This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രെഷാം സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രെഷാം സിദ്ധാന്തം

ഒരു നാണയസിദ്ധാന്തം. സ്കോട്ടിഷ് ധനശാസ്ത്രജ്ഞനായ ഹെന്റി ഡി. മക്ലിയോഡ് ഈ സിദ്ധാന്തം എലിസബത്ത് രാജ്ഞിയുടെ ധനകാര്യ ഉപദേഷ്ടാവും ലണ്ടന്‍ റോയല്‍ എക്സ്ചേഞ്ചിന്റെ സ്ഥാപകനുമായിരുന്ന സര്‍ തോമസ് ഗ്രെഷാമിന്റെ (1519-79) പേരിനോടു ബന്ധിപ്പിച്ചു. 1360-ല്‍ നിക്കോള്‍ ഓറെസ്മെ ഈ സിദ്ധാന്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നാണയ നിയമമെന്ന നിലയില്‍ ഇതിനു വ്യക്തമായ രൂപം നല്കിയത് നിക്കോളാസ് കോപ്പര്‍നിക്കസ് ആണ് (1526). നല്ല നാണയവും ചീത്ത നാണയവും ഒന്നിച്ച് പ്രചാരത്തിലിരിക്കുമ്പോള്‍ ചീത്ത നാണയം നല്ല നാണയത്തെ പ്രചാരത്തില്‍നിന്ന് ബഹിഷ്കരിക്കുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പൊരുള്‍. വിവിധ ലോഹങ്ങള്‍ പ്രചാരത്തിലിരിക്കുമ്പോള്‍, വിലകൂടിയ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയവ കയറ്റുമതി ചെയ്യുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്നതുകൊണ്ട് അവ പ്രചാരത്തില്‍നിന്നും മറയുന്നു.

ലോഹനാണ്യവ്യവസ്ഥ പ്രചാരത്തിലുള്ള രാജ്യങ്ങളില്‍ വെള്ളിയിലോ സ്വര്‍ണത്തിലോ പ്രധാന നാണയം മുദ്രണം ചെയ്യുന്നു. ആ നാണയത്തിന്റെ തൂക്കവും ഗുണവും ഒരു നിശ്ചിത നിരക്കിലായിരിക്കും. നിശ്ചിത തൂക്കവും ഗുണവും ഇല്ലാത്തവ ചീത്ത നാണയങ്ങളാണ്. തൂക്കമോ ഗുണമോ കുറച്ച് നാണയം മുദ്രണം ചെയ്യുക, നാണയത്തിന്റെ അരിക് ചെത്തിയെടുക്കുക, നാണയം വിയര്‍പ്പിച്ച് സ്വര്‍ണത്തരികള്‍ എടുക്കുക എന്നീ പ്രവൃത്തികളാണ് നാണയങ്ങളെ ചീത്ത നാണയങ്ങളാക്കുന്നത്. ഏകലോഹനാണ്യ വ്യവസ്ഥയില്‍ നല്ല നാണയം മാറ്റി വച്ചിട്ട് ചീത്ത നാണയങ്ങള്‍ വിനിമയത്തിനായി ഉപയോഗിക്കുന്നു. ലീഗല്‍ ടെണ്ടര്‍ ആയതുകൊണ്ടാണ് വിവിധ വിനിമയങ്ങള്‍ക്ക് അവയും ഉപയോഗിക്കുന്നത്. ഉരുക്കി സ്വര്‍ണമാക്കാനോ സ്വരൂപിക്കാനോ ഉത്തമമായതുകൊണ്ട് നല്ല നാണയങ്ങള്‍ പ്രചാരത്തില്‍ വരുന്നില്ല. വിദേശീയര്‍ നല്ല നാണയം മാത്രമേ സ്വീകരിക്കൂ എന്നതുകൊണ്ട് അവ കയറ്റുമതി ചെയ്യപ്പെടുന്നു. ഇപ്രകാരം അവ പ്രചാരലുപ്തമാകുന്നു.

ദ്വിലോഹ നാണ്യവ്യവസ്ഥിതിയില്‍ രണ്ടുതരം ലോഹങ്ങള്‍ കൊണ്ടുള്ള നാണയങ്ങള്‍ പ്രചരിക്കുന്നു. കമ്മട്ടം നിശ്ചയിച്ച നിരക്കില്‍ അവ തമ്മില്‍ കൈമാറ്റം നടക്കണം. ഒരു ലോഹത്തിന്റെ വിപണിവില കുറയുമ്പോള്‍ അതുകൊണ്ടുണ്ടാക്കിയ നാണയത്തിന്റെ മുഖവില വിപണിയിലേതിനെക്കാള്‍ കൂടിയിരിക്കും. അങ്ങനെ അതൊരു ചീത്ത നാണയമായിത്തീര്‍ന്നു. അപ്പോള്‍ മറ്റേ ലോഹം കൊണ്ടുണ്ടാക്കിയ നല്ല നാണയം ക്രമേണ അപ്രത്യക്ഷമാകുന്നു. ലോഹങ്ങളുടെ വിപണിവിലകളുടെ മാറ്റത്തിനനുസൃതമായി ഒരു നാണയം നല്ലതും മറ്റത് ചീത്തയും ആയിത്തീരുന്നു. ഇതിനെത്തുടര്‍ന്നു ചീത്തനാണയം നല്ലതിനെ പുറന്തള്ളുകയും ചെയ്യും. സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ചീത്തനാണയം ചീത്തയാണെന്നു മനസ്സിലാക്കാതിരിക്കുന്നിടത്തോളം കാലം രണ്ടുതരം നാണയങ്ങളും ഒരുപോലെ പ്രചാരത്തിലിരിക്കും. മൂല്യം നഷ്ടപ്പെട്ട എല്ലാത്തരം നാണയങ്ങളെ സംബന്ധിച്ചും ഈ സിദ്ധാന്തം അര്‍ഥവത്താണ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍