This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, തോമസ് (1716 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, തോമസ് (1716 - 71)

Gray, Thomas

ഇംഗ്ലീഷ് കവി. 1716 ഡി. 26-ന് ഫിലിപ്പ് ഗ്രേയുടെയും ഡൊറോത്തി അന്‍ട്രോബസ്സിന്റെയും പുത്രനായി ഇംഗ്ളണ്ടിലെ കോണ്‍ഹില്ലില്‍ ജനിച്ചു. 1725-ല്‍ ഈറ്റണിലും 1734-ല്‍ കേംബ്രിജിലും ചേര്‍ന്ന ഗ്രേയുടെ അടുത്ത സുഹൃത്തുക്കള്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ ഹോറസ്വാല്‍പോളും റിച്ചഡ് വെസ്റ്റുമായിരുന്നു. 1739-ല്‍ ഹോറസ് വാല്‍പോളുമായി യൂറോപ്യന്‍ പര്യടനത്തിനു പുറപ്പെട്ടു. ഇറ്റലിയില്‍ വച്ച് അവര്‍ തമ്മില്‍ കലഹിച്ചതിന്റെ ഫലമായി ഗ്രേ ഇംഗ്ലണ്ടിലേക്കു മടങ്ങി. 1742-ല്‍ കേംബ്രിജില്‍ മടങ്ങിയെത്തിയ ഗ്രേ അടുത്തവര്‍ഷം നിയമബിരുദം സമ്പാദിച്ചു. ഇടയ്ക്കിടെ ചില വിനോദയാത്രകള്‍ പോയതൊഴിച്ചാല്‍ ശിഷ്ടായുസ്സിന്റെ സിംഹഭാഗവും ഇവിടെയാണ് ചെലവിട്ടത്. എങ്കിലും സര്‍വകലാശാലയിലെ പൊതുവായ കാര്യങ്ങളിലൊന്നും ഇടപെടാതെകഴിഞ്ഞ ഈ അവിവാഹിതനു വളരെക്കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം പീറ്റര്‍ ഹൗസില്‍ താമസമുറപ്പിച്ച ഗ്രേ പില്ക്കാലത്തു പെംബ്രോക്കു കോളജിലേക്കു മാറി.

തോമസ് ഗ്രേ

അടിസ്ഥാനപരമായ കവി എന്നതിലുപരി ഒരു പണ്ഡിതന്‍ ആയിരുന്ന ഗ്രേ ക്ളാസ്സിക്കുകളിലും ആധുനിക സാഹിത്യത്തിലും പ്രകൃതി ശാസ്ത്രത്തിലും അവഗാഹം നേടിയിരുന്നു. വ്യക്തിപരമായ ജീവിതത്തില്‍ മിതഭാഷിത്വം പുലര്‍ത്തിയിരുന്ന ഗ്രേ സാഹിത്യസപര്യയിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. കുറച്ചു കവിതകള്‍ മാത്രമേ എഴുതിയിട്ടുള്ളുവെങ്കിലും അവ തികച്ചും പൂര്‍ണങ്ങളാണ്. കത്തെഴുതല്‍ ഒരു കലയാക്കിയിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ കത്തുകള്‍ വളരെ പ്രസിദ്ധങ്ങളാണ്. തന്റെ കാവ്യകൃതികളില്‍ നിന്നു വ്യത്യസ്തമായി ഇവ കൂടുതല്‍ പ്രസാദാത്മകങ്ങളാണ്.

ഓഡ് ഓണ്‍ എ ഡിസ്റ്റന്റ് പ്രോസ്പെക്റ്റ് ഒഫ് ഈറ്റണ്‍ കോളജ് (1747), ദ് പ്രോഗ്രസ് ഒഫ് പോയസി (1757), ദ് ബാര്‍ഡ് (1757), ദ് ഫെയ്റ്റല്‍ സിസ്റ്റേഴ്സ്, ദ് ഡിസന്റ് ഒഫ് ഓഡിന്‍ (1768) തുടങ്ങിയ പല കവിതകളും ഗ്രേ എഴുതിയിട്ടുണ്ടെങ്കിലും എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച്യാഡ് (1751) ആണ് ഗ്രേയുടെ ഏറ്റവും ശ്രദ്ധേയമായ കൃതി. എല്ലാത്തരം വായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഈ കവിത ഇംഗ്ലീഷ്ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ ഒരു കൃതിയാണ്. 1742-ല്‍ രചന ആരംഭിച്ച ഈ വിലാപകാവ്യത്തിന്റെ പശ്ചാത്തലം സ്റ്റോക്ക്പോജിസിലെ ഗ്രാമീണ ദേവാലയത്തോട് ചേര്‍ന്നുള്ള ശ്മശാനമാണ്. കുറെ എളിയ ഗ്രാമീണരുടെ അന്ത്യവിശ്രമ സ്ഥാനമായിരുന്നു ഇത്. വിധി അവര്‍ക്കു നിഷേധിച്ച സുഖസൗകര്യാദികളെയും അവരുടെ എളിയ ജീവിതത്തെയും കവി ഇവിടെ താരതമ്യപ്പെടുത്തുന്നു. കവിതയിലുടനീളം അനുഭവവേദ്യമാകുന്ന ശോകമൂകതയും സുപരിചിതമായ കവിതാസങ്കേതങ്ങളും, താളനിബദ്ധതയും എല്ലാം ഈ കവിതയുടെ സവിശേഷതകളാണ്. സ്വന്തം മരണത്തെക്കൂടി ഭാവനയില്‍ കാണുന്ന കവി തന്റെ കല്ലറയില്‍ എഴുതി വയ്ക്കേണ്ട സ്മാരക വചസ്സുകള്‍ കുറിച്ചുകൊണ്ട് കവിത അവസാനിപ്പിക്കുന്നു.

കോളിസിബര്‍ മരിച്ചപ്പോള്‍ 1757-ല്‍ ആസ്ഥാന കവിപ്പട്ടം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും ഗ്രേ അതു നിരസിച്ചു. 1768-ല്‍ സ്വന്തം യൂണിവേഴ്സിറ്റിയില്‍ ചരിത്രത്തിന്റെയും ആധുനിക ഭാഷകളുടെയും പ്രൊഫസറായി നിയമിക്കപ്പെട്ടു.

നിയോക്ലാസ്സിക് രീതിയിലുള്ള കാവ്യരചനയുടെ ചട്ടക്കൂട്ടില്‍ നിന്നു കാല്പനിക കാലഘട്ടത്തിലേക്കുള്ള വ്യതിചലനം ആരംഭിച്ച കവികളില്‍ പ്രമുഖനാണ് ഗ്രേ. മാനവരാശിയുടെ കഷ്ടതകളെക്കുറിച്ചും പ്രകൃതി ഭംഗിയെപ്പറ്റിയും നല്ല അവബോധം ഗ്രേ വച്ചുപുലര്‍ത്തിയിരുന്നു. 1771 ജൂല. 30-ന് നിര്യാതനായ ഗ്രേയെ സ്റ്റോക്ക്പോജിസ് ശ്മശാനത്തില്‍ അടക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍