This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രെനേഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രെനേഡ

ഒരു സ്വതന്ത്ര കാരബീയന്‍ രാഷ്ട്രം. വെസ്റ്റിന്‍ഡീസിലെ വിന്‍ഡ് വേഡ് അഥവാ ലീവേഡ് ദ്വീപുകളുടെ കൂട്ടത്തില്‍ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ കോമണ്‍വെല്‍ത്ത് രാഷ്ട്രം ട്രിനിഡാഡില്‍ നിന്ന് 135 കി.മീ. വ.-ഉം, ഫ്ളോറിഡയില്‍ നിന്ന് ഉദ്ദേശം 2,600 കി.മീ. തെ. കിഴക്കുമായി കാണപ്പെടുന്നു. 34 കി.മീ. നീളവും 19 കി.മീ. വരെ വീതിയുമുള്ള ഗ്രെനേഡദ്വീപിന്റെ വിസ്തൃതി 344 ച.കി.മീ. വരും. പ്രധാനമായി ഗ്രെനേഡദ്വീപും, ഒരു കൂട്ടം ചെറുദ്വീപുകള്‍ ചേര്‍ന്ന ദക്ഷിണ ഗ്രനഡീന്‍സും ചേര്‍ന്നതാണ് രാഷ്ട്രം. അഗ്നിപര്‍വതത്തില്‍ നിന്നു രൂപമെടുത്ത ഈ ദ്വീപുകളെല്ലാം തന്നെ പര്‍വതങ്ങള്‍ നിറഞ്ഞതാണ്. ഗ്രെനേഡയില്‍ ഇവയുടെ ഉയരം 610 മീ. വരെയാകുന്നു. ജനസംഖ്യ: 1,09,200 (1980). ഇതില്‍ 95 ശതമാനവും കറുത്തവരോ 'മുളാറ്റോ'കളോ (സങ്കരവര്‍ഗം) ആണ്. 7 ശതമാനത്തോളംപേര്‍ തലസ്ഥാനനഗരിയില്‍ പാര്‍ക്കുന്നു. ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്.

ഗ്രെനേഡയുടെ തലസ്ഥാന നഗരമായ സെന്റ് ജോര്‍ജസ്

ഗ്രെനേഡയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടെ തെ. വശത്തായി കാണപ്പെടുന്ന നിര്‍ജീവമായിത്തുടങ്ങിയ ഒരു അഗ്നിപര്‍വത ശൃംഖലയുണ്ട്. ഇതിന്റെ കുത്തനെ ചാഞ്ഞ താഴ്വരകളില്‍ നിന്ന് അനേകം നദികള്‍ ജന്മമെടുക്കുന്നു. ദ്വീപിലെ കാലാവസ്ഥയും, തത്ഫലമായി സസ്യജാലവും, ഉഷ്ണമേഖലയിലേതു തന്നെയാണ്. വാര്‍ഷിക വര്‍ഷപാതം 1,524 മി.മീ. മുതല്‍ 3,180 മി.മീ. വരെ ആകുന്നു.

1. ഒരു ഗ്രനേഡിയല്‍ നാടോടി നൃത്തം 2. റെഗ്ഗെ നൃത്തം

പ്രധാനതുറമുഖവും വ്യവസായകേന്ദ്രവുമായ സെന്റ് ജോര്‍ജസ് പട്ടണമാണ് തലസ്ഥാന നഗരം. ഒരിക്കല്‍ അഗ്നിപര്‍വതമുഖമായിരുന്ന തുറമുഖത്തെ ചുറ്റിയാണ് തലസ്ഥാനനഗരം വികസിപ്പിച്ചെടുത്തത്. 1763-ല്‍ ഇവിടെ സെന്റ് ജോര്‍ജിന്റെ പള്ളി പണികഴിച്ചു. അങ്ങനെയാണ് നഗരത്തിന് പേരു ലഭിച്ചതും. 1802-07 കാലഘട്ടത്തില്‍ പണിതീര്‍ത്ത ഗവണ്‍മെന്റ് മന്ദിരം പട്ടണവും തുറമുഖവും വ്യക്തമായി കാണാന്‍ പാകത്തില്‍ ഒരു കുന്നിന്‍മുകളിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ ഏറ്റവും പ്രിയമേറിയ വിനോദസഞ്ചാര കേന്ദ്രമാണ് 4 കി.മീ. പരിധിയുള്ള ശുദ്ധജലതടാകമായ ഗ്രാന്‍ഡ് എറ്റാങ്. ഈ തടാകവും പഴയ ഒരു അഗ്നിപര്‍വതമുഖത്താണ് സ്ഥിതിചെയ്യുന്നത്. കിഴക്കന്‍ തീരത്തുള്ള ഗ്രെന്‍വില്‍, പടിഞ്ഞാറന്‍ തീരത്തെ ഗൂയാവ് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍.

കാര്‍ഷിക പ്രധാനമാണ് ഗ്രെനേഡയിലെ സമ്പദ്വ്യവസ്ഥ. ഉപജീവനത്തിനാവശ്യമായ കാര്‍ഷികവിളകള്‍ക്കു പുറമേ മത്സ്യവ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജാതിപത്രി, വാഴപ്പഴം, കൊക്കോ എന്നിവ പ്രധാനപ്പെട്ട കയറ്റുമതിവിളകളാകുന്നു. വിനോദസഞ്ചാരവും അഭിവൃദ്ധിപ്പെട്ടുവരുന്നു.

6 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നിര്‍ബന്ധമാണ്. ബ്രിട്ടീഷ് സമ്പ്രദായം മാതൃകയാക്കിയുള്ള ഇവിടത്തെ വിദ്യാഭ്യാസരീതി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

പാര്‍ലമെന്ററി ഭരണസംവിധാനമാണ് ഗ്രെനേഡയിലുള്ളത്. മന്ത്രിസഭയുടെ തലവന്‍ പ്രധാനമന്ത്രിയാണ്. കോമണ്‍വെല്‍ത്തില്‍ ഗവര്‍ണര്‍ ജനറല്‍ രാജ്ഞിയെ പ്രതിനിധീകരിക്കുന്നു. പക്ഷേ, 1979-ല്‍ ഗ്രിനേഡന്‍ ഭരണഘടന സസ്പെന്‍ഡ് ചെയ്യപ്പെട്ടു.

1498-ല്‍ കൊളംബസ് ആണ് ഗ്രെനേഡ കണ്ടുപിടിച്ചത്. 1650 മുതല്‍ 1763 വരെ ദ്വീപ് ഫ്രാന്‍സിന്റേതായിരുന്നു. അതിനുശേഷം പാരിസ് ഉടമ്പടി പ്രകാരം ഇത് ബ്രിട്ടനോടു ചേര്‍ക്കപ്പെട്ടെങ്കിലും 1779-ല്‍ ഫ്രഞ്ചുകാര്‍ വീണ്ടും തിരിച്ചുപിടിച്ചു. 1783-ല്‍ ഒരിക്കല്‍ക്കൂടി ബ്രിട്ടനോടു ചേര്‍ക്കപ്പെട്ട ഗ്രെനേഡ തികഞ്ഞ ഒരു ബ്രിട്ടീഷ് കോളനിയായി മാറി. 1967-ലാണ് ഗ്രെനേഡയും ദക്ഷിണ ഗ്രനഡീന്‍സും സ്വയം ഭരണ രാഷ്ട്രമായത്. 1974-ല്‍ ഗ്രെനേഡയ്ക്ക് കോമണ്‍വെല്‍ത്തിനുള്ളില്‍ പൂര്‍ണസ്വാതന്ത്യ്രം ലഭിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B5%86%E0%B4%A8%E0%B5%87%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍