This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീസുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീസുകള്‍

സോപ്പ്-മെഴുകുതിരി നിര്‍മാണത്തിനുള്ള അസംസ്കൃതവസ്തുക്കള്‍, യന്ത്രങ്ങളുടെയും മറ്റും തേയ്മാനവും ഘര്‍ഷണവും കുറയ്ക്കുന്ന ലൂബ്രിക്കന്റുകള്‍ എന്നിവ ഗ്രീസുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വെണ്ണപോലെ മൃദുലമായ എല്ലാത്തരം കൊഴുപ്പുകള്‍ക്കും ഒരു കാലത്ത് ഗ്രീസ് എന്നു പറഞ്ഞിരുന്നു. വില കുറഞ്ഞവയും പാചകാവശ്യത്തിന് കൊള്ളാത്തവയും ആഹാരാവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നവയുമായ കൊഴുപ്പുകള്‍ക്കും പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന അര്‍ധഖരാവസ്ഥയിലുള്ള ഒരു വിഭാഗം ലൂബ്രിക്കന്റുകള്‍ക്കും മാത്രമേ ഇന്ന് ഗ്രീസുകള്‍ എന്നു പറയാറുള്ളു. ഇവയില്‍ ആദ്യവിഭാഗത്തില്‍പ്പെട്ട ഗ്രീസുകള്‍ മിക്കവയും ജന്തു ശരീരാവശിഷ്ടങ്ങളില്‍നിന്നും ഹോട്ടലുകളിലും അറവുശാലകളിലും നിന്നു കിട്ടുന്ന ഭക്ഷ്യാവശിഷ്ടങ്ങളില്‍ നിന്നുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇവയ്ക്ക് ഇരുണ്ട നിറവും ദുര്‍ഗന്ധവും ഉണ്ട്. ഇവയില്‍ കൊഴുപ്പമ്ലങ്ങളുടെ അളവ് കൂടുതലായിരിക്കും.

നിര്‍മാണപ്രക്രിയകള്‍. ഉന്നതമര്‍ദത്തില്‍ നീരാവി കടത്തിവിട്ട് ചൂടാക്കി കൊഴുപ്പ് ഊറ്റിയെടുക്കുന്ന ഒരു രീതിയും ചൂടാക്കി കൊഴുപ്പ് വേര്‍തിരിക്കുന്ന രീതിയും നിലവിലുണ്ട്. സോപ്പ്-മെഴുകുതിരി വ്യവസായങ്ങളില്‍ മാംസക്കൊഴുപ്പിനു പകരം ഗ്രീസ് ഉപയോഗിക്കാന്‍ കഴിയും. ലൂബ്രിക്കേറ്റിങ് ഗ്രീസായ കപ്പ്ഗ്രീസ് നിര്‍മിക്കാനും ഇവ ഉപയോഗിക്കാം. കമ്പിളി ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്ന വൂള്‍ ഗ്രീസ് ഒരു ലൂബ്രിക്കന്റായും പരുത്തിക്കുരുവില്‍ നിന്നു കിട്ടുന്ന ബ്ളാക്ക് ഗ്രീസ് മെഴുകുതിരി വ്യവസായത്തിലും ഉപയോഗിച്ചുവരുന്നു.

യന്ത്രങ്ങളുടെ തേയ്മാനവും ചലിക്കുന്ന യന്ത്രഭാഗങ്ങള്‍ക്കിടയിലുള്ള ഘര്‍ഷണവും പരമാവധി കുറയ്ക്കാനുപയോഗിക്കുന്ന വസ്തുക്കളെ ലൂബ്രിക്കന്റുകള്‍ എന്നു വിളിക്കുന്നു. അര്‍ധഖരാവസ്ഥയിലുള്ള ലൂബ്രിക്കന്റുകളാണ് ഗ്രീസുകള്‍. പ്രധാനമായും ഒരു ധാതുഎണ്ണയും സോപ്പും ചേര്‍ന്നൊരു മിശ്രിതമാണ് ഗ്രീസ്. രാസപ്രവര്‍ത്തനവും തുരുമ്പിക്കലും തടയാന്‍ കഴിവുള്ള വസ്തുക്കളും ഗ്രീസില്‍ സാധാരണയായി ചേര്‍ക്കാറുണ്ട്. ഗ്രീസിന്റെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന സോപ്പാണ്. ഗ്രീസ് നിര്‍മാണത്തിനുള്ള സോപ്പുണ്ടാക്കാന്‍ സസ്യ-മൃഗക്കൊഴുപ്പുകള്‍ ഉപയോഗിക്കുന്നു. ഗ്രീസിലെ പ്രധാന ഘടകമായ ധാതു എണ്ണയായി ഉപയോഗിക്കാന്‍ പറ്റിയ അനവധി പദാര്‍ഥങ്ങള്‍ പെട്രോളിയം ശുദ്ധീകരണ ഘട്ടത്തില്‍ ഉപോത്പന്നങ്ങളായി ലഭിക്കുന്നു.

നിര്‍മിക്കാനുപയോഗിക്കുന്ന സോപ്പിന്റെ സ്വഭാവം ഗ്രീസിന്റെ ഗുണധര്‍മങ്ങളെ സ്വാധീനിക്കുന്നു. കാല്‍സ്യം സോപ്പും സോഡിയം സോപ്പും ഉപയോഗിച്ചുണ്ടാക്കിയ ഗ്രീസുകളാണ് എണ്ണയില്‍ കൂടുതല്‍. അലുമിനിയം, ലെഡ് തുടങ്ങിയവയുടെ സോപ്പുകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഗ്രീസുകള്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. കാല്‍സ്യം സോപ്പുപയോഗിച്ചാണ് കപ്പ്ഗ്രീസ് നിര്‍മിക്കുന്നത്. പ്ലെയിന്‍ ബെയറിങ്ങുകളിലും ബോള്‍ ബെയറിങ്ങുകളിലും തെന്നുന്ന യന്ത്രഭാഗങ്ങളിലും ലൂബ്രിക്കന്റായി ഉപയോഗിക്കുന്നത് കപ്പ്ഗ്രീസാണ്. മിനുമിനുപ്പും വെണ്ണയുടെ മൃദുത്വവുമുള്ള ഈ ഗ്രീസുകള്‍ ജലരോധികളായതുകൊണ്ട് ജലപമ്പുകളും കടലാസുനിര്‍മാണയന്ത്രങ്ങളും ലൂബ്രിക്കേറ്റു ചെയ്യാനും ഉപയോഗിക്കാം. സോഡിയം സോപ്പുപയോഗിച്ചാണ് സ്പോഞ്ച് ഗ്രീസുകള്‍ നിര്‍മിക്കുന്നത്. 205°C-നു മുകളില്‍ മാത്രം ഉരുകുന്ന സ്പോഞ്ച് ഗ്രീസ് ഉയര്‍ന്ന ഊഷ്മാവില്‍ വേഗത്തില്‍ ചുറ്റിക്കറങ്ങുന്ന വീല്‍ബെയറിങ്ങുകള്‍പോലുള്ള ഭാഗങ്ങള്‍ക്ക് അത്യുത്തമമാണ്. അനുയോജ്യമായ നല്ല ഗുണങ്ങള്‍ സംയോജിപ്പിക്കാനായി പലതരം സോപ്പുകളുപയോഗിച്ച് മിശ്രിത ഗ്രീസുകളും നിര്‍മിക്കാറുണ്ട്. ധാതുഎണ്ണയ്ക്കു പകരം സംശ്ലേഷണം ചെയ്യപ്പെടുന്ന ചില ദ്രാവകങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഗ്രീസുകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. വിമാനങ്ങളും സദാ താപപരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന യന്ത്രഭാഗങ്ങളും ലൂബ്രിക്കേറ്റു ചെയ്യാനുപയോഗിക്കുന്ന ഗ്രീസില്‍ ധാതു എണ്ണയ്ക്കുപകരം ചിലതരം എസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. രാസപ്രവര്‍ത്തനക്ഷമങ്ങളായ വസ്തുക്കളുടെ സമ്പര്‍ക്കവും തീയുടെ സാന്നിധ്യവും നിരന്തരം അനുഭവപ്പെടുന്ന യന്ത്രഭാഗങ്ങള്‍ക്ക് വേണ്ട ലൂബ്രിക്കന്റുകള്‍ ഫ്ളൂറോ കാര്‍ബണ്‍ ദ്രാവകങ്ങളുപയോഗിച്ചുണ്ടാക്കുന്ന ഗ്രീസുകളാണ്. സിലിക്കോണ്‍ ദ്രാവകങ്ങളുപയോഗിച്ചുള്ള ഗ്രീസുകളാണ് ഉയര്‍ന്ന ഊഷ്മാവും മന്ദഗതിയുമുള്ള യന്ത്രങ്ങള്‍ക്ക് അനുയോജ്യം.

അടിസ്ഥാനതത്ത്വങ്ങള്‍ ലളിതമാണെങ്കിലും ലൂബ്രിക്കേറ്റിങ് ഗ്രീസ് നിര്‍മാണ പ്രക്രിയയ്ക്ക് സങ്കീര്‍ണമായ സാങ്കേതിക വിദ്യ ആവശ്യമുണ്ട്. ഗ്രീസുനിര്‍മാണപ്രക്രിയയില്‍ ഫില്ലറായി ചേര്‍ക്കുന്ന വസ്തുക്കള്‍ക്കു പുറമേ ആവശ്യമുള്ള അടിസ്ഥാനവസ്തുക്കള്‍ (1) സോപ്പായി രൂപാന്തരപ്പെടുത്താവുന്ന ഒരു കൊഴുപ്പ്; (2) Ca(OH)2, NaOH, Al(OH)3 തുടങ്ങിയ ഏതെങ്കിലും ഒരു ലോഹക്ഷാരം; (3) അനുയോജ്യമായൊരു ധാതു എണ്ണ എന്നിവയാണ്.

കൊഴുപ്പിനെ ലോഹക്ഷാരവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ രാസപ്രവര്‍ത്തനം തീരുമ്പോള്‍ കിട്ടുന്ന ചൂടുള്ള സോപ്പുലായനിയില്‍ ആവശ്യാനുസരണം ധാതു എണ്ണ ചേര്‍ക്കണം. താപനിയന്ത്രണത്തിനും അകത്തുള്ള പദാര്‍ഥങ്ങള്‍ നിരന്തരം ഇളക്കിക്കൊടുക്കാനും സംവിധാനമുള്ള കെറ്റിലുകളിലാണ് ഈ പ്രക്രിയ നടത്തുന്നത്. കെറ്റിലുകള്‍ അടഞ്ഞവയോ അന്തരീക്ഷത്തില്‍ തുറന്നിരിക്കുന്നവയോ ഉന്നത മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്നവയോ ആകാം. നേരിട്ടോ നീരാവി ഉപയോഗിച്ചോ ചൂടാക്കാം.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍