉദ്ഭവം, വികാസകാലത്തെ ഘടന, ഗര്‍ഭസ്ഥ കാലഘട്ടത്തില്‍ ഇവയുടെ കലകളുടെ വളര്‍ച്ചയുടെ സ്വഭാവം എന്നിവയില്‍ കണ്ട പൊരുത്തമാണ് ഇവയെ ഒരു വിഭാഗമായി കാണാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. റോയല്‍ സൊസൈറ്റിയുടെ ധനസഹായം ലഭ്യമായതോടെ പ്ലീഹയെ സംബന്ധിച്ച ഗവേഷണം തുടരുകയും പ്ലീഹയുടെ ഘടനയും ഉപയോഗവും (The Structure and Use of the Spleen) എന്ന ബൃഹത് പ്രബന്ധം രചിക്കുകയും ചെയ്തു. ഇതിന് ആസ്റ്റലേ കൂപ്പര്‍ സമ്മാനം ലഭിച്ചു (1853). 1854-ല്‍ ഇതു പ്രകാശനം ചെയ്തു.

ഗ്രേയ്ക്ക് ഏറ്റവും കൂടുതല്‍ ബഹുമതി നേടിക്കൊടുത്തത് അനാറ്റമി: ഡിസ്ക്രിപ്റ്റീവ് ആന്‍ഡ് സര്‍ജിക്കല്‍ എന്ന കൃതിയാണ്. 1858-ല്‍ ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധം ചെയ്തു. 750 പേജുള്ള ഈ ഗ്രന്ഥത്തില്‍ 363 ചിത്രങ്ങളുണ്ടായിരുന്നു. മറ്റു രചനകളുടെ അഭാവമല്ല ഗ്രേയുടെ അനാറ്റമിക്ക് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തത്. ജോണ്‍സ് ക്വയിന്‍, ഡബ്ല്യു. ജെ. ഇ. വില്‍സണ്‍ സേവിയര്‍ ബൈക്കറ്റ് തുടങ്ങിയ പല പ്രമുഖ ഭിഷഗ്വരന്മാരുടെയും ഗ്രന്ഥങ്ങള്‍ അന്ന് ഇംഗ്ലണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു. വിഷയങ്ങളെ യുക്തിയോടെ സംവിധാനം ചെയ്യുന്നതില്‍ കാണിച്ച പ്രാഗല്ഭ്യവും അതില്‍ ഉള്‍ക്കൊള്ളിച്ച ചിത്രങ്ങളുടെ മേന്മയുമാണ് ഗ്രേയുടെ കൃതിയെ മറ്റു അനാറ്റമി ഗ്രന്ഥങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയത്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഭിഷഗ്വരന്മാര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യുന്നുവെന്നത് ഗ്രേയുടെ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയായി നിരൂപകര്‍ കണക്കാക്കുന്നു. ഗ്രേയുടെ ഗ്രന്ഥത്തിലെ ചിത്രങ്ങള്‍ വരച്ചത് സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ മുന്‍ അനാറ്റമി അധ്യാപകനായിരുന്ന വാന്‍ഡൈക് കാര്‍ട്ടര്‍ ആണ്. 1860-ല്‍ ഇതിന്റെ രണ്ടാം പതിപ്പ് ഗ്രേ പ്രകാശനം ചെയ്തു. പതോളജിയെ സംബന്ധിച്ചും ഇദ്ദേഹം പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. ട്യൂമറുകളെക്കുറിച്ചുള്ള പഠനം പുരോഗമിക്കുന്ന വേളയിലാണ് ഗ്രേയുടെ അന്ത്യം സംഭവിച്ചത്. വസൂരി രോഗബാധിതനായ അനന്തരവനെ ശുശ്രൂഷിക്കവേ ഗ്രേ രോഗബാധിതനാവുകയും 1861 ജൂണില്‍ അന്ത്യം സംഭവിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍